ആരാധകർ ഉറ്റുനോക്കുന്ന പുതുദമ്പതികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. വലിയ ആഘോഷമാക്കിയ ഈ താര വിവാഹത്തിന് ശേഷവും ഇവർ വാർത്തകളിൽ നിറയുകയാണ്. ഒരു ഗോവണിപ്പടിയിൽ പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് ഇരുവരും പ്രണയത്തോടെ പരസ്പരം നോക്കി നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. പശ്ചാത്തലത്തിൽ ഇടതൂർന്ന മരങ്ങളുള്ള മനോഹരമായ അന്തരീക്ഷമാണ് കാണാൻ കഴിയുന്നത്. ഇരുവരും തായ്‌ലൻഡിലെ കോ സമുയിയിൽ (Koh Samui) പ്രണയാർദ്രമായ നിമിഷങ്ങൾ പങ്കിട്ട്, ഹണിമൂൺ ആഘോഷിക്കുകയാണത്രേ.

To advertise here,

വിജയ്‌യും രശ്മികയും കടലിന് അഭിമുഖമായുള്ള ഒരു സ്വകാര്യ എയർബിഎൻബി (Airbnb) വില്ലയിലാണ് താമസിച്ചിരുന്നത്. പരമ്പരാഗത ആഡംബര റിസോർട്ടുകളേക്കാൾ സ്വകാര്യതയുള്ള ഒരിടമാണ് അവർ തിരഞ്ഞെടുത്തത്. അവരുടെ വിവാഹ ആഘോഷങ്ങൾ പോലെ തന്നെ, ഈ അവധിക്കാലവും തികച്ചും വ്യത്യസ്തവുമായിരുന്നു, എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചായിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. ഉദയ്പൂരിലെ ചടങ്ങുകൾക്ക് ശേഷം, മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമാ മേഖലയിലുള്ള സുഹൃത്തുക്കൾക്കായി അവർ ഒരു വിരുന്നും (Reception) ഒരുക്കിയിരുന്നു.

വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മധുരം വിതരണം ചെയ്യാനും ദമ്പതികൾ സൗകര്യമൊരുക്കി. എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ അവർ ഇങ്ങനെ എഴുതി: "ഈ രാജ്യത്തെ മനോഹരമായ മനുഷ്യരേ, നിങ്ങൾ എപ്പോഴും ഞങ്ങളുടെ യാത്രയുടെയും പ്രണയത്തിന്റെയും ഭാഗമാണ്. ഞങ്ങളുടെ വിവാഹം നിങ്ങളോടൊപ്പം ആഘോഷിക്കുന്നത് ഞങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നു. ഇന്ത്യ എങ്ങനെയാണ് ആഘോഷിക്കാറുള്ളത്? ഭക്ഷണവും മധുരപലഹാരങ്ങളും നൽകിക്കൊണ്ടല്ലേ?

അതുകൊണ്ട് മാർച്ച് 1-ന് ഞങ്ങളുടെ ജീവിതത്തിലെ ഈ വലിയ നിമിഷം നിങ്ങളുമായി പങ്കുവെക്കുന്നതിനായി രാജ്യമൊട്ടാകെ സ്നേഹവും മധുരവും നിറഞ്ഞ ട്രക്കുകൾ ഞങ്ങൾ അയക്കുന്നു. കൂടാതെ രാജ്യത്തെ പല ക്ഷേത്രങ്ങളിലും അന്നദാനവും നടത്തുന്നതാണ്. നിങ്ങളുടെയെല്ലാം അനുഗ്രഹങ്ങൾ തേടുന്നു. സ്നേഹത്തോടെ വിജയ് & രശ്മിക." 

ഹൈദരാബാദ്, ഡൽഹി, മുംബൈ, ജയ്പൂർ, കൊച്ചി, മൈസൂർ, ബാംഗ്ലൂർ, ചെന്നൈ, പോണ്ടിച്ചേരി തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇത്തരത്തിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi