40-ാം വിവാഹ വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് മുതിർന്ന ബോളിവുഡ് താരങ്ങളായ അനുപം ഖേറും കിരൺ ഖേറും. ബന്ധം നിലനിൽക്കണമെങ്കിൽ അതിനുവേണ്ടി പ്രയത്നിക്കണമെന്നും തന്റെ വ്യക്തിജീവിതവും ഔദ്യോഗികജീവിതവും വിജയിക്കാനുള്ള കാരണം അതാണെന്നും പറയുകയാണ് അനുപം ഇപ്പോൾ.
നടി മധുമതി കപൂർ ആയിരുന്നു അനുപമിന്റെ ആദ്യഭാര്യ. പക്ഷേ, വിവാഹംകഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ആ ബന്ധം അവസാനിച്ചു. മുംബൈ ആസ്ഥാനമായുള്ള വ്യവസായി ഗൗതം ബെറിയെയാണ് കിരൺ ആദ്യം വിവാഹം കഴിച്ചിരുന്നത്. ആ ബന്ധത്തിൽ സിക്കന്ദർ ഖേർ എന്ന മകനും ജനിച്ചു. 1985-ൽ പൊരുത്തക്കേടുകൾക്കു പിന്നാലെ ഇരുവരും വിവാഹമോചിതരായി. അക്കൊല്ലം തന്നെയാണ് അനുപവും കിരണും വിവാഹം കഴിക്കുന്നത്. കിരണിൻ്റെ മകനെ ഇരുവരും ചേർന്നുവളർത്തി. സിക്കന്ദർ അല്ലാതെ ഇരുവർക്കും ഒരുമിച്ച് കുട്ടികളില്ല.
പ്രശസ്ത യൂട്യൂബർ രാജ് ശമാനിയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, തനിക്ക് കുട്ടികളില്ലാത്തതിന്റെ കാരണവും അനുപം പറഞ്ഞു. ഒരു കുഞ്ഞിന്റെ വളർച്ച കൺമുമ്പിൽ കാണാൻ സാധിക്കാത്തതിലുള്ള ശൂന്യതയെപ്പറ്റി അനുപം മുമ്പൊരു പ്രസ്താവന നടത്തിയിരുന്നു. അതിനെപ്പറ്റി ചോദിച്ചപ്പോൾ, താൻ കുട്ടികൾക്കൊപ്പം ഒരുപാട് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്തുകൊണ്ടാണ് കിരണിനൊപ്പം കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതെന്ന് ചോദിച്ചപ്പോൾ "ആദ്യം അത് നടന്നില്ല, കിരണിന് ഗർഭം ധരിക്കാൻ കഴിഞ്ഞില്ല, പിന്നീട് ഗർഭം ധരിച്ചപ്പോൾ കുഞ്ഞ് ശരിയായ രീതിയിൽ വളരാത്ത സാഹചര്യമുണ്ടായി. ഞാൻ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള തിരക്കിലായിരുന്നു. സിക്കന്ദർ അപ്പോഴും എനിക്ക് നല്ല മകനായിരുന്നു. ഞാൻ കിരണിനെ വിവാഹം കഴിക്കുമ്പോൾ അവന് നാല് വയസ്സാണ്, അതുകൊണ്ട് എനിക്ക് ഒരു കുറവും തോന്നിയിട്ടില്ല."-അനുപം പറഞ്ഞു.
വിവാഹജീവിതത്തെപ്പറ്റി
ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടാകുമെന്നും, സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നുമുള്ള യാഥാർഥ്യം അംഗീകരിച്ചതുകൊണ്ടാണ് തൊഴിൽപരമായും വ്യക്തിപരമായും വിജയിക്കാനായതെന്നും അനുപം പറഞ്ഞു, "ലോകത്തിലെ ഏറ്റവും മികച്ച ദാമ്പത്യം എന്റേതാണെന്നല്ല ഞാൻ പറയുന്നത്, ബന്ധങ്ങൾക്ക് പ്രയത്നം ആവശ്യമാണ്, അവ എല്ലായ്പ്പോഴും കുറ്റമറ്റതായിരിക്കില്ല".
"തളർച്ച ഏതൊരു ബന്ധത്തിൻ്റെയും ഭാഗമാണ്. ഒരു ഘട്ടത്തിൽ, ആ പറയുന്ന തീവ്രമായ പ്രണയം ഇല്ലാതായേക്കാം. പക്ഷേ ഓർമ്മകൾ നിലനിൽക്കും, ബന്ധം മെച്ചപ്പെടുത്താനുള്ള നിങ്ങളുടെ താത്പര്യവും നിലനിൽക്കും, ചിലപ്പോഴൊക്കെ ഞാനവളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ അവളോടുള്ള എൻ്റെ ബഹുമാനവും അനുകമ്പയും വൈകാരികമായ ഒരുമയും ഞാൻ നിലനിർത്തി."-അനുപം തുറന്നുപറഞ്ഞു.
വിവാഹത്തിന് മുമ്പ് പൊരുത്തം പ്രധാനമാണെന്ന അഭിപ്രായം അനുപമിനില്ല. "ആളുകളെ അവർ ആയിരിക്കുന്നതുപോലെ അംഗീകരിക്കാനാണ് എനിക്കിഷ്ടം... പൊരുത്തം കണ്ടെത്തിയിട്ട് എന്ത് നേടാനാണ് എന്നാണ് എനിക്ക് തോന്നുന്നത്. ദമ്പതികൾ പരസ്പരം മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ചിന്താഗതിയുമായി 10, 20, അല്ലെങ്കിൽ പരമാവധി 30 ശതമാനം യോജിക്കുന്ന ഒരാളെ കണ്ടെത്തിയാൽ ഉടൻ അവരെ വിവാഹം കഴിക്കുക. വിവാഹശേഷം ആ ബന്ധത്തെ കണ്ടെത്തുക. ഇന്നത്തെ കാലത്ത് പ്രണയങ്ങളിൽ ജിജ്ഞാസയും അത്ഭുവതും കുറവാണ്."-അദ്ദേഹം അഭിപ്രായപ്പെട്ടു.
തൻ്റെ അടുത്ത ചിത്രമായ 'തൻവി ദി ഗ്രേറ്റി'ൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് അനുപം ഇപ്പോൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 17 Jul 2025, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented