'മലയാളം ഇത്ര മോശമായി പറയാൻ കാരണം സംവിധായകനാണ്'; വിമർശനങ്ങളോട് പ്രതികരിച്ച് സായ് പല്ലവി
2024-ൽ പുറത്തിറങ്ങിയ ജീവചരിത്രപരമായ ആക്ഷൻ വാർ ചിത്രമാണ് 'അമരൻ'. രാജ്കുമാർ പെരിയസാമിയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്. അശോകചക്ര പുരസ്‌കാരം നേടിയ മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തിലൂടെയാണ് സിനിമ പോവുന്നത്. ചിത്രത്തിൽ മേജറായി അഭിനയിച്ചത് ശിവകാർത്തികേയനാണ്. ഭാര്യയായ ഇന്ദു റെബേക്ക വർഗീസായെത്തിയത് സായ് പല്ലവിയും. വാണിജ്യപരമായി വിജയിച്ച ചിത്രം, 330 കോടി രൂപയാണ് തിയേറ്ററുകളിൽനിന്ന് നേടിയത്. മാത്രമല്ല, മൂന്ന് ദേശീയപുരസ്‌കാരങ്ങളും ലഭിച്ചു. സംവിധാനം, സംഗീതസംവിധാനം, എഡിറ്റിങ് എന്നീ മേഖലകളിലാണ് പുരസ്‌കാരം കരസ്ഥമാക്കിയത്.
ചിത്രം നല്ല അഭിപ്രായം നേടിയെങ്കിലും, ഒരു വിഭാഗം പ്രേക്ഷകർ അതിലെ സായ് പല്ലവിയുടെ കഥാപാത്രത്തെ വിമർശിച്ചിരുന്നു. സായ് പല്ലവിയുടെ മലയാളമാണ് പലരെയും ചൊടിപ്പിച്ചത്. തന്റെ പുതിയ ചിത്രമായ 'ഒഎം' (OM)-ന്റെ പ്രൊമോഷനിടയിൽ അന്നത്തെ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സായ്. ചിത്രത്തിൽ മോശം മലയാളം ഉപയോഗിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംവിധായകൻ രാജ്കുമാറിനാണെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. 'ഒഎമ്മി'ന്റെ സംവിധായകനും രാജ്കുമാർ പെരിയസാമി തന്നെയാണ്. ''ഒരു കാര്യം കൂടി പറയണം. സംവിധായകൻ ഇവിടെയില്ല; അദ്ദേഹം സ്ഥലംവിട്ടു. നിങ്ങളിൽ എത്രപേർ 'അമരൻ' കണ്ടു? എല്ലാവരും കണ്ടിട്ടുണ്ടാകുമല്ലോ, അല്ലേ? ആ സിനിമയിൽ ഞാൻ മലയാളം സംസാരിച്ചിട്ടുണ്ട്. മലയാളം നന്നായി പഠിച്ചതിനുശേഷം മാത്രമേ ഷൂട്ടിങ്ങിന് വരൂ എന്ന് ഞാൻ ആദ്യദിവസം തന്നെ സംവിധായകനോട് പറഞ്ഞിരുന്നു. സത്യത്തിൽ എനിക്ക് മലയാളം സംസാരിക്കാൻ അറിയാം, പക്ഷേ പരിഭ്രമം കാരണം വാക്കുകൾ കിട്ടാതെ വരുന്നു എന്ന് മാത്രം'', സായ് പറഞ്ഞു.
വികലമായ രീതിയിലുള്ള മലയാളം സംസാരിക്കണമെന്ന് ആഗ്രഹിച്ചത് സംവിധായകൻ തന്നെയായിരുന്നുവെന്നും സായ് വെളിപ്പെടുത്തി. ''സിനിമയിൽ എനിക്ക് ശരിയായ മലയാളമോ തമിഴോ സംസാരിക്കാൻ കഴിയുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, 'വേണ്ട, ഇതൊരു തമിഴ് സിനിമയാണ്. മറ്റൊരു സംസ്ഥാനത്തുനിന്ന് വന്ന്, വലിയൊരു നഷ്ടം നേരിടുന്ന ഒരു പെൺകുട്ടിയുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടണം. അവൾക്ക് നേരെ സഹാനുഭൂതി തോന്നുന്നതിനൊപ്പം തന്നെ, അവർക്ക് ഭാഷയും മനസ്സിലാകണം. അതുകൊണ്ട്, നീ ഇത്തരത്തിലുള്ള, വികലമായ മലയാളം തന്നെ സംസാരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു''.
മലയാളം പ്രേക്ഷകർക്ക് തന്റെ കഥാപാത്രം ഇഷ്ടപ്പെടുമെന്ന് കരുതിയെങ്കിലും, അതിന് വിമർശനമാണ് ലഭിച്ചതെന്ന് സായ് പറഞ്ഞു. ഇതിന് രാജ്കുമാറിനെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് തമാശരൂപേണ പറഞ്ഞുകൊണ്ട് അവർ കൂട്ടിച്ചേർത്തു, ''സിനിമ പുറത്തിറങ്ങിയപ്പോൾ, നിങ്ങളെയെല്ലാം ആകർഷിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ നിങ്ങളിൽ പലരും ചോദിച്ചു, 'എന്തുകൊണ്ടാണ് അവൾ ഇത്തരത്തിൽ മലയാളം സംസാരിച്ചത്?' എന്ന്. ഇതിൽ എനിക്ക് പങ്കില്ല; ആരെങ്കിലും കുറ്റക്കാരാണെങ്കിൽ അത് സംവിധായകനാണ്. എന്നാൽ, മറ്റൊരു ഉദ്ദേശ്യത്തോടെയല്ല ഇത് ചെയ്തത്. ഇത്തരമൊരു കഥാപാത്രത്തിന് ആവശ്യമായ അനുഭവം തമിഴ് പ്രേക്ഷകർക്ക് നൽകാൻ വേണ്ടിയായിരുന്നു അത്. അതേസമയം, നിങ്ങളെയെല്ലാം ആകർഷിക്കാൻ വേണ്ടി മാത്രമായിരുന്നു അങ്ങനെ ചെയ്തതും''.
ചെന്നൈ ആവടിയിൽനിന്നുള്ള കുടുംബമായിരുന്നു മേജർ മുകുന്ദിന്റേത്. അദ്ദേഹം ജനിച്ചത് കോഴിക്കോട്ടും. അധികം വൈകാതെ കുടുംബം തമിഴ്‌നാട്ടിലേക്ക് തന്നെ തിരിച്ചുപോയി. മദ്രാസ് ക്രിസ്ത്യൻ കോളേജിലാണ് അദ്ദേഹം പഠിച്ചത്. അതിനുശേഷമാണ് സൈന്യത്തിൽ ചേരുന്നത്. 2009-ലാണ് ഇന്ദു റെബേക്കയുമായുള്ള വിവാഹം.
ജമ്മു കശ്മീരിലെ 44-ാം രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിൽ ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിക്കവെ, ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് അദ്ദേഹം വീരമൃത്യു വരിക്കുന്നത്. അദ്ദേഹത്തിന്റെ ധീരതയെ മാനിച്ച്, മരണശേഷം ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'അശോകചക്ര' നൽകി രാജ്യം ആദരിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sai Pallavi addressed criticism regarding her Malayalam accent in the biographical war film 'Amaran'., She revealed that director Rajkumar Periasamy specifically wanted her to speak broken Malayalam to portray the character's pain and background accurately.
Published: 17 Nov 2026, 11:15 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented