വ്യക്തിപരമായ പരാമര്‍ശങ്ങള്‍ കഴിയുന്നതും ഒഴിവാക്കിക്കൊണ്ടാണ് 'സാരിത്തിരമാലകള്‍' എഴുതാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ചില മനുഷ്യരെ പരാമര്‍ശിക്കാതെ ഈ ലേഖനത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഈ യാത്രയ്ക്ക് വഴികാട്ടിയായവരും എപ്പോഴും കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ളവരുമായ മനുഷ്യരുണ്ട്.

To advertise here,

തെലങ്കാനയിലെ പോച്ചംപള്ളിയില്‍ സാരികള്‍ക്കായി ആദ്യം പോയത് വെറുമൊരു കൗതുകത്തിന്റെയും ആകാംക്ഷയുടെയും പുറത്തായിരുന്നു. അന്ന് കടകളില്‍ പോകാനും കുറച്ച് സാരികള്‍ വാങ്ങി മടങ്ങാനും മാത്രമേ കഴിഞ്ഞുള്ളൂ. എന്നാല്‍, പിന്നീട് കണ്ണകിക്ക് വേണ്ടി സാരികള്‍ എടുക്കാന്‍ പോയപ്പോള്‍ ഗ്രാമങ്ങളിലേക്ക് കടന്നുചെല്ലാനും പോച്ചംപള്ളി ഇക്കത്ത് സാരികളെക്കുറിച്ചും നെയ്ത്തിനെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കണമെന്നും ആഗ്രഹിച്ചു.

തെലങ്കാനയിലെയോ ഒഡീഷയിലെയോ നെയ്ത്തുഗ്രാമങ്ങളിലേക്ക് ഒരാള്‍ക്ക് വെറുതെ ചെന്നുകയറാന്‍ സാധിക്കില്ല. ആ നാട്ടിലെ മനുഷ്യര്‍ തന്നെ അതിന് സഹായിക്കണം. അവരുടെ ഭാഷ അറിയണം. അവരുടെ ജീവിതം അറിയുന്ന, അവര്‍ക്ക് വിശ്വാസമുള്ളതുമായ ആള്‍ക്കാരെ മാത്രമേ ഗ്രാമങ്ങള്‍ സ്വീകരിക്കുകയുള്ളൂ.

അങ്ങനെയൊരാളെക്കുറിച്ച് പറയുമ്പോള്‍, അശോക് ഓംകാര്‍ എന്ന പേര് ഒഴിവാക്കാനാവില്ല. തെലങ്കാന സമരത്തില്‍ പ്രധാന പങ്കുവഹിച്ച വിപ്ലവ നേതാവായ ഓംകാറിന്റെ മകനാണ് അദ്ദേഹം. എം.സി.പി.യുടെ സ്റ്റേറ്റ് സെക്രട്ടറിയായ സഖാവ് അശോക് ഓംകാര്‍. ഏതു സമയത്തും റാലികളും സുപ്രധാന മീറ്റിങ്ങുകളും നിരന്തര യാത്രകളും ഒക്കെയായി തിരക്കിലാണ് അദ്ദേഹം. ഈ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി നെയ്ത്തു ഗ്രാമങ്ങളിലേക്ക് എത്തുന്നു. എന്നാല്‍, ഒപ്പമുള്ളപ്പോഴൊരിക്കലും അദ്ദേഹത്തില്‍ തിരക്കിന്റെ യാതൊരു അസ്വസ്ഥതയും കാണാന്‍ സാധിച്ചിരുന്നില്ല. സൗമ്യമായ മറുപടി നല്‍കുന്ന നിരന്തരമുള്ള ഫോണ്‍വിളികള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ തിരക്കിന്റെ ഏക സൂചന. സാധാരണ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതിലും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന ഒരാള്‍. അതൊക്കെയും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍തന്നെയാണ്. കാരണം, വിപ്ലവത്തിന്റെ അടിസ്ഥാന ഭാഷ സ്നേഹമാണല്ലോ. ജനാധിപത്യം, സമത്വം, ലാളിത്യം, പരസ്പര ബഹുമാനം എന്നിവയിലൂടെയാണ് അത് സമൂഹത്തിലേക്ക് പ്രവഹിക്കേണ്ടതും. സഖാവ്. കെ എസ്. ഹരിഹരന്‍ ആണ് അശോക് ഓംകാറിനെ പരിചയപ്പെടുത്തിയത്.

ഇന്ത്യന്‍ തുണിത്തരങ്ങളുടെ ചരിത്രം

ഇന്ത്യയിലേക്ക് ഇംഗ്ലീഷുകാരെ ആകര്‍ഷിച്ച പ്രധാന ഘടകങ്ങളില്‍ ഒന്ന് നമ്മുടെ പരുത്തി, പട്ടുതുണികള്‍ ആയിരുന്നു. കമ്പിളിയേക്കാള്‍ ഭാരം കുറഞ്ഞതും വില കുറഞ്ഞതും എളുപ്പത്തില്‍ വൃത്തിയാക്കാവുന്നതുമായിരുന്നു പരുത്തിത്തുണികള്‍.

ഒരു കാലത്ത് ആഗോള തുണി വ്യാപാരത്തില്‍ ഭാരതത്തിന് വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍, കാലക്രമേണ ഇംഗ്ലീഷുകാര്‍ പരുത്തിത്തുണികളെക്കുറിച്ച് പഠിക്കുകയും എല്ലാം തകിടം മറിക്കുകയും ചെയ്തു. ഇത് നമ്മുടെ നെയ്ത്തുകാരുടെ ജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തി.

സാരിക്കച്ചവടം തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ചെയ്തത് തെലങ്കാനയ്ക്ക് വണ്ടി കയറുക എന്നതാണ്. ആന്ധ്രയിലെയും ഒഡീഷയിലെയും നെയ്ത്തു ഗ്രാമങ്ങളില്‍ പോകണം, അവരോടൊപ്പം ഇരിക്കണം, അവരില്‍ നിന്ന് നേരിട്ട് തുണികള്‍ വാങ്ങണം എന്നതൊക്കെയായിരുന്നു മനസ്സിലെ അടങ്ങാത്ത ആഗ്രഹം. എല്ലാ സ്വപ്നങ്ങളും നടന്നില്ലെങ്കിലും ചിലതെങ്കിലും യാഥാര്‍ഥ്യമാകാതിരിക്കില്ലല്ലോ. ഓരോ തുണികളും അതിന്റെ തട്ടകത്തില്‍, നെയ്തെടുക്കുന്നവരുടെ കൈകളില്‍ നിന്നു നേരിട്ട് വാങ്ങണം എന്ന തീവ്രമായ ആഗ്രഹം കൊണ്ടാണ് സാരിക്കച്ചവടം തുടങ്ങിയപ്പോള്‍ത്തന്നെ പോച്ചംപള്ളിക്ക് വണ്ടി കയറാന്‍ തീരുമാനിച്ചത്. മുമ്പ് അവിടെ പോയതിന്റെ അനുഭവവും പരിചയവും ഈ യാത്രയ്ക്ക് എനിക്ക് കരുത്തു പകര്‍ന്നു. കൂടാതെ, എന്റെ പ്രിയപ്പെട്ട അമ്മു അവിടെയുണ്ടല്ലോ. പോച്ചംപള്ളി ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സഖാവ് അശോക് ഓംകാറിന്റെ സഹായവും ഉണ്ടാകും.

ഇനി പോച്ചംപള്ളി ഇക്കത്ത് സാരികളെക്കുറിച്ച് പറയാം. എന്താണ് ഇക്കത്ത്? ഇക്കത്ത് എന്ന പദം ഇന്ത്യന്‍ ഭാഷകളിലൊന്നും കേട്ട് പരിചയമില്ല. മലായ് ഭാഷയിലെ 'മെങ്കിക്കത്ത്' (mengikat) എന്ന വാക്കില്‍ നിന്നാണ് 'ഇക്കത്ത്' (ikat) രൂപംകൊണ്ടത്. 'കെട്ടുക' അല്ലെങ്കില്‍ 'മടക്കുക' എന്നാണ് ഈ വാക്കിനര്‍ത്ഥം. ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്ഭവിച്ച, നീണ്ട ചരിത്രമുള്ള ഒരു പരമ്പരാഗത കരകൗശലവിദ്യയാണിത്. പല സംസ്‌കാരങ്ങളിലും മതപരവും ആചാരപരവുമായ ആവശ്യങ്ങള്‍ക്കായി ഇക്കത്ത് ഉപയോഗിച്ചു വരുന്നു.

ഇന്ത്യയിലെ ഇക്കത്തിന്റെ യാത്ര ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. എ.ഡി. മൂന്നാം നൂറ്റാണ്ടിലെ ബുദ്ധമത ഗ്രന്ഥമായ 'ലളിതവിസ്തര സൂത്ര'ത്തിലും 'വിചിത്ര പടോളക'യിലും ഇക്കത്തിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള അജന്താ ഗുഹകളിലെ ചുവര്‍ച്ചിത്രങ്ങള്‍ പോലും ഈ കരകൗശലത്തെക്കുറിച്ചുള്ള ആദ്യകാല സൂചനകള്‍ നല്‍കുന്നു.

ഇക്കത്തിന്റെ പ്രത്യേകതകളും കേന്ദ്രങ്ങളും

ഏറ്റവും സങ്കീര്‍ണ്ണവും വിപുലവുമായ നെയ്ത്തു രീതികളില്‍ ഒന്നാണ് ഇക്കത്ത് കല. ഏറ്റവും മികച്ച കലാ പ്രിന്റുകള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള ഇതിന് വലിയ വൈദഗ്ധ്യവും കഠിനാധ്വാനവും ആവശ്യമാണ്. ഇക്കത്ത് പ്രധാനമായും തെലങ്കാനയിലെ പോച്ചംപള്ളിയിലും ഒഡീഷയിലും ഗുജറാത്തിലെ പഠാണ്‍ മേഖലയിലുമാണ് നിലനില്‍ക്കുന്നത്. എന്നാല്‍, ഇതെല്ലാം വ്യത്യസ്തമായ തുണികളാണെന്ന് പിന്നീട് അനുഭവങ്ങളും യാത്രകളും എന്നെ മനസ്സിലാക്കിത്തന്നു.

ഗുജറാത്തിലെ പഠാണ്‍ മേഖല പട്ടോള ഇക്കത്തുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒഡീഷയിലെ സംബാല്‍പൂര്‍ മേഖല ഇന്ത്യന്‍ ഇക്കത്ത് നെയ്ത്തിന്റെ ഹൃദയമായി കണക്കാക്കപ്പെടുന്നു. തെലങ്കാനയിലെ പോച്ചംപള്ളിയുമായി മാത്രം ചേര്‍ത്താണ് അന്നുവരെ ഞാന്‍ ഇക്കത്തിനെക്കുറിച്ച് കേട്ടിരുന്നത്. എന്തുകൊണ്ട് ഇത്ര വില?

'ഇത്രയേറെ വിലകൂടിയ സാരികള്‍ വാങ്ങിയാല്‍ വിറ്റഴിക്കാന്‍ കഴിയുമോ?' എന്ന വലിയ ആശങ്കയിലാണ് സത്യത്തില്‍ പോച്ചംപള്ളിയില്‍ നിന്നും സാരികള്‍ വാങ്ങുന്നത്. ബിസിനസ്സ് തുടങ്ങുന്നതേയുള്ളൂ. കയ്യിലുള്ള മുഴുവന്‍ പണവും നല്‍കി അന്ന് അവിടുന്ന് കോട്ടണ്‍ ഇക്കത്ത് സാരികള്‍ വാങ്ങി. നാട്ടില്‍ സാധാരണ ലഭിക്കുന്ന നാലോ അഞ്ചോ കോട്ടണ്‍ സാരികളുടെ വിലയുണ്ട് ഒരൊറ്റ കോട്ടണ്‍ ഇക്കത്ത് സാരിക്ക്! എന്തായാലും പോച്ചംപള്ളിയില്‍ വന്നതല്ലേ, ഒരു സില്‍ക്ക് സാരി എങ്കിലും വാങ്ങാതെ മടങ്ങുന്നത് എങ്ങനെ? കോട്ടണ്‍ സാരികള്‍ കൂടാതെ, രണ്ട് സില്‍ക്ക് സാരികള്‍ കൂടി സ്വന്തമാക്കി. ഒരു പോച്ചംപള്ളി ഇക്കത്ത് സില്‍ക്ക് സാരിക്ക് നാല് കോട്ടണ്‍ ഇക്കത്ത് സാരികളുടെ വിലയുണ്ട്. അതിലെ ജരി(zari)വര്‍ക്ക് അത്രയേറെ പൂര്‍ണ്ണതയോടെയാണ് ചെയ്തിരിക്കുന്നത്. വെള്ളിയും സ്വര്‍ണവും പൂശിയ കസവാണ് പോച്ചംപള്ളി സില്‍ക്ക് സാരികളുടെ പ്രത്യേകത.

ഇക്കത്ത് തുണികള്‍ക്ക് ഇത്രയേറെ വില വരാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: നൂലിന്റെ വിലയും അതിന്റെ പിന്നിലുള്ള കഠിനാധ്വാനവും. ഉദാഹരണത്തിന്, ഒരു കിലോഗ്രാം പട്ടുനൂലിന് ഏകദേശം 1800 രൂപയാണ് വില. തുണികളില്‍ ചായം ചേര്‍ക്കല്‍, പൂര്‍ണ്ണമായും കൈകൊണ്ട് നെയ്യല്‍ എന്നിവയ്ക്ക് അതീവ വൈദഗ്ധ്യവും വലിയ അധ്വാനവും ആവശ്യമാണ്. ഈ കലയില്‍ വിദഗ്ദ്ധരായവര്‍ക്ക് മാത്രമേ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ.

ഈ സാരികള്‍ വലിയ തോതിലുള്ള ഉത്പാദനത്തിന് (Large Scale Production) പറ്റിയവയല്ല. ഓരോ സാരിയും വളരെ കൃത്യതയോടെ മാത്രമേ നെയ്തെടുക്കാന്‍ സാധിക്കൂ. ഓരോ സാരിക്കും അതിന്റെ ഡിസൈന്‍ അനുസരിച്ച്, ഊടും പാവും തരംതിരിച്ച്, കൃത്യമായി നൂലുകള്‍ തറിയില്‍ വിരിക്കണം. ഓരോ നൂലിലും, ഓരോ ഡിസൈന്‍ അനുസരിച്ചും, ഓരോ അളവിലാണ് നിറം നല്‍കുന്നത്. ബോഡിയുടെ അളവില്‍ നല്‍കുന്ന നിറമായിരിക്കില്ല ബോര്‍ഡറിന്; പല്ലു (Pallu) തികച്ചും വ്യത്യസ്തമായിരിക്കും. ഡിസൈനുകള്‍ക്ക് അനുസരിച്ച് അളവ് കണക്കാക്കി ചായങ്ങള്‍ നൂലില്‍ പിടിപ്പിക്കുന്നു. വീണ്ടും ഡിസൈനുകള്‍ വരേണ്ട അളവ് കണക്കാക്കി ഊടും പാവുമായി നൂലുകള്‍ തറയില്‍ ചുറ്റുന്നു.

ഇക്കത്തുകള്‍ എങ്ങനെ തിരിച്ചറിയാം?

ഇക്കത്ത് സാരികള്‍ തിരിച്ചറിയാന്‍ ഒരു എളുപ്പവഴിയുണ്ട്: യഥാര്‍ഥ ഇക്കത്ത് സാരികള്‍ക്ക് രണ്ടു ഭാഗത്തും ഒരുപോലെ പ്രിന്റ് ഉണ്ടായിരിക്കും. ഒരു ഭാഗത്ത് മാത്രമാണ് ഡിസൈനുകള്‍ കാണുന്നതെങ്കില്‍, അത് ഒറിജിനല്‍ ഇക്കത്ത് സാരി ആയിരിക്കില്ല എന്ന് ഉറപ്പിക്കാം. പ്രധാനമായും രണ്ട് തരം ഇക്കത്തുകളാണുള്ളത്: സിംഗിള്‍ ഇക്കത്തും, ഡബിള്‍ ഇക്കത്തും.

സിംഗിള്‍ ഇക്കത്ത് (Single Ikat): നമ്മള്‍ സാധാരണയായി കണ്ടുവരുന്ന രീതിയാണിത്. സിംഗിള്‍ ഇക്കത്തില്‍, ഏതെങ്കിലും ഒരു കൂട്ടം നൂലുകള്‍ക്ക് മാത്രമാണ് ഡൈ ചെയ്യുന്നത്. അതായത്, പാവ് നൂലുകള്‍ക്കോ (Warp) ഊട് നൂലുകള്‍ക്കോ (Weft) മാത്രമായിരിക്കും നിറം നല്‍കുന്നത്.

ഡബിള്‍ ഇക്കത്ത് (Double Ikat): സിംഗിള്‍ ഇക്കത്തിനെക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ് ഡബിള്‍ ഇക്കത്ത്. ഡബിള്‍ ഇക്കത്തില്‍, പാവ് നൂലുകളും ഊട് നൂലുകളും ഒരേസമയം ഡൈ ചെയ്യുന്നു. ഡബിള്‍ ഇക്കത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം ഗുജറാത്തിലെ പട്ടോള സാരികളാണ്. ഡബിള്‍ ഇക്കത്ത് സാരികള്‍ ചെയ്യുന്നതിനായി നൂലുകളില്‍ ഡൈ ചെയ്യുന്നതും, അവ ഉപയോഗിക്കുന്ന രീതിയും, ഡിസൈനും, നെയ്ത്തും സിംഗിള്‍ ഇക്കത്തിനെക്കാള്‍ കൂടുതല്‍ സമയവും സങ്കീര്‍ണ്ണതയും ആവശ്യപ്പെടുന്ന പ്രക്രിയയാണ്.

നെയ്ത്തുകാരുടെ ദുരിതവും കലയുടെ നിലനില്‍പ്പും

ഇത്രയും മഹത്തായ കല ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവരുടെ അധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലമോ അംഗീകാരമോ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ, പുതിയ തലമുറ ഈ പൈതൃകത്തൊഴിലില്‍ യാതൊരു താല്പര്യവും കാണിക്കുന്നില്ല. ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യരില്‍ അധികവും കടുത്ത ദാരിദ്ര്യത്തിലാണ്. ഈ തൊഴിലിന് പ്രായപരിധിയോ സമയപരിധിയോ ഇല്ല; എങ്കിലും കൃത്യതയും അതീവ വൈദഗ്ധ്യവും ആവശ്യമുള്ള ഒരു കലയാണ് ഇക്കത്ത് സാരി നിര്‍മ്മാണം. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഈ തൊഴിലുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോഴും ഒരു സാരി നെയ്തു വരുമ്പോള്‍ കുടുംബത്തിന് ഒന്നായി ലഭിക്കുന്ന വരുമാനം തുച്ഛമാണ്.

ഒരു കാലത്ത് ഗ്രാമത്തിലെ മുഴുവന്‍ തലമുറയും ഉപജീവനം നടത്തിയിരുന്നത് ഈ കലയിലൂടെയായിരുന്നു. പക്ഷേ, നിത്യദാരിദ്ര്യത്തിലും കഠിനാധ്വാനത്തിലും തന്നെയാണ് അവര്‍ ഇന്നും കഴിയുന്നത്. ഇന്ത്യയുടെ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ ഈ കരകൗശല മേഖല ഇന്ന് നാശത്തിന്റെ വക്കിലാണ്. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ക്ക് പുറമെ, പവര്‍ലൂമില്‍ നിന്ന് വരുന്ന തുണിത്തരങ്ങളുമായുള്ള മത്സരം, വിപണന സൗകര്യങ്ങളുടെ കുറവ് എന്നിവയും ഈ മേഖലയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഉദാഹരണമായി, ഒരു സാധാരണ കോട്ടണ്‍ ഇക്കത്ത് സാരിക്ക് 2000 മുതല്‍ 3000 രൂപ വരെ വില വരും. ഉയര്‍ന്ന വില കാരണം ഒന്നോ രണ്ടോ സാരികളില്‍ കൂടുതല്‍ ആരും വാങ്ങാന്‍ മടിക്കുന്നു.

ഇക്കത്ത് നെയ്ത്ത് മേഖലയിലെ ഈ പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍, നൂറ്റാണ്ടുകളായി കൈമാറി വരുന്ന നമ്മുടെ ഈ അതുല്യമായ കരവിരുത് എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് നമ്മള്‍ ഓരോരുത്തരും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എങ്ങനെയൊക്കെ സാധിക്കുമെന്നും, ഈ നെയ്ത്തുകാരുടെ ജീവിതത്തില്‍ എങ്ങനെ വെളിച്ചം കൊണ്ടുവരാമെന്നും ആലോചിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi