ഹിന്ദി സിനിമാഗാനരംഗത്ത് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഗായകരാണ് കുമാർ സാനുവും ഉദിത് നാരായണും. 21 വർഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും വീണ്ടും ഒരു ഹിന്ദി സിനിമയ്ക്കുവേണ്ടി ഒരുമിച്ച് പാടിയിരിക്കുകയാണ്. സൂര്യ: അന്ത് സേ ആരംഭ് തക് എന്ന ചിത്രത്തിലെ 'സുനിയോ സരാ' എന്ന ഗാനത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷം ഒരുമിച്ച് പാടാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് കുമാർ സാനു.
“നേരത്തേ ഒരുപാട് ഗാനങ്ങൾ ഒരുമിച്ച് ആലപിച്ചിട്ടുണ്ട്. അതിനുശേഷം വലിയൊരു ഇടവേളയുണ്ടായി. ഇപ്പോൾ വീണ്ടും ഒന്നിച്ച് പാടാൻ അവസരം ലഭിച്ചതിൽ ഇരുവർക്കും സന്തോഷമുണ്ട്. ഞങ്ങളുടെ സൗഹൃദത്തിന് ഒരുപാട് പഴക്കമുണ്ട്. അത് ഇന്നും അതുപോലെ തുടരുന്നു, ഇനിയും അങ്ങനെതന്നെയായിരിക്കും. ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ ഒരുപാട് ചിരിക്കുകയും പഴയ റെക്കോഡിങ് കാലത്തെ ഓർമകൾ പങ്കുവെക്കുകയും ചെയ്യും. പുതിയ പാട്ടിന്റെ റെക്കോഡിങ്ങും വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് നടന്നത്”, കുമാർ സാനു പറഞ്ഞു.
Also Read
കുമാർ സാനുവിന്റെ യുട്യൂബ് ചാനലിനുവേണ്ടി 'തേരാ മേരാ യാരാനാ' എന്ന മറ്റൊരു ഗാനവും ഇരുവരും അടുത്തിടെ റെക്കോഡ് ചെയ്തിട്ടുണ്ട്. പത്തോ പന്ത്രണ്ടോ ദിവസം മുൻപാണ് ഗാനം റെക്കോഡ് ചെയ്തത്. ഉദിത് നാരായണിനോട് പാടാൻ അഭ്യർഥിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ ഒപ്പം ചേരുകയായിരുന്നുവെന്നും കുമാർ സാനു പറഞ്ഞു. ഗാനത്തിന്റെ വീഡിയോയും ഉടനെ പുറത്തിറങ്ങും. സുഹൃത്തുക്കളോടൊപ്പം താൻ എങ്ങനെയാണ് പാട്ടുകൾ ഒരുക്കുന്നതെന്ന് പ്രേക്ഷകർക്ക് അതിലൂടെ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സുനിയോ സരാ' എന്ന ഗാനത്തിൽ ഉദിത് നാരായണും ഒപ്പമുണ്ടെന്ന കാര്യം എങ്ങനെയാണ് അറിഞ്ഞതെന്ന ചോദ്യത്തിനും കുമാർ സാനു മറുപടി നൽകി. “ആദ്യം ആരുടെ ചിത്രത്തിനുവേണ്ടിയാണ് പാടുന്നതെന്നോ മറ്റൊരു ഗായകൻ ആരാണെന്നോ എനിക്ക് അറിയില്ലായിരുന്നു. പകുൽ സാറിന്റെ വീട്ടിലേക്ക് വിളിപ്പിച്ചാണ് സിനിമയ്ക്കുവേണ്ടിയുള്ള ഗാനത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് ഉദിത് ജിയും ഒപ്പം പാടുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി”, അദ്ദേഹം പറഞ്ഞു.
21 വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിച്ച ഈ ഗായകസൗഹൃദം സംഗീതപ്രേമികൾക്കും പഴയകാല ഹിറ്റ് ഗാനങ്ങളുടെ ഓർമകളിലേക്കുള്ള മധുരമായൊരു തിരിച്ചുപോക്കാണ്. ‘ധഡ്കനി’ലെ 'ദിൽ നേ യേ കഹാ ഹേ ദിൽ സേ', ‘ഹം സാത്ത് സാത്ത് ഹേ’നിലെ ടൈറ്റിൽ ഗാനം തുടങ്ങി നിരവധി ഗാനങ്ങളിൽ ഇരുവരുടെയും ശബ്ദങ്ങൾ ഒരുമിച്ച് എത്തിയിട്ടുണ്ട്. ആ പഴയ സംഗീതകാലത്തിന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് പുതിയ ഗാനത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 19 Nov 2026, 04:15 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented