ഓണവും സ്വർണനിറവും തമ്മിൽ വേർപെടുത്താനാവാത്ത ബന്ധമുണ്ട്. സാരിയുടെ കരയിലെ കസവിന്റെ നേർത്ത തിളക്കവും, കൈകളിലെ സ്വർണാഭരണങ്ങളും, മഞ്ഞളിന്റെ നിറവും, വെളുപ്പും സ്വർണവും കലർന്ന കസവിന്റെ മനോഹാരിതയും... അങ്ങനെ ഓണക്കാലത്ത് അൽപം തിളക്കം കൂടിയാലും അത് അധികമല്ല. എന്നാൽ ഒരു ഓണദിവസത്തിലെ ഓരോ നേരത്തിനും അനുയോജ്യമായി വസ്ത്രങ്ങൾ മാറിമാറി അണിഞ്ഞാലോ? രാവിലെ പൂക്കളം ഒരുക്കുന്നതുമുതൽ ഓണസദ്യയും കുടുംബസംഗമങ്ങളും വൈകുന്നേരത്തെ ആഘോഷങ്ങളും വരെ ഓരോ സന്ദർഭത്തിനും വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങൾ നടത്തിയാലോ? ഒരു ഓണദിവസത്തെ ഏറ്റവും മനോഹരമാക്കാൻ വസ്ത്രധാരണത്തിൽ എന്തൊക്കെ വൈവിധ്യങ്ങൾ കൊണ്ടുവരാമെന്ന് നോക്കാം. പാരമ്പര്യത്തിന്റെ കസവുഭംഗി വിട്ടുകളയാതെ തന്നെ മോഡേൺ സ്‌റ്റൈലുകൾക്ക് ഇടം നൽകാം. ഓണം ഒരു കസവ് സാരിയിൽ മാത്രം ഒതുങ്ങേണ്ട ആഘോഷമല്ലല്ലോ.
പൂക്കളം ഒരുക്കുമ്പോൾ: അതിരാവിലെ പൂക്കൾ ശേഖരിച്ച് നിറങ്ങളടുക്കി മനോഹരമായ പൂക്കളം ഒരുക്കാൻ ക്ഷമയും സമയവും വേണം. ഈ സമയത്ത് സൗകര്യപ്രദമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഓഫ് ഷോൾഡർ ടോപ്പും പ്ലീറ്റഡ് ട്രൗസറും പോലുള്ള മോഡേൺ വസ്ത്രങ്ങൾ മികച്ച ഓപ്ഷനാണ്. ഗോൾഡൻ റസ്റ്റും ബ്രൗൺ നിറങ്ങളുമുള്ള ഹാൻഡ്ലൂം സിൽക്ക് ടിഷ്യു ഫാബ്രിക് ഒരാഘോഷഭംഗി നൽകും. കേരളത്തിന്റെ കൈത്തറി തുണിത്തരങ്ങൾ ഉപയോഗിച്ച് തയാറാക്കിയ ലളിതമായ ഡ്രസുകളും പരീക്ഷിക്കാം. വുഡൻ ഡിസൈനിലുള്ള വളകളും സ്ട്രാപ്പി ഗോൾഡൻ സാൻഡലുകളും വേറിട്ട ലുക്ക് നൽകും.
Also Read
സദ്യ കഴിഞ്ഞാൽ കഫ്താൻ: ഓണസദ്യ കഴിഞ്ഞുള്ള മയക്കം എല്ലാവർക്കും നിർബന്ധമാണല്ലോ. വയറുനിറയെ സദ്യ കഴിച്ചശേഷം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ വീണ്ടും പായസം എത്തിയേക്കാം. ഈ സമയത്ത് അരയിൽ മുറുകുന്ന വസ്ത്രങ്ങളേക്കാൾ ഏറ്റവും അനുയോജ്യം ഒരു അയഞ്ഞ കഫ്താനാണ്. വയറിന് ആശ്വാസം നൽകുന്നതും ശരീരത്തിന് സൗകര്യപ്രദവുമായ കഫ്താൻ, സദ്യ കഴിഞ്ഞുള്ള വിശ്രമത്തിന് മികച്ച തിരഞ്ഞെടുപ്പാണ്. അതിനൊപ്പം മനോഹരമായ ഒരു ജോടി ജുത്തിയും വളരെ കുറച്ച് ആഭരണങ്ങളും മതി. ചെറിയൊരു ഫോട്ടോഷൂട്ട് കൂടി ആയാൽ ഉച്ചനേരവും ഉഷാറാകും.
ഓണാഘോഷം കാണാൻ: തിരക്കേറിയ ജനക്കൂട്ടത്തിലൂടെ നടക്കാനും വള്ളംകളിയും പുലിക്കളിയുമൊക്കെ ആസ്വദിക്കാനും ഭക്ഷണം രുചിക്കാനും കൂട്ടുകാരുമായി സമയം ചെലവഴിക്കാനുമാണ് പരിപാടിയെങ്കിൽ കംഫർട്ട് തന്നെയാണ് പ്രധാനം.
പ്രിന്റഡ് കോട്ടൺ ഡ്രസോ ലൂസ് ഫിറ്റിങ് ഹാൻഡ്ലൂം കോ-ഓർഡോ തിരഞ്ഞെടുക്കാം. ആഘോഷത്തിന് മേമ്പൊടിയായി ഭംഗിയുള്ളതും കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ ഈ ലുക്കുകൾ തിരക്കിലും ചൂടിലും സൗകര്യപ്രദമായിരിക്കും. ഫ്‌ലാറ്റ് സാൻഡലോ കംഫർട്ടബിൾ ജുത്തിയോ ധരിക്കാം. ഒപ്പം ചെറിയ ക്രോസ്ബോഡി ബാഗും കൈകളിൽ ഏതാനും വളകളും മതി.
വൈകുന്നേരത്തെ ആഘോഷങ്ങൾക്ക് ഗ്ലാമർ കൂട്ടാം: വൈകുന്നേരമാകുമ്പോൾ ഓണത്തിന്റെ ആഘോഷമൂഡും മാറും. ഇനി ലുക്കിൽ അൽപം ഡ്രാമയും ഗ്ലാമറും കൊണ്ടുവരാം. ഡേടൈം ലുക്കുകളേക്കാൾ സമ്പന്നമായ ടെക്‌സ്ചറുകളും ശ്രദ്ധേയമായ സിലൗറ്റുകളും കൂടുതൽ തിളക്കവുമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. റിച്ച് ഗോൾഡ് ടിഷ്യു സാരിക്കൊപ്പം വ്യത്യസ്ത ഡിസൈനിലുള്ള ഒരു ബ്ലൗസ് പരീക്ഷിക്കാം.
വടക്കൻ കേരളത്തിലെ പരമ്പരാഗത ആഭരണങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട മെറ്റൽ ബസ്റ്റിയറുകൾ പോലുള്ള ബോൾഡ് ഫാഷൻ പരീക്ഷണങ്ങളും ശ്രദ്ധേയമാകും. ഐവറിയും ഗോൾഡും ചേർന്ന ഇൻഡോ-വെസ്റ്റേൺ ഔട്ട്ഫിറ്റുകളും മികച്ച തിരഞ്ഞെടുപ്പാണ്. സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങൾ, കൺമഷി, ഹീൽസ്... ഇവയും കൂടി ശ്രദ്ധിച്ചാൽ വൈകുന്നേരത്തെ ഓണലുക്ക് ഗ്ലാമറാകും.
പാരമ്പര്യത്തെ മറക്കരുത്: എത്ര ഫാഷൻ പരീക്ഷണങ്ങൾ നടത്തിയാലും ക്ലാസിക് കസവ് സാരിക്ക് പകരക്കാരുണ്ടാകില്ല. മനോഹരമായ ബ്ലൗസും പരമ്പരാഗത സ്വർണാഭരണങ്ങളും തലയിൽ മുല്ലപ്പൂവും കൂടിച്ചേരുന്ന കസവ് സാരിയുടെ പ്രൗഢി ഇന്നും ഓണത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്.
ഇത്തവണ നേർത്ത സ്വർണക്കസവ് കരയുള്ള സാരി തന്നെ തിരഞ്ഞെടുക്കാം. ബ്ലൗസ് ലളിതമാക്കാം. പാരമ്പര്യ നെക്ലേസ്, ജിമിക്കി അല്ലെങ്കിൽ കാശുമാല, വളകൾ, മുടിയിൽ മുല്ലപ്പൂ തുടങ്ങി കുഞ്ഞുകുഞ്ഞ് ഡീറ്റിയെലിങ്ങാണ് ലുക്കിനെ മനോഹരമാക്കുന്നത്. പുരുഷന്മാർക്ക് മുണ്ടും വേഷ്ടിയും എന്നും ക്ലാസിക് തന്നെയാണ്. കസവിൽ ഒതുങ്ങാതെ കസവിന്റെ ആത്മാവിനെ ഒപ്പം ചേർത്തുപിടിച്ചുകൊണ്ടുതന്നെ ഓണം കളറാക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: onam-fashion-trends-2026
Published: 21 Aug 2026, 04:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented