നടിയും ഗായികയുമായ നിർമലാ ദേവിയുടെയും നടനും നിർമാതാവുമായ അരുൺകുമാർ അഹൂജയുടെയും മകനാണ് നടൻ ഗോവിന്ദ. 1940-കൾ മുതൽ 80-കൾ വരെ സിനിമയിൽ സജീവമായിരുന്നു അരുൺ കുമാർ. നടനായും സഹനടനായും 40-ലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 40-കളിലെ പ്രശസ്തതാരമായിരുന്നു നിർമല. അതിനൊപ്പം ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായിരുന്നു.
1942-ൽ റിലീസായ 'സവേര' എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഇരുവരും പരിചയത്തിലാവുന്നതും പ്രണയത്തിലാവുന്നതും. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചതും അവർ തന്നെയാണ്. അതേവർഷം തന്നെ ഇരുവരും വിവാഹിതരായി. പിന്നീടും അരുൺകുമാറും നിർമലയും അഭിനയത്തിൽ സജീവമായി തുടർന്നു. അവർക്ക് ഗോവിന്ദ ഉൾപ്പെടെ അഞ്ചുമക്കളാണ് ഉണ്ടായിരുന്നത്.
പക്ഷേ വെറും പത്തുവർഷം കഴിഞ്ഞപ്പോഴേക്കും നിർമല, സിനിമാരംഗം വിട്ടു. പക്ഷേ അതിനു കാരണമായത് തന്റെ അച്ഛന്റെ വാക്കുകളാണെന്ന് ഗോവിന്ദ. ''എന്റെ അച്ഛൻ അമ്മയോട് പറഞ്ഞു, 'നിർമ്മല, നീ കാണാൻ ഇത്ര ഭംഗിയുള്ളവളായതുകൊണ്ട്, ജോലി ചോദിക്കാൻ പുറത്തിറങ്ങിയാൽ ആളുകൾ നിന്നെത്തന്നെ ഉറ്റുനോക്കും.' അതുകൊണ്ട് പാവം എന്റെ അമ്മ തല മുണ്ഡനം ചെയ്ത് ഒരു സന്യാസിനിയെപ്പോലെയായി. 'എന്റെ മക്കൾ വളരട്ടെ' എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് അമ്മ തലമുണ്ഡനം ചെയ്ത്, പുരികവും വടിച്ച്, സാധ്വിയെ പോലെയായിരുന്നു ജീവിച്ചിരുന്നതെന്നും ഗോവിന്ദ പറയുന്നു.
അതിനുശേഷം സാമ്പത്തികപ്രശ്നങ്ങളും കുടുംബത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. തന്റെ കുടുംബം കടന്നുപോയ ദുഷ്കരമായ കാലഘട്ടത്തെക്കുറിച്ച് ഓർക്കുമ്പോൾ, നായികയായിരുന്നിട്ടും തന്റെ അമ്മയ്ക്ക് സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെന്ന് ഗോവിന്ദ പറഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ സാഹചര്യം എത്രത്തോളം മോശമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. അവരുടെ ബംഗ്ലാവിൽ നിന്ന് വീട്ടുസാധനങ്ങൾ പോലും എടുത്തു കൊണ്ടുപോകേണ്ടി വന്ന അവസ്ഥയുണ്ടായെന്ന് വെളിപ്പെടുത്തി.
''ഒരു നായികയായി മാറിയതിന് ശേഷവും, എന്റെ അമ്മ നിർമല ദേവി അതീവ ദരിദ്രയായിത്തീർന്നു. ആ അവസ്ഥയിൽ ഞങ്ങളുടെ ബംഗ്ലാവിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വിൽക്കേണ്ടി വന്നു'', എബിപി ലൈവിന് നൽകിയ അഭിമുഖത്തിൽ ഗോവിന്ദ തുറന്നുപറഞ്ഞു.
തന്റെ ഭാവിയെക്കുറിച്ച് അമ്മ പ്രവചിച്ചിട്ടുണ്ടെന്നും ഗോവിന്ദ പറയുന്നു, ''21 വയസ്സായാൽ, നിനക്ക് അദ്ഭുതങ്ങൾ കാണിക്കാൻ പറ്റും'', എന്നാണ് ഗോവിന്ദയ്ക്ക് 17 വയസ്സുള്ളപ്പോൾ അമ്മ പറഞ്ഞത്. താൻ ആദ്യസിനിമയ്ക്കായി ഒപ്പുവെച്ചത് 21-ാം വയസ്സിലാണെന്ന് ഗോവിന്ദ ഓർക്കുന്നു.
''ഒരിക്കൽ അമ്മ തന്റെ മരണം സംഭവിക്കുമെന്ന് എന്നോട് മുൻകൂട്ടി പറഞ്ഞു. ഞാൻ വല്ലാതെ അസ്വസ്ഥനായി. മൂന്ന് മാസത്തിന് ശേഷം, അമ്മ പറഞ്ഞ അതേ സമയത്ത് തന്നെ അവർ മരണപ്പെടുകയും ചെയ്തു''.
''അത്തരമൊരു അമ്മയുടെ മകനായതിനാൽ, മറ്റുള്ളവർ എന്നെക്കുറിച്ച് എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല. ആ ഭാഗത്തേക്കേ ഞാൻ നോക്കാറില്ല'', ഭാര്യ സുനിത അഹൂജയുടെ ആരോപണങ്ങളോട് ഗോവിന്ദ പ്രതികരിക്കുന്നതിങ്ങനെ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Govinda's parents Nirmala Devi and Arun Kumar Ahuja were actors in the 1940s-80s., Nirmala Devi faced extreme financial crisis, forcing them to sell belongings from their bungalow., She adopted a monastic lifestyle by shaving her head and eyebrows to avoid public attention while seeking work
Published: 28 Oct 2026, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented