12,000-ത്തിലേറെ അനശ്വരഗാനങ്ങൾ ലോകത്തിന് നൽകിയാണ് അനുഗ്രഹീത ഗായിക ആശാ ഭോസ്ലെ വിടവാങ്ങിയത്. പതിറ്റാണ്ടുകൾ മുമ്പ് അവർ പാടി മനോഹരമാക്കിയ പല പാട്ടുകളും ഇന്നും ഹിറ്റ്‌ലിസ്റ്റുകളിൽ ആദ്യസ്ഥാനങ്ങൾ കൈയടക്കിയിരിക്കുകയാണ്.
അതിലൊരു പാട്ടാണ് 1971-ൽ പുറത്തിറങ്ങിയ 'ഹരേ രാമ ഹരേ കൃഷ്ണ' എന്ന സിനിമയിലെ 'ദം മാരോ ദം'. ആർ.ഡി.ബർമനാണ് സംഗീതസംവിധാനമൊരുക്കിയത്. വരികളെഴുതിയത് ആനന്ദ് ബക്ഷിയും.
Also Read
അവിചാരിതമായിട്ടാണ് ആ പാട്ടിലേക്ക് ആശ എത്തുന്നത്. ആദ്യം ലതാ മങ്കേഷ്‌കറും ഉഷാ ഉതുപ്പും ചേർന്നുള്ള ഡ്യുവറ്റായിട്ടാണ് ഈ ഗാനം തീരുമാനിച്ചത്. എന്നാൽ പിന്നീട് ഏതൊക്കെയോ കാരണങ്ങളാൽ, ലത പാട്ടിൽനിന്ന് പിൻമാറി. അങ്ങനെയാണ് ആശയിലേക്കെത്തുന്നത്. പാട്ടിലെ ചില ഇംഗ്ലീഷ് ഭാഗങ്ങൾ പാടിയത് ഉഷ ഉതുപ്പും.
സിനിമയുടെ നിർമാതാവും സംവിധായകനും പ്രധാനനടനുമായ ദേവ് ആനന്ദിന്, ഈ പാട്ട് റെക്കോഡ് ചെയ്തതിനുശേഷവും രണ്ടുമനസ്സായിരുന്നു. ആ പാട്ട് വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പം. എതിർപ്പുകൾ ഉണ്ടായേക്കാമെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. ആർ.ഡി.ബർമന്റെ പിതാവും സംഗീതസംവിധായകനുമായ എസ്.ഡി.ബർമനും ഈ പാട്ടിനോട് താത്പര്യമില്ലായിരുന്നു. ഒടുവിൽ ഈ പാട്ട് വേണ്ടെന്നുവെക്കാൻ ദേവ് ആനന്ദ് തീരുമാനിച്ചു. ഇതറിഞ്ഞപ്പോൾ, ദേവിനെ ബോധ്യപ്പെടുത്താൻ ആശ തീരുമാനിച്ചു. ''ഞാൻ വളരെ അസ്വസ്ഥയായി, നേരെ സംവിധായകൻ ദേവ് സാബിന്റെ വീട്ടിലേക്ക് പോയി. അതൊരു മനോഹരമായ പാട്ടാണെന്നും എന്ത് വിലകൊടുത്തും അത് നിലനിർത്തണമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം കുറച്ചുനേരം ചിന്തിച്ചു, നിങ്ങൾ അങ്ങനെ പറയുന്നതിനാൽ, ഞാൻ അത് ചെയ്യും,'' ദേവ് ആനന്ദ് ഒടുവിൽ ആശയോട് പറഞ്ഞു.
പ്രതീക്ഷിച്ചതുപോലെ, ഗാനം പുറത്തിറങ്ങിയ ഉടൻ തന്നെ വിവാദങ്ങളിൽ പെട്ടു. ഓൾ ഇന്ത്യ റേഡിയോയിൽ ഇത് നിരോധിച്ചു. പാട്ടിന് ദൂരദർശനിലും വർഷങ്ങളോളം വിലക്ക് നേരിട്ടു. അതിനെക്കുറിച്ച് പിന്നീട് ആശ ഓർത്തെടുത്തതിങ്ങനെ, ''അക്കാലത്ത്, എനിക്ക് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്റെ 'ദം മരോ ദം' എന്ന ഗാനം ഇന്ത്യൻ സർക്കാർ നിരോധിച്ചു. അത് ആകാശവാണിയിൽ സംപ്രേഷണം ചെയ്യാറുണ്ടായിരുന്നില്ല. സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കാറുണ്ടായിരുന്നു. അപ്പോഴും പാട്ട് കട്ട് ചെയ്തുമാറ്റാറുണ്ടായിരുന്നു''
പുകവലിക്കുന്ന സീനത്ത് അമനായിരുന്നു ആ പാട്ടിൽ നിറഞ്ഞുനിന്നത്. ചുണ്ടിൽ സിഗരറ്റും, ലഹരി മയക്കുന്ന കണ്ണുകളുമായി അവർ ആ പാട്ടിൽ നിറഞ്ഞാടി. ഹിപ്പി സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിലുള്ളൊരു ഗാനം. അത് പുതുതലമുറയെ നശിപ്പിക്കുമെന്നതായിരുന്നു പ്രധാനമായും എതിർപ്പ് നേരിടാനുണ്ടായ കാരണം. ഒടുവിൽ വിലക്കുകളെല്ലാം നീങ്ങിയപ്പോൾ ആ പാട്ടിന് വലിയൊരു ആരാധകവൃന്ദത്തെ ആകർഷിക്കാൻ കഴിഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Asha Bhosle's pivotal role in saving the iconic song 'Dum Maro Dum'. The initial hesitation of Dev Anand and SD Burman regarding the song's theme.
Published: 13 Apr 2026, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented