കഴിഞ്ഞ ദിവസമാണ് സുപ്രസിദ്ധ ഗായിക ആശാ ഭോസ്ലെയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ അവരുടെ അസുഖത്തെക്കുറിച്ചുളള വിവരങ്ങൾ പങ്കുവെച്ചു കൊച്ചുമകളും ഗായികയുമായ സനായ് ഭോസ്ലെ. കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയുമാണ് മുത്തശ്ശിയുടെ അസുഖമെന്നും സനായ് പറഞ്ഞു. ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാം സുഖപ്പെടുമെന്നും നല്ല വാർത്ത പ്രതീക്ഷിക്കുന്നുവെന്നും സനായ് കുറിച്ചു. പിന്നാലെ അവരുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.

അവരുടെ അസുഖവിവരം അറിഞ്ഞതോടെ ആരാധകർ ഇഷ്ടഗായികയ്ക്കായുള്ള പ്രാർഥനകളിലായിരുന്നു. അതെല്ലാം വിഫലമാക്കിക്കൊണ്ടാണ് അവരുടെ മടക്കം. രണ്ട് ദേശീയപുരസ്‌കാരങ്ങൾ, 18 മഹാരാഷ്ട്ര സംസ്ഥാനപുരസ്‌കാരം എന്നിവ അവർക്ക് ലഭിച്ച പുരസ്‌കാരങ്ങളിൽ ചിലതുമാത്രം. 2000-ൽ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചു. 2008-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.

കരിയറിൽ ഏറ്റവും ഉന്നതിയിലെത്തിയപ്പോഴും, സ്വകാര്യജീവിതത്തിൽ ഏറെ ദുഖമനുഭവിച്ചിട്ടുണ്ട് ആശ. അതിനെക്കുറിച്ച് അവർ പലപ്പോഴും തുറന്നുപറഞ്ഞിട്ടുമുണ്ട്. 16-ാമത്തെ വയസ്സിലാണ് അവരുടെ വിവാഹം നടക്കുന്നത്. 31 വയസ്സുള്ള ഗണപത് റാവു ഭോസ്ലെയെയാണ് അവർ വിവാഹം കഴിച്ചത്.

കുടുംബത്തെ എതിർത്തുകൊണ്ടുള്ള വിവാഹമായിരുന്നു അത്. അതിനുശേഷം കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് അവർ ഓർത്തതിങ്ങനെ, ''ചെറുപ്രായത്തിൽ എന്നേക്കാൾ ഒരുപാട് പ്രായമുള്ളൊരാളെയാണ് ഞാൻ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നുവത്. അതിനുശേഷം ലതാ ദീദി കുറേക്കാലം എന്നോട് മിണ്ടിയിരുന്നില്ല. അവർ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം യാഥാസ്ഥിതികരായിരുന്നു. ഒരു ഗായികയെ മരുമകളാക്കാൻ അവർക്കും താത്പര്യമുണ്ടായിരുന്നില്ല''.

കുടുംബവുമായി ബന്ധം നിലനിർത്തുന്നതിൽനിന്ന് ഭർത്താവ് തന്നെ വിലക്കിയെന്നും അവർ പറഞ്ഞു. രണ്ടാമത്തെ മകനായ ഹേമന്തിന്റെ ജനനത്തിനുശേഷം കാര്യങ്ങൾ മെച്ചപ്പെടുന്നതായി തോന്നിയെങ്കിലും, സ്ഥിതി വീണ്ടും മോശമായി. വൈവാഹികജീവിതത്തിൽ പീഡനം അനുഭവിക്കേണ്ടിവന്നുവെന്നും അവർ വെളിപ്പെടുത്തി.

''പീഡനവും മോശം പെരുമാറ്റവുമായിരുന്നു. മൂന്നാമത്തെ മകനായ ആനന്ദിനെ ഞാൻ ഗർഭം ധരിച്ചിരിക്കുമ്പോൾ, എന്നോട് ആ വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ അവരാവശ്യപ്പെട്ടു. ഞാനെന്റെ അമ്മയുടെയും സഹോദരിമാരുടെയും സഹോദരന്റെയും അടുത്തേക്ക് മടങ്ങി. ഞാൻ ആരെയും കുറ്റപ്പെടുത്തില്ല, എനിക്ക് വിദ്വേഷവുമില്ല. മിസ്റ്റർ ഭോസ്ലെയെ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ, എനിക്ക് ഈ മൂന്ന് കുട്ടികൾ ഉണ്ടാകുമായിരുന്നില്ല''.

പിന്നീട് സംഗീതസംവിധായകൻ ആർ.ഡി.ബർമനെ ആശ വിവാഹം കഴിച്ചു. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹം. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ മൂലം ഇരുവരും പിരിഞ്ഞെങ്കിലും, പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും ബർമന്റെ മരണംവരെ തുടർന്നു.

ആശയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു ഗണപത് റാവു. ഗായകനും സംഗീതസംവിധായകനുമായ ഹേമന്ദ് കുമാർ, ഗായികയും എഴുത്തുകാരിയുമായ വർഷ ഭോസ്ലെ, ആനന്ദ് എന്നിവരാണ് അവരുടെ മക്കൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi