മക്കൾ സ്വന്തം വഴി കണ്ടെത്തണമെന്നത് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്. മാതാപിതാക്കൾ പടുത്തുയർത്തിയ ബിസിനസിൽനിന്നും കരിയറിൽനിന്നും മാറിനിന്ന് തങ്ങളുടേതായൊരു വ്യക്തിത്വം സൃഷ്ടിക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ, അവർ വർഷങ്ങളെടുത്ത് കെട്ടിപ്പടുത്ത കുടുംബബിസിനസിനെ ഉപേക്ഷിക്കാതെ അതിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് സ്വന്തം സ്വപ്നങ്ങളിലേക്കും മുന്നേറാമെന്നാണ് നടൻ സുനിൽ ഷെട്ടിയുടെ അഭിപ്രായം.

To advertise here,

രാജ് ഷമാനിയുടെ Figuring Out പോഡ്കാസ്റ്റിൽ കുട്ടികൾ, കരിയർ, കുടുംബപാരമ്പര്യം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സുനിൽ ഷെട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്.  ''ഇന്നത്തെ കുട്ടികൾ പറയുന്നത് കേൾക്കാം, 'കുടുംബബിസിനസിൽ എനിക്ക് താൽപര്യമില്ല, എനിക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യണം' എന്ന്. പക്ഷേ ആ കുടുംബബിസിനസ് ഭംഗിയായി പടുത്തുയർത്തിയതാണെങ്കിൽ അത് കൈകാര്യം ചെയ്യണം. അതിനുശേഷം നിങ്ങൾക്ക് നിങ്ങളുടേതായ മറ്റെന്തെങ്കിലും ചെയ്യാം. ആ പാരമ്പര്യം നിങ്ങൾ കൈകാര്യം ചെയ്യണം. അത് കൈവിടരുത്. കാരണം പാരമ്പര്യം അങ്ങനെയൊന്നും എളുപ്പത്തിൽ ഉണ്ടാകുന്നതല്ല,'' അദ്ദേഹം പറഞ്ഞു.

കുടുംബത്തിൽനിന്ന് ലഭിക്കുന്ന ബിസിനസോ അവസരങ്ങളോ ചിലർ നെപ്പോട്ടിസമായി വിശേഷിപ്പിച്ചേക്കാമെങ്കിലും അതിനെ അത്തരമൊരു കാഴ്ചപ്പാടിലൂടെ കാണുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ''ആളുകൾ അതിനെ നെപ്പോട്ടിസം എന്ന് വിളിച്ചേക്കാം. പക്ഷേ എനിക്ക് ആ വാക്കില്ല. അച്ഛൻ തന്റെ മക്കൾക്കുവേണ്ടിയാണ് കാര്യങ്ങൾ ചെയ്യുന്നത്,'' സുനിൽ ഷെട്ടി പറഞ്ഞു. 

കുടുംബബിസിനസിനെക്കുറിച്ചുള്ള സുനിൽ ഷെട്ടിയുടെ കാഴ്ചപ്പാടിന് പിന്നിൽ സ്വന്തം ജീവിതാനുഭവങ്ങളുമുണ്ട്. ചെറുപ്പത്തിൽ തന്നെ മുംബൈയിലെ ഒരു ദക്ഷിണേന്ത്യൻ റെസ്റ്ററന്റിൽ ജോലി ആരംഭിച്ച പിതാവ് പിന്നീട് സ്വന്തമായി റെസ്റ്ററന്റ് തുടങ്ങുകയും ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്ത കഥ അദ്ദേഹം പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. അച്ഛന്റെ ആ യാത്ര തന്നെയാണ് സുനിൽ ഷെട്ടിക്ക് കുടുംബബിസിനസിന്റെ യഥാർഥ മൂല്യം മനസ്സിലാക്കിക്കൊടുത്തത്. ബോളിവുഡിലെത്തിയപ്പോഴും ആ കുടുംബപശ്ചാത്തലം അദ്ദേഹത്തെ പിന്തുടർന്നു. 1992-ൽ ബൽവാൻ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയപ്പോൾ അഭിനയത്തിന്റെ പേരിൽ രൂക്ഷമായ വിമർശനങ്ങൾ അദ്ദേഹം നേരിട്ടു. ചില വിമർശകർ തന്നെ 'doorknob' എന്ന് വിളിച്ചെന്നും കുടുംബത്തിന്റെ റെസ്റ്ററന്റിലേക്ക് തിരിച്ചുപോയി ഇഡലിയും വടയും വിൽക്കാനുമൊക്കെ പറഞ്ഞിരുന്നുവെന്നും സുനിൽ ഷെട്ടി പിന്നീട് ഓർത്തെടുത്തിട്ടുണ്ട്. എന്നാൽ, ഇഡലിയും വടയും വിൽക്കുന്നത് തനിക്ക് ഒരിക്കലും അപമാനമായി തോന്നിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

''അവർ ഇഡലി-വട വിൽക്കുന്നതിനെ എന്തോ മോശമായ കാര്യമായി കണ്ടു. പക്ഷേ ആ കുടുംബബിസിനസാണ് എന്റെ വീട് നടത്തിയിരുന്നത്,'' എന്നായിരുന്നു സുനിൽ ഷെട്ടിയുടെ പ്രതികരണം. ആ പശ്ചാത്തലമാണ് ഇന്നും ഏത് ജോലിയും ചെയ്യുന്നതിൽ തനിക്ക് അപമാനം തോന്നാതിരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ചെറുപ്പത്തിൽ അച്ഛൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും സുനിൽ ഷെട്ടി മുമ്പ് പറഞ്ഞിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ ജോലി ആരംഭിച്ച അദ്ദേഹം മേശകൾ വൃത്തിയാക്കുകയും അരിച്ചാക്കിനുള്ളിൽ കിടന്നുറങ്ങുകയും ചെയ്ത കാലമുണ്ടായിരുന്നുവെന്നും പിന്നീട് സ്വന്തം ബിസിനസും സ്വത്തും കെട്ടിപ്പടുക്കുകയായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ആ അധ്വാനത്തിന്റെ തുടർച്ചയായാണ് കുടുംബം വളർന്നതെന്നും അദ്ദേഹം പറയുന്നു.

''മാതാപിതാക്കളെന്ന നിലയിൽ നമ്മുടെ തീരുമാനങ്ങൾക്ക് പിന്നിൽ എപ്പോഴും മക്കളുടെ സൗകര്യവും സന്തോഷവും ഉണ്ടാകും. കരിയറായാലും ആരോഗ്യമോ രക്ഷാകർതൃത്വമോ ആയാലും അതൊരു ആശങ്കയായി തുടരും. അതാണ് മാതാപിതൃത്വത്തിന്റെ സൗന്ദര്യം,'' എന്നാണ് അദ്ദേഹം പറഞ്ഞത്. അതിയയും അഹാനും തിരഞ്ഞെടുത്ത വഴികളിൽ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നും സുനിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അച്ഛന്റെ പാത പിന്തുടർന്ന് അഹാൻ ഷെട്ടി 2021-ൽ Tadap എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അതിയയും സിനിമയിൽ സജീവമായിരുന്നു. പിന്നീട് ക്രിക്കറ്റർ കെ.എൽ. രാഹുലുമായുള്ള വിവാഹശേഷം അഭിനയത്തിൽനിന്ന് ഇടവേളയെടുക്കുകയായിരുന്നു.

സുനിൽ ഷെട്ടി പറയുന്ന 'legacy' ഒരു ബിസിനസോ സ്വത്തോ മാത്രം അടുത്ത തലമുറയ്ക്ക് കൈമാറുന്നതല്ല. അതിന് പിന്നിലുള്ള അധ്വാനത്തെയും മൂല്യങ്ങളെയും കാത്തുസൂക്ഷിക്കുന്നതുകൂടിയാണ്. ഒരു ചെറിയ റെസ്റ്ററന്റിൽനിന്ന് ആരംഭിച്ച കുടുംബത്തിന്റെ കഥയിൽനിന്ന് സിനിമയിലേക്കും ഫിറ്റ്‌നസിലേക്കും സംരംഭകത്വത്തിലേക്കും സ്വന്തം വഴി കണ്ടെത്തിയ ആളാണ് സുനിൽ ഷെട്ടി. അതുകൊണ്ടുതന്നെ, മാതാപിതാക്കൾ പടുത്തുയർത്തിയതിനെ ഉപേക്ഷിക്കാതെ അതിനെ സംരക്ഷിച്ചുകൊണ്ടുതന്നെ സ്വന്തം സ്വപ്നങ്ങൾ പിന്തുടരാം എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ തെളിയുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi