ഇഴചേരുന്ന അതിജീവനത്തിന്റെ കഥയാണ് നർമ്മദ. ഇതുവരെ ഞാൻ പങ്കുവെച്ച അനുഭവങ്ങളിൽ നിന്നും യാത്രകളിൽ നിന്നും വേറിട്ടുനിൽക്കുന്ന അല്പം ദൈർഘ്യമുള്ള ഒരു യാത്രയും അനുഭവവും ആണ് പറയാനുള്ളത്. കേവലം ഒരു യാത്ര എന്നതിലുപരി, ഒട്ടേറെ മനുഷ്യരുടെ ജീവിതവും പോരാട്ടവും എന്റെ സ്വന്തം അതിജീവനവും ഒരേപോലെ ഇഴചേർന്നു കിടക്കുന്ന ഒന്നായിരുന്നു നർമ്മദാ യാത്ര. ജീവിതം ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായ ചില നിയോഗങ്ങളെ നമ്മുടെ കൈകളിൽ ഏൽപ്പിക്കാറുണ്ട്. ചില നിമിത്തങ്ങൾ കേവലം യാദൃച്ഛികതകളല്ല, മറിച്ച് കാലം കരുതിവെച്ച മനോഹരമായ അടയാളപ്പെടുത്തലുകളാണ്.


 'സാരിത്തിരമാലകൾ' എന്ന ഈ പംക്തിയിലൂടെ കടന്നുപോകുമ്പോൾ നർമ്മദാ സാരികളെക്കുറിച്ചും അവ എന്നിലേക്ക് എത്തിയ ആ നിമിത്തത്തെക്കുറിച്ചും പറയാതെ വയ്യ. പലതവണ കേട്ടവർക്ക് ഇതൊരു ആവർത്തനമായി തോന്നിയേക്കാം, എങ്കിലും ആദ്യമായി വായിക്കുന്നവർക്കായി ആ കഥ ചുരുക്കത്തിൽ ഒന്ന് തൊട്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. നർമ്മദയുടെ മണ്ണിലെ മനുഷ്യജീവനുകളെയും അവരുടെ പോരാട്ടവീര്യത്തെയും മാറ്റിനിർത്തിക്കൊണ്ട് എനിക്ക് ‘സാരിത്തിരമാലകൾ’ പൂർത്തിയാക്കാനാവില്ല. അതുകൊണ്ട്  ഒരിക്കൽ ക്കൂടി പറയട്ടെ സർദാർ സരോവർ അണക്കെട്ടിന്റെ നിർമ്മാണത്തോടെ സ്വന്തം മണ്ണും വീടും നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ നോവുന്ന കഥകളാണ് നർമ്മദയുടെ തീരങ്ങൾക്ക് പറയാനുള്ളത്. വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെട്ട ആ ജനത, ദശാബ്ദങ്ങളായി തങ്ങളുടെ അവകാശങ്ങൾക്കും അർഹമായ പുനരധിവാസത്തിനുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. 'നർമ്മദ ബച്ചാവോ ആന്ദോളൻ' പോലുള്ള പ്രസ്ഥാനങ്ങൾ ഇവർക്ക് തണലായി നിൽക്കുമ്പോഴും, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആ കുടുംബങ്ങൾ ഇന്നും പാടുപെടുന്നു.

യഥാർഥത്തിൽ, കോവിഡ് മഹാമാരി എത്തുന്നതിനും എത്രയോ മുൻപേ ദുരന്തമുഖത്തായിരുന്നു ആ മനുഷ്യർ. വീടും കൃഷിഭൂമിയും നഷ്ടപ്പെട്ട്, വേരുകളറ്റവരായി മാറിയ അവരുടെ ജീവിതത്തിലേക്ക് കോവിഡ് പടർന്നുപിടിച്ചത് ഇരട്ടി പ്രഹരമായിട്ടാണ്. പട്ടിണിയും തൊഴിലില്ലായ്മയും വരിഞ്ഞുമുറുക്കിയ ആ ഘട്ടത്തിൽ അവർ തങ്ങളുടെ പാരമ്പര്യ തൊഴിലായ സാരി നെയ്ത്തിലൂടെയെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ വിപണികൾ അടഞ്ഞുപോയതോടെ ആ പ്രതീക്ഷയും വഴിമുട്ടി. ഇത്രയേറെ പ്രതിസന്ധികൾക്കിടയിലും തളരാതെ നിൽക്കുന്ന ആ ജനതയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് നർമ്മദാ സാരികളുടെ കഥ.
വിപണികൾ നിശ്ചലമായ കോവിഡ് കാലത്ത്, നർമ്മദയുടെ തീരങ്ങളിൽ നെയ്‌തെടുത്ത നൂറുകണക്കിന് സാരികൾ വിൽക്കാൻ കഴിയാതെ കെട്ടിക്കിടന്ന് നശിക്കുകയായിരുന്നു. നൂറു ശതമാനം ശുദ്ധമായ കോട്ടണിൽ, പ്രകൃതിദത്തമായ നിറങ്ങൾ മാത്രം ഉപയോഗിച്ച് നെയ്‌തെടുത്ത ഈ വസ്ത്രങ്ങൾ അധികനാൾ സൂക്ഷിച്ചുവെക്കാൻ കഴിയില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. അവ ശാസ്ത്രീയമായി കേടുകൂടാതെ ശേഖരിച്ചുവെക്കാനുള്ള യാതൊരു സംവിധാനവും ആ പാവപ്പെട്ട നെയ്ത്തുകാർക്ക് അവിടെയില്ലായിരുന്നു. കൃത്യസമയത്ത് വിപണിയിൽ എത്തിച്ചില്ലെങ്കിൽ ആ അധ്വാനമെല്ലാം പാഴായിപ്പോകുന്ന അവസ്ഥ.
അർഹമായ വില കണ്ടെത്തുക എന്നത് ആ ജനതയുടെ നിലനിൽപ്പിന്റെ തന്നെ പ്രശ്‌നമായി മാറിയ ആ ഘട്ടത്തിലാണ് 'നർമ്മദാ ബച്ചാവോ ആന്ദോളൻ' പ്രവർത്തകർ അവർക്ക് താങ്ങായി എത്തിയത്.

പ്രമുഖ സാമൂഹിക പ്രവർത്തക മേധാ പട്കർ ഈ ഉദ്യമം നേരിട്ട് ഏറ്റെടുത്തു. താൻ പോകുന്ന ഇടങ്ങളിലെല്ലാം ഒരു ഭാണ്ഡക്കെട്ടുപോലെ ഈ സാരികളും അവർ കൂടെക്കരുതി. വലിയ ലാഭമോ പരസ്യങ്ങളോ ലക്ഷ്യം വെക്കാതെ, അവ വിറ്റുകിട്ടുന്ന ഓരോ രൂപയും നേരിട്ട് ആ നെയ്ത്തുകാരുടെ അടുക്കളകളിൽ പുകയുയരാൻ സഹായിക്കണമെന്ന വാശി അവർക്കുണ്ടായിരുന്നു. ആ വലിയ പോരാട്ടത്തിന്റെ ഭാഗമായാണ് മേധാ പട്കർ കേരളത്തിലും എത്തിയത്.
അങ്ങനെ മേധാ പട്കർ കൊണ്ടുവന്ന ആ സാരികളിൽ ചിലത് സി.ആർ. നീലകണ്ഠൻ വഴി 'കണ്ണകി'യിലേക്ക് എത്തിച്ചേർന്നു. ഒരു നിമിത്തം പോലെയാണ് ആ വസ്ത്രങ്ങൾ എന്റെ കൈകളിലെത്തിയത്. ഇവിടെ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്, 'നർമ്മദാ സാരികൾ' എന്നത് വിപണിയിലെ ഒരു ബ്രാൻഡ് നാമമല്ല. മറിച്ച്, മറ്റ് സാധാരണ സാരികളിൽ നിന്ന് ഇവയെ തിരിച്ചറിയാൻ വേണ്ടി നമ്മൾ സ്‌നേഹത്തോടെ നൽകിയ ഒരു പേരു മാത്രമാണത്. ഇതിൽ ഇടനിലക്കാരില്ല, കമ്മീഷനുകളില്ല; നിങ്ങൾ നൽകുന്ന ഓരോ രൂപയും ആ നെയ്ത്തുകാരുടെ ജീവിതത്തിലേക്ക് നേരിട്ടുള്ള സഹായമാണ്.

ആ സാരികൾ ഓരോന്ന് നിവർത്തുമ്പോഴും എനിക്ക് അനുഭവപ്പെട്ടത് വെറുമൊരു തുണിയുടെ തണുപ്പല്ല, മറിച്ച് ഒരു ജനതയുടെ അതിജീവനത്തിനായുള്ള കരുത്താണ്. കണ്ണകി തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇന്ന് 'നർമ്മദാ' സാരികൾ കണ്ണകിയുടെ ഒരു അടയാളമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സാരികളുടെ വിപണനം ഇന്നും ഒരു നിമിത്തം പോലെ തുടരുകയാണ്. വെറുമൊരു കച്ചവടത്തിനപ്പുറം, നെയ്ത്തുകാരോടു ചേർന്നു നിൽക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമായും അഭിമാനകരമായ ഒരു രാഷ്ട്രീയ പ്രവർത്തനമായുമാണ് ഞാൻ കാണുന്നത്. എന്നാൽ ഈ യാത്ര തിരിക്കുമ്പോൾ സാരികൾ മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം.
അമ്മയുടെ വിയോഗത്തിന് ശേഷം ഉള്ളിൽ വല്ലാത്തൊരു ശൂന്യതയായിരുന്നു. സാവധാനം ഒരു വിഷാദത്തിലേക്ക് ഞാൻ വഴുതിവീഴുകയാണോ എന്ന് ഭയപ്പെട്ട നിമിഷങ്ങൾ. അതിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുമ്പോഴൊക്കെ മനസ്സ് വീണ്ടും ആഴങ്ങളിലേക്കുതന്നെ ആണ്ടുപോയിക്കൊണ്ടിരുന്നു. പ്രിയപ്പെട്ടവർ വിളിച്ച് പുതിയ സാരികൾ കാണിച്ചുതരാൻ ആവശ്യപ്പെടുമ്പോൾ, അവയൊന്ന് നിവർത്തിപ്പിടിക്കാനുള്ള കരുത്തുപോലുമില്ലാതെ ഞാൻ തളർന്നുപോകുമായിരുന്നു. ബിസിനസിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. കണ്ണകിയിലേക്ക് പോകാൻ തന്നെ ഇഷ്ടമില്ല.

ആ സമയത്താണ് വീട്ടിൽ ഒറ്റയ്ക്കായിപ്പോയ ഒരു സാഹചര്യം വന്നത്. കൂടെയുണ്ടായിരുന്ന ആൾ കൂടി യാത്ര പോയതോടെ ഏകാന്തത എന്നെ വരിഞ്ഞുമുറുക്കി. അമ്മയില്ലാത്ത ഒരൊറ്റ നിമിഷം പോലും ആ വീട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥ. ഈ വീർപ്പുമുട്ടലിൽ നിന്ന് രക്ഷപെടാൻ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന നിമിഷങ്ങളിലാണ്, 'ഒരു യാത്ര പോയാലോ?' എന്ന ചിന്ത മനസ്സിൽ മിന്നിമറഞ്ഞത്. എവിടേക്കെങ്കിലും ഓടിപ്പോകണം... എത്ര ദൂരേക്ക് പോകാമോ അത്രയും ദൂരേക്ക്. ഉള്ളിലെ ഈ ശൂന്യതയെ മറികടക്കാൻ പരിചിതമായ ഇടങ്ങൾ മതിയാവില്ലെന്ന് എനിക്ക് തോന്നി.
എങ്കിൽ ആ യാത്ര നർമ്മദയുടെ തീരങ്ങളിലേക്ക് ആയാലോ. ട്രെയിൻ യാത്രകളോട് എന്നും എനിക്ക് പ്രണയമാണ്. മറ്റൊന്നും ആലോചിച്ചില്ല,

സി.ആറിന് ഒരു സന്ദേശമയച്ചു: 'എനിക്ക് നർമ്മദയിലേക്ക് പോകണം...' 'എന്ന് പോകണം?' മറുപടി ഉടനെത്തി. 'അടുത്ത ആഴ്ച പറ്റുമോ?' 'പതിനഞ്ചാം തീയതി മതിയോ?' 'മതി'. ആ ഒറ്റവാക്കിൽ ഞാൻ എന്റെ യാത്ര ഉറപ്പിച്ചു. നർമ്മദയിലെ സാരികൾ തേടിയുള്ള യാത്ര എന്നതായിരുന്നു പുറമേയ്ക്കുള്ള ഭാവമെങ്കിലും, ഉള്ളിന്റെയുള്ളിൽ അതൊരു തിരച്ചിലായിരുന്നു. അമ്മയില്ലാത്ത ലോകത്ത് തകർന്നുപോയ എന്നെത്തന്നെ എവിടെയോ വെച്ച് കണ്ടുമുട്ടാനുള്ള ഒരു ശ്രമം. നഷ്ടപ്പെട്ടുപോയ ജീവിതത്തിന്റെ താളം വീണ്ടെടുക്കാനും, മനസ്സിനെ ഒന്ന് ശാന്തമാക്കാനുമുള്ള ഒരു പോക്ക്.
സി.ആറിന് ഭോപ്പാലിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. യാത്ര തീരുമാനിച്ച അന്നുതന്നെ ഞാൻ ഉഷക്കുട്ടിയോട് വിവരം പറഞ്ഞു. അമ്മയുടെ ചേച്ചിയുടെ മകളാണ് ഉഷക്കുട്ടി, തിരുവനന്തപുരത്ത് ടൗൺ പ്ലാനർ ആയിരുന്ന ഉഷക്കുട്ടിയും ഞാനും ഒരുമിച്ച് കളിച്ച് വളർന്നവരാണ്. സി.ആറിനെ വിളിച്ച് ഒരാളെ കൂടി യാത്രയിൽ കൂട്ടാമോ എന്ന് ഞാൻ ചോദിച്ചു. ഭാഗ്യത്തിന് ടിക്കറ്റ് റെഡിയായതോടെ ഞങ്ങൾ രണ്ടുപേരും വലിയ സന്തോഷത്തിലായി.

സി.ആറിനൊപ്പം വിജയരാഘവൻ മാഷ്, ജോൺ പെരുവന്താനം, ലൈലാ റഷീദ്, ശരത്, ചിഞ്ചു എന്നിവരായിരുന്നു മറ്റ് സഹയാത്രികർ. യാത്രയിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ആർക്കും ആശങ്കപ്പെടേണ്ടി വന്നില്ല. ഓരോ നേരവും എല്ലാവർക്കും ഭക്ഷണം വിളമ്പുന്നതിലും കരുതലോടെ നോക്കുന്നതിലും ലൈല പ്രത്യേകം ശ്രദ്ധിച്ചു. ശരത്തിന്റെ കവിതകളും പാട്ടുകളും യാത്രയ്ക്ക് സംഗീതാത്മകമായ ഭാവം നൽകി.
രണ്ടു പകലും രാത്രിയും നീണ്ടുനിന്ന ഗൗരവമേറിയ ചർച്ചകളാണ് ഈ യാത്രയെ വ്യത്യസ്തമാക്കിയത്. സി.ആറിന്റെയും വിജയരാഘവൻ മാഷിന്റെയും കൂടെയുള്ള ആ യാത്ര എനിക്കൊരു വലിയ അനുഭവം തന്നെയായിരുന്നു. വിജയരാഘവൻ മാഷിന്റെ വാക്കുകളിലെ സമാധാനം എന്നെ അത്ഭുതപ്പെടുത്തി. സോവിയറ്റ് യൂണിയനും വിപ്ലവ സാഹിത്യവും മുതൽ ഗാന്ധിജിയും നെഹ്റുവും വരെ ആ തീവണ്ടിമുറിയിൽ ചർച്ചയായി. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ സജീവ പ്രവർത്തകനായ ജോൺ ഏട്ടന്റെ കാഴ്ചപ്പാടുകളും തമാശകളും യാത്രയെ സജീവമാക്കി. മൂന്നാം ദിവസം പുലർച്ചെ ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങുമ്പോൾ നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളൂ...

(തുടരും...)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi