താരങ്ങളായ കമൽഹാസനും സരികയും കണ്ടുമുട്ടുന്നത് 'രാജ് തിലക്' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ്. ആ സമയത്ത് വാണി ഗണപതിയുമായി വിവാഹബന്ധത്തിലായിരുന്നു കമൽ. വൈകാതെ വാണിയും കമലും വേർപിരിഞ്ഞു. അതിനൊപ്പം തന്നെ സരികയും കമലും തമ്മിൽ അടുക്കുകയും പ്രണയം തുടങ്ങുകയും ചെയ്തു. പിന്നാലെ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. 1986-ൽ ആദ്യത്തെ മകൾ ശ്രുതി ഹാസൻ ജനിച്ചു. 1988-ലാണ് കമലും സരികയും വിവാഹിതരാവുന്നത്. പിന്നാലെ അടുത്ത മകളായ അക്ഷര ഹാസനും ജനിച്ചു.

To advertise here,

16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കമലും സരികയും വേർപിരിയാൻ തീരുമാനിച്ചപ്പോൾ, ആ തീരുമാനം പലരെയും ഞെട്ടിച്ചു. 2004-ലാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമെല്ലാം തുറന്നുപറയുകയാണ് ശ്രുതിയിപ്പോൾ. എസ്.എസ് പോഡ്കാസ്റ്റിലാണ് ശ്രുതിയുടെ വെളിപ്പെടുത്തൽ.

''എന്റെ മാതാപിതാക്കൾ ഇപ്പോൾ ഒരുമിച്ചല്ല ജീവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അവർ ഒരുമിച്ചിരുന്നപ്പോൾ, അവർക്കിടയിൽ വലിയൊരു സ്‌നേഹബന്ധമുണ്ടായിരുന്നു! വളരെ ആഴമേറിയ സ്‌നേഹം. അവർ പരസ്പരം ഒത്തിരി സന്തോഷം പങ്കുവെച്ചിരുന്നു. അവർ ഒരുമിച്ച് കാര്യങ്ങൾ ആസ്വദിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. സർഗ്ഗാത്മകമായ കാര്യങ്ങളിൽ അവർ പരസ്പരം സഹായിക്കുന്ന പങ്കാളികളായിരുന്നു. കുട്ടിക്കാലത്ത് തന്നെ എനിക്ക് തോന്നിയിരുന്നു, ഭാവിയിൽ എനിക്കൊരു കാമുകനോ ഭർത്താവോ ഉണ്ടായാൽ, ഞങ്ങളും കാര്യങ്ങൾ ഒരുമിച്ച് ചെയ്യണം, ഒരുമിച്ച് ജീവിതം കെട്ടിപ്പടുക്കണം എന്ന്''.

താൻ കുട്ടിക്കാലത്ത് അമിതമായി ലാളിക്കപ്പെട്ട് വഷളാകരുത് എന്ന കാര്യത്തിൽ മാതാപിതാക്കൾ അതീവ ശ്രദ്ധാലുക്കളായിരുന്നുവെന്ന് നടി വെളിപ്പെടുത്തി. പ്രശസ്തരായ അഭിനേതാക്കളുടെ മകളായിരുന്നിട്ടും, സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ എല്ലാ ആവശ്യങ്ങളും പിതാവ് സാധിച്ചുതന്നിരുന്നില്ലെന്നും, എന്നാൽ കാലക്രമേണ ആ തീരുമാനത്തിന്റെ മൂല്യം തനിക്ക് മനസ്സിലായെന്നും ശ്രുതി പറഞ്ഞു.

അതേസമയം, കലാകാരനായ ശാന്തനു ഹസാരികയുമായി പ്രണയത്തിലായിരുന്ന കാലത്തുപോലും, വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ശ്രുതി നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. നാല് വർഷത്തെ ബന്ധത്തിന് ശേഷം, വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 2024-ൽ ഇരുവരും സൗഹൃദപരമായി വേർപിരിഞ്ഞു. താൻ ഇപ്പോൾ സിംഗിൾ ആണെന്നും, തന്റെ ജോലിയിലും വ്യക്തിപരമായ വളർച്ചയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷം സോഹ അലി ഖാന്റെ പോഡ്കാസ്റ്റിൽ ശ്രുതി ഇങ്ങനെ പറഞ്ഞിരുന്നു, ''എനിക്ക് കമ്പാനിയൻഷിപ്പ് ഇഷ്ടമാണ്. എന്നാൽ, ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിനിൽക്കുന്ന രീതിയിലല്ല ഞാൻ ഇതുവരെ ജീവിച്ചിട്ടുള്ളത്. ചില കാര്യങ്ങളിൽ ഞാൻ വളരെ പരമ്പരാഗതവും യാഥാസ്ഥിതികവുമായ കാഴ്ചപ്പാട് പുലർത്തുന്നുണ്ട്; എന്നാൽ ആ തീരുമാനത്തിലേക്ക് എത്താൻ ആരും എന്നെ നിർബന്ധിച്ചിട്ടില്ല എന്നതാണ് സത്യം. വിവാഹവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ, അനാവശ്യമായ ധൂർത്ത്, എല്ലാം മറ്റുള്ളവരെ കാണിക്കാനുള്ള ശ്രമം...ഇതൊക്കെ എന്തിനുവേണ്ടിയാണ്, ആർക്കുവേണ്ടിയാണ് നമ്മൾ ഇതൊക്കെ ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നാറുള്ളത്?'' രജനീകാന്തിന്റെ 'കൂലി'യിലാണ് ശ്രുതിയുടേതായി തിയേറ്ററുകളിലെത്തിയ അവസാനത്തെ സിനിമ. പിന്നാലെ രാംചരണിന്റെ 'പെദ്ദി'യിലെ പാട്ടിലും ശ്രുതി പ്രത്യക്ഷപ്പെട്ടു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi