
മലയാളിക്കൊപ്പം ഓണവും നാടായ നാടുമുഴുവൻ ചുറ്റുന്നുണ്ട്. അതിനേറ്റവും വലിയ ഉദാഹരണമാണ് രാജ്യത്തിന്റെ വടക്കുകിഴക്കേ അറ്റത്തുള്ള അരുണാചൽ പ്രദേശിൽ ഇത്തവണ വലിയൊരു ഓണാഘോഷം നടന്നത്. അതും ഷിയോമി ജില്ലയിലെ തനി ഉൾനാടൻ ഗ്രാമമായ കരോയിൽ, അസ്സൽ മലയാളം പാട്ടുകൾക്കൊത്ത് നൃത്തം ചെയ്താണ് ഇവിടുത്തെ കുട്ടികൾ ഓണമാഘോഷിച്ചത്. അതും കലക്കൻ തനിമലയാളി സ്റ്റെപ്പിട്ട്, മലയാളം വരികൾ ഉറക്കെപ്പാടിക്കൊണ്ട്. കേന്ദ്രമന്ത്രി കിരൺ റിജിജു ഇൻസ്റ്റഗ്രാമിൽ ഓണാഘോഷവീഡിയോ പങ്കുവെച്ചതൊടെയാണ് അരുണാചൽ പ്രദേശിലെ ഓണാഘോഷം വൈറലായത്. ഈ ആഘോഷക്കമ്മറ്റിക്കു പിന്നിൽ മലപ്പുറത്തുനിന്നുള്ള ഒരു മലയാളി അധ്യാപകനാണെന്ന രഹസ്യം അധികമാരും അറിഞ്ഞതുമില്ല. അരീക്കോടുകാരനായ അഷ്ഖറാണ് ഈ അധ്യാപകൻ. രണ്ടുവർഷത്തോളമായി അരുണാചലിലെ കരോയിലെ സ്കൂളിൽ ജോലി ചെയ്യുകയാണദ്ദേഹം. അരുണാചലിലെ ഓണാഘോഷത്തിന്റെയും ജീവിതസാഹചര്യങ്ങളുടെയും വിശേഷങ്ങൾ അദ്ദേഹം ഗൃഹലക്ഷ്മിയോട് പങ്കുവെക്കുകയാണ്.
പഠനകാലം മുതൽ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ജീവിച്ചതിന്റെ അനുഭവസമ്പത്ത് അഷ്ഖറിനുണ്ട്. ഡിഗ്രി പഠനം നാട്ടിലായിരുന്നു, എംഎ ചെയ്തത് പഞ്ചാബിൽ. ബിഎഡ് പോണ്ടിച്ചേരിയിലും. പിന്നെ കശ്മീരിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. അതെല്ലാം കഴിഞ്ഞ് നോർത്ത് ഈസ്റ്റിനോട് ഒരു അടുപ്പം തോന്നി. അവിടെ ഇതുവരെ പോയിട്ടില്ലാത്തതുകൊണ്ട് ഒരു കൗതുകമുണ്ടായിരുന്നു. അങ്ങനെ എംഎഡ് ചെയ്യാൻ വേണ്ടി മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ ചെന്നു. അവിടെനിന്നാണ് നോർത്ത് ഈസ്റ്റിനെപ്പറ്റിയും ഇപ്പോൾ ജോലിചെയ്യുന്ന സൺബേർഡ് ട്രസ്റ്റ് ഇന്ത്യയെന്ന സന്നദ്ധസംഘടനയെപ്പറ്റിയുമെല്ലാം അറിയുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണിത്. ഷിയോമിയിൽ തന്നെ ആറു സ്കൂളുകൾ എൻജിഒയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ട്.അങ്ങനെ അഷ്ഖർ കരോയിലെ സ്കൂളിൽ ജോലിക്കെത്തി. നാട്ടുകാരുടെ ജീവിതം അധികമറിഞ്ഞതോടെയാണ് അവർക്കിവിടെ എത്രത്തോളം ആവശ്യങ്ങളുണ്ടെന്നു മനസ്സിലായത്.
പുറംലോകവുമായി അധികം ബന്ധമില്ലാത്ത സ്ഥലമാണിത്. മൂന്നോ നാലോ കടകളേയുള്ളൂ, ബാർബർ ഷോപ്പില്ല, റെസ്റ്റോറന്റില്ല, വലിയ സോഷ്യൽ ലൈഫുകളില്ല, പ്രാദേശിക പച്ചക്കറികളൊഴിച്ചാൽ പുറത്തുനിന്നുള്ളവയൊന്നും ഇവിടെ കിട്ടില്ല. റോഡ് വളരെ മോശം. മണ്ണിടിച്ചിലുണ്ടാവുന്ന മേഖലയാണ്. നാട്ടിലിപ്പോൾ ഒരു റെഗുലർ സ്കൂളിൽ പഠിപ്പിക്കാൻ ഒരുപാട് പേരുണ്ട്, എന്നാൽ ഇതുപോലുള്ള സ്ഥലങ്ങളിൽ പഠിപ്പിക്കുക എന്നുവെച്ചാൽ വലിയ വെല്ലുവിളിയാണെന്ന് അഷ്ഖർ പറയുന്നു. കറന്റില്ല, കൃത്യമായി നെറ്റ്വർക്കില്ല, ഇക്കൊല്ലമാണ് നെറ്റ്വർക്കൊക്കെ കുറച്ചെങ്കിലും സ്റ്റേബിൾ ആയി വരുന്നത്. കഴിഞ്ഞവർഷം തുടർച്ചയായി 45 ദിവസം ഒന്നുമില്ലായിരുന്നു. ഇപ്പോഴും രണ്ടുമൂന്നു ദിവസത്തേക്കൊക്കെ നെറ്റ്വർക്ക് പോവും. ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ പോലും കിട്ടില്ല. ഇങ്ങനെയുള്ളൊരു സ്ഥലത്തുവന്ന് കുട്ടികളെ പഠിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. എൻജിഒയുടെ പ്രവർത്തനം തുടങ്ങിയശേഷം ഈ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ടാണിവിടെ തുടരുന്നതെന്നും അഷ്ഖർ പറയുന്നു.
കേന്ദ്രമന്ത്രി വീഡിയോ ഷെയർ ചെയ്തപ്പോൾ എന്തുതോന്നി?
ഭയങ്കര സർപ്രൈസിങ് ആയിരുന്നു. ഇവിടുത്തെ ആഘോഷം ഇത്രയുമാളുകൽ ശ്രദ്ധിക്കുമെന്ന് വിചാരിച്ചതേയില്ല. ഓണവുമായി ബന്ധപ്പെട്ട് ഞാൻ ഷെയർ ചെയ്ത ഒരുപാട് വീഡിയോകൾ ക്ലബ്ബ് ചെയ്ത് ഒരു മുഴുവൻ വീഡിയോ ആയിട്ടാണ് അദ്ദേഹം പങ്കുവെച്ചത്. ഒരു മന്ത്രിയൊക്കെ നമ്മുടെ വീഡിയോ കണ്ടുവെന്ന് പറഞ്ഞപ്പോൾ കുട്ടികൾക്ക് ഭയങ്കര സന്തോഷമായി. വീഡിയോ എത്രത്തോളം ശ്രദ്ധിക്കപ്പെടുന്നുവെന്ന് ഞാനവരെ അറിയിച്ചുകൊണ്ടിരുന്നു. എല്ലാവരും എക്സൈറ്റഡ് ആയിരുന്നു. കേക്ക് മുറിച്ച് ഞങ്ങളീ സന്തോഷം ആഘോഷിച്ചു. കുറച്ചുകാലമായി ഞാൻ വീഡിയോകൾ ചെയ്യാറുണ്ടെങ്കിലും ഇത്രയധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇവിടെ പല പരിപാടികളും ഇതുപോലെ നടത്താറുണ്ട്. ഇനിയും വീഡിയോ ഉണ്ടാക്കാൻ കുട്ടികൾ ആവേശത്തിലാണ്. അവരുടെ ഉള്ളിലുള്ള കഴിവുകൾ പുറത്തെടുക്കുകയെന്ന ഉദ്ദേശത്തിലാണിത് ചെയ്യുന്നത്.
ഓണാഘോഷത്തിന്റെ തയ്യാറെടുപ്പ് എങ്ങനെയായിരുന്നു?
കഴിഞ്ഞകൊല്ലം ചെറിയതോതിൽ ആഘോഷിച്ചിരുന്നു. ഇത്തവണ ഒരുമാസം മുമ്പേ സ്റ്റാഫിനെയൊക്കെ അറിയിച്ച് പ്ലാനിങ് തുടങ്ങി. അവർക്കിതിനെപ്പറ്റി വലിയ അറിവില്ല. എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്തു. ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ പിന്നെ സൗത്ത് ഇന്ത്യൻ പാട്ടുകൾ വേണമല്ലോ. ഞാൻ തന്നെ അതിന് മുൻകൈ എടുത്തു. ഒരാഴ്ച നൃത്ത പരിശീലനമായിരുന്നു. കുട്ടികൾ പാട്ടിന്റെ വരികൾ പോലും പഠിച്ചു. അവരിത് പാടുമെന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പൊതുവേയിവർ ബോളിവുഡ് പാട്ടുകൾക്കും പ്രാദേശികപാട്ടുകൾക്കുമൊക്കെയാണ് ഡാൻസ് ചെയ്യാറുള്ളത്. നമ്മുടെ സ്റ്റെപ്പുകളൊക്കെ അവർക്ക് പുതുമയുള്ളതായിരുന്നു. പാട്ടുകളുടെ അർഥം കുറച്ചൊക്കെ മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചു. ഒരു കുട്ടിയെ മാവേലിയാക്കി വേഷം കെട്ടിച്ചു. മാവേലിയും അവർക്ക് ആദ്യത്തെ അനുഭവമായിരുന്നു.
പിന്നെ നാട്ടിലിറങ്ങി പൂപറിച്ച് പൂക്കളമുണ്ടാക്കി, ഓണക്കളികൾ, സദ്യ, സാമ്പാർ, രസം, പപ്പടം, ചിപ്സ്, പായസം ഇതൊക്കെ ഒരുക്കിയിരുന്നു. ഇലയിലാണ് ഭക്ഷണം വിളമ്പിയത്. ഇവിടുത്തെ മറ്റ് അധ്യാപകരും മുണ്ടും സാരിയുമൊക്കെ ഓൺലൈനിൽ ഓർഡർ ചെയ്തു. അവരുടെ ട്രഡിഷണൽ വസ്ത്രങ്ങളാണ് ചിലർ ധരിച്ചത്. ഡാൻസിനുപരി നല്ലൊരു ഓണാഘോഷമായിരുന്നു. ഭാവിയിലിനിയും പരിപാടികൾ വെക്കണമെന്നുണ്ട്. ഓരോ സംസ്ഥാനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ച് അവർക്ക് പകർന്നുനൽകാറുണ്ട്. ഞാൻ കേരളത്തിൽ നിന്നായതുകൊണ്ട് ഇവിടുത്തെ കാര്യങ്ങൾ കുറച്ചുകൂടി പരിചയപ്പെടുത്തുന്നു.
അഷ്ഖറിന്റെ വീഡിയോ വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞപ്പോൾ കുടുംബവും സുഹൃത്തുക്കളും ഒരുപോലെ സന്തോഷത്തിലാണ്. ഇംഗ്ലീഷും എവിഎസുമാണ് അഷ്ഖർ പഠിപ്പിക്കുന്നത്. വെറും പഠിപ്പിക്കൽ മാത്രമല്ല, അധ്യാപകരെ പരിശീലിപ്പിക്കലും കമ്മ്യൂണിറ്റി എൻഗേജ്മെന്റും അടക്കമുള്ള ചുമതലയാണ് അദ്ദേഹത്തിനിവിടെ.
തങ്ങൾ ചുമതലയേറ്റശേഷം ഒരുപാട് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും അഷ്കർ പറയുന്നു. മുമ്പ് 40 കുട്ടികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 102 പേരുണ്ട്. പ്രവർത്തനക്ഷമമല്ലായിരുന്ന ഹോസ്റ്റൽ ഇപ്പോൾ 62 കുട്ടികളുമായി നന്നായി പ്രവർത്തിക്കുന്നു, പരമാവധി പ്രോഗ്രാമുകൾ നടത്തുന്നു.
എങ്ങനെയുണ്ട് അരുണാചലിലെ ജീവിതം
നാട്ടിൽ നിന്ന് വളരെ വ്യത്യസ്തമാണ്. നമ്മുടെ നാട്ടിൽ മസാല ചേർത്ത ഭക്ഷണമാണല്ലോ. ഇവിടെയധികവും പുഴുങ്ങിയാണ് കഴിക്കുക. കുറച്ചുകൂടി ചൈനീസ് രീതിയോട് ചേർന്നുനിൽക്കുന്നതാണ് ഇവരുടെ ഭക്ഷണം. ഈ മേഖലയിൽ ഒരുപാട് ആളുകളൊന്നുമില്ല. ഞാൻ കുറച്ചുകൂടി സോഷ്യൽ ആയിട്ടുള്ളയാണ്. അപ്പോൾ സുഹൃത്തുക്കളെ കാണാനാവാത്തതും അടുപ്പക്കാരില്ലാത്തതും ചെറുതായി ബാധിക്കാറുണ്ട്. പിന്നെ ജീവിതശൈലി നോക്കിയാൽ നാട്ടിൽ ചെറിയ കാര്യമായി തോന്നുന്ന കാര്യങ്ങൾ ഇവിടെ വലിയ ആഡംബരമാണ്. പൈസയുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണ് ജീവിക്കുന്നത്. ഇവിടുത്തെ പ്രധാനപ്രശ്നം ആക്സസ് ഇല്ലാത്തതാണ്. ഒരു പതിനായിരത്തിന്റെ സാധനം വാങ്ങിയാൽ അതിവിടെ എത്തിക്കാൻ വേറൊരു പതിനായിരം കൊടുക്കണം. റോഡും കാര്യങ്ങളുമൊക്കെ അത്രയും മോശമാണ്. പാത്രം കഴുകുന്ന സിങ്കുപോലും ഇവർക്കില്ല, പാത്രം കഴുകുന്നത് നിലത്തുവെച്ചാണ്.
അവിടുത്തെ ആളുകളിൽ എന്തെങ്കിലും പ്രത്യേകത തോന്നിയോ?
വ്യക്തിപരമായി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. ഇവിടെ ആളുകൾ തമ്മിലുള്ള ബന്ധം കുറച്ചുകൂടി വലുതാണെന്ന് തോന്നുന്നു. മൊബൈൽ അധികം ഉപയോഗിക്കാത്തതുകൊണ്ടാവാം, ഒന്നിച്ചിരുന്ന് കളിയും സംസാരവുമൊക്കെയായി വീടിനുള്ളിൽ പരസ്പരബന്ധം വളരെ വലുതാണ്.
ഇവിടെ വന്നശേഷം നാട്ടിൽ വർഷത്തിലൊരിക്കലാണ് പോവുന്നത്. അപ്പോഴൊക്കെ കുട്ടികളുടെ കൂടെ കളിക്കാനൊന്നും ആളുകൾക്ക് നേരമില്ലെന്ന് തോന്നാറുണ്ട്. മിക്കസമയവും മൊബൈലിലായിരിക്കും. ഇവിടെ എന്റെ സഹപ്രവർത്തകന്റെ വീട്ടിൽ ചെന്നപ്പോൾ കണ്ടത് മണിക്കൂറുകളോളം കുടുംബം ഒന്നിച്ചിരുന്ന് കളിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്നതാണ്- അഷ്കർ പറഞ്ഞുനിർത്തി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ashkhar, a teacher from Malappuram, Kerala, organized a vibrant Onam celebration in Karo village, Arunachal Pradesh., Union Minister Kiren Rijiju shared the viral dance video of students celebrating Onam., Ashkhar works with Sunbird Trust India, imparting education in a remote region lacking basic facilities., The initiative bridges cultural gaps, introducing South Indian traditions to children in Northeast India.
Published: 30 Aug 2026, 04:12 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented