ബ്രസീലിനെ ഒരുകാലത്ത് വിറപ്പിച്ച സീരിയൽ കില്ലറാണ് ഹോർലാൻ ലോപ്പസ് ഡാ സിൽവ. 80-ലേറെ കൊലപാതകങ്ങൾ നടത്തിയതായി കുറ്റസമ്മതം നടത്തിയ ഇയാളെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റുചെയ്തത്. സ്ത്രീയുടെ വേഷം ധരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വിഗ്ഗ് ധരിച്ച് ഒരു കുഞ്ഞിനെയും കൈയിലേന്തിയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്.

ചോദ്യംചെയ്യലിനിടെയാണ് താൻ 80 പേരെ കൊന്നുവെന്ന് ഇയാൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുമാസം കൊണ്ടാണ് അതിൽ 16 പേരെ കൊന്നത്. അതോടെ എഴുതിത്തള്ളിയ പല കേസുകളും വീണ്ടും അന്വേഷിക്കുമെന്ന് ബ്രസീലിയൻ പോലീസ് അറിയിച്ചു.

പോലീസ് പിടിക്കാതിരിക്കാൻ കാട്ടിൽ പലയിടത്തായി താമസിച്ചുവരികയായിരുന്നു ഇയാൾ. ബ്രസീലിലെ ഒരു കാട്ടിൽ 16 പേരെ കൊലപ്പെടുത്തിയ ആൾ ഒളിച്ചിരിപ്പുണ്ടെന്ന് പോലീസിന് വിവരം കിട്ടി. ആ വിവരത്തിനുപുറത്താണ് കാട്ടിൽ തിരച്ചിൽ നടത്തുന്നതിനായി പോലീസ് എത്തിയത്. ആ ശ്രമങ്ങൾക്കൊടുവിലാണ് ഇയാൾ പോലീസ് പിടിയിലാവുന്നത്.

വെള്ള വരകളുള്ള കറുത്ത വസ്ത്രം ധരിച്ച്, വിഗ്ഗ് വെച്ച്, നഖങ്ങളിൽ നെയിൽപോളീഷുമിട്ട നിലയിലാണ് ഇയാൾ കാട്ടിൽ കഴിഞ്ഞിരുന്നത്. ഒപ്പമുണ്ടായിരുന്നത് ഇയാളുമായി യാതൊരു ബന്ധവുമില്ലാത്ത കുഞ്ഞും. നിരവധി പേരെ കൊലപ്പെടുത്തിയ ഒരു ക്രിമിനൽ സംഘത്തിലെ അംഗമാണ് ഡാ സിൽവ എന്ന് അന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഡാ സിൽവ ഇത് നിഷേധിച്ചു. താൻ 'ഒരു വ്യക്തിപരമായ യുദ്ധ'ത്തിലാണെന്നാണ് അയാൾ പറയുന്നത്.

താൻ കുറ്റവാളികളെ മാത്രമേ ആക്രമിച്ചിട്ടുള്ളൂ എന്നാണ് ഈ സീരിയൽ കില്ലർ അവകാശപ്പെടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ വിചാരണ നേരിടുന്ന പല കുറ്റകൃത്യങ്ങൾക്കും പുറമെ, ചിലത് അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്. ഒരു പൊതുസ്ഥലത്ത് വെച്ച് 18 വയസ്സുള്ള ഒരാളെ വെടിവെച്ചു കൊന്നതിന് ശേഷം, ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതിന്റെ വിചാരണയും നടന്നുകൊണ്ടിരിക്കുന്നു.

എന്നാൽ ആദ്യമായി ഒരാളെ കൊലപ്പെടുത്തിയത് 13-ാം വയസ്സിലാണെന്ന് ഇയാൾ പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി.

'കൊതുക്' (Mosquito) എന്ന പേരിലാണ് ഇയാൾ നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. മെലിഞ്ഞ ശരീരപ്രകൃതം കാരണമാണ് അങ്ങനെയൊരു പേരുകിട്ടിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi