മക്കൾ വളർന്ന് ഉപരിപഠനത്തിനോ ജോലിക്കോ സ്വതന്ത്രമായ ജീവിതത്തിനോ വേണ്ടി വീടുവിട്ട് പോകുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന ശൂന്യതയാണ് 'എംപ്റ്റി നെസ്റ്റ് സിൻഡ്രോം'. ഈ മാറ്റത്തെ പോസിറ്റീവായി ഉൾക്കൊണ്ട് ദാമ്പത്യബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

To advertise here,

മക്കൾ വീടുവിട്ട് പോകുമ്പോൾ മാതാപിതാക്കൾ തികച്ചും വ്യത്യസ്തമായൊരു ജീവിതസാഹചര്യത്തിലേക്കാണ് എത്തപ്പെടുന്നത്. അതുവരെ ബഹളമയമായിരുന്ന വീട് പെട്ടെന്ന് നിശ്ശബ്ദമാകുന്നു. കുടുംബത്തിലെ ഉത്തരവാദിത്തങ്ങളിൽ മാറ്റം വരികയും, മക്കളെ ചുറ്റിപ്പറ്റി നടന്നിരുന്ന ദൈനംദിന സംഭാഷണങ്ങൾ കുറയുകയും ചെയ്യുന്നു.

'എംപ്റ്റി നെസ്റ്റ് സിൻഡ്രോം' (Empty Nest Syndrome) എന്നറിയപ്പെടുന്ന ഈ ഘട്ടത്തിൽ ഏകാന്തത, അനിശ്ചിതത്വം, എന്തോ നഷ്ടപ്പെട്ടതുപോലെയുള്ള തോന്നൽ തുടങ്ങി പലതരം വികാരങ്ങൾ മാതാപിതാക്കളെ അലട്ടാം. എന്നാൽ, മാതാപിതാക്കൾ എന്ന റോളിൽ നിന്ന് മാറി, പങ്കാളികൾ എന്ന നിലയിൽ പരസ്പരം വീണ്ടും കണ്ടെത്താനും ബന്ധം പുതുക്കാനുമുള്ള മനോഹരമായ അവസരമായി ഈ കാലഘട്ടത്തെ മാറ്റിയെടുക്കാം.

കൂടുതൽ സമയം സ്വന്തമായി ലഭിക്കുമ്പോൾ, ഇരുവർക്കും ഇഷ്ടമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ ദിനചര്യകൾ രൂപപ്പെടുത്താനും സാധിക്കും. ഈ ഘട്ടത്തെ മനോഹരമായി നേരിടാനും ദാമ്പത്യബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കുന്ന ചില കാര്യങ്ങൾ.

ഒരുമിച്ച് സമയം ചെലവഴിക്കാൻ ശ്രമിക്കുക

മക്കൾ വീട്ടിലുള്ളപ്പോൾ ദമ്പതികളുടെ സമയവും ഊർജവുമെല്ലാം അവരുടെ സ്കൂൾ കാര്യങ്ങൾ, ഭക്ഷണം, മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവയ്ക്കായി മാറ്റിവയ്ക്കപ്പെടുകയാണ് പതിവ്. മക്കൾ വീടുവിട്ടു കഴിഞ്ഞാൽ ശ്രദ്ധ വീണ്ടും പങ്കാളിയിലേക്ക് തിരിക്കാൻ അല്പം ബോധപൂർവമായ ശ്രമം തന്നെ വേണ്ടിവരും. ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കൂടുതൽ സമയം ഉണ്ടെന്നതുകൊണ്ട് മാത്രം പരസ്പരം അടുക്കണമെന്നില്ല; അതിനായി ക്രിയാത്മകമായി സമയം ചെലവഴിക്കണം.

ഇരുവർക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യങ്ങൾ കണ്ടെത്തുക എന്നതാണ് ആദ്യപടി. പുതിയ വിഭവങ്ങൾ ഒരുമിച്ച് പാചകം ചെയ്യുക, പൂന്തോട്ടപരിപാലനം, വൈകുന്നേരങ്ങളിലെ നടത്തം, സിനിമ കാണൽ, യാത്രകൾ, പാട്ട് കേൾക്കൽ, വ്യായാമം തുടങ്ങി എന്തും തിരഞ്ഞെടുക്കാം. മാതാപിതാക്കളാകുന്നതിന് മുൻപ് നിങ്ങൾ ആസ്വദിച്ചിരുന്ന ഹോബികൾ വീണ്ടും തുടങ്ങുന്നതും നല്ലതാണ്. മക്കളെക്കുറിച്ചോ വീട്ടുജോലികളെക്കുറിച്ചോ അല്ലാതെ, പരസ്പരം സംസാരിക്കാനും ചിരിക്കാനും പുതിയ അനുഭവങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക.

പുതിയ ശീലങ്ങളും ആഘോഷങ്ങളും 

മിക്ക കുടുംബങ്ങളിലെയും ആഘോഷങ്ങളും ശീലങ്ങളും മക്കളെ കേന്ദ്രീകരിച്ചായിരിക്കും. ഞായറാഴ്ചകളിലെ പ്രത്യേക ഭക്ഷണം, ജന്മദിനാഘോഷങ്ങൾ, വാർഷിക അവധിക്കാല യാത്രകൾ എന്നിവയെല്ലാം ഇതിൽപ്പെടും. മക്കൾ മാറിത്താമസിക്കുമ്പോൾ ഇത്തരം ശീലങ്ങളിൽ സ്വാഭാവികമായും മാറ്റം വരാം. അപ്പോൾ ജീവിതത്തിൽ എന്തോ കുറവുണ്ടെന്ന് ചിന്തിക്കുന്നതിന് പകരം, നിങ്ങൾ രണ്ട് പേർക്ക് മാത്രമായി പുതിയ ചില പതിവുകൾ തുടങ്ങാം.

ഉദാഹരണത്തിന്, ഞായറാഴ്ച രാവിലെ പുറത്തുപോയി പ്രഭാതഭക്ഷണം കഴിക്കുന്നത് ഒരു ശീലമാക്കാം. മാസത്തിലൊരിക്കൽ ചെറിയ ഏകദിന യാത്രകൾ പോകുക, പുതിയ റെസ്റ്റോറന്റുകൾ പരീക്ഷിക്കുക, അല്ലെങ്കിൽ മാസത്തിലൊരു വൈകുന്നേരം ഇരുവരും ചേർന്ന് പ്രത്യേക അത്താഴം തയ്യാറാക്കുക എന്നിവയെല്ലാം പരീക്ഷിക്കാം. മാസത്തിലൊരിക്കൽ ഒരുമിച്ച് സിനിമയ്ക്ക് പോകുന്നതോ, ആർട്ട് എക്സിബിഷനുകൾ സന്ദർശിക്കുന്നതോ, ഏതാനും മാസങ്ങൾ കൂടുമ്പോൾ ചെറിയ വിനോദയാത്രകൾ നടത്തുന്നതോ ബന്ധത്തിന് പുത്തനുണർവ് നൽകും. മുന്നോട്ടുള്ള ദിവസങ്ങളിൽ കാത്തിരിക്കാൻ സന്തോഷകരമായ കാര്യങ്ങളുണ്ടെന്ന തോന്നൽ നൽകും.

ആഴ്ചയിലൊരിക്കൽ 'ഡേറ്റ് നൈറ്റ്'

വിവാഹം കഴിഞ്ഞാലോ കുട്ടികളായാലോ 'ഡേറ്റ് നൈറ്റുകൾ' അവസാനിപ്പിക്കേണ്ടതില്ല. വാസ്തവത്തിൽ, മക്കൾ വീടുവിട്ടു പോകുന്ന ഈ ഘട്ടം അത്തരം പ്രണയനിമിഷങ്ങൾ തിരികെ കൊണ്ടുവരാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. വീട്ടുജോലികൾ, ഓഫീസ് തിരക്കുകൾ, മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവയിൽ നിന്നെല്ലാം മാറിനിൽക്കാൻ ആഴ്ചയിലൊരു വൈകുന്നേരം നിങ്ങൾക്കായി മാത്രം മാറ്റിവയ്ക്കുക.

ഇതിന് വലിയ ചെലവേറിയ ഡിന്നറുകളോ ആഡംബര പ്ലാനുകളോ ആവശ്യമില്ല. വൈകുന്നേരം ഒന്ന് നടക്കാനിറങ്ങി ഒരുമിച്ച് കാപ്പി കുടിക്കുക, വീട്ടിൽ തന്നെ പ്രത്യേക ഭക്ഷണം തയ്യാറാക്കി കഴിക്കുക, അടുത്തുള്ള കഫേയിൽ പോവുക, സംഗീത പരിപാടികൾക്ക് പോവുക, അല്ലെങ്കിൽ ഭംഗിയായി വസ്ത്രം ധരിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കുക തുടങ്ങി എന്തും ആകാം. ഓരോ ആഴ്ചയും ഓരോരുത്തർ മാറിമാറി ഇത്തരം കൂടിക്കാഴ്ചകൾ പ്ലാൻ ചെയ്യുന്നത് പുതിയ അനുഭവങ്ങൾ സമ്മാനിക്കും. സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി, പങ്കാളിക്ക് പൂർണ്ണ ശ്രദ്ധ നൽകുക എന്നതാണ് ഇവിടെ ഏറ്റവും പ്രധാനം.

വീട്ടുജോലികളും ഉത്തരവാദിത്തങ്ങളും പുനഃക്രമീകരിക്കുക

മക്കൾ വീട്ടിൽ നിന്ന് മാറുമ്പോൾ വീടിനുള്ളിലെ ദിനചര്യകളിലും ജോലികളിലും വലിയ മാറ്റം വരും. മക്കളുടെ സ്കൂൾ സമയവും ഭക്ഷണവും യാത്രകളും അനുസരിച്ച് ക്രമീകരിച്ചിരുന്ന പല കാര്യങ്ങളും പിന്നീട് വേണ്ടിവരില്ല. അതിനാൽ, മുന്നോട്ടുള്ള ദിവസങ്ങളിൽ വീട്ടുജോലികൾ എങ്ങനെ പങ്കിടണമെന്ന് ഇരുവരും ഇരുന്ന് സംസാരിക്കേണ്ടത് അത്യാവശ്യമാണ്.

പാചകം, പലചരക്ക് സാധനങ്ങൾ വാങ്ങൽ, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ അലക്കൽ, ബില്ലുകൾ അടയ്ക്കൽ, വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയ ദൈനംദിന കാര്യങ്ങൾ ഒരുമിച്ച് വിലയിരുത്തുക. വർഷങ്ങളായി ഒരാൾ തന്നെയാണ് എല്ലാം ചെയ്തിരുന്നതെന്ന് കരുതി ഇനിയും അങ്ങനെ തുടരണമെന്ന് വാശിപിടിക്കരുത്. ഓരോരുത്തർക്കും ചെയ്യാൻ ഇഷ്ടമുള്ളതും ബുദ്ധിമുട്ടുള്ളതുമായ കാര്യങ്ങൾ തുറന്നു സംസാരിക്കുക. ചില ജോലികൾ ലളിതമാക്കാനോ പുറത്തുനിന്ന് സഹായം തേടാനോ സാധിക്കുമോ എന്നും ആലോചിക്കാം. ഉത്തരവാദിത്തങ്ങൾ തുല്യമായി പങ്കിടുന്നത് മനസ്സിലെ നീരസങ്ങൾ കുറയ്ക്കാനും, ഇരുവർക്കും കൂടുതൽ ഒഴിവുസമയം ലഭിക്കാനും, വീടിന്റെ കാര്യങ്ങളിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കും.

വ്യക്തിപരമായ താല്പര്യങ്ങൾ

ദമ്പതികൾ വീണ്ടും അടുക്കുക എന്നതിനർത്ഥം 24 മണിക്കൂറും എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യണം എന്നല്ല. വർഷങ്ങളോളം മക്കളെയും കുടുംബത്തെയും നോക്കി ജീവിച്ച ശേഷം, സ്വന്തം ഇഷ്ടങ്ങളിലേക്കും സൗഹൃദങ്ങളിലേക്കും വ്യക്തിപരമായ ലക്ഷ്യങ്ങളിലേക്കും മടങ്ങാൻ ഇരുവരും ആഗ്രഹിച്ചേക്കാം. പരസ്പരം അതിനുള്ള സ്വാതന്ത്ര്യവും സമയവും നൽകുന്നത് ബന്ധത്തെ കൂടുതൽ ആരോഗ്യകരമാക്കുകയേയുള്ളൂ.

ഒരാൾക്ക് ബുക്ക് ക്ലബ്ബിൽ ചേരാനോ, ചിത്രരചന പഠിക്കാനോ, സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകാനോ, ഫിറ്റ്നസിൽ ശ്രദ്ധിക്കാനോ താല്പര്യമുണ്ടായേക്കാം. മറ്റേയാൾക്ക് സാമൂഹിക സേവനങ്ങളിലോ, പുതിയൊരു കാര്യം പഠിക്കുന്നതിലോ, സ്വന്തം സൗഹൃദവലയത്തിൽ സമയം ചെലവഴിക്കുന്നതിലോ ആകും സന്തോഷം. പരസ്പരം മാറിനിൽക്കുന്ന ഈ സമയത്തെ ബന്ധത്തിലെ അകൽച്ചയായി കാണാതെ പ്രോത്സാഹിപ്പിക്കുക. വ്യത്യസ്തമായ അനുഭവങ്ങൾ നേടിയ ശേഷം വീണ്ടും ഒന്നിക്കുമ്പോൾ പരസ്പരം പങ്കുവയ്ക്കാൻ പുതിയ വിശേഷങ്ങളും ഊർജവും ഉണ്ടാകും. നല്ല വ്യക്തികളായും ഒപ്പം മികച്ച ദമ്പതികളായും സംതൃപ്തമായ ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പ്രധാനം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi