ഭൂപടത്തിൽ വിയറ്റ്നാമിനെയൊന്നു സൂക്ഷിച്ചുനോക്കിക്കേ!. ഒരു കടൽക്കുതിരയോട് രൂപസാദൃശ്യമില്ലേ? ചൈനയോടും ലാവോസിനോടും കംബോഡിയയോടും പറ്റിച്ചേർന്നുറങ്ങുന്ന കൊച്ചുരാജ്യം. എന്നുകരുതി തീരെ കുഞ്ഞനൊന്നുമല്ല. ജനസംഖ്യ 10 കോടിക്കു മുകളിൽ വരും. കേരളം പോലെത്തന്നെ ഒരുഭാഗം മുഴുവൻ കടലാണ്. വിയറ്റ്‌നാമിന്റെ കറൻസിയായ ഡോങ്ങിന് രൂപയേക്കാൾ മൂല്യം കുറവാണ്. എന്നാൽ, ഇതുമാത്രമല്ല ഇന്ത്യക്കാരടക്കമുള്ള സഞ്ചാരികളെ ആകർഷിക്കുന്നത്. കാരണം, മറ്റെങ്ങും കാണാനാവാത്ത പ്രകൃതിഭംഗിയാണ് വിയറ്റ്‌നാമിന്. വൈവിധ്യമാർന്ന ജീവിതങ്ങൾ, കല, കച്ചവടങ്ങൾ, തെരുവുകൾ, സ്വാതന്ത്രസമരത്തിന്റെ അവശേഷിക്കുന്ന ചോരപ്പാടുകൾ...അങ്ങനെയങ്ങനെ സഞ്ചാരികൾ കണ്ടുതീർക്കാൻ കാഴ്ചകളേറെ.

To advertise here,

വിയറ്റ്നാമിന്റെ വിലാസം

തലസ്ഥാനമായ ഹാനോയിലെ ഹോട്ടലിലായിരുന്നു താമസം. ആദ്യ യാത്രതന്നെ വിയറ്റ്നാമിന്റെ അഭിമാനമായ 'ഹാലോങ് ബേ' എന്ന പ്രകൃതിസുന്ദരിയുടെ അടുത്തേക്കായിരുന്നു. വിയറ്റ്നാം എന്ന് ഗൂഗിളിനോട് പറഞ്ഞാൽ ആദ്യം കാണിച്ചുതരുന്ന ചിത്രങ്ങളിലൊന്ന് ഇതാവും. വിയറ്റ്നാമിന്റെ വിലാസംതന്നെയാണ് ഹലോങ് ബേ. ഹനോയിൽനിന്ന് 160 കിലോമീറ്റർ ദൂരമുണ്ട്. 1,500 കിലോമീറ്റർ സ്‌ക്വയറിൽ വ്യാപിച്ചുകിടക്കുന്ന കായലിൽ നിന്ന് തല പൊക്കിനോക്കുന്ന പടുകൂറ്റൻ ചുണ്ണാമ്പുകല്ലുമലകൾ. അവയ്ക്കു മുകളിൽ കൊച്ചുവനങ്ങൾ. പല ബോളിവുഡ് സിനിമകളുടേയും മനോഹര രംഗങ്ങൾ ഇവിടെ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്. ചെറു ആഡംബരക്കപ്പലുകളും വിനോദസഞ്ചാര ബോട്ടുകളുമെല്ലാം സർവീസ് നടത്തുന്നുണ്ട്. കായൽകാറ്റേറ്റ് ചുണ്ണാമ്പുമലകൾ ചുറ്റിയുള്ള യാത്ര ഏറെ രസകരമാണ്. ഓരോ മലകൾക്കും ഓരോ പേരുണ്ട്. അവയ്ക്കുള്ളിൽ അതിവിശാലമായ വിടവുകളും ഗുഹകളും. ഇതെല്ലാം യുനസ്‌കോ സംരക്ഷിത പട്ടികയിലാക്കിക്കഴിഞ്ഞു.

ഗുഹകൾ എന്നാൽ ചെറുതാണെന്ന് കരുതരുത്. ഉള്ളിലേക്ക് കടന്നാൽ വലിയൊരു ലോകമാണ്. പതിനായിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് രൂപം കൊണ്ട മലകൾക്കടിയിൽ സ്വാഭാവികമായി രൂപപ്പെട്ട വിള്ളലുകളാണിവ. വൻമലകളുടെ വേരിലാണ് നാമുള്ളതെന്ന് തോന്നുകയേയില്ല. ഉള്ളിൽ നല്ല തണുപ്പാണ്. ചിലയിടത്ത് മുകളിൽ നിന്ന് വെള്ളം ഇറ്റിറ്റുവീഴും. മലയുടെ അടിയിലെന്ന പോലെ ശിഖരങ്ങളും ഏറെ അതിശയങ്ങൾ ഒളിപ്പിച്ചുവെക്കുന്നു. അതുകാണാൻ 400 പടവുകൾ കയറി മുകളിലെത്തി. അവിടെയെത്തിയാലുള്ള കാഴ്ചകൾ വിവരിക്കാനാവില്ല. യാത്രക്കിടയിൽ ബോട്ടിൽ വിഭവസമൃദ്ധമായ ഭക്ഷണവുമുണ്ട്. പുഴയിൽ നിന്ന് പിടിക്കുന്ന വലിയ മീൻ മുഴുവനായി പൊരിച്ചുവെച്ചിരിക്കുന്നു. പിന്നെ കൂന്തൾ ഫ്രൈ, ചെമ്മീൻ പൊരിച്ചത്, ചിക്കൻ ചതുരക്കഷ്ണമായി മുറിച്ചു വറുത്തത്, ചിക്കൻ റോൾ, കടുക്ക തൊണ്ടോടെ പുഴുങ്ങിയത്...

വിസ്മയത്തുമ്പത്ത്

അടുത്തദിവസത്തെ യാത്ര 'നിൻ ബിങ്ങി'ലേക്കാണ്. ഹാനോയിൽ നിന്ന് 120 കിലോമീറ്റർ ദൂരമുണ്ട്. ട്രാവലറാണ് വാഹനം. വിവിധ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾ വാഹനത്തിലുണ്ടായിരുന്നു. ആദ്യം പോയത് വിയറ്റ്നാമിലെ ആദ്യ രാജവംശമായ ലിങ് തിങ്ഹ്വായുടെ സാമ്രാജ്യം സ്ഥിതിചെയ്തിരുന്ന 'ഹൊആലു' (hoa lu) എന്ന സ്ഥലത്തേക്ക് പോയി. പുരാതന വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്നു ഇത്. രാജവംശങ്ങളുടെ ആരാധനാലയങ്ങളായ പഗോഡകൾ ഇവിടെക്കാണാൻ കഴിയും. നിൻ ബിങ്ങിലെ പ്രധാന കാഴ്ചകളിലൊന്നാണ് 'ട്രാങ് ആൻ'. 12,252 ഹെക്ടർ വിസ്തീർണമുള്ള കായലാണത്.

ചെറുതോണിയിൽ കായലിലൂടെ അങ്ങനെ യാത്രചെയ്യാം. അതിനിടയിൽ കാണുന്ന വൻമലകളുടെ അടിയിലെ തുരങ്കത്തിലൂടെ തുഴഞ്ഞുപോകാം. പാറകൾക്കടിയിലൂടെ തോണിതുഴയാൻ പ്രത്യേക വൈദഗ്ധ്യം വേണം. ഒന്നുപാളിയാൽ യാത്രക്കാരുടെ തല മുകളിലെ തൂങ്ങിക്കിടക്കുന്ന പാറത്തുമ്പുകളിൽ തട്ടി മുറിയും. തലമുട്ടാൻ സാധ്യതയുള്ളിടത്തെത്തുമ്പോൾ തോണിക്കാരൻ ഓ..ഓ.. എന്ന് ശബ്ദമുണ്ടാക്കും. അപ്പോൾ എല്ലാവരും കുനിഞ്ഞിരിക്കും.

ഡ്രാഗൺമലമുകളിൽ

ഇനിയാണ് ആകാശവിസ്മയം. ആകാശത്തുനിന്ന് ഭൂമിയെ നോക്കുന്നപോലൊരു കാഴ്ച. പക്ഷേ, അതനുഭവിക്കാൻ കുറച്ച് കഷ്ടപ്പെടണം. ഒരു വൻമലക്കുമുകളിൽ നീളത്തിലൊരു ഡ്രാഗൺ നിർമിച്ചിട്ടുണ്ട്. അതിന്റെ തുഞ്ചത്തെത്തണം. 500 പടവുകൾ കയറി വിയർത്തൊലിച്ച് അവിടെയെത്തി. അതിന് മുകളിൽ നിന്നുള്ള കാഴ്ച വല്ലാത്തൊരു അനുഭവമാണ്. താഴെ നിൻബിങ്ങിലെ കൂറ്റൻമലകൾ ചെറുകുന്നുകളായി അനുഭവപ്പെടും. എല്ലാ ക്ഷീണത്തേയും പറത്തിവിടുന്ന കാറ്റുണ്ട് ഈ വിസ്മയത്തുമ്പത്ത്. മെല്ലെ പടവുകളിറങ്ങി. മനസ്സുനിറയുന്ന അനുഭവമാണ് മലകയറ്റം സഞ്ചാരികൾക്ക് നൽകുക.

തലസ്ഥാനത്തിലൂടെ ബൈക്കിൽ

ഹനോയിൽ കുറെ കാഴ്ചകളുണ്ട്. ഓരോ ട്രിപ്പിനും ടൂർ ഓപ്പറേറ്റർമാർ വലിയ പണം ഈടാക്കിയേക്കും. പരമാവധി പത്ത് കിലോമീറ്റർ പരിധിക്കുള്ളിലാണ് ഈ കാഴ്ചകളെല്ലാം. അതിനായി ഒരാളിൽനിന്നും 75 ഡോളർ വരെ വാങ്ങുന്നു. അതുകൊണ്ടുതന്നെ മറ്റൊരു വഴി തേടി. ഹോട്ടലിൽ സംസാരിച്ച് ഒരു വാടക ബൈക്ക് സംഘടിപ്പിച്ചു. 24 മണിക്കൂറത്തേക്കാണ് ടൂ വീലർ വാടകയ്‌ക്കെടുത്തത്. മുഴുടാങ്ക് പെട്രോളടക്കം 875 ഇന്ത്യൻ റുപ്പി മാത്രമേ വരൂ. ബൈക്കാണോ സ്‌കൂട്ടറാണോ എന്നറിയാത്ത ഒരു സാധനം. ഗിയറുണ്ടെങ്കിലും ക്ലച്ചില്ല. വലതുവശത്തുകൂടിയാണ് വാഹനങ്ങൾ പോകേണ്ടത്. അതൊരു വലിയ പരീക്ഷണമായിരുന്നു. ശീലം കൊണ്ട് നമ്മൾ അറിയാതെ റോഡിന്റെ ഇടതുഭാഗത്തേക്ക് പോകും. എതിരെ വാഹനങ്ങൾ വരുമ്പോഴാണ് നമ്മൾ നിയമം തെറ്റിച്ചത് ഓർമവരിക.

ഹോചിമിന്റെ സ്മാരകത്തിൽ

ഇന്ത്യയിൽ കമ്യൂണിസം വിജയിക്കാത്തതിനെ പറ്റി ഒരിക്കൽ തന്നെ സന്ദർശിച്ച കെ. ദാമോദരനടക്കമുള്ള ഇന്ത്യൻ കമ്യൂണിസ്റ്റ് സംഘത്തോട് ഹോചിമിൻ ഇങ്ങനെ പറഞ്ഞത്രെ ''നിങ്ങൾക്ക് ഒരു ഗാന്ധിയുണ്ട്. ആ ഗാന്ധിയെ മനസ്സിലാക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു. ഇവിടെ ഞാനാണ് ഗാന്ധി'' പത്രപ്രവർത്തകനായ താരിഖ് അലി കെ. ദാമോദരനുമായി നടത്തിയ അഭിമുഖത്തിൽ ദാമോദരൻ ഇക്കാര്യം ഓർമിക്കുന്നുണ്ട്. ഹോചിമിന്റെ മൃതദേഹം സൂക്ഷിച്ച ഹോചിമിൻ മുസോളിയത്തിലാണ് ആദ്യമെത്തിയത്. തന്റെ മരണശേഷം മൃതദേഹം കത്തിച്ച് രാജ്യത്തിന്റെ മൂന്നു മേഖലകളിൽ വിതറണമെന്നാണ് ഹോചിമിൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ, പാർട്ടി മറ്റൊരു തീരുമാനമാണെടുത്തത്. അദ്ദേഹത്തിന്റെ മൃതദേഹം എംബാം ചെയ്ത് വരുംതലമുറക്കുകൂടി കാണാനാവുന്നതരത്തിൽ ഈ മുസോളിയത്തിൽ സൂക്ഷിച്ചു.

1973-ൽ പണിതുടങ്ങി 1975-ൽ ഉദ്ഘാടനം ചെയ്തതാണ് ഈ സ്മാരകം. ഉള്ളിലെ മാർബിൾ വിരിച്ച ഹാളിനുള്ളിൽ ഒരു ഗ്ലാസ് പെട്ടിയിലാക്കിയാണ് ഹോചിമിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പ്രസിഡന്റായിരുന്ന ഹോചിമിൻ അതിഥികളെ സ്വീകരിക്കാനും ചർച്ചകൾ നടത്താനുമായി ഉപയോഗിച്ചിരുന്ന പ്രസിഡൻഷ്യൽ പാലസിലേക്കാണ് പിന്നീട് പോയത്. അദ്ദേഹം കിടന്നിരുന്ന മുറികൾ, കസേരകൾ, യുദ്ധസമയത്ത് ഉപയോഗിച്ച ഇരുമ്പു ഹെൽമറ്റ് തുടങ്ങിയവയെല്ലാം ഈ കൊട്ടാരത്തിൽ കാണാം.

നടുങ്ങുന്ന തടവറക്കാഴ്ചകൾ

ഇനി കാണാനുള്ളത് ചരിത്രത്തിലേക്ക് തുറന്നുവെച്ച ഒരു ജയിലാണ്. 'ഹൊആ ലൊ' എന്ന, വിയറ്റ്നാമിന്റെ മുൻ തലസ്ഥാനനഗരിയിലാണ് ഈ പൊളിറ്റിക്കൽ ജയിലുള്ളത്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രഞ്ചുകാർ നിർമിച്ചതാണ് ഈ ജയിൽ. രാഷ്ട്രീയത്തടവുകാരേയും സ്വാതന്ത്ര്യസമര പോരാളികളേയും പിന്നീട് റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്കൻ പടയാളികളെയും നിറച്ച ഈ ജയിൽ 'ഭൂമിയിലെ നരകം' എന്നറിയപ്പെട്ടു. ഇവിടത്തെ ഇരുണ്ട അറകൾക്കുള്ളിൽ ഒട്ടേറേ ജീവിതങ്ങൾ എരിഞ്ഞൊടുങ്ങി. ചൊറിയും ചിരങ്ങും പകർച്ചവ്യാധികളും പടർന്നു. അതിക്രൂരമായ ശിക്ഷാനടപടികൾകൊണ്ട് അവരുടെ നിശ്വാസങ്ങളും നിലവിളികളുമെല്ലാം പിന്നീട് തേങ്ങലുകളും ഞെരക്കങ്ങളുമായി. വീതികൂടിയ കല്ലുകൾകൊണ്ടു നിർമിച്ച തടവറകളിലെ കുടുസ്സുമുറികളിൽ വെളിച്ചമോ വെള്ളമോ ഭക്ഷണമോ ശുദ്ധവായുവോപോലും കിട്ടാതെ ആയിരക്കണക്കിന് മനുഷ്യജീവനുകൾ നരകിച്ചു. തടവുകാരെ കൂട്ടമായി തറയിൽ കിടത്തി ഒരു കാൽ ഇരുമ്പുപട്ടയ്ക്കുള്ളിൽ കുടുക്കും. തിരിയാനോ മറിയാനോ കഴിയാത്തവിധം അവിടെ കിടക്കണം. ഒരു ചെറുമുറിയിൽ പോലും അമ്പതിൽപ്പരം ആളുകളുണ്ടാവും. ഇവർക്ക് മലമൂത്രവിസർജ്ജനത്തിനായി ഉയർന്ന തറയിൽ കുഴിയുണ്ടാക്കിയിട്ടുണ്ട്. അതിന് താഴെ ഒരു വലിയ ലോഹ ബക്കറ്റുണ്ട്. അതിലാണ് മാലിന്യം വന്ന് നിറയുക. ബക്കറ്റ് നിറഞ്ഞാൽ അത് തടവുകാർ തന്നെ കോരിക്കളയണം. ഇനിയുള്ളത് ഒരു യന്ത്രമാണ്. കൊടുംകുറ്റവാളികളുടെ കഴുത്തുവെട്ടുന്ന യന്ത്രം. രണ്ട് ഇരുമ്പുതൂണുകൾക്ക് നടുവിൽ ഭാരമുള്ള ഇരുമ്പു ബ്ലേഡ് തൂക്കിയിയും. അതിന് താഴെ ഒരു ലോഹപ്പലകയിലെ വലിയ ദ്വാരത്തിലൂടെ കഴുത്ത് പുറത്തേക്കിട്ട് തടവുപുള്ളിയെ പൂട്ടും. പിന്നെ തൂക്കിയിട്ട ബ്ലേഡിന്റെ കെട്ടഴിച്ചുവിടും. അത് താഴെവീഴുന്നതോടൊപ്പം തടവുകാരന്റെ തലയും ഉടലും വെവ്വേറെയാകും. സ്ത്രീകളെയും കുട്ടികളെയും പോലും കടുത്ത ശിക്ഷകളിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല. അത്രത്തോളം ദുരിതപർവങ്ങൾ താണ്ടിയാണ് വിയറ്റ്നാം ജനത ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയത്.

രണ്ടുപേരക്ക, വില 15,000 രൂപ

ഭക്ഷണകാര്യത്തിൽ നിർബന്ധങ്ങളുണ്ടെങ്കിൽ വിയറ്റ്നാമിലെത്തിയാൽ കഷ്ടപ്പെടും. കേരളത്തിലെ രുചികൂട്ടി ഉന്മാദിച്ച നാവുകൾ വിയറ്റ്നാം രുചിയിൽ നിരാശരാവും. എല്ലാത്തരം മത്സ്യ-മാംസ വിഭവങ്ങളുമുണ്ടവിടെ. കമ്പിയിൽ നിർത്തിപ്പൊരിച്ചുവ കണ്ടാൽ വായിൽ വെള്ളവുമൂറും. രുചിച്ചുനോക്കിയാലോ, മനസ്സറിഞ്ഞ് കഴിക്കാനാവില്ല. എരിവും പുളിയുമില്ല, എല്ലാം പൊരിക്കുന്നത് മധുരമുള്ള സോസുപുരട്ടിയാണ്.

ന്യൂഡിൽസാണ് പൊതുവായ ഭക്ഷണം. അതിന്റെ കൂടെയും കാണും പലതരം ഇലകളുടെ ഒരു വലിയ പാത്രം. നമ്മുടെ ന്യൂഡിൽസുമായി രുചിയിൽ ഒരു സാമ്യവുമില്ല. ഒരുലക്ഷം രൂപയാണ് വില. ഇന്ത്യൻ രൂപയിലേക്ക് രൂപാന്തരം നടത്തിയാൽ 345 രൂപ. റോഡരികിലെ ചെറുകടയിൽ നിന്ന് രണ്ട് പേരക്ക വാങ്ങി, വില 15,000 രൂപ!. വഴിയരികിൽ ഒരു വല്യമ്മച്ചി അലുമിനിയച്ചെമ്പിൽ എന്തോ ആവിയിൽ വേവിക്കുന്നുണ്ട്. കൗതുകത്തോടെ പോയിനോക്കി. അത് വിയറ്റ്നാമിലെ മറ്റൊരു വിശേഷവിഭവമാണ്, പേര് ബെങ് പാവു. നമ്മുടെ ഇഡ്ഡലിയുമായി രൂപസാദൃശ്യമുണ്ടെങ്കിലും ഉള്ളിൽ മറ്റു ചിലർകൂടി കാണും. നാളികേരം നിറച്ചതും ചിക്കൻ നിറച്ചതുമായ ബെങ് പാവുകൾ ഉണ്ട്. രണ്ടും ഓരോന്നുവാങ്ങി കഴിച്ചു. വില ഒന്നിന് നാൽപതിനായിരം ഡോങ്, ഇന്ത്യയുടെ എഴുപത് രൂപയോളം വരും.

കൂച്ചി ടണലിനുള്ളിൽ

 

ഹാനോയിൽനിന്ന് രാജ്യത്തിന്റെ മറ്റേയറ്റത്തുള്ള ഹോചിമിൻ സിറ്റിയിലേക്കായിരുന്നു പിന്നീടുള്ള യാത്ര. നോയ്ബായ് വിമാനത്താവളത്തിൽ നിന്ന് രാവിലെ 11 -ഓടെ ഹോചിമിൻ വിമാനത്താവളത്തിലെത്തി. അടുത്തദിവസം വിയറ്റ്നാമിലെ പ്രസിദ്ധമായ കൂച്ചി ടണൽ കാണുകയായിരുന്നു ലക്ഷ്യം. ഹോട്ടലിനുമുന്നിൽത്തന്നെ ഞങ്ങൾ ബുക്ക് ചെയ്ത ബസ്സ് വന്നു. 25 വയസ്സ് പ്രായം തോന്നിക്കുന്ന തുയിൻ എന്ന പെൺകുട്ടിയായിരുന്നു ഗൈഡ്. മിടുക്കിയും വാചാലയുമായ സുന്ദരി. ഒരുമണിക്കൂർ യാത്ര ചെയ്ത് കൂച്ചി ജില്ലയിലെത്തി. അവിടെനിന്നും ഒരു കാട്ടിനുള്ളിലേക്കാണ് യാത്ര. തുയിൻ തുള്ളിച്ചാടി മുന്നിൽ നടന്നു. ചപ്പിലകൾ നിറഞ്ഞ കാട്ടുപാതകളിലൊന്നിൽ എത്തിയപ്പോൾ അവൾ നിന്നു. പിന്നെ ഒരു മരത്തിന് അൽപംമാറി ചപ്പിലകളുള്ള ഭാഗം കൈകൊണ്ട് നീക്കി. താഴെ ചതുരരൂപത്തിൽ ഒരു ചെറുമരപ്പലകപോലെ. തുയിൻ അത് കൈകൊണ്ട് എടുത്തുമാറ്റി. അതാ ഒരു കുഴി, അതിനുള്ളിലേക്ക് നോക്കിയപ്പോൾ ഒരു മനുഷ്യന് കഷ്ടിച്ച് ഇറങ്ങി നിൽക്കാം. കുറച്ചുകൂടി അടുത്തുചെന്ന് നോക്കിയപ്പോൾ ആ കുഴി രണ്ടുഭാഗത്തേക്കായി പിരിഞ്ഞ് ഗുഹപോലെ പോകുന്നു. പ്രസിദ്ധമായ കൂച്ചി ടണലിന്റെ കവാടങ്ങളിലൊന്ന് ഇവിടെ തുടങ്ങുകയാണ്. ഞങ്ങളോരോരുത്തരും ആ കുടുസ്സുലോകത്തിലേക്കിറങ്ങി. സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യരുടെ പോരാട്ട ചരിത്രത്തിൽ ഈ ടണലുകൾക്ക് പറയാൻ കഥകളേറെയുണ്ട്.

ലോകത്ത് തന്നെ അധിനിവേശം ഏറ്റവുമധികം നേരിടേണ്ടിവന്ന ജനതയാണ് വിയറ്റ്നാമികൾ. മംഗോളിയരും ചീനക്കാരും ജാപ്പാനികളും ഫ്രഞ്ചുകാരും അമേരിക്കൻ സാമ്രാജ്യത്വവുമെല്ലാം പലകാലങ്ങളിൽ വിയ്റ്റാനം എന്ന കൊച്ചുരാജ്യത്തെ ആക്രമിച്ചു. ആയുധബലം കൊണ്ട് എതിരാളികൾ ശക്തരായിരുന്നെങ്കിലും വിയറ്റ്നാമി സ്വാതന്ത്ര്യസമര പോരാളികൾ പോരാട്ടവീര്യംകൊണ്ട് എതിരാളികളെ ഞെട്ടിച്ചുകളഞ്ഞു. ഒളിപ്പോരായിരുന്നു അവരുടെ ആയുധം. ഫ്രഞ്ചുകാർക്കെതിരെ 40-കളിൽ തന്നെ കാട്ടിനുള്ളിലൂടെ തുരങ്കങ്ങൾ നിർമിച്ചു. 1960-കളിൽ അമേരിക്കക്കാർ അധിനിവേശകാലത്ത് പല ഗ്രാമങ്ങളിലും അവർ ബോംബിട്ടു. വയലുകളും കൃഷിയിടങ്ങളും വനങ്ങൾക്കുമേലും ബോംബ് വർഷിച്ചു. 'ഏജന്റ് ഓറഞ്ച്' എന്ന വിഷമുപയോഗിച്ചായിരുന്നു ആക്രമണം. ബോംബുകളിൽനിന്ന് രക്ഷനേടാൻ പോരാളികൾ ടണലുകൾ പലഗ്രാമങ്ങളിലേക്കും വികസിപ്പിക്കുകയായിരുന്നു. 250-ഓളം കിലോമീറ്റർ നീളത്തിൽ അവർ ടണലുകൾ നിർമിച്ചു. അതിസാഹസികമായിരുന്നു അതിനുള്ളിലെ ജീവിതം. ഒരുമനുഷ്യന് കഷ്ടിച്ച് കുനിഞ്ഞു നടക്കാൻമാത്രം കഴിയുന്നതാണ് പല വഴികളും. ഉള്ളിൽ കൂരിരുട്ടാണ്. പലയിടത്തും ശുദ്ധവായുപോലുമില്ല. എന്നാൽ, ഈ മാളങ്ങൾ യുദ്ധകാലത്ത് വീടുകളായും ആശുപത്രികളായും ആയുധനിർമാണ ശാലകളായും അടുക്കളകളായും പ്രവർത്തിച്ചു. ശുദ്ധവായു ലഭിക്കാനായി പലയിടങ്ങളിലും ചിതൽപ്പുറ്റുകൾ കൃത്രിമമായി നിർമിച്ചു. ഈ പുറ്റുകളിലും ചപ്പിലകൾകൊണ്ട് മറച്ച ടണൽ കവാടങ്ങളിലും മുളകുപൊടിയും അമേരിക്കൻ പട്ടാളക്കാരുടെ വസ്ത്രാവശിഷ്ടങ്ങളും വിതറി. പട്ടാളനായ്ക്കൾ മണംപിടിച്ച് കണ്ടുപിടിക്കാതിരിക്കാനായിരുന്നു ഇത്. 3,000 ജർമൻ ഷെപ്പേഡ് ഇനത്തിലുള്ള നായ്ക്കളെയാണത്രെ അമേരിക്കൻ പട്ടാളം ഗറില്ലകളെ കണ്ടെത്താനായി ഇറക്കിയത്. ചിലയിടങ്ങളിൽ മുളകൾ കുഴിച്ചിട്ട് വായുവിനെ തുരങ്കങ്ങൾക്കുള്ളിലെത്തിച്ചു. പാചകം ചെയ്യുന്നതിന്റെ പുക പുറത്തുപോകാൻ പ്രത്യേക ചിമ്മിനികൾ നിർമിച്ചു. പുകയും മഞ്ഞും തമ്മിൽ ആശയക്കുഴപ്പമുണ്ടാക്കാൻ പാചകം പുലർച്ചെമാത്രമാക്കി. ടയറുകൾ കീറി ചെരിപ്പുകൾ നിർമിച്ചു. അതിൽത്തന്നെ ഇടതു ചെരിപ്പിന്റെ മുൻഭാഗം ചെറുതാക്കുമ്പോൾ വലതിന്റെ മുൻഭാഗം വലുതാക്കി. ഇതിട്ട് നടക്കുന്ന ആൾ എവിടെ നിന്ന് എവിടേക്ക് പോയെന്ന് കണ്ടെത്തുക ഒട്ടും എളുപ്പമല്ല.

ഇതിനുപുറമെ രാപകൽ എന്ന വ്യത്യാസമില്ലാതെ വൈദഗ്ധ്യമുള്ള ഒളിപ്പോരാളികളെ പരിശീലിപ്പിച്ചു. രാത്രി സഞ്ചരിക്കുന്ന ഗറില്ലകൾക്ക് കറുത്ത വസ്ത്രവും പകൽ സഞ്ചരിക്കുന്നവർക്ക് പച്ച വസ്ത്രവുമായിരുന്നു വേഷം. കാട്ടിൽ പലയിടങ്ങളിലായി കെണിയൊരുക്കി. അതിൽ കുടുങ്ങുന്ന ശത്രു കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യും. അമേരിക്കൻപട്ടാളം ഉപേക്ഷിക്കുന്ന പടക്കോപ്പുകളുടെ ഭാഗങ്ങൾ ഉപയോഗിച്ച് അവർ സ്വന്തമായി ആയുധങ്ങളുണ്ടാക്കി. കേടായ ഷെല്ലുകളിൽ നിന്ന് വെടിമരുന്നു ശേഖരിച്ച് ബോംബുകളുണ്ടാക്കി. വിയറ്റ്നാം പോരാളികളുടെ ഈ തന്ത്രങ്ങൾക്കുമുന്നിൽ സാമ്ര്യാജ്യത്വശക്തികൾ പകച്ചുപോയി. 1975 വരെ നീണ്ടുനിന്ന വിയറ്റ്നാം യുദ്ധത്തിനൊടുവിൽ ലോക പോലീസ് എന്ന് അറിയപ്പെട്ട അമേരിക്ക വിയറ്റ്‌നാം ജനതയുടെ പോരാട്ടവീര്യത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. പിൽക്കാലത്ത് വിയറ്റ്നാം സർക്കാർ ഈ ടണലുകളെല്ലാം തങ്ങളുടെ സ്വാതന്ത്ര്യസമര സ്മാരകങ്ങളായി സംരക്ഷിച്ചു.

യുദ്ധസ്മാരകമായി വാർമ്യൂസിയം

തങ്ങളുടെ പൂർവികരനുഭവിച്ച ദുരിതങ്ങളും പോരാട്ടകഥകളും വരും തലമുറകളിലേക്ക് പകരാൻ വിയറ്റ്നാം സർക്കാർ ഹോചിമിൻ സിറ്റിയിൽ പടുകൂറ്റൻ വാർമ്യൂസിയം നിർമിച്ചു. ഗറില്ലകളുടെ ആയുധങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണപ്പാത്രങ്ങൾ, മറ്റ് ഉപകരണങ്ങൾ, അമേരിക്കൻ പട്ടാളത്തിന്റെ സാമഗ്രികൾ, തകർന്ന യുദ്ധവിമാനം തുടങ്ങി എല്ലാ യുദ്ധാവശിഷ്ടങ്ങളും അവിടെ പ്രദർശിപ്പിച്ചു. യുദ്ധത്തിൽ മരിച്ച 72 വിയറ്റ്നാമി ഫോട്ടോഗ്രാഫർമാരുടേതടക്കം 133 പേരിൽ നിന്ന് അവരെടുത്ത ചിത്രങ്ങൾ ശേഖരിച്ചു. അതും ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. യുദ്ധത്തിൽ പരിക്കേറ്റ ടിം പേജ്, ഹോസ്റ്റ് ഫാസ് എന്നീ ഫോട്ടോഗ്രാഫർമാരുടെ ആശയമായിരുന്നുവത്. ചോരയുടേയും ചെളിയുടേയും വെടിമരുന്നിന്റേയും മണമുള്ള ഈ ചിത്രങ്ങൾ പുതുതലമുറയോട് യുദ്ധത്തിന്റെ ദുരിതകഥകൾ പറഞ്ഞു. ഫ്രാൻസിലേയും അമേരിക്കയിലേയും വിനോദസഞ്ചാരികൾ ഈ കാഴ്ചകൾ കണ്ട് സ്വന്തംരാജ്യം വിതച്ച ദുരന്തത്തിൽ പശ്ചാത്തപിച്ചു. തങ്ങളെ പീഡിപ്പിച്ചവരുടെ പുതുതലമുറയോട് വിയറ്റ്നാം ജനതയുടെ മധുരപ്രതികാരമായിരുന്നു ഇത്. ഈ പ്രതികാരം അവർ ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു.

എങ്ങനെ പോകാം?

കൊച്ചിയിൽ നിന്ന് ഹോചിമിൻ സിറ്റിയിലേക്ക് നേരിട്ട് വിയജെറ്റ് സർവീസുണ്ട്. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ സർവീസുകളുണ്ടാവും. കൊച്ചിയിൽനിന്ന് ഇന്ത്യൻ സമയം രാത്രി 11.30ന് പുറപ്പെടും. പ്രാദേശിക സമയം രാവിലെ 6.40നാണ് ഹോചിമിൻ സിറ്റി വിമാനത്താവളത്തിലെത്തുക. തിരിച്ചുള്ള വിമാനം ഇതേ ദിവസങ്ങളിൽ പ്രാദേശിക സമയം 7.20ന് പുറപ്പെട്ട് രാത്രി 10.50ന് കൊച്ചിയിലെത്തും. വിയറ്റ്നാമിലെ താരതമ്യേന നിരക്കുകുറഞ്ഞ വിമാനമാണ് വിയജെറ്റ്. കൊച്ചിയിൽനിന്ന് ബാങ്കോക്കിലെത്തിയാൽ അവിടെനിന്ന് ഹാനോയിലേക്കും വിയറ്റ്നാം സിറ്റിയിലേക്കും കണക്ഷൻ ഫ്ളൈറ്റുകൾ ലഭിക്കും.

റൂമെടുക്കാം ആപ്പുകൾ വഴി

 

വിയറ്റ്നാം വിസ നാട്ടിൽ നിന്നുമെടുക്കാം. 2,000 മുതൽ 2,500 വരെ രൂപ വരും. ഓൺ അറൈവൽ വിസ സംവിധാനവുമുണ്ട്. അതിന് മൂവായിരത്തിന് മുകളിലാവും. ഇൻഷുറൻസിന് 1500 രൂപയോളം വന്നേക്കും. ബുക്കിങ് ആപ്പുകൾ വഴി റൂം ബുക്ക് ചെയ്യാം. പ്രധാനനഗരങ്ങളിൽ സാമാന്യം മികച്ച ഡബിൾ മുറികൾ 2000, 2500 ഇന്ത്യൻ രൂപയ്ക്ക് ലഭിക്കും. സീസൺ അനുസരിച്ച് ഇതിൽ മാറ്റം വരാം. ഓരോ സ്ഥലത്തേയ്ക്കുമുള്ള യാത്രകൾക്ക് ടൂറിസ്റ്റ് ബസ്സുകൾ ഹോട്ടലുകൾ തന്നെ ബുക്ക് ചെയ്തുതരും. സിറ്റി ടൂറുകൾ നടത്തുന്ന ട്രാവൽ ഏജൻസികളും അവിടെയുണ്ട്. എന്നാൽ, അൽപം സാഹസം ഇഷ്ടമാണെങ്കിൽ അവനവന് സ്വന്തമായി ബൈക്ക് വാടകക്കെടുത്തോ ലോക്കൽ ബസ്സുകളിൽ കയറിയോ കുറഞ്ഞ ചെലവിൽ നഗരം കറങ്ങാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi