1990-കളിലെ ബോളിവുഡ് താരങ്ങളുടെ പ്രണയബന്ധങ്ങൾ ഇന്നും വലിയ ചർച്ചയാണ്. പ്രമുഖനായികമാരിൽ ഒരാളായിരുന്ന രവീണ ടണ്ടന്റെ പ്രണയങ്ങളും അങ്ങനെത്തന്നെ. അജയ് ദേവ്‌ഗണുമായുള്ള പ്രണയവും അക്ഷയ് കുമാറുമായുള്ള വിവാഹനിശ്ചയവുമെല്ലാം വലിയ വിവാദവുമായി. ഒടുവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ വിതരണ കമ്പനികളിലൊന്നായ എഎ ഫിലിംസിന്റെ ഉടമയായ അനിൽ തടാനിയെയാണ് രവീണ വിവാഹം ചെയ്തത്.

1994-ലെ ആക്ഷൻ റൊമാന്റിക് ചിത്രമായ 'ദിൽവാലെ'യുടെ സെറ്റിൽ വെച്ചാണ് അജയും രവീണയും അടുക്കുന്നത്. എന്നാൽ അജയ് കരിഷ്മ കപൂറുമായി പ്രണയത്തിലായതോടെ രവീണയുമായി അകന്നു. അജയ് ഒരിക്കലും രവീണയുമായുള്ള തൻ്റെ ബന്ധം പരസ്യമായി അംഗീകരിച്ചിട്ടില്ല, മാത്രമല്ല രവീണയുടെ അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്.

അജയ് തനിക്ക് പ്രണയലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്നും വേർപിരിയലിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചുവെന്നും രവീണ പറഞ്ഞതായി ചില മാധ്യമങ്ങളെഴുതി. എന്നാൽ, ആത്മഹത്യക്ക് ശ്രമിച്ചു എന്നത് അഭ്യൂഹം മാത്രമാണെന്നാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി രവീണ വിശദീകരിക്കുന്നത്.

രവീണയുടെ തുറന്നുപറച്ചിലുകൾ ദേവ്ഗണിനെ പ്രകോപിപ്പിച്ചിരുന്നു. 1994-ൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ അജയ് രവീണയെ കടന്നാക്രമിക്കുകയും ചെയ്തു. "ജന്മനാ നുണ പറയുന്നവൾ" എന്നാണ് അദ്ദേഹം രവീണയെ വിളിച്ചത്. "അവൾ ജന്മനാ നുണ പറയുന്നവളാണെന്ന് എല്ലാവർക്കുമറിയാം, അതുകൊണ്ട് അസംബന്ധ പ്രസ്താവനകൾ എന്നെ അലോസരപ്പെടുത്തുന്നില്ല. ഇപ്പോൾ അവൾ അതിരുകടന്നു, മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ചു, ഉപദേശിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉടൻ തന്നെ ഒരു മാനസികരോഗവിദഗ്ദ്ധനെ കണ്ട് പരിശോധിക്കണം. മനശാസ്ത്രജ്ഞന്റെ അടുത്തേക്ക് കൊണ്ടുപോകാൻ ഞാൻ തയ്യാറാണ്."-അജയ് പറഞ്ഞു.

1994-ൽ 'മൊഹ്റ' എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് രവീണ ടണ്ടനും അക്ഷയ് കുമാറും പ്രണയത്തിലായത്. 1996-ൽ ഇരുവരും രഹസ്യമായി വിവാഹനിശ്ചയം നടത്തുക പോലും ചെയ്തു, എന്നാൽ ശിൽപ ഷെട്ടിയുമായി അക്ഷയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നതോടെ 1998-ൽ അവർ വേർപിരിഞ്ഞു. താൻ രവീണയുമായി വിവാഹനിശ്ചയം നടത്തിയ കാര്യം അക്ഷയ് തുറന്നുപറഞ്ഞിട്ടുണ്ട്. പിന്നീട് വേർപിരിഞ്ഞുവെന്നും.

2001-ൽ മുൻ നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയെ അക്ഷയ് വിവാഹം ചെയ്തു. 1999-ലായിരുന്നു അജയും കാജോളും തമ്മിലുള്ള വിവാഹം.

 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi