സാരി വേഷങ്ങൾക്കു പുറമേ ഗ്ലാമറസ് വേഷങ്ങളിലും തന്റേതായ ഫാഷൻ സ്റ്റേറ്റ്‌മെന്റ് ഉറപ്പിക്കുകയാണ് ബോളിവുഡ് താരം വിദ്യാ ബാലൻ. സ്ഥിരം ലുക്കിൽ നിന്ന് വ്യത്യസ്തയായി വന്നാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 'പീ കോക്ക്' മാസികയുടെ 2025 ജൂലൈ പതിപ്പിന്റെ കവർ ഷൂട്ടിലാണ് വിദ്യയുടെ പുത്തൻ മേക്കോവർ. കേരളത്തിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് വിദ്യാ ബാലൻ.
തിളങ്ങുന്ന സീക്വൻസുകളും മുത്തുകളും കൊണ്ട് അലങ്കരിച്ച കടും ഫ്‌ളമിംഗോ പിങ്ക് നിറത്തിലുള്ള ഒരു വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഷോൾഡർ സ്ട്രാപ്പുകളും, വി-നെക്ക്‌ലൈനും, ഓംബ്രേ ഫിനിഷും ആ വസ്ത്രത്തിന് ഒരു മാന്ത്രിക ഭംഗി തന്നെ നൽകുന്നു. ഓംബ്രേ നിറങ്ങൾക്ക് ചേർന്ന തൂവലുകൾ പിടിപ്പിച്ച ഒരു സ്റ്റോളും അവർ കൈകളിലൂടെ ചുറ്റിയിരുന്നു. രത്‌നങ്ങൾ പതിപ്പിച്ച ഒരു ചോക്കറും കൈത്തണ്ടയിൽ വലിയൊരു സ്റ്റേറ്റ്‌മെന്റ് ബ്രേസ്ലെറ്റും മാത്രമാണ് ആഭരണങ്ങളായി വിദ്യ ധരിച്ചിരിക്കുന്നത്. ഇത് അവരുടെ ലുക്കിന് കൂടുതൽ മിഴിവേകുന്നു.
നീളൻ മുടി വെട്ടിയൊതുക്കിയ ഷോട്ട് ലെയർ ഹെയർസ്‌റ്റൈൽ ആ ലുക്കിന് തികച്ചും അനുയോജ്യമായി. മിനിമലായ മേക്കപ്പും ഭംഗിയുള്ള ലിപ്സ്റ്റിക്കും പുതിയ ലുക്കിന് കൂടുതൽ ചേർന്നു നിൽക്കുന്നു. സിൽവർ നിറത്തിലുള്ള മറ്റൊരു ഗൗണിലുള്ള വിദ്യയുടെ ഫോട്ടോയും പീകോക്ക് മാഗസിൻ പങ്കുവച്ചിട്ടുണ്ട്.
വിദ്യാ ബാലന്റെ മേക്കോവറും ഗ്ലാമറസ് സ്‌റ്റൈലിംഗും വ്യക്തമാക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് മാഗസിൻ അവരുടെ ഇൻസ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ടത്. 'എ ഫോഴ്സ് ടു റെക്കൻ വിത്ത് വിദ്യ ബാലൻ' എന്ന തലക്കെട്ടോടെയായിരുന്നു കവർ പേജ് ഡിസൈൻ. പുരുഷാധിപത്യമുള്ള ഒരു വ്യവസായത്തിൽ വാണിജ്യ സിനിമയെ നയിക്കാനുള്ള അഭിനിവേശത്തെയാണ് വിദ്യയുടെ കവർ സ്റ്റോറി കേന്ദ്രീകരിക്കുന്നത്.
ഈ ലുക്ക് സോഷ്യൽ മീഡിയയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. ആരാധകർ അവരുടെ പോസ്റ്റുകൾക്ക് താഴെ പ്രശംസകൾ കൊണ്ട് നിറച്ചു. 'ഒടുവിൽ ആരോ അവരോട് നീതി പുലർത്തിയിരിക്കുന്നു... അവർ അതിസുന്ദരിയായി കാണപ്പെടുന്നു.' ഒരു ആരാധിക കുറിച്ചു. മറ്റൊരു ആരാധികയുടെ കമന്റ് ഇങ്ങനെയായിരുന്നു, 'കാഞ്ചീവരം സാരിയിൽ നിന്നും ഇപ്പോൾ ഇതാ! വാക്കുകളില്ല അതിശയിപ്പിക്കുന്ന മാറ്റം'.'അതിമനോഹരം അവരെ ഈ രീതിയിലും സ്‌റ്റൈൽ ചെയ്യാൻ കഴിയും. ഇനിയും ഇത്തരം പരീക്ഷണങ്ങൾ നടത്തണം!' എന്നായിരുന്നു മറ്റൊരു അഭിപ്രായം. പ്രതികരണങ്ങൾ ഏതാണ്ട് ഒരേ സ്വരത്തിലായിരുന്നു.
നിരവധി ആരാധകർ അവരുടെ സൗന്ദര്യത്തെ പ്രശംസിച്ചു. ചിത്രം കാണുമ്പോൾ എഐ നിർമ്മിതമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ലെന്നും പലരും കുറിച്ചു. 'ഈ ചിത്രത്തിലെ ഏറ്റവും നല്ല കാര്യം ഇത് എഐ അല്ല എന്നതാണ്' എന്നായിരുന്നു കമന്റുകൾ. സ്വാഭാവികശരീരങ്ങളെ ആഘോഷിക്കുന്ന ഫോട്ടോഷൂട്ടുകൾക്കും സ്‌റ്റൈലിംഗിനും വേണ്ടി ചില ആരാധകർ വാദിച്ചു. എന്നാൽ പ്രതികരണങ്ങൾ പൂർണ്ണമായും ഏകകണ്ഠമായിരുന്നില്ല. ചിലർ അവരുടെ ശരീരഭാരം പ്രകടമായി കുറഞ്ഞതിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. പ്രത്യേകിച്ചും അവർ വളരെക്കാലമായി 'ബോഡി പോസിറ്റിവിറ്റി'യെ പിന്തുണയ്ക്കുന്ന ഒരാളായതുകൊണ്ട്. 'ബോഡി പോസിറ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഒരാൾ ഈ അവസ്ഥയിലേക്ക് ചുരുങ്ങിയോ? ഇതിനെക്കുറിച്ച് എന്ത് പറയാനാണ്'! ഒരു റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി. എന്തായാലും, ഇന്റർനെറ്റിൽ ഇതേക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ തുടരുകയാണ്. വിദ്യാ ബാലൻ വലിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vidya Balan stuns in a glamorous makeover for Peacock magazine, embracing Gen Z trends with a short hairdo and chic gowns. See her stunning transformation!
Published: 16 Jul 2025, 01:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented