ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിങ്ങും രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റിരിക്കുകയാണ്. രണ്ടുകൊല്ലം മുമ്പുള്ള സെപ്റ്റംബർ മാസത്തിൽ ആദ്യകുഞ്ഞും ഈ സെപ്റ്റംബറിൽ രണ്ടാമത്തെ കുഞ്ഞും ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നുവന്നു. മാതാപിതാക്കളാകുന്നതിന് വളരെക്കാലം മുൻപ് തന്നെ ദീപികയും രൺവീറും തങ്ങളുടെ കുടുംബജീവിതത്തെപ്പറ്റിയും മാതാപിതാക്കളാകാനുള്ള ആഗ്രഹങ്ങളെപ്പറ്റിയും സംസാരിച്ചിരുന്നു. തനിക്ക് മൂന്ന് കുഞ്ഞുമക്കൾ വേണമെന്നാണ് ആഗ്രഹമെന്ന് ദീപികയൊരിക്കൽ പറഞ്ഞു.

To advertise here,

2013-ലെ ഒരു അഭിമുഖത്തിൽ, നിങ്ങൾ ഒരു നടിയല്ലായിരുന്നെങ്കിൽ എന്തായിരിക്കും ചെയ്യുന്നുണ്ടാവുകയെന്ന് ദീപികയോട് ചോദിക്കുകയുണ്ടായി. ജോലി തുടരുന്നതോടൊപ്പം കുട്ടികളും ഒരു സന്തോഷ കുടുംബവും ഉണ്ടാകാനാണ് താനാഗ്രഹിക്കുന്നതെന്നാണ് അവർ മറുപടി നൽകിയത്.

“ഞാൻ ഒരു നടിയല്ലായിരുന്നെങ്കിൽ ആരാവുമായിരുന്നു എന്നെനിക്കറിയില്ല. എന്നാൽ ചുറ്റും കുറെ കുട്ടികൾ ഉണ്ടായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ചുറ്റും ഓടിച്ചാടി നടക്കുന്ന മൂന്ന് ചെറിയ കുട്ടികൾ. ഷൂട്ടിങ്ങിന് അവരെയും കൊണ്ടുപോകാൻ പാകത്തിൽ ജോലി ചെയ്യാനും ഒരു സന്തോഷ കുടുംബം ഉണ്ടാകാനും ഞാൻ ആഗ്രഹിക്കുന്നു. അതേസമയം തന്നെ, ഞാനിപ്പോൾ ചെയ്യുന്ന കാര്യങ്ങൾ തുടരുകയും ചെയ്യും.”

വിവാഹത്തിന് തൊട്ടുപിന്നാലെ, ഇന്ത്യ ഇക്കണോമിക് കോൺക്ലേവിൽ വെച്ച് രൺവീറിനോട് കുട്ടികളെക്കുറിച്ചുള്ള ചോദ്യമുണ്ടായി. ഇത് ഭാഗികമായി തന്റെ തീരുമാനമാണെങ്കിലും, ദീപിക തന്നെ മുൻകൈ എടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“ഇത് പൂർണ്ണമായും എന്റെ തീരുമാനമല്ല. ഭാഗികമായി അതെ. എന്നാൽ കൂടുതലും അത് അവളുടേതാണ്, അതിനുള്ള സ്വാതന്ത്ര്യം ഞാനവൾക്ക് നൽകുന്നു. മിക്ക തീരുമാനങ്ങളുമെടുക്കാൻ ഞാനവൾക്ക് അനുവാദം നൽകുന്നു, കാരണം അവൾക്കെല്ലാ കാര്യത്തിലും എന്നെക്കാൾ കഴിവുണ്ട്. എന്നെക്കാൾ വളരെ പക്വതയുള്ളവളും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയവളുമാണ് അവളെന്ന് സമ്മതിക്കുന്നതിൽ എനിക്ക് മടിയില്ല.”

2025-ൽ മാരി ക്ലെയറുമായി സംസാരിക്കവെ ദീപികയും ഇതിനെപ്പറ്റി സംസാരിച്ചു. “രൺവീർ പറഞ്ഞു, ‘ഇത് നിന്റെ ശരീരമാണ്, ആത്യന്തികമായി അതിലൂടെ കടന്നുപോകേണ്ടത് നിന്റെ ശരീരമാണ്. അതിനാൽ എപ്പോൾ നീ തയ്യാറാണെന്ന് തോന്നുന്നുവോ അപ്പോൾ മാത്രം ചെയ്യുക’”

2021-ൽ രൺവീർ പറഞ്ഞതിങ്ങനെ. ‘നിങ്ങൾക്കറിയാമല്ലോ എന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു, അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കുട്ടികളും ഉണ്ടാകും. ദീപിക എത്ര ക്യൂട്ട് ആയ കുഞ്ഞായിരുന്നു. ഞാൻ ദിവസവും അവളുടെ കുട്ടിക്കാലത്തെ ഫോട്ടോകൾ കാണാറുണ്ട്, എന്നിട്ട് അവളോട് പറയും, എനിക്ക് ഇതുപോലൊരു കുഞ്ഞിനെ തരൂ, എന്റെ ജീവിതം സെറ്റാകും എന്ന്”.

രൺവീറിനും തനിക്കും കുട്ടികളെ വളരെ ഇഷ്ടമാണെന്നും തങ്ങൾ തങ്ങളുടെ കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ഒരിക്കൽ ദീപിക പറഞ്ഞിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi