ഒരു വർഷത്തിനുമേലെയായി നടി ഹൻസിക മോട്‌വാനിയും ഭർത്താവ് സൊഹൈൽ കതൂരിയയും (Hansika Motwani divorce case) പിരിയുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട്. ഒടുവിലിതാ വിവാഹമോചനവും. ഹൻസികയുടെ അഭിഭാഷകൻ അദ്നാൻ ഷെയ്ഖാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അവരുടെ വിവാഹം വീണ്ടെടുക്കാനാകാത്തവിധം തകർന്നതിനാൽ പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുൻഭർത്താവിൽ നിന്ന് ജീവനാംശം ഹൻസിക ആവശ്യപ്പെട്ടിട്ടില്ലെന്നും അവരുടെ അഭിഭാഷകൻ പറഞ്ഞു. അവരുടെ വിവാഹത്തിന് 'മാന്യവും സമാധാനപരവുമായ ഒരു അവസാനം' ഉറപ്പാക്കാൻ വേണ്ടിയാണത്രെ ഹൻസിക ഇങ്ങനെയൊരു തീരുമാനമെടുത്തത്.

നേരത്തെ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, ചെറിയ പ്രശ്നങ്ങൾക്ക് പോലും ദമ്പതികൾ പതിവായി അഭിപ്രായവ്യത്യാസങ്ങൾ നേരിടുന്നുണ്ടെന്ന് പറഞ്ഞിരുന്നു. കാലക്രമേണ, ഈ സംഘർഷങ്ങൾ ഒരേ വീട്ടിൽ ഒരുമിച്ച് താമസിക്കുന്നത് അവർക്ക് ബുദ്ധിമുട്ടാക്കി. ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും, അതും വിജയിച്ചില്ല.

2022 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. 2024-ൽ തന്നെ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു, അതേ വർഷം തന്നെ ഹൻസികയും സൊഹൈലും അകന്നുതാമസിക്കാനും തുടങ്ങി. തന്റെ സോഷ്യൽമീഡിയയിൽനിന്ന് സൊഹൈലിനൊപ്പമുള്ള ചിത്രങ്ങളും വിവാഹവീഡിയോയും ഹൻസിക നീക്കംചെയ്തു. അതോടെ വിവാഹമോചിതരാവുന്നുവെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി.

വിവാഹസമയത്തും ഹൻസികയെയും സൊഹൈലിനെയും ചുറ്റിപ്പറ്റി ഏറെ വിവാദങ്ങളുണ്ടായിരുന്നു. ഹൻസികയുടെ കൂട്ടുകാരി റിങ്കിയുടെ മുൻഭർത്താവായിരുന്നു സൊഹൈൽ. ഹൻസികയുമായുള്ള പ്രണയത്തിന്റെ പേരിലാണ് സൊഹൈലും റിങ്കിയും തമ്മിൽ പിരിഞ്ഞതെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. എന്നാൽ ഇതിനെതിരെ ഹൻസിക രംഗത്തെത്തി. ''അദ്ദേഹം എന്റെ സഹോദരന്റെ കൂട്ടുകാരനാണ്. അദ്ദേഹത്തെ എനിക്ക് നേരത്തെ അറിയാമെന്നതുകൊണ്ടാണ് എല്ലാവരും എന്നെ കുറ്റക്കാരിയാക്കുന്നത്. ഞാനൊരു പബ്ലിക് ഫിഗറായതിനാൽ എന്നെ വില്ലത്തിയാക്കുന്നത് ആളുകൾക്ക് എളുപ്പമായിരിക്കും'', അന്ന് ഹൻസിക പറഞ്ഞതിങ്ങനെ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi