
കൂടെ ജീവിക്കുന്ന, ജീവിച്ച ഒരാളെ അയാളുടെ അഭാവത്തില്‍ പിന്നെയും വിചാരണ ചെയ്യുന്നതെന്തിനാണെന്ന് ചിലരെങ്കിലും എന്നോട് ചോദിക്കാറുണ്ട്. രണ്ടുപേരും മറ്റൊരു ജീവിതം തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, മുന്‍ജീവിതത്തിന്റെ മുറിവുകള്‍ മനഃപൂര്‍വംതന്നെ മറന്നിട്ടുണ്ടെങ്കില്‍ ആ ചോദ്യത്തില്‍ വലിയൊരു ശതമാനം ശരിയുണ്ട്; പക്ഷേ, കൂട്ടുജീവിതം അവസാനിപ്പിക്കുന്നതോടെ അതുണ്ടാക്കുന്ന മുറിവുകള്‍ അവസാനിക്കുന്നില്ല എന്നോര്‍ക്കണം. ഇതൊരു വിചാരണയുമല്ല.
ബന്ധങ്ങള്‍ മുറിഞ്ഞുപോയാലും മനുഷ്യര്‍ തമ്മിലുള്ള വൈകാരികനിക്ഷേപങ്ങള്‍ പെട്ടെന്ന് ഇല്ലാതായിപ്പോകണമെന്നില്ല. ഒരു ബന്ധം അംഗീകൃതമോ അല്ലാത്തതോ ആയിക്കോട്ടെ, മുറിഞ്ഞുപോകുന്നത് ശരീരത്തില്‍നിന്ന് ഒരവയവം പോകുന്നതുപോലെ തന്നെയാണ്. മുറിച്ചുമാറ്റിയ അവയവം അതിനുശേഷവും അതിന്റെ അദൃശ്യസാന്നിധ്യംകൊണ്ട് മനുഷ്യരെ വിഭ്രമിപ്പിക്കും. ചിലര്‍ക്ക് പിന്നീട് ആരെയും സ്‌നേഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അവരവരെപ്പോലും ഭയത്തോടെ കാണുകയും ആത്മവിശ്വാസം വറ്റി ദയനീയരായിത്തീരുകയും ചെയ്ത മനുഷ്യരായാണ് അവര്‍ ജീവിതം തുടരുക. അവരുടെ ജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍ ഭൗതികം മാത്രമല്ല എന്നാണുദ്ദേശിച്ചത്. എന്ത് കാരണംകൊണ്ടായാലും ലോകത്തിന്റെ സൗന്ദര്യം തങ്ങളില്‍ നിന്ന് മാറിനടക്കുന്നത് കാണേണ്ടിവരുന്നത് ആര്‍ക്കും അത്ര നല്ല അനുഭവമല്ല എന്നുമാത്രം പറയുന്നു.
Also Read
വളരെക്കാലത്തേക്ക് ഒരു മനുഷ്യനെ സ്‌നേഹിച്ചിരുന്നുവെന്നതുകൊണ്ട് അയാളുടെ മനഃപൂര്‍വമോ അല്ലാതെയോ ഉള്ള തെറ്റുകള്‍ക്കുനേരെ കണ്ണടയ്ക്കുന്നതെന്തിന്? അവയെക്കുറിച്ച് പറഞ്ഞതുകൊണ്ട് ആ കൂട്ടുജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ ഇല്ലാതാവുന്നുമില്ല. ഞങ്ങള്‍ സ്‌നേഹിച്ചിട്ടില്ലെന്നോ 24x365 യുദ്ധമായിരുന്നുവെന്നോ ഈ അനുഭവങ്ങള്‍ കണ്ട് തെറ്റിദ്ധരിക്കേണ്ടതുമില്ല.
മറ്റുവഴികളില്ലാത്ത മനുഷ്യര്‍ ഒരു ബന്ധത്തിനകത്ത് പെട്ടുപോവുമ്പോള്‍ എല്ലാത്തരം അനിഷ്ടങ്ങളും ഒരരികിലേക്ക് നീക്കിവെച്ച് സ്‌നേഹിക്കാന്‍ ശ്രമിച്ചെന്നിരിക്കും. എത്ര നിഷേധിക്കാന്‍ ഒരുമ്പെട്ടാലും ആ സ്‌നേഹത്തിനകത്ത് കുടുങ്ങിപ്പോയെന്നും വരാം. മുള്ളുകള്‍ കുത്തിത്തറച്ച് ആഴത്തില്‍ കീറിയേക്കാം. ചുറ്റുപാടും ബഹളങ്ങള്‍ തന്നെയാവാം, പക്ഷേ, ആ കലാപഭൂമിയിലും ശാന്തമായ ഒരു മൂല കണ്ടേക്കുമെന്നോര്‍ക്കണം.
ഇതൊക്കെ എല്ലാ പുരുഷന്മാരും ചെയ്യുന്നതും പറയുന്നതുമാണ് എന്ന് എന്നോട് പറഞ്ഞവരുണ്ട്. ദൈനംദിനജീവിതത്തില്‍ വിവിധതരം അധികാര രൂപങ്ങളുടെ പ്രവര്‍ത്തനമെങ്ങനെയാണെന്നും വയലന്‍സ് നിത്യജീവിതത്തില്‍ തിരിച്ചറിയപ്പെടാത്ത രീതിയില്‍ കലര്‍ന്നുകിടക്കുന്നതെങ്ങനെയെന്നും അവര്‍ക്ക് കൃത്യമായ ധാരണയില്ലെന്നും പറയേണ്ടിവരും. അതിന്റെ തെളിവാണ് ആ സാമാന്യ പ്രസ്താവന. ശാരീരികമായി പരിക്കുകളേല്‍പ്പിക്കുന്നത് മാത്രമല്ല വയലന്‍സ്. ഒരു പെരുമാറ്റത്തിന്റെ, സംസാരത്തിന്റെ, മനോഭാവത്തിന്റെ ആഘാതം അവയുടെ ഉടമസ്ഥര്‍ക്കോ കണ്ടുനില്‍ക്കുന്നവര്‍ക്കോ അല്ല അനുഭവിക്കുന്നവര്‍ക്കാണറിയുക. ആമുഖമായി ഇത്രയും പറഞ്ഞത് ഇനിയുള്ള ചില കാര്യങ്ങള്‍ ചിലര്‍ക്കെങ്കിലും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നവയായതുകൊണ്ടാണ്.
വാക്കുറപ്പിച്ച വിവാഹത്തില്‍നിന്ന് പിന്മാറേണ്ടി വന്നത് ഞങ്ങളുടെ കുടുംബത്തില്‍ ഭീകരമായ ഉലച്ചിലുണ്ടാക്കി. സ്വന്തം കുടുംബം തകരാതിരിക്കാനായാല്‍പ്പോലും അത്തരമൊരു പ്രവൃത്തി ചെയ്തതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ പുകഞ്ഞു. വീട്ടില്‍ ഞാന്‍ ഏെറക്കുറെ ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഒരു വഴിക്ക് വാതിലുകള്‍ ഓരോന്നായി അടയുന്നത് കാണുമ്പോള്‍ തുറന്ന വാതിലിലേക്ക് ആഞ്ഞുപോകുന്നത് മനുഷ്യസഹജമാണ്. വീട്ടില്‍നിന്നുണ്ടായ പ്രതികൂല മനോഭാവത്തിന്റെ സൂചനകള്‍ അപ്പപ്പോള്‍ ഭര്‍ത്താവിനെ അറിയിക്കുക എന്നൊരു മണ്ടത്തരം ഞാന്‍ ചെയ്തു.
(എത്ര പ്രിയപ്പെട്ട) ജീവിതപങ്കാളിയായാലും ശരി, അത്തരം കാര്യങ്ങളില്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. ഓരോ വ്യക്തിക്കും വീടിനും നാടിനും ഓരോ നിയമസംഹിതയാണ്. സ്വന്തം വീട്ടുകാരായാലും പങ്കാളിയുടെ വീട്ടുകാരായാലും മറ്റുള്ളവര്‍ അറിയരുതെന്ന് താത്പര്യപ്പെടുന്ന രഹസ്യങ്ങളുണ്ടാവും; ഒന്നിലും കൈ കടത്തരുത്. ആരോടായാലും ഹൃദയംതുറക്കുന്നത് നല്ലതാണ്, അത് പക്ഷേ, പിന്നീട് ഉപയോഗിക്കപ്പെടില്ല എന്നുറപ്പുണ്ടായിരിക്കണം. എന്നെ സംബന്ധിച്ചിടത്തോളം നിരന്തരം അബദ്ധങ്ങള്‍പറ്റുന്ന മേഖല അതായിരുന്നു. എക്കാലവും.
നാംതന്നെ ഇവിടെ പലതവണ പറഞ്ഞ ഒരു കാര്യമുണ്ട്, മനുഷ്യരുടെ ബന്ധങ്ങളുടെ സ്വഭാവംമാറുന്നത് എപ്പോഴെന്നും എങ്ങനെയെന്നും പ്രവചിക്കാനാവില്ല എന്നതാണത്. നിലവിലെ സാഹചര്യങ്ങളൊക്കെ മാറിയേക്കാം. ഏറ്റവും വിശ്വസ്തരും പ്രിയപ്പെട്ടവരും ഏറ്റവും വലിയ ശത്രുക്കളായി മാറിയാല്‍ അദ്ഭുതപ്പെടാനില്ല. എന്ത് പ്രകോപനമുണ്ടായാലും സ്വന്തംവീട്ടുകാരുടെ കുറ്റങ്ങളും കുറവുകളും അവര്‍ സൂക്ഷിച്ചിരിക്കുന്ന രഹസ്യങ്ങളും ജീവിതപങ്കാളിയോട് പറയാത്തതാണ് നന്നാവുക. പില്‍ക്കാലത്ത് സ്വന്തക്കാര്‍ തമ്മില്‍ ആ പ്രശ്‌നം പറഞ്ഞുതീര്‍ത്താലും ഒരു കരട് ബാക്കിയാവും. മറിച്ചും ഒരു പരിധിവരെ അങ്ങനെയാണ്. ജീവിതത്തെയും അന്തസ്സിനെയും ബാധിക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും തുറന്നുപറയാം. പക്ഷേ, എല്ലാം അതുപോലെയല്ല. ഏത് പറയണം, പറയരുത് എന്ന കാര്യത്തില്‍ തികഞ്ഞ വിവേചനശേഷിയോടെ തീരുമാനമെടുക്കണം.
ചില മനുഷ്യര്‍ സ്‌നേഹത്തിന് മുന്‍പില്‍ മുട്ടുകുത്തിപ്പോകുന്നവരാണ്. എല്ലായ്പോഴും അത് സ്‌നേഹംതന്നെയാകണമെന്നില്ല. സ്‌നേഹത്തിന്റെ രൂപമുള്ളതും അതെന്ന് തെറ്റിദ്ധരിക്കപ്പെടുന്നതുമായ മറ്റെന്തോ ആയാലുംമതി. ആരെങ്കിലും സ്‌നേഹിക്കുന്നുവെന്ന് തോന്നിയാല്‍ കയ്യിലുള്ളതും മനസ്സിലുള്ളതും കുടഞ്ഞിട്ടുകൊടുക്കുന്നവരുണ്ട്. അക്കൂട്ടത്തില്‍പ്പെടുന്ന ഒരാളിന് താണ്ടാനുള്ളത് ഒരു തീക്കടല്‍തന്നെയാവും. അനുഭവിച്ച പലതിനും അര്‍ഹതയുണ്ടായിരുന്നുവെന്ന് പില്‍ക്കാലത്ത് സ്വയം സമാധാനിപ്പിക്കാന്‍ സാധിച്ചത് അത് മനസ്സിലാക്കിയതുകൊണ്ടാണ്.
ദാമ്പത്യത്തിനകത്ത് പലതരം സംഘര്‍ഷങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എല്ലാ കലക്കങ്ങളും വേര്‍പിരിയലിലേക്ക് എത്തണമെന്നില്ല. പക്ഷേ, അത്തരമൊരു സാധ്യതയുണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങള്‍ ആദ്യമേതന്നെ പ്രത്യക്ഷപ്പെട്ടുതുടങ്ങുമെന്നേയുള്ളൂ. പലതും കണ്ടില്ലെന്ന് നടിക്കാം. പക്ഷേ, കാലാന്തരത്തില്‍ രോഗാതുരമായി മുറിച്ചുമാറ്റേണ്ടിവരുമ്പോള്‍ പഴയ സൂചനകള്‍ ഓര്‍മവരും. പരസ്പരം അനിഷ്ടങ്ങളുണ്ടാവുമ്പോള്‍ മറച്ചുവയ്ക്കാതെ തുറന്നുപറയുകയും കൃത്യസമയത്ത് അവയെ ശരിയായ രീതിയില്‍ നേരിടുകയുംചെയ്യുന്നതാണ് നല്ലത്. പരസ്പരം നശിപ്പിക്കാതെ ആരോഗ്യകരമായ രീതിയില്‍ സൗഹൃദം നിലനിര്‍ത്തിക്കൊണ്ട് പിരിഞ്ഞു പോകുന്നതിലേക്കെങ്കിലും എത്താന്‍ അത് സഹായിക്കും.
എന്നെ സംബന്ധിച്ചിടത്തോളം അനിഷ്ടങ്ങള്‍ അതതുസമയം തുറന്നുപറഞ്ഞിരുന്നില്ല എന്നൊരു പാളിച്ചപറ്റിയിട്ടുണ്ട്. ഒരു ബന്ധത്തില്‍ പരസ്പരം തുറന്നുപറയാനുള്ള ഇടമുണ്ടാവുന്നതും വളരെ പ്രധാനമാണ്. പറയാനെളുപ്പമാണെങ്കിലും അതത്രവേഗം സാധ്യമാവില്ല. വഴക്കുകളും സൈ്വരക്കേടുകളും പിന്തുടര്‍ന്നുള്ള കുത്തലുകളുമാണ് പിന്നീടുണ്ടാകുന്നതെങ്കില്‍ ആരായാലും അതിന് മടിക്കും. അനിഷ്ടങ്ങള്‍ മനസ്സുതുറന്ന് പറയാനാവുമെങ്കിലേ മനസ്സുതുറന്ന് സ്‌നേഹിക്കാനും സാധിക്കുകയുള്ളൂ എന്നതാണ് സത്യം.
എനിക്ക് വായിക്കാനും എഴുതാനുമാണ് ഇഷ്ടം, രാത്രിയിലാണ് എനിക്ക് അത്തരത്തില്‍ എന്തെങ്കിലുംചെയ്യാനാവുക എന്ന് ഞാനൊരിക്കല്‍ പറയാന്‍ ശ്രമിച്ചത് ഓര്‍ക്കുന്നു. അതില്‍ അസാധാരണമായി എന്താണുള്ളത് എന്ന് ഭര്‍ത്താവ് ചോദിച്ചു. വീട്ടുജോലികളൊതുങ്ങി ശാരീരികബന്ധവും കഴിഞ്ഞ് അതിനിരിക്കാവുന്നതല്ലേയുള്ളൂ എന്നും താനതിനൊന്നും തടസ്സമല്ല എന്നും അദ്ദേഹം ഉദാരനായി. ആ സംഭാഷണം മുന്നോട്ടുകൊണ്ടുപോകണമെന്ന് തോന്നിയില്ല. ഇത് അത്തരത്തില്‍ത്തന്നെ തുറന്നുപറഞ്ഞത് അദ്ദേഹത്തിന്റെ നിഷ്‌കളങ്കതയായി ഞാനിന്ന് മനസ്സിലാക്കുന്നു. ഭൂരിപക്ഷം പേരും അങ്ങനെ പറയുകയില്ലെന്നേയുള്ളൂ.
എന്റെ മാതാപിതാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് അവരെ സഹായിക്കണമെന്ന ആഗ്രഹം ഞാനൊരിക്കല്‍ പ്രകടിപ്പിച്ചിരുന്നു. അങ്ങനെയൊരു പതിവില്ലെന്നും അത് മറികടന്ന് അവരെ സഹായിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ എന്റെ മുഴുവന്‍ ശമ്പളവും അവര്‍ക്ക് കൊടുത്താല്‍ മതിയാകുമെന്നും അദ്ദേഹം ദേഷ്യപ്പെട്ടു. അന്ന് കുറ്റബോധത്തോടെ പിന്‍വാങ്ങാനേ കഴിഞ്ഞുള്ളൂ. ഇന്നാണെങ്കില്‍ അത് സംഭവിക്കുമായിരുന്നില്ല എന്ന് തോന്നുന്നുണ്ട്.
എന്റെ വിവാഹത്തോടെ മാതാപിതാക്കള്‍ അവരുടെ ബന്ധുക്കള്‍ കൂടുതലുള്ള കൊല്ലത്തേക്ക് തിരിച്ചുപോയി താമസമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. വിവാഹംതന്നെ അത്തരത്തില്‍ തീരുമാനിക്കപ്പെട്ടതായിരുന്നു. വിവാഹംകഴിഞ്ഞ ആദ്യസമയത്ത് കുറേസ്ഥലങ്ങളും വീടുകളും നോക്കാന്‍ ഭര്‍ത്താവ് ഒപ്പം വന്നിരുന്നു. പക്ഷേ, പിന്നീട് ചിത്രം മാറി. എന്റെ മാതാപിതാക്കള്‍ അങ്ങനെയൊന്നിന് മുതിരാതിരിക്കണമെന്ന് ഭര്‍ത്തൃകുടുംബം ആവശ്യപ്പെട്ടു. 'അതൊന്നും വേണ്ട, അവിടങ്ങളിലൊക്കെ നമുക്ക് ബന്ധുക്കളുള്ളതാണ് മോളേ' എന്ന് ഭര്‍ത്തൃപിതാവ് പറഞ്ഞു.
തങ്ങളുടെ ആഭിജാത്യത്തിന് എന്റെ രക്ഷിതാക്കളുടെ മിശ്രവിവാഹനില തടസ്സമാകുമെന്ന് അവര്‍ ഭയന്നിരിക്കാം. അക്കാര്യം നാം നേരത്തേ സംസാരിച്ചിട്ടുള്ളതാണല്ലോ. ചുരുക്കത്തില്‍ ആവശ്യങ്ങളോ ആഗ്രഹങ്ങളോ അനിഷ്ടങ്ങളോ വിഷമങ്ങളോ പങ്കുവയ്ക്കാതെ ഭര്‍ത്താവിന്റെ വീടിനെ പരിപാലിച്ചുകൊണ്ട് ജീവിക്കുന്ന മുഴുവന്‍സമയ മാനേജരില്‍ കുറഞ്ഞ് ഒന്നുമായിരുന്നില്ല ജീവിതത്തിന്റെ രണ്ടാം സ്പെല്ലില്‍ ഞാന്‍. അത്തരം നിലയില്‍ അഭിമാനിക്കുന്ന സ്ത്രീകളുണ്ടാവാം; പക്ഷേ, അങ്ങനെയല്ലാത്തവര്‍ അതിലേറെയുണ്ട്.
ജീവിതപങ്കാളിക്ക് അങ്ങനെ ചില അനിഷ്ടങ്ങളുണ്ടെന്നും അവ അഡ്രസ്സ് ചെയ്യപ്പെടാതെ വിങ്ങിപ്പഴുത്താല്‍ ജീവിതത്തെ ഏറ്റവും ദോഷകരമായി ബാധിക്കുമെന്നും ധാരണയില്ലാത്തവര്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക.
കണ്ണൂരെ വീട്ടിലെത്തുമ്പോള്‍ ഏറ്റവും പ്രിയദര്‍ശനനായി എല്ലാവരോടും പെരുമാറുക, ജോലിസ്ഥലത്തേക്കു തിരിച്ചുപൊയ്ക്കഴിഞ്ഞാല്‍ ഫോണിലൂടെയുള്ള ഭര്‍ത്സനങ്ങളും തെറിവിളികളും തുടരുക ഇതായിരുന്നു അന്നത്തെ പതിവ്. മദ്യപിച്ചിട്ടുണ്ടെങ്കില്‍ എന്തെങ്കിലും നിസ്സാരകാരണങ്ങള്‍ മതി.
സംഭാഷണത്തിനിടയില്‍ ആരെങ്കിലും ഓര്‍ക്കാതെ നടത്തിയ പ്രസ്താവനകളോ നേരിട്ടുണ്ടായ സംഭാഷണങ്ങളോ ആയിരിക്കും പ്രകോപനകാരണം. അദ്ദേഹം മദ്യപിക്കുമെന്ന് എനിക്കറിയാമായിരുന്നില്ല. മദ്യപാനവും പുകവലിയുമില്ലെന്ന് വിവാഹത്തിനുമുന്‍പ് പറഞ്ഞിരുന്നു. വിവാഹത്തിനുശേഷം അതൊക്കെയുണ്ടെന്ന് ഭാര്യയറിഞ്ഞാലും പ്രശ്‌നമില്ല എന്നുകരുതുന്നവരാണല്ലോ അധികവും. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും അത്തരം ശീലങ്ങളുണ്ടെങ്കില്‍ ജീവിതപങ്കാളിയാവാന്‍ പോകുന്നയാള്‍ക്ക് നേരത്തേതന്നെ സൂചനകൊടുക്കുന്നതാണ് മാന്യത. അപൂര്‍വാവസരങ്ങളില്‍ മാത്രമേ മദ്യപിക്കുകയുള്ളൂ എന്ന് 'സത്യം' പറഞ്ഞ പലര്‍ക്കും പിന്നീട് എല്ലാ ദിവസവും അത്തരം അപൂര്‍വാവസരങ്ങള്‍ വന്നുചേര്‍ന്നതായും അറിയാം.
മദ്യപാനവും പുകവലിയും ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് തല്ലുണ്ടാക്കലുമൊക്കെ പൗരുഷത്തിന്റെ ലക്ഷണമാണെന്നു വിശ്വസിക്കുന്ന സ്ത്രീകള്‍തന്നെ നിരവധിയുണ്ട്. അത്തരക്കാര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടുതാനും. ഇത്തരം ശീലങ്ങളും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. പക്ഷേ, അതിന്റെപേരില്‍ മറ്റുള്ളവര്‍ക്ക്, അത് എത്ര അടുത്ത ആള്‍ക്കായാലും, മാനസികമോ ശാരീരികമോ ആയ പ്രയാസങ്ങളുണ്ടാക്കരുതെന്നത് ഏറ്റവും പ്രാഥമികമായ വസ്തുതയാണ്. ഒരാളുടെ ദുശ്ശീലങ്ങളുടെ ബാധ്യത മറ്റൊരാളുടെ തലയില്‍ വെച്ചുകൊടുത്തിട്ട് വിവാഹബന്ധത്തിന്റെ ചെലവില്‍ അത് അഡ്ജസ്റ്റ് ചെയ്യണമെന്നു പറയുന്നത് ശരിയല്ല.
രണ്ടു വ്യക്തികളില്‍ ഒരാള്‍ മറ്റേയാള്‍ക്കു കീഴടങ്ങുന്നതരത്തില്‍ മാത്രം വിവാഹബന്ധത്തെ കാണുന്നവര്‍ക്ക് ഇതൊരിക്കലും ഗൗരവമുള്ള കാര്യമായി തോന്നില്ല.
ഈ 2024-ലും, ദാമ്പത്യബന്ധത്തില്‍ പരസ്പരബഹുമാനം വേണമെന്നു പറയുമ്പോള്‍ അറ്റന്‍ഷനായി നില്‍ക്കണോ എന്നും ശാരീരികബന്ധത്തിന് പരസ്പരസമ്മതം ആവശ്യമാണെന്നു പറയുമ്പോള്‍ ഓരോ തവണയും എഴുതിവാങ്ങണോ എന്നും ചോദിക്കുന്ന, ആ വിവരമില്ലായ്മപോലും വീരസ്യമാണെന്നു കരുതുന്ന ഇളിച്ചവായന്മാരുടെ സമൂഹംകൂടിയാണ് നമ്മുടേത് എന്നോര്‍ക്കണം. മദ്യത്തെ മാന്യമായി കൈകാര്യംചെയ്യാനറിയാമെങ്കില്‍ വലിയ തട്ടുകേടില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോയെന്നിരിക്കും. മലയാളിയെ സംബന്ധിച്ചിടത്തോളം അക്കാര്യത്തില്‍ അതിരുകടന്ന പ്രതീക്ഷ വേണ്ടെന്നുമാത്രം.
നമുക്ക് തിരിച്ചുവരാം. ഫോണിലൂടെയുള്ള തെറിവിളികള്‍ ഒരുഘട്ടമാകുമ്പോള്‍ ഞാന്‍ ഫോണ്‍ കട്ടുചെയ്തുകളയുമായിരുന്നു. അപ്പോള്‍ വാശികയറി, എടുക്കുന്നതുവരെ വിളിക്കും. വീട്ടിലുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ ആദ്യമൊക്കെ കൊണ്ടുപോയെങ്കിലും പിന്നീട് കാര്യങ്ങള്‍ എന്റെ കൈവിട്ടുപോയി. ജോലിസ്ഥലത്തേക്കുള്ള യാത്രകൊണ്ടുള്ള ക്ഷീണം, വീട്ടിലെ അസുഖകരമായ അന്തരീക്ഷം, ഗര്‍ഭത്തിന്റെ ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഇത്തരം അധികബാധ്യതകള്‍കൂടി വന്നപ്പോള്‍ ജീവിതം തുടരുന്നതില്‍ വലിയ കാര്യമില്ലെന്നുതന്നെ ഞാന്‍ ചിന്തിച്ചു. ഈ വിവാഹം നടക്കാതിരുന്നെങ്കില്‍ എനിക്ക് എന്റെ വീട്ടുകാരെങ്കിലും ഉണ്ടായിരുന്നേനെ.
ഒരു സ്ത്രീ, ബന്ധുബലമോ സ്വന്തം വീട്ടുകാരുടെ പിന്തുണയോ ഇല്ലാത്തവളാണെന്നു വ്യക്തമായാല്‍ ദാമ്പത്യത്തിലെ അധികാരസമവാക്യങ്ങള്‍ മാറും. പ്രധാനമായും അതു രണ്ടുതരത്തിലാണ്. ഒന്ന്, നിനക്കിനി ഞാനേയുള്ളൂ എന്ന് ചിലര്‍ അവളുടെ രക്ഷാകര്‍തൃത്വം സ്‌നേഹോദാരതയോടെ ഏറ്റെടുക്കും. അവളുടെ ശബ്ദം പിന്നീട് അയാളുടെ ശബ്ദമായിരിക്കും. ഒരുഘട്ടത്തിലും അവള്‍ക്ക് തലയുയര്‍ത്താനാവുകയില്ല. രണ്ട്, നിര്‍ദാക്ഷിണ്യം ചവിട്ടിയരയ്ക്കുകയും അപമാനിക്കുകയും അവഗണിക്കുകയും ചെയ്യും. പോകാനിടമില്ലാത്തതിനാല്‍ അവള്‍ എക്കാലവും തന്റെ ചവിട്ടടിയിലുണ്ടാവുമെന്ന ഉറപ്പിന്മേലാണത്.
എത്ര വിയോജിപ്പുകളുണ്ടായാലും ഒരു നിര്‍ണായകസാഹചര്യം വന്നാല്‍ വീട്ടുകാര്‍ എന്നെ കൈവിട്ടുകളയില്ലെന്ന ഒരു വിശ്വാസം തിരിച്ചടികള്‍ക്കിടയിലും ഞാന്‍ മുറുകെപ്പിടിച്ചിരുന്നു. ഈ ദാമ്പത്യം ശാശ്വതമാവില്ലെന്ന തോന്നല്‍ കാരണമാവാം അത്. ആയിടെ പലദിവസവും വഴക്ക് രാത്രി പതിനൊന്നരയ്ക്കു തുടങ്ങി രാവിലേ മൂന്നുമണിവരെ നീണ്ടിരുന്നു. അതുകഴിഞ്ഞാല്‍പ്പിന്നെ ഉറങ്ങാനാവില്ല. രാവിലെ കോളേജില്‍ പോകേണ്ടതാണ്. വയറ്റിലെ കുഞ്ഞ് അസ്വസ്ഥതയോടെ ഇളകുന്നതറിയാം. എല്ലാവരുംകൂടി അതിനെയും ക്രൂരമായി പീഡിപ്പിക്കുകയാണല്ലോ എന്നോര്‍ത്ത് ഞാന്‍ നീറി. ഒറ്റ മനുഷ്യന്‍, നിനക്ക് എന്താണു പ്രശ്‌നം, ഞാന്‍ സഹായിക്കാം എന്നു മിണ്ടിയിരുന്നെങ്കില്‍ എന്റെ ജീവിതം തന്നെ അയാളുടെ കാല്‍ക്കല്‍ വെച്ചുകൊടുക്കുമായിരുന്ന തരത്തില്‍ ദയനീയമായി എന്റെ നില. ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്ന ഒരുദിവസം ഞാന്‍ ഫോണ്‍ എറിഞ്ഞുകളഞ്ഞിട്ട് താഴത്തെ ഹാളില്‍ വന്നിരുന്നു.
നീല പുറംചട്ടയുള്ള ഒരു ഡയറിയില്‍ സാധ്യമായ രീതിയില്‍, ഭാഷയില്‍ അന്നുവരെയുള്ള സങ്കടങ്ങള്‍ എഴുതി. (കൊല്ലപ്പെടുകയോ ആത്മഹത്യചെയ്യുകയോ ചെയ്ത സ്ത്രീകളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്കൊരു ഡയറി ഉണ്ടായിരിക്കുമെന്ന് ഇന്നും ഞാന്‍ സങ്കല്പിക്കാറുണ്ട്.) എന്തെങ്കിലും കാരണവശാല്‍ എന്റെ മരണം സംഭവിച്ചാല്‍ അതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വം ഭര്‍ത്താവിനായിരിക്കുമെന്നും നാലുവയസ്സുകാരി മകളെ വളര്‍ത്താന്‍ എന്റെ മാതാപിതാക്കളെ ഏല്‍പ്പിക്കണമെന്നും എഴുതിയിട്ട് ആ നട്ടപ്പാതിരയ്ക്ക് ഞാന്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. ആ വരികള്‍ എഴുതിയവസാനിപ്പിക്കുമ്പോള്‍ ഈ ലോകത്ത് ഏറ്റവും ദരിദ്രയും ദീനയും നിസ്സഹായയും അനാഥയുമായ സ്ത്രീയാണു ഞാനെന്ന് എനിക്കുതോന്നി.
താമസം സ്വന്തം വീട്ടിലോ ഭര്‍ത്താവിന്റെ വീട്ടിലോ ആവട്ടെ, കുഞ്ഞുങ്ങളുമായി ജീവിതമവസാനിപ്പിക്കുന്ന എല്ലാ സ്ത്രീകളെയും എനിക്കു മനസ്സിലാകും. ഗര്‍ഭിണിയായിട്ട് ഇതു ചെയ്യണമായിരുന്നോ എന്ന് ചില വാര്‍ത്തകളോട് ആള്‍ക്കാര്‍ പ്രതികരിക്കാറുണ്ട്. അപ്പോഴാണ് അതിന് കൂടുതല്‍ സാധ്യതയെന്നതാണ് സത്യം. അവരുടെ നിലവിളികള്‍ നിശ്ശബ്ദങ്ങളായിരിക്കും. അത്തരമൊരു തീക്കുഴി താണ്ടിയവളെന്ന നിലയില്‍ എനിക്കത് വ്യക്തമായി കേള്‍ക്കാം.
Content Highlights: writer r rajasree column
Published: 02 Jun 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented