ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ അഭിനേതാക്കളിലൊരാളാണ് മനോജ് ബാജ്‌പേയ്‌. ചെറിയ വേഷങ്ങളിൽ നിന്ന് തുടങ്ങി 'സത്യ'യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് 'ഷൂൾ', 'രാഷ്ട്രീയ', 'ഗാങ്‌സ് ഓഫ് വാസിപുർ', 'സ്‌പെഷൽ 26', 'അലിഗഢ്' തുടങ്ങി വ്യത്യസ്തമായ സിനിമകളുടെ ഭാഗമായി. സിനിമയ്‌ക്കൊപ്പം ഒ.ടി.ടി.യിലും തന്റേതായ ഇടം കണ്ടെത്തിയ താരം 'ദ ഫാമിലി മാൻ' പോലുള്ള സീരീസുകളിലൂടെ പുതിയ തലമുറയ്ക്കും പ്രിയങ്കരനാവുകയായിരുന്നു.

To advertise here,

കാലം മാറുന്നതിനൊപ്പം സിനിമ തിരഞ്ഞെടുക്കുന്ന രീതിയിലും മനോജ് ബാജ്‌പേയ്‌ക്ക് വ്യക്തമായ മാറ്റം വന്നിട്ടുണ്ട്. വലിയ ബജറ്റും വലിയ താരനിരയുമുള്ള സിനിമകളേക്കാൾ മികച്ച കഥയും ശക്തമായ കഥാപാത്രങ്ങളുമുള്ള ചെറിയ സിനിമകളോടാണ് ഇപ്പോൾ താരത്തിന് കൂടുതൽ താൽപര്യം. പ്രതിഫലത്തിൽ ചെറിയ കുറവുണ്ടായാലും അതിന് തയ്യാറാണെന്നും അദ്ദേഹം പറയുന്നു.

മുഖ്യധാരാ സിനിമകളിൽ നിന്ന് ബോധപൂർവം അകന്നുനിൽക്കുന്നതിനെക്കുറിച്ച് 'വെറൈറ്റി ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മനോജ് ബാജ്‌പേയ്‌ സംസാരിച്ചത്. വലിയ ബജറ്റുള്ള സിനിമകൾ തനിക്ക് എല്ലായ്‌പ്പോഴും വേണ്ടത്ര അഭിനയസാധ്യത നൽകണമെന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

“സിനിമകൾ എനിക്ക് കാര്യമായി ഒന്നും നൽകുന്നില്ല. നല്ല പ്രതിഫലം ലഭിക്കുകയും അതിലൂടെ ജീവിതത്തിലെ പല കാര്യങ്ങളും സുരക്ഷിതമാക്കാനും നല്ലൊരു അവധിക്ക് പോകാനും മികച്ചൊരു നിക്ഷേപമാക്കാനും കഴിയുമെങ്കിൽ ചില വിട്ടുവീഴ്ചകളെക്കുറിച്ച് ചിന്തിക്കാം. എന്നാൽ അതിനപ്പുറം ഒരു അഭിനേതാവെന്ന നിലയിൽ താൻ തേടുന്നത് മറ്റൊന്നാണ്. മികച്ച കഥയും ഓർത്തുവയ്ക്കാവുന്ന കഥാപാത്രവും ലഭിക്കുന്നതാണ് എനിക്ക് കൂടുതൽ പ്രധാനം. നമുക്ക് മികച്ചൊരു കഥയും മികച്ച കഥാപാത്രങ്ങളും ലഭിക്കുന്നു. അപ്പോൾ അതാണ് ഏറ്റവും നല്ല തിരഞ്ഞെടുപ്പ്, അല്ലേ? അതോടൊപ്പം ബഹുമാനവും ലഭിക്കും. കരിയറിലെ തന്നെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും കഴിയും. എന്നെപ്പോലൊരു അഭിനേതാവിന് ഇത് വ്യക്തമായ തിരഞ്ഞെടുപ്പാണ്,” അദ്ദേഹം പറഞ്ഞു.

വലിയ താരത്തെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന സിനിമകളിൽ അഭിനയിക്കുന്നതിലും മനോജ് ബാജ്‌പേയ്‌ക്ക് താൽപര്യം കുറവാണ്. ഒരു സിനിമയുടെ മുഴുവൻ പ്രവർത്തനവും ഒരൊറ്റ താരത്തെ ആശ്രയിച്ചിരിക്കുന്ന സാഹചര്യം തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

''എല്ലാവരും ഒരു താരത്തിന്റെ വരവിനായി കാത്തിരിക്കുകയും സിനിമയുടെ മുഴുവൻ കാര്യങ്ങളും ഒരൊറ്റ വ്യക്തിയെ ആശ്രയിച്ചിരിക്കുകയും ചെയ്യുന്ന സെറ്റിൽ നിൽക്കുന്നതിനേക്കാൾ ഇത്തരം സിനിമകൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം. അവിടെ സാമ്പത്തിക നേട്ടമില്ല, കരിയർ നേട്ടവുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഞാൻ അതിന്റെ ഭാഗമാകുന്നത്? ബഹുമാനം പോലും കുറവായിരിക്കും. ജീവിതകാലം മുഴുവൻ ചെയ്തുകൊണ്ടിരിക്കുന്ന അതേ കാര്യങ്ങൾ തന്നെ വീണ്ടും ചെയ്യാൻ സെറ്റിലെത്തുന്നത് എനിക്ക് മടുപ്പാണ്. അത് വളരെ അപമാനകരമായി പോലും തോന്നുന്നു. ചെറിയൊരു സിനിമ കുറച്ച് പ്രതിഫലം മാത്രമാണ് നൽകുന്നതെങ്കിലും കുഴപ്പമില്ല. ദിവസാവസാനം വീട്ടിലേക്ക് മടങ്ങുമ്പോൾ അത് എനിക്ക് വലിയ സംതൃപ്തിയാണ് നൽകുന്നത്,'' മനോജ് പറഞ്ഞു.

സിനിമയുടെ വലുപ്പത്തേക്കാൾ അതിലെ കഥാപാത്രത്തിന് എത്രത്തോളം ജീവൻ നൽകാനാകുമെന്നതാണ് മനോജ് ബാജ്‌പേയ്‌യുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയശേഷി തെളിയിച്ച താരം, ഇന്നും അതേ അന്വേഷണമാണ് തുടരുന്നത്. അഭിനയജീവിതത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളുമായി മുന്നേറുന്ന മനോജ് ബാജ്‌പേയ്‌യുടെ ഏറ്റവും പുതിയ ചിത്രം 'ലാസ്റ്റ് മാൻ ഇൻ ടവർ' ആണ്. ബോമൻ ഇറാനി, ദിവ്യ ദത്ത, സുകാന്ത് ഗോയൽ, ചന്ദൻ റോയ് സന്യാൽ എന്നിവർക്കൊപ്പമുള്ള ചിത്രം സെപ്റ്റംബർ 11-നാണ് റിലീസ് ചെയ്തത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi