ചെറുപ്പംമുതലേ സിനിമയായിരുന്നു സഞ്ജു ശിവ്റാമിന്റെ (Sanju Sivram) മനസ്സിൽ. എം.ബി.എ. പഠിച്ച് ബാങ്കിൽ ജോലിക്ക് കയറിയപ്പോഴും ആ മോഹത്തിന് തിളക്കമേറി. ഒടുവിലൊരുനാൾ രണ്ടുംകല്പിച്ച് ബാങ്കിലെ ജോലി ഉപേക്ഷിച്ചു, സിനിമ എന്ന സ്വപ്നത്തിനായി. 'നി കൊ ഞാ ചാ' എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. അവിടന്നങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ സിനിമകളുടെ ഭാഗമായി സഞ്ജു. 1983, മൺസൂൺ മാംഗോസ്, അച്ചായൻസ്, റോഷാക്ക്, എ.ആർ.എം...അതിനിടെ ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്ത '1000 ബേബീസ്' എന്ന സീരീസിലൂടെ സഞ്ജുവിന്റെ മറ്റൊരു ശക്തമായ കഥാപാത്രവും പ്രേക്ഷകർക്ക് മുന്നിലെത്തി. ഏറ്റവുമൊടുവിൽ വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങിയ 'ഖലീഫ'യിലൂടെ (Khalifa) തന്റെ ഇടം ഭദ്രമാക്കുകയാണ് സഞ്ജു. പൃഥ്വിരാജിന്റെ സുഹൃത്തായുള്ള കഥാപാത്രമാണ് സഞ്ജുവിന്റേത്. സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് താരം ഇവിടെ.
മനസ്സിൽ കയറിക്കൂടിയ സിനിമ
''ചെറുപ്പത്തിൽ ഞായറാഴ്ചകളിൽ ദൂരദർശനിൽ വരുന്ന സിനിമയ്ക്കായി കാത്തിരിക്കും. അഥവാ കാണാൻ പറ്റിയില്ലെങ്കിൽ, ചേച്ചി അതിന്റെ കഥ പറഞ്ഞുതരും. ഓരോ സീനുകളായി, വിഷ്വലുകൾ ഉൾപ്പെടെയാണ് പറഞ്ഞുതരുന്നത്. അന്നുമുതൽ തന്നെ മോഹൻലാലും മമ്മൂട്ടിയുമൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവരോടുള്ള ഇഷ്ടം കൂടിക്കൂടി അത് സിനിമയോടുള്ള ഇഷ്ടമായി. തൃശ്ശൂർ ചിൻമയ വിദ്യാലയത്തിലാണ് പഠിച്ചത്. പത്തുവർഷത്തോളം അവിടത്തെ ഹോസ്റ്റലിലായിരുന്നു. എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും നമുക്ക് സിനിമ കാണിച്ചുതരും. പുതിയ സിനിമയുടെ കാസറ്റില്ലെങ്കിൽ പഴയ സിനിമകളായിരിക്കും ചിലപ്പോൾ. കൂട്ടുകാർക്കിടയിൽ മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസുമുണ്ട്. ഏത് നടനാണ് കൂടുതൽ ഹിറ്റുപാട്ടുകളുള്ളതെന്ന് നമ്മളിരുന്ന് എണ്ണും. അന്ന് സിദ്ദിഖ്-ലാൽ ടീം ഭയങ്കര ഹിറ്റാണ്. 'മാന്നാർ മത്തായി സ്പീക്കിങ്' ഇറങ്ങിയ സമയമാണെന്ന് തോന്നുന്നു. അതുകണ്ട് എനിക്കും ഒരു കൂട്ടുകാരനും ആവേശംകയറി. വലുതായാൽ നമുക്കും ഇതുപോലെ പടം ചെയ്യണമെന്ന് പറഞ്ഞു.
Also Read
കൽക്കട്ടയിലാണ് ഞാൻ ഡിഗ്രി ചെയ്തത്. എം.ബി.എ ബാംഗ്ലൂരിലും. പക്ഷേ വീട്ടുകാരെല്ലാം കൽക്കട്ടയിൽ തന്നെയായിരുന്നു. അവിടെവെച്ചാണ് അശ്വതിയെ പരിചയപ്പെടുന്നത്. അശ്വതിയുടെ അച്ഛൻ അവിടത്തെ മലയാളിസമാജത്തിൽ സജീവമാണ്. അതുകൊണ്ട് സിനിമയിലുള്ള ആരെങ്കിലും കൽക്കട്ടയിലേക്ക് വരുന്നുണ്ടെങ്കിൽ, അത് അശ്വതിക്ക് അറിയാൻ പറ്റും. അതൊക്കെ എന്നോട് പറയുകയും ചെയ്യും. ഒരിക്കൽ ബ്ലെസി സാർ വന്നു കൽക്കട്ടയ്ക്ക്. അദ്ദേഹത്തിന്റെ 'കൽക്കട്ട ന്യൂസി'ന്റെ ഓഡിഷനിൽ ഞാൻ പങ്കെടുക്കുകയും ചെയ്തു. തിരിച്ച് ബാംഗ്ലൂരിലെത്തിയപ്പോഴാണ് സെലക്ടായെന്നു പറഞ്ഞ് വിളിവന്നത്. അതിൽ അഭിനയിക്കാൻ പറ്റിയില്ല.
എം.ബി.എ. കഴിഞ്ഞയുടനെ ജോലി കിട്ടി, തിരുവനന്തപുരത്ത് ടാറ്റയിൽ. തിരുവനന്തപുരം എന്നുകേട്ടപ്പോൾ സിനിമയാണെന്റെ മനസ്സിലേക്ക് ആദ്യം വന്നത്. അന്നവിടെ മൂന്നുകിലോമീറ്ററിനുള്ളിൽ പത്തുപതിനാറ് തിയേറ്ററുണ്ട്. പിന്നെ ഫിലിം ഫെസ്റ്റിവൽ, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ...സിനിമ കാണാൻ ഒരുപാട് അവസരങ്ങൾ. പക്ഷേ, ആരോടും അവസരം ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല.
അതിനിടയിലാണ് സിനിമയിൽ അവസരമുണ്ടെന്ന് ഒരു സുഹൃത്ത് പറയുന്നത്. അങ്ങനെ പോയി. ജൂനിയർ ആർട്ടിസ്റ്റായിട്ടായിട്ടാണെങ്കിലും സന്തോഷമായിരുന്നു. കാരണം അത് ജഗതി ശ്രീകുമാറുള്ള ഒരു സീനാണ്. മേക്കപ്പിട്ട് ജഗതിച്ചേട്ടന്റെ കാലിൽ തൊട്ടുതൊഴുതു. പക്ഷേ, സെറ്റിൽ ചെന്നപ്പോഴാണറിയുന്നത്, സംവിധായകൻ വേറെയാരെയോ അവിടെ നിർത്തിയെന്ന്. ഭയങ്കര വിഷമമായി. ഞാൻ കോസ്റ്റിയൂം അഴിക്കുമ്പോൾ ജഗതിച്ചേട്ടൻ ചോദിച്ചു, 'എന്തുപറ്റി, കഴിഞ്ഞോ?' 'അല്ല, സംവിധായകൻ മാറ്റി' എന്ന് ഞാൻ പറഞ്ഞു. 'അതുസാരമില്ല മോനേ, സിനിമ അങ്ങനെയാണെന്ന്' അദ്ദേഹം പറഞ്ഞു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫറായി. അതോടെ ആ ജോലി വിട്ട് ധനലക്ഷ്മിബാങ്കിൽ ചേർന്നു. എറണാകുളത്തായിരുന്നു പോസ്റ്റിങ്. അതിനുപിന്നിലെ കാരണവും സിനിമതന്നെ. അപ്പോഴേക്കും കല്യാണം കഴിഞ്ഞിരുന്നു. അശ്വതി ഹിന്ദുസ്ഥാനി ഗായികയാണ്. അവളുടെയും കൂടി സൗകര്യം നോക്കിയാണ് എറണാകുളത്തേക്ക് മാറിയത്.
കൽക്കട്ടയിൽ ഷൂട്ട് ചെയ്ത 'ദൂരെ' എന്ന സിനിമയ്ക്കുവേണ്ടി ബംഗാളിയിൽ ഡബ്ബ് ചെയ്യാനുള്ള അവസരം കിട്ടിയത് അവിടുന്നാണ്. ബംഗാളിയിൽ വിശ്വനാഥ് എന്നൊരു സംവിധായകനുണ്ട്. ആദ്യം അദ്ദേഹത്തിനുവേണ്ടിയാണ് ഡബ്ബ് ചെയ്തത്. അതുകഴിഞ്ഞ് നായകൻ ഉൾപ്പെടെ ആറുപേർക്കുവേണ്ടി ശബ്ദം കൊടുത്തു.
സ്വപ്‌നം കണ്ട സിനിമയിലേക്ക്…
ഇനി എന്ത് ചെയ്യുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സംവിധായകൻ നരണിപ്പുഴ ഷാനവാസ് വിളിക്കുന്നത്. ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽവെച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാനാണ് അദ്ദേഹം വിളിച്ചത്. സിനിമയിലേക്കുള്ള എന്റെ ദിശ കൃത്യമാണെന്ന് മനസ്സിലായതും അപ്പോഴാണ്. പിന്നീടാണ് ജിയോ ബേബി വഴി 'നി കൊ ഞാ ചാ'യുടെ ഓഡിഷനെക്കുറിച്ച് അറിയുന്നത്. ഷൂട്ടിങ് കഴിഞ്ഞതോടെ ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ടുപോവാൻ പറ്റില്ലെന്നൊരു തോന്നൽ. ജോലി രാജിവെച്ചു. എന്ത് ധൈര്യത്തിലാണെന്ന് ഇന്നും അറിയില്ല. അശ്വതിയാണെങ്കിൽ ആ സമയത്ത് ഗർഭിണിയും. എങ്ങനെയെങ്കിലും അതിജീവിക്കുമെന്നൊരു വിശ്വാസത്തിലാണ് രാജിവെച്ചത്. വീട്ടിലും ആരും എതിരൊന്നും നിന്നില്ല. 'നി കൊ ഞാ ചാ' ശ്രദ്ധിക്കപ്പെട്ടു. പുറകെ രണ്ടുമൂന്ന് സിനിമകൾ കിട്ടി. പക്ഷേ, അതൊന്നും കാര്യമായ ഇളക്കമുണ്ടാക്കിയില്ല.
ജോലി കളഞ്ഞു, സിനിമ വരുന്നതുമില്ല. എന്തുകൊണ്ടോ ആ ടെൻഷൻ ആരെയും അറിയിച്ചിരുന്നില്ല. വീട്ടുകാർ പലപ്പോഴും ചോദിച്ചിട്ടുണ്ട്, നീ എങ്ങനെയാണ് ടെൻഷൻ ഇല്ലാതിരിക്കുന്നത്, പേടിയൊന്നുമില്ലേ എന്ന്. പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നു, സാമ്പത്തികമായും അല്ലാതെയും. ജോലിചെയ്തിരുന്ന കാലത്തെ സമ്പാദ്യങ്ങളാണ് അന്നൊക്കെ സഹായിച്ചത്. പക്ഷേ, വീഴുമെന്ന ഘട്ടത്തിൽ ഓരോ സിനിമ കിട്ടിക്കൊണ്ടേയിരുന്നു.
സിനിമ തന്ന പാഠങ്ങൾ
സിനിമാമേഖലയിലെ സീനിയറായ ആളുകൾക്കൊപ്പം ജോലിചെയ്യാൻ നല്ല രസമാണ്. പലതും പഠിക്കാൻ പറ്റും. പ്രശസ്ത നാടകകൃത്തായ ജയപ്രകാശ് കുളൂർ മാഷിനെയാണ് ഞാൻ ഗുരുവായിട്ട് കാണുന്നത്. മാഷിന്റെ ഒരു വർക്ക്‌ഷോപ്പിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. അതിനുശേഷവും അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്. എന്റെ ഇൻഹിബിഷൻസ് മാറ്റാൻ സഹായിച്ചത് അദ്ദേഹമാണ്. പ്രശസ്തനടൻ മൈക്കിൾ കെയ്നിന്റെ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിച്ചതും മാഷ് തന്നെ. അതെല്ലാം ഒരുപാട് സഹായകമായി.
'മൺസൂൺ മാംഗോസ്' ചെയ്യുന്ന സമയത്താണ് ടൊവിനോയുമായി അടുക്കുന്നത്. എപ്പോഴും കാണാറൊന്നുമില്ല. പക്ഷേ, അടുപ്പം എപ്പോഴുമുണ്ട്. ഫോണിലൂടെയാണ് അധികവും സംസാരിക്കുന്നത്. അതുപോലെ അടുത്തസുഹൃത്തുക്കളാണ് പ്രശാന്ത് അലക്‌സും വിനയ് ഫോർട്ടുമൊക്കെ. നല്ല സംവിധായകർ എന്നിൽ വിശ്വാസംവെച്ചതാണ് ഏറ്റവും വലിയ ഭാഗ്യം. വിജയങ്ങളൊന്നുമില്ലാത്ത സമയത്തും എനിക്കുവേണ്ടി സംസാരിച്ച സംവിധായകരാണ് എന്റെ ധൈര്യം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sanju Sivram left his stable banking career to pursue his passion for acting. He started his journey with short films and made his debut in 'Ni Ko Nja Cha'. He discusses his recent role alongside Prithviraj in Vysakh's 'Khalifa'
Published: 21 Aug 2026, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented