പടക്കം പൊട്ടിക്കാതെ, കമ്പിത്തിരിയും മത്താപ്പും കത്തിക്കാതെ വിഷു ആഘോഷം പൂർത്തിയാവില്ല. ശബ്ദത്തിലും നിറത്തിലും വ്യത്യസ്തമായ പടക്കങ്ങൾ ഓരോ വിഷുക്കാലത്തും വന്നെത്താറുണ്ട്. എന്നാൽ പടക്കം കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം. ഒരു നിമിഷത്തെ അശ്രദ്ധ ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് ഓർക്കണം.

  • തീയുമായി സമ്പർക്കമില്ലാത്ത ഇടങ്ങളിൽ വേണം പടക്കങ്ങൾ സൂക്ഷിക്കാൻ. കേരളത്തിൽ ഏപ്രിൽ മാസം കടുത്ത ചൂടായതിനാൽ പ്രത്യേകം ശ്രദ്ധവേണം.
  • പൊട്ടിക്കുന്ന സ്ഥലത്ത് പടക്കങ്ങൾ കൂട്ടിയിടരുത്.
  • പടക്കം പൊട്ടിക്കുന്നവർ ലൂസായ പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതാവും ഉചിതം. സിന്തറ്റിക് വസ്ത്രങ്ങളിൽ എളുപ്പം തീപിടിച്ചേക്കാം.
  • തുറസ്സായ സ്ഥലങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാവൂ.
  • ഒരിക്കലും പടക്കങ്ങൾ കൈയിൽ വെച്ച് പൊട്ടിക്കാൻ ശ്രമിക്കരുത്.
  • നിലച്ചക്രം, പൂത്തിരി, മേശപ്പൂവ്, മത്താപ്പ് എന്നിവയുടെ അഗ്രഭാഗം അമർത്തുകയോ അഴിക്കുകയോ ചെയ്യരുത്.
  • പടക്കം കൊളുത്തി റോഡിലേക്ക് വലിച്ചെറിയരുത്. യാത്രക്കാരുടെ സുരക്ഷകൂടി കണക്കിലെടുക്കണം.
  • പൊട്ടാത്തവ വീണ്ടും കത്തിക്കാൻ ശ്രമിക്കുന്നത് അപകടം ചെയ്യും.
  • പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി/മത്താപ്പ് കത്തിക്കുമ്പോഴും ഉണ്ടാകുന്ന പുക അപകടമാണ്. ആസ്ത്മ, അലർജി ഉള്ളവർക്ക് ഇത് പ്രയാസമുണ്ടാക്കും.
  • പരിസ്ഥിതി സൗഹൃദമായ പടക്കങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. 
  • ഉപയോഗശൂന്യമായ പടക്കങ്ങൾ അലക്ഷ്യമായി കളയരുത്. വെടിമരുന്ന് പൂർണമായി കളഞ്ഞ് വെള്ളത്തിൽ മുക്കിയശേഷം മാത്രമേ അവ ഉപേക്ഷിക്കാവൂ.
     
    placeholder
    ഫോട്ടോ: PTI
    മുൻകരുതൽ വേണം
    രക്ഷിതാക്കളുടെ മേൽനോട്ടത്തിലല്ലാതെ കുട്ടികൾ പടക്കം പൊട്ടിക്കരുത്. അവ കൈവശം വയ്ക്കുകയും വേണ്ട. 
  • തീയണയ്ക്കാനുള്ള വെള്ളം, മണൽ, ഫസ്റ്റ് എയ്ഡ് മരുന്നുകൾ എന്നിവ ശേഖരിച്ചുവച്ച ശേഷം മാത്രമേ പടക്കം പൊട്ടിക്കാൻ ഒരുങ്ങാവൂ.
  • പടക്കങ്ങളിലെ രാസവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ കണ്ണിൽ വീഴാൻ സാധ്യതയുണ്ട്. അതിനാൽ കണ്ണട ഉപയോഗിക്കുന്നതാണ് ഉചിതം.

പൊള്ളലേറ്റാൽ
പടക്കം പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റാൽ ഉടൻ പ്രാഥമിക ചികിത്സ നൽകണം. പൊള്ളലേറ്റ ഭാഗത്ത് ഐസ് വയ്ക്കരുത്. ടൂത്ത് പേസ്റ്റ് പോലുള്ളവ തേക്കുകയും വേണ്ട.

  •  പൊള്ളലേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിനടിയിൽ വയ്ക്കണം.
  •  കണ്ണിനാണ് പൊള്ളലേൽക്കുന്നതെങ്കിൽ ശുദ്ധവെള്ളം ഉപയോഗിച്ച് കഴുകണം.
  • പൊള്ളൽ ഗുരുതരമാണെങ്കിൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ വൈദ്യസഹായം തേടണം.
    കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi