ആദ്യമായി മാതാപിതാക്കളാകുന്നവർക്ക് പലവിധ ആധികളാണ്. അക്കൂട്ടത്തിലൊന്നാണ് കുഞ്ഞിന്റെ കിടക്ക ഒരുക്കുന്നതിലുള്ള പ്രത്യേക ശ്രദ്ധ. കുഞ്ഞിന്റെ കുഞ്ഞിക്കാലുകൾക്കു മുകളിലൂടെ മൃദുവായ പുതപ്പ്, അരികിൽ ഒരു തലയിണ, മൂലയിൽ ഒരു കളിപ്പാട്ടം, കട്ടിലിനു ചുറ്റും ബമ്പർ... കിടക്ക കൂടുതൽ സുഖകരവും മനോഹരവുമാക്കാൻ പലതും ചേർക്കും.
മുതിർന്നവർക്ക് സുഖകരവും സുരക്ഷിതവുമെന്നു തോന്നുന്ന ഇത്തരം വസ്തുക്കൾ പക്ഷേ നവജാതശിശുക്കൾക്കും ചെറിയ കുഞ്ഞുങ്ങൾക്കും അപകടസാധ്യത സൃഷ്ടിച്ചേക്കാം.
കുഞ്ഞിന്റെ ഉറക്കസ്ഥലം എത്രത്തോളം ലളിതമാണോ, അത്രത്തോളം സുരക്ഷിതവുമാണ്. ഉറക്കത്തിനായി കുഞ്ഞിനെ മലർത്തിക്കിടത്താം. ഉറപ്പുള്ളതും നിരപ്പുള്ളതുമായ പ്രതലത്തിൽ കിടത്തുകയും അയഞ്ഞുപോകാത്ത രീതിയിൽ ബെഡ് ഷീറ്റ് മുറുകെ ഉപയോഗിക്കുകയും ചെയ്യാം. ഇതൊക്കെയാണ് സുരക്ഷിതമായ ഉറക്കത്തിന്റെ അടിസ്ഥാനതത്വം.
Also Read
മൃദുവായ പുതപ്പ് വേണോ?
കുഞ്ഞിനെ മൃദുവായ പുതപ്പിനടിയിൽ ഭംഗിയായി കിടത്തിയാൽ സുരക്ഷിതമാണെന്നു തോന്നാം. എന്നാൽ നവജാതശിശുക്കൾക്ക് മുഖത്തേക്ക് വീഴുന്ന തുണി സ്വയം മാറ്റാനുള്ള കഴിവ് വികസിച്ചിട്ടുണ്ടാകില്ല. കുഞ്ഞ് പുതപ്പിനടിയിൽ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കുഞ്ഞിന്റെ മൂക്കും വായും പുതപ്പുകൊണ്ട് മൂടി, ഇത് ശ്വാസതടസ്സത്തിനും ഒരേ വായു വീണ്ടും വീണ്ടും ശ്വസിക്കേണ്ടിവരുന്ന സാഹചര്യത്തിനും കാരണമാകാം.
പുതപ്പ് മാത്രമല്ല, കട്ടിയുള്ള ക്വിൽറ്റുകൾ, കംഫർട്ടറുകൾ, തലയിണകൾ തുടങ്ങിയ മൃദുവായ വസ്തുക്കളും കുഞ്ഞിന്റെ മുഖത്തിനടുത്ത് വെക്കുന്നത് സുരക്ഷിതമല്ല. മൃദുവായ പ്രതലത്തിൽ കുഞ്ഞിന്റെ മുഖം താഴ്ന്നുപോകുന്നതും ശ്വാസം തടസ്സപ്പെടുന്നതിനുള്ള സാധ്യത വർധിപ്പിക്കും.
നവജാതശിശുവിന്റെ കിടക്കയിൽ ഒന്നുമില്ലെങ്കിൽ അത് മാതാപിതാക്കൾക്ക് അപൂർണമായി തോന്നാം. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ ആ 'ഒന്നുമില്ലായ്മ' തന്നെയാണ് പ്രധാനം. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (AAP) കുഞ്ഞുങ്ങൾക്കായി ഉറപ്പുള്ളതും നിരപ്പുള്ളതുമായ പ്രതലവും അതിനു മുകളിൽ മുറുകിനിൽക്കുന്ന ബെഡ് ഷീറ്റും മാത്രമാണ് ശുപാർശ ചെയ്യുന്നത്. കിടക്കയിൽ മറ്റൊരു ബെഡ്ഡിങ്ങോ മൃദുവായ വസ്തുക്കളോ ഉണ്ടാകരുതെന്നും നിർദേശിക്കുന്നു. കുഞ്ഞിന് കൂടുതൽ സുഖം ലഭിക്കട്ടെയെന്നു കരുതി തലക്കടിയിൽ തലയിണ വയ്ക്കുന്നതും ഒഴിവാക്കണം.
''കുഞ്ഞിന് തണുക്കില്ലേ?''
രാത്രിയിൽ തണുപ്പ് കൂടുതലുള്ള സമയങ്ങളിൽ മാതാപിതാക്കൾക്ക് സ്വാഭാവികമായും കുഞ്ഞിന് തണുക്കില്ലേ എന്ന ആശങ്കയുണ്ടാകും. എന്നാൽ കുഞ്ഞിനെ ചുറ്റും പുതപ്പുകൾ കൊണ്ട് പൊതിയുന്നതിനു പകരം സുരക്ഷിതമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.
കുഞ്ഞുങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വെയറബിൾ ബ്ലാങ്കറ്റ് അല്ലെങ്കിൽ സ്ലീപ്പ് സാക്ക് ഉപയോഗിക്കാം. കുഞ്ഞിന്റെ ശരീരത്തിൽ ധരിക്കാവുന്ന ഇത്തരം വസ്ത്രങ്ങൾ അയഞ്ഞ തുണി മുഖത്തേക്ക് നീങ്ങാനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ ചൂട് നൽകുകയും ചെയ്യും. എന്നാൽ കുഞ്ഞിന് അമിതമായി ചൂടാകാതിരിക്കാനും ശ്രദ്ധിക്കണം. ഉറങ്ങുമ്പോൾ കുഞ്ഞിന്റെ തല മൂടരുത്. അമിതമായി വിയർക്കുന്നുണ്ടോ, നെഞ്ച് അസാധാരണമായി ചൂടാണോ തുടങ്ങിയ കാര്യങ്ങളും മാതാപിതാക്കൾ ശ്രദ്ധിക്കണം.
വെയറബിൾ ബ്ലാങ്കറ്റും വെയ്റ്റഡ് സ്ലീപ്പ് ഉൽപ്പന്നങ്ങളും ഒന്നല്ല
ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ വെയറബിൾ ബ്ലാങ്കറ്റ് അല്ലെങ്കിൽ സ്ലീപ്പ് സാക്ക് എന്നത് കുഞ്ഞിനെ ചൂടായി നിലനിർത്താനുള്ള വസ്ത്രമാണ്. എന്നാൽ വെയ്റ്റഡ് സ്ലീപ്പർ, വെയ്റ്റഡ് സ്വാഡിൽ, വെയ്റ്റഡ് സ്ലീപ്പ് സാക്ക്, വെയ്റ്റഡ് ബ്ലാങ്കറ്റ് തുടങ്ങിയ ഭാരമുള്ള ഉൽപ്പന്നങ്ങൾ ശിശുക്കൾക്കായി ഉപയോഗിക്കരുതെന്നാണ് CDCയുടെ നിർദേശം.
കുഞ്ഞിനെ ഉറക്കാൻ കിടത്തുന്നതിനു മുൻപ് ഈ കാര്യങ്ങൾ പരിശോധിക്കാം
കുഞ്ഞ് നല്ല ഉറക്കത്തിലേക്ക് വീഴുംമുൻപ് ഒരു ചെറിയ സുരക്ഷാ പരിശോധന നടത്താം.
- കുഞ്ഞിനെ മലർത്തിയാണ് കിടത്തിയിരിക്കുന്നതെന്ന് ഉറപ്പാക്കുക.
- മെത്ത ഉറപ്പുള്ളതും നിരപ്പുള്ളതും ചെരിവില്ലാത്തതും ആയിരിക്കണം.
- ബെഡ് ഷീറ്റ് മെത്തയിൽ അയഞ്ഞുവരാത്ത രീതിയിൽ ഒതുക്കിവെക്കണം.
- തലയിണ, ക്വിൽറ്റ്, കംഫർട്ടർ, അയഞ്ഞ പുതപ്പ് എന്നിവ കിടക്കയിൽ ഉണ്ടാകരുത്.
- കളിപ്പാട്ടങ്ങൾ, സ്റ്റഫ് ചെയ്ത ടോയ്‌സ്, ക്രിബ് ബമ്പറുകൾ എന്നിവ ഒഴിവാക്കുക.
- കുഞ്ഞിന്റെ തലയും മുഖവും മൂടിയിട്ടില്ലെന്ന് ഉറപ്പാക്കുക.
- കുഞ്ഞിന് അമിതമായി ചൂടാകുന്നില്ലെന്ന് ശ്രദ്ധിക്കുക.
- ചൂട് ആവശ്യമെങ്കിൽ അയഞ്ഞ പുതപ്പിനു പകരം അനുയോജ്യമായ വലുപ്പത്തിലുള്ള, വെയ്റ്റഡ് അല്ലാത്ത വെയറബിൾ ബ്ലാങ്കറ്റ് ഉപയോഗിക്കാം.
- കുഞ്ഞിനായി പ്രത്യേകം ഒരുക്കിയ ഉറക്കസ്ഥലം മാതാപിതാക്കളുടെ മുറിയിൽ തന്നെ വയ്ക്കുന്നതാണ് സാധാരണയായി ശുപാർശ ചെയ്യുന്നത്.
കുഞ്ഞിന്റെ കിടക്ക കൂടുതൽ ഭംഗിയാക്കുന്നതിലല്ല, സുരക്ഷിതമാക്കുന്നതിലാണ് ശ്രദ്ധ വേണ്ടത്. കുഞ്ഞിന്റെ ഓരോ ഉറക്കവും ആശങ്കയോടെ നിരീക്ഷിക്കണമെന്നല്ല ഈ നിർദേശങ്ങളുടെ ലക്ഷ്യം. മറിച്ച്, എന്തൊക്കെ വേണം, എന്തൊക്കെ ഒഴിവാക്കണം എന്ന കാര്യത്തിൽ വ്യക്തത ഉണ്ടെങ്കിൽ മാതാപിതാക്കൾക്കും കൂടുതൽ സമാധാനത്തോടെ കുഞ്ഞിനെ ഉറക്കാം. പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങൾക്ക് ഉറക്കവുമായി ബന്ധപ്പെട്ട വ്യത്യസ്ത നിർദേശങ്ങൾ ആവശ്യമായേക്കാം. അത്തരം സാഹചര്യങ്ങളിൽ ശിശുരോഗ വിദഗ്ധന്റെ നിർദേശം തേടുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 23 Sept 2026, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented