ഹോളിവുഡ് ഐക്കൺ, സെക്‌സ് സിംബൽ...അങ്ങനെ കുറേ വിളിപ്പേരുകളുണ്ട് ഹോളിവുഡ് നടൻ ടോം ക്രൂസിന്. ലോകത്തിലെ ഏറ്റവും ധനികരായ താരങ്ങളിലൊരാൾ കൂടിയാണ് അദ്ദേഹം. തന്റെ പ്രണയബന്ധങ്ങളുടെ കാര്യത്തിലും അദ്ദേഹം വ്യത്യസ്തനാണ്.

ടോമിന്റെ ആദ്യത്തെ പ്രണയിനി ലോറി ഹോബ്‌സ് ആണ്. സെന്റ്.സേവ്യർ ഹൈസ്‌കൂളിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ് ആ പ്രണയം തുടങ്ങുന്നത്. 'നാണംകുണുങ്ങി' എന്നാണ് ടോമിനെ ലോറി പിന്നീട് വിശേഷിപ്പിച്ചത്. 'മനോഹരമായി ചുംബിക്കുന്നതെങ്ങനെ' എന്ന് താനാണ് ടോമിനെ പഠിപ്പിച്ചതെന്നും ലോറി അവകാശപ്പെട്ടു. 18-ാം വയസ്സിലെ ക്രൂസിന്റെ കാമുകിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഡയാന കോക്‌സ് എന്നൊരു യുവതി വർഷങ്ങൾക്കുശേഷം രംഗത്തുവന്നിരുന്നു. പ്രണയകാലത്തെ തങ്ങളുടെ ചിത്രങ്ങളും അവർ അന്ന് പുറത്തുവിട്ടു. ഒരു പാർട്ടിക്കുശേഷമാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഒറ്റനോട്ടത്തിൽ പരസ്പരം ഇഷ്ടംതോന്നി. രണ്ടുവർഷത്തോളം ഇരുവരും ഡേറ്റ് ചെയ്തു. അതിനിടയിൽ പ്രശ്‌നങ്ങളായി. ഭയങ്കരമായി നിയന്ത്രിക്കുന്നയാളായിരുന്നു ടോം എന്നും ആ സ്വഭാവം തനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഡയാന വെളിപ്പെടുത്തി.

ആ പ്രണയം തകർന്നപ്പോഴേക്കും ക്രൂസ് അഭിനയരംഗത്തേക്ക് എത്തി. കരിയറിന്റെ തുടക്കകാലത്ത് നടി മെലീസ ഗിൽബർട്ടുമായി പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. 1980-കളിലാണത്. എന്നാൽ തങ്ങളുടേത് വളരെ നിഷ്‌കളങ്കമായ ബന്ധമായിരുന്നുവെന്നാണ് മെലീസ പറഞ്ഞത്. അന്ന് ടോം തന്റെ കരിയർ തുടങ്ങിയിട്ടേയുള്ളൂ. ''ടോമിന്റെ തുടക്കകാലമായിരുന്നു. അധികം കാശൊന്നുമില്ല കൈയിൽ'', മെലീസ അക്കാലം ഓർത്തു. ടോമിന് വളരെ മനോഹരമായി ചുംബിക്കാനറിയാമായിരുന്നുവെന്നും മെലീസ കൂട്ടിച്ചേർത്തു.

1983-ലാണ് 'റിസ്‌കി ബിസിനസി'ലെ സഹതാരമായ റെബേക്ക ഡി മോർണെയുമായുള്ള പ്രണയം തുടങ്ങുന്നത്. ലണ്ടനിൽവെച്ച് 'ലെജൻഡ്' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഇരുവരും ഒരുമിച്ച് താമസവും തുടങ്ങി. അതുകഴിഞ്ഞ് 'ടോപ് ഗണ്ണി'ന്റെ ഷൂട്ടിനായി ടോം അമേരിക്കയിലേക്ക് പോയപ്പോൾ ആ ബന്ധവും തീർന്നു. ''ആത്മാർഥതയും കുറേ ഗുണങ്ങളുമുള്ള മനുഷ്യനാണ് ടോം. തകർന്ന കുടുംബങ്ങളിൽനിന്ന് വരുന്ന കുട്ടികൾ പലപ്പോഴും തങ്ങളുടെ ബന്ധങ്ങളിലെല്ലാം സ്‌നേഹവും വാത്സല്യവും തേടുന്നവരായിരിക്കും. അത് ടോമിന്റെ കാര്യത്തിൽ സത്യമാണെന്ന് തോന്നുന്നു'', റെബേക്ക ടോമിനെ സ്‌നേഹത്തോടെ മാത്രമേ ഓർക്കാറുള്ളൂ.

അമേരിക്കൻ ഗായികയും നടിയുമായ ഷെറുമായുള്ള ടോമിന്റെ പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം വാർത്തകളോടെല്ലാം അവർ മുഖംതിരിച്ചു. 2008-ലാണ് തന്നേക്കാൾ 17 വയസ്സിനിളയ ടോമിനെ പ്രണയിച്ച കാര്യം ഷെർ ആദ്യമായി തുറന്നുപറഞ്ഞത്. ഓപ്ര വിൻഫ്രെയുമായുള്ള അഭിമുഖത്തിലാണ് ഷെർ അക്കാര്യം സമ്മതിക്കുന്നത്. ''എനിക്ക് അവനോട് ഭ്രാന്തായിരുന്നു. അവനാണെങ്കിൽ ഭയങ്കര നാണക്കാരനും. എനിക്കവനോട് ഭ്രാന്തായിരുന്നതിനാൽ അതൊരു മനോഹരമായ പ്രണയമായിരുന്നേനെ''.

ഒരു വിവാഹച്ചടങ്ങിൽവെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം വൈറ്റ്ഹൗസിൽ നടന്നൊരു ചടങ്ങിൽവെച്ച് വീണ്ടും കണ്ടുമുട്ടി. പിന്നാലെ ഡേറ്റിങ്ങും തുടങ്ങി. പക്ഷേ, അതും അധികം വൈകാതെ അവസാനിച്ചു.

1985-ലാണ് ഒരു ഡിന്നറിനിടെ നടി മിമി റോജേഴ്‌സും ടോം ക്രൂസും ആദ്യമായി പരിചയപ്പെടുന്നത്. അന്ന് ടോമിന്റെ സുഹൃത്തിന്റെ പ്രണയിനിയായിരുന്നു മിമി. ആ ബന്ധം തകർന്നപ്പോഴാണ് ടോമും മിമിയും പ്രണയത്തിലാവുന്നത്. വിവാഹിതരാവാനും തീരുമാനിച്ചു. 'ദ പ്രൊജക്ട്' എന്ന കോഡ് വാക്കാണ് തങ്ങളുടെ വിവാഹത്തിനായി അവർ ഉപയോഗിച്ചത്. 1987-ൽ വളരെ ചെറിയ ചടങ്ങായിട്ടായിരുന്നു വിവാഹം.

വെറും മൂന്നുവർഷമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. മിമിയെക്കുറിച്ച് ടോം ഒരിക്കൽ പറഞ്ഞു, ''അവൾക്കൊപ്പമായിരുന്നപ്പോൾ, പല കാര്യങ്ങളും പഠിച്ചു. നല്ലൊരു അഭിനേതാവാൻ എന്നെ സഹായിച്ചു. ലോകത്തിലെ മറ്റേത് കാര്യത്തിനേക്കാളും ഞാൻ അവളെ കരുതുന്നു. അവൾക്കൊപ്പം എന്നുമുണ്ടാവാൻ ഞാനാഗ്രഹിക്കുകയും ചെയ്യുന്നു''. മിമിയെ തന്റെ അടുത്തസുഹൃത്തെന്നാണ് അന്ന് ടോം വിശേഷിപ്പിച്ചത്. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അവർ വിവാഹമോചിതരാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നു. കാരണം എന്തെന്ന് അന്നിരുവരും പറഞ്ഞിരുന്നില്ല. വർഷങ്ങൾക്കുശേഷം മിമി മനസ്സുതുറന്നു, ''ടോം ഒരു സന്യാസിയാകുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നു. ആത്മീയതയിലേക്കുള്ള പാതയിലാണെന്ന് എനിക്കുതോന്നി. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തുന്നത്''.

അതിനൊപ്പം തങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസവും മറ്റൊരു ഘടകമായിരുന്നുവെന്ന് മിമി ചൂണ്ടിക്കാട്ടി. ക്രൂസിനേക്കാൾ ആറുവയസ്സ് കൂടുതലായിരുന്നു മിമിക്ക്. ''പ്രായത്തിന്റെ കാര്യവും എന്നെ അലോസരപ്പെടുത്തി. ചില ടാബ്ലോയിഡുകൾ എപ്പോഴും അത് ചർച്ച ചെയ്യുകയും ടോമും ഞാനും തമ്മിലുള്ള വിടവ് പെരുപ്പിച്ചു കാണിക്കുകയും ചെയ്തു. ഓരോ ആറ് മാസം കൂടുമ്പോഴും, അവർ എനിക്കൊരു വയസ്സ് കൂട്ടിച്ചേർക്കും. അതെനിക്കൊരു പ്രശ്‌നംതന്നെയായിരുന്നു''. അതിനുശേഷവും തന്റെ ഏറ്റവുമടുത്ത സുഹൃത്തെന്നാണ് മിമിയെ ടോം വിളിച്ചത്.

അതേവർഷം തന്നെയാണ് നടി നികോൾ കിഡ്മാനെ ടോം പരിചയപ്പെടുന്നത്. 'ഡേയ്‌സ് ഓഫ് തണ്ടർ' എന്ന സിനിമയുടെ കാസ്റ്റിങ്ങിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ''ഞാൻ കണ്ടതിൽവെച്ചേറ്റവും സെക്‌സിയായിട്ടുള്ള മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ട് ശരീരത്തോടുള്ള ആകർഷണത്തിൽനിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം'', നികോൾ കിഡ്മാൻ പറഞ്ഞു. ടോമും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ''ആ ബന്ധത്തിന്റെ ആദ്യനാളുകളിൽ ശാരീരികാകർഷണം തന്നെയായിരുന്നു''.

 

നികോളുമായുള്ള വിവാഹമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നാണ് ടോം അന്നുപറഞ്ഞത്. രണ്ടുകുട്ടികളെ ഇരുവരും ചേർന്ന് ദത്തെടുത്തു. ആദ്യത്തേത് 1992-ലായിരുന്നു. അടുത്തത് 1995-ലും. ഒരഭിമുഖത്തിൽ നികോൾ തന്റെ ആഗ്രഹം തുറന്നുപറഞ്ഞു, ''80-ാം വയസ്സിലും ഞങ്ങളൊരുമിച്ച് തന്നെയായിരിക്കുമെന്ന് വിശ്വസിക്കുന്നു. അങ്ങനെയല്ലെങ്കിൽ ഞാൻ ശരിക്കും തകർന്നുപോകും''. എന്നാൽ, കുറച്ചുനാൾ കഴിഞ്ഞ് നികോൾ തന്നെയാണ് വിവാഹമോചനത്തിനുള്ള അപേക്ഷ നൽകിയതും. അങ്ങനെ 11 വർഷത്തെ ബന്ധത്തിന് അവസാനമായി. രണ്ടാം വിവാഹവും പരാജയപ്പെട്ടതിനെക്കുറിച്ച് ക്രൂസ് പറഞ്ഞതിങ്ങനെ, ''അവൾക്കറിയാം എന്താണ് കാരണമെന്ന്, എനിക്കുമറിയാം. അതുമതിയല്ലോ. അവൾ എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ്''.

അതിനിടയിൽ നടി പെനിലോപ് ക്രൂസുമായി ടോം പ്രണയത്തിലാണെന്ന് വാർത്തകൾ വന്നു. നികോളുമായി പിരിയാനുള്ള കാരണവും ഇതാണെന്ന് പറയപ്പെട്ടു. മൂന്നുവർഷമാണ് പെനിലോപുമായുള്ള ബന്ധം നീണ്ടുനിന്നത്. 2003-ൽ ക്രൂസ് ഒരഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു, ''എന്റെ ബന്ധത്തിൽ ഞാൻ വളരെ വളരെ സന്തുഷ്ടനാണ്''. ഇരുവരും വൈകാതെ വിവാഹിതരാവുമെന്നും അഭ്യൂഹങ്ങൾ പരന്നു. ആയിടയ്ക്കാണ് അമേരിക്കൻ ടാബ്ലോയ്ഡിൽ ഒരു വാർത്ത വരുന്നത്, 'ക്രൂസുമായുള്ള വിവാഹം നടക്കാതിരിക്കാൻ കാരണം, പെനിലോപിന് മറ്റൊരു ബന്ധമുള്ളതുകൊണ്ടാണ്' എന്നതായിരുന്നു ആ വാർത്ത. അതിനെതിരെ പെനിലോപ് കേസുകൊടുത്തു. അവർക്ക് നഷ്ടപരിഹാരം ലഭിച്ചു. പിന്നാലെ അവരോടടുപ്പമുള്ള ഒരാൾ തുറന്നുപറഞ്ഞു, 'പെനിലോപും ടോം ക്രൂസും പിരിഞ്ഞിരിക്കുന്നു'. ഏറെ സംഭവബഹുലമായ പ്രണയത്തിന് അതോടെ പരിസമാപ്തിയായി. 

തൊട്ടുപിന്നാലെ നടി സോഫിയ വേഗറയുമായുള്ള പ്രണയം. എന്നാൽ, തുടങ്ങിയതിനേക്കാൾ വേഗത്തിൽ അതവസാനിച്ചു. അതിനിടയ്ക്ക് ഇറാനിയൻ നടി നസനിൻ ബോന്യാഡിയുമായി പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട് നസനിൻ പ്രതികരിച്ചതിങ്ങനെ, ''ആ വാർത്തയോട് പ്രതികരിക്കാത്തതാണ് നല്ലത്. എന്റെ ജീവിതത്തിൽ ഒട്ടേറെ നല്ല കാര്യങ്ങൾ നടന്നിട്ടുണ്ട്. എന്നാലിത്, അത്രയും നാണക്കേടാണ്''.

 

അതേവർഷം തന്നെ കാറ്റി ഹോംസുമായുള്ള പ്രണയവും വിവാഹവും. ടോംകാറ്റ് എന്ന ഓമനപ്പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഏറ്റവും പ്രശസ്തരായ ജോഡികളായി മാറി ടോംകാറ്റ്. ഐഫൽ ടവറിനുമുന്നിൽ വെച്ചാണ് അവർ എൻഗേജ്ഡ് ആയത്. ഓപ്ര വിൻഫ്രെയുമായുള്ള അഭിമുഖത്തിനിടയിൽ കാറ്റിയുമായുള്ള പ്രണയം വെളിപ്പെടുത്തുമ്പോൾ, ടോം തുള്ളിച്ചാടുകയായിരുന്നു. 2006 ഏപ്രിലിൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചു. നവംബർ 2006-ൽ വിവാഹവും. എന്നാൽ, ആറുവർഷമേ ദമ്പതികളായി ജീവിച്ചുള്ളൂ. കാറ്റിയാണ് 2012-ൽ വിവാഹമോചനത്തിന് മുൻകൈയെടുക്കുന്നത്.

അതിനുശേഷം കാമറോൺ ഡയസ്, വെനേസ കിർബി, ഹെയ്‌ലി അറ്റ്‌വെൽ എന്നിവർക്കൊപ്പം ടോം ക്രൂസിന്റെ പേരുചേർത്ത് വാർത്തകളുണ്ടായി. 

ഏറ്റവുമൊടുവിൽ നടി അന ഡേ അർമാസുമായി പ്രണയത്തിലെന്ന് അഭ്യൂഹങ്ങൾ പരന്നു. പല പരിപാടികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. അനയുടെ 37-ാം പിറന്നാളിന് ഹെലികോപ്റ്ററിലിരുത്തി ടോം കൊണ്ടുപോവുകയും ചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi