ആശാ ഭോസ്ലെയ്ക്ക് ഏറ്റവും മനോഹരമായ പാട്ടുകൾ സമ്മാനിച്ച രാഹുൽ ദേവ് ബർമൻ അഥവാ ആർ.ഡി.ബർമൻ തന്നെ, പിന്നീടവരുടെ ജീവിതപങ്കാളിയായി.

ആശയേക്കാൾ ആറുവയസ്സിനിളപ്പമുള്ള ബർമൻ. അവരാദ്യമായി കണ്ടുമുട്ടുമ്പോൾ ആശ രണ്ടുകുട്ടികളുടെ അമ്മയാണ്, മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുകയും. ഏറ്റവും സംഘർഷഭരിതമായ ഒരു വൈവാഹികജീവിതത്തിൽനിന്ന് അവർ പുറത്തുകടക്കുകയും ചെയ്തിരുന്നു അപ്പോഴേക്കും. ബർമൻ ആണെങ്കിൽ സംഗീതം പഠിക്കണമെന്ന് ആഗ്രഹിച്ച് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച സമയം.

റേഡിയോയിൽ തന്റെ മറാത്തി ഗാനങ്ങൾ കേട്ട ബർമൻ, തന്റെ ഓട്ടോഗ്രാഫിനായി വന്ന കഥ പിന്നീട് ആശ ഓർത്തെടുത്തിട്ടുണ്ട്. അവരുടെ സൗഹൃദം വളർന്നു. ബർമൻ പഠനം ഉപേക്ഷിച്ച കഥയറിഞ്ഞപ്പോൾ, പഠനം പൂർത്തിയാക്കാൻ ആശ ഉപദേശിക്കുകയും ചെയ്തു.

അധികം വൈകാതെ ബർമൻ സംഗീതസംവിധാനത്തിലേക്ക് കടന്നു. 'തീസ്‌രി മൻസിൽ' എന്ന സിനിമയിലെ 'ആജാ ആജാ മേം ഹൂ പ്യാർ തേരാ' എന്ന പാട്ടാണ് ഇരുവരുടെയും കരിയറിലെ വഴിത്തിരിവായത്.

1970-കളിൽ ആശ-ബർമൻ സഖ്യത്തിന്റെ ഒട്ടേറെ മനോഹരമായ ഗാനങ്ങൾ ജനിച്ചു. ദം മാരോ ദം, പിയാ തൂ, ചുരാലിയ, മേരാ കുച്ഛ് സാമാൻ, ദുനിയാ മേം ലോഗോം കാ, ജാനേ ജാ, ഓ മരിയാ...ഈ സൂപ്പർഹിറ്റ് കൂട്ടുകെട്ട് തുടരുന്നതിനിടയിൽ അവർക്കിടയിൽ പ്രണയമുണ്ടായി. ബർമനാണ് ആദ്യം പ്രണയം തോന്നിയത്. ആശയുടെ ശബ്ദത്തോടുള്ള ആരാധന ഒടുവിൽ പ്രണയമായി മാറുകയായിരുന്നു.

ആശ ആദ്യമൊന്നും സമ്മതിച്ചില്ല. വർഷങ്ങളോളം ബർമൻ ആശയുടെ പുറകെ നടന്നു. ഒടുവിൽ അവർ സമ്മതിച്ചു. ഒരിക്കൽ അതിനെക്കുറിച്ച് ആശ സംസാരിച്ചു. ''ബർമൻ എന്റെ പിന്നാലെ വന്നു, 'ആശാ, നിനക്ക് നല്ല ഈണമുണ്ട്. നിന്റെ ശബ്ദത്തോട് എനിക്ക് പ്രണയമാണ്'. ഒടുവിൽ, എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഞാനും സമ്മതിച്ചു''.

ബർമന്റെ അമ്മയ്ക്ക് ഈ വിവാഹത്തോട് കടുത്ത എതിർപ്പായിരുന്നു. അതെല്ലാം അവഗണിച്ച് 1980-ൽ ബർമനും ആശയും വിവാഹിതരായി. 'പഞ്ചം' എന്നായിരുന്നു ആശ അദ്ദേഹത്തെ വിളിച്ചിരുന്നത്. ബർമൻ ആശയെ സ്‌നേഹത്തോടെ 'ബബുവ, ബേബ്' എന്നൊക്കെ വിളിച്ചു. 

കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ അവർക്കിടയിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഒടുവിൽ പിരിഞ്ഞുതാമസിക്കാനും തുടങ്ങി. അപ്പോഴും പരസ്പരബഹുമാനവും സ്‌നേഹവും നിലനിർത്തി. ഒരു പോഡ്കാസ്റ്റിൽ ബർമനെക്കുറിച്ച് ആശ പറഞ്ഞതിങ്ങനെ, ''താൻ ഇത്രയും വലിയ സംഗീത സംവിധായകനാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. തീരെ അഹങ്കാരമില്ലാത്ത മനുഷ്യനായിരുന്നു. പണത്തിനുവേണ്ടി ആളുകൾ മരിക്കും. പക്ഷേ ഞാൻ അദ്ദേഹത്തിന് ഒരു വജ്രം നൽകിയാൽ, അദ്ദേഹം പറയും, 'ഇത് എന്താണ്? ഒരു കല്ല്? പകരം, ഒരു നല്ല ഗാനം റെക്കോർഡ് ചെയ്യൂ.' ആ ഗാനം അദ്ദേഹത്തിന് ഒരു വജ്രത്തേക്കാൾ വിലപ്പെട്ടതായിരുന്നു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi