ബോളിവുഡിന്റെ താര റാണിയാണ് നടി റാണി മുഖർജി. 'കൽ ഹോ നാ ഹോ' എന്ന ചിത്രത്തിലെ പ്രധാന വേഷം തനിക്ക് നൽകാത്തതിൽ ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിനോട് താൻ പിണങ്ങിയിരുന്നതായി താരം ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

To advertise here,

'കോഫി വിത്ത് കരൺ' എന്ന പരിപാടിക്കിടെ കരൺ ജോഹർ, റാണി, കരീന കപൂർ ഖാൻ എന്നിവർ ഈ സിനിമയെക്കുറിച്ചും അത് അവരുടെ വ്യക്തിബന്ധങ്ങളെ എങ്ങനെയൊക്കെ ബാധിച്ചു എന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു.

"സത്യം പറഞ്ഞാൽ, ഈ കാര്യത്തെക്കുറിച്ച് ഞാൻ ആദ്യമായി അറിഞ്ഞത് നിന്നിൽ നിന്നല്ല. അതാണ് എന്നെ വേദനിപ്പിച്ചത്. നമ്മൾ തമ്മിൽ അത്രയും അടുത്ത ബന്ധമാണുള്ളത്. നീ ഒരു സിനിമ ചെയ്യുമ്പോൾ, എന്നെ അതിൽ അഭിനയിപ്പിച്ചാലും ഇല്ലെങ്കിലും ആ കാര്യം എന്നോട് ചർച്ച ചെയ്യാമെന്ന് എനിക്ക് തോന്നിയിരുന്നു. ആ ഒരു സ്വാതന്ത്ര്യം നമ്മൾക്കിടയിലുണ്ട്," എന്ന് റാണി കരണിനോട് അന്നു പറഞ്ഞിരുന്നു.

എന്നാൽ കരൺ ഇക്കാര്യം തന്നോട് വന്ന് സംസാരിക്കാതെ മറ്റൊരാളിൽ നിന്നാണ് താൻ ഇതറിഞ്ഞതെന്നു റാണി കൂട്ടിച്ചേർത്തു. “എന്തുകൊണ്ടാണ് കരൺ എന്നോട് ഇത് പറയാത്തത് എന്ന് ഞാൻ ആലോചിച്ചു. കാരണം അത് നമ്മുടെ സൗഹൃദത്തെ ബാധിക്കുന്ന ഒന്നല്ലല്ലോ. ആ സമയത്ത് ഞാൻ അമീർ ഖാന്റെ മുന്നിലിരുന്ന് കരഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട്."

'കൽ ഹോ നാ ഹോ'യിലെ ആ വേഷം ഒടുവിൽ പ്രീതി സിന്റയ്ക്കാണ് ലഭിച്ചത്. ഈ ചിത്രത്തിലൂടെ പ്രീതി ബോളിവുഡിലെ സൂപ്പർ താരമായി മാറുകയും ചെയ്തു. ജയ ബച്ചൻ, ഷാരൂഖ് ഖാൻ, സെയ്ഫ് അലി ഖാൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. സുഷമ സേത്ത്, റീമ ലാഗു, ലിലെറ്റ് ദുബെ, ഡെൽനാസ് ഇറാനി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

നൈന (പ്രീതി സിന്റ), അമൻ മാത്തൂർ (ഷാരൂഖ് ഖാൻ) എന്നിവർ പ്രണയത്തിലാകുന്നതും, എന്നാൽ ഒരു രഹസ്യം കാരണം അമന് തന്റെ പ്രണയം വെളിപ്പെടുത്താൻ കഴിയാതെ വരുന്നതുമാണ് സിനിമയുടെ പ്രമേയം. ഒടുവിൽ നൈനയെ അവളുടെ സുഹൃത്തായ രോഹിത് പട്ടേലുമായി (സെയ്ഫ് അലി ഖാൻ) ഒരുമിപ്പിക്കാൻ അമൻ ശ്രമിക്കുന്നു. ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi