മുംബൈയിൽ വിനായക ചതുർഥി ആഘോഷങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ലാൽബാഗ്. അവിടെയുള്ള ഗണേശവിഗ്രഹമാണ് ലാൽബാഗ് രാജ എന്നറിയപ്പെടുന്നത്. വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി ഒട്ടേറെ ആളുകളാണ് എല്ലാ വർഷവും ഇവിടെയെത്താറുള്ളത്. ദീപിക പദുകോൺ-രൺവീർ സിങ്, ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, സുഹാന ഖാൻ, പരിണീതി ചോപ്ര, അനന്ത് അംബാനി, പൃഥ്വിരാജ് സുകുമാരൻ, സുപ്രിയ മേനോൻ എന്നിവരും കഴിഞ്ഞദിവസങ്ങളിൽ ഇവിടെയെത്തിയിരുന്നു.

ഏറ്റവുമൊടുവിലായി നടൻ ഗോവിന്ദയും ലാൽബാഗ് രാജയെ കാണാനെത്തി. എന്നാൽ അതേറെ ചർച്ചയാവുകയും ചെയ്തു. അതിനുകാരണം അദ്ദേഹത്തിനൊപ്പം നടി കോമൾ റാണി സ്വർണകറും ഉണ്ടായിരുന്നുവെന്നതാണ്. കുറച്ചുനാളായി ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചുതുടങ്ങിയിട്ട്. ലാൽബാഗ് രാജയിൽനിന്ന് അനുഗ്രഹം തേടിയെത്തിയ ഗോവിന്ദയും കോമളും പ്രാർഥിച്ച് കുറച്ചുനേരം അവിടെ ചെലവഴിച്ചശേഷമാണ് മടങ്ങിപ്പോയത്. അദ്ദേഹത്തിന്റെ ഭാര്യ സുനിത അഹൂജ അവിടെയെത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഗോവിന്ദയും സന്ദർശനം നടത്തിയത്. ഗോവിന്ദ വെള്ള പൈജാമ-കുർത്തയാണ് ധരിച്ചത്. കോമൾ ചുവപ്പ്-മഞ്ഞ കോമ്പിനേഷനിലുള്ള ട്രെഡീഷണൽ വസ്ത്രത്തിലും. അവിടെനിന്നുള്ള ഗോവിന്ദയുടെ വീഡിയോ പെട്ടെന്ന് വൈറലാവുകയും ചെയ്തു.

വീഡിയോ കണ്ട പലരും ഗോവിന്ദയും കോമളും രഹസ്യമായി വിവാഹിതരായോ എന്നും സംശയം പ്രകടിപ്പിച്ചു. കോമളിന്റെ നെറുകയിലുള്ള സിന്ദൂരമാണ് പലർക്കും ആ സംശയമുണ്ടാക്കിയത്. എന്നാൽ, അവിടെയെത്തുമ്പോൾ കോമളിന്റെ നെറുകയിൽ സിന്ദൂരമില്ലെന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നീട് ഗണപതിയുടെ വിഗ്രഹത്തിൽ നെറ്റി മുട്ടിച്ചപ്പോഴാണ് അവിടെയുള്ള സിന്ദൂരം അവരുടെ നെറുകയിൽ പടർന്നത്.

കുറച്ചുനാളുകളായി നടൻ ഗോവിന്ദയുടെ ജീവിതത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങിയിട്ട്. ഗോവിന്ദയ്‌ക്കെതിരെ ഭാര്യ സുനിത അഹൂജ നേരത്തെ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ വിവാഹമോചനത്തിന് ഹർജി നൽകിയെങ്കിലും അത് പിൻവലിക്കുകയും ചെയ്തു. ഗോവിന്ദയും പുതുമുഖനടി കോമൾ റാണി സ്വർണകറും തമ്മിൽ പ്രണയത്തിലാണെന്നും അന്ന് സുനിത ആരോപിച്ചിരുന്നു.

അവർ വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്നും അതുകൊണ്ടാണ് താൻ വിവാഹമോചനഹർജി പിൻവലിച്ചതെന്നും അവർ ആരോപിച്ചു. കോമളും ഗോവിന്ദയും വിമാനത്താവളത്തിൽവെച്ച് ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പ്രണയത്തിലാണെന്ന ആരോപണവുമായി സുനിതയുമെത്തിയത്. 'മകളുടെ പ്രായമുള്ള പെൺകുട്ടിക്കൊപ്പം കറങ്ങിനടക്കുന്നു' എന്നാണ് ഗോവിന്ദയെക്കുറിച്ച് സുനിത പറഞ്ഞത്. 29 വർഷമായി ഗോവിന്ദയും സുനിതയും വിവാഹിതരായിട്ട്. ടിന അഹൂജ, ഹർഷവർധൻ അഹൂജ എന്നിങ്ങനെ രണ്ടുമക്കളുമുണ്ട് ദമ്പതിമാർക്ക്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi