
നർമ്മദയിലേക്കുള്ള യാത്ര ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ ചെന്നുനിന്നു. സ്‌റ്റേഷനിൽനിന്ന് പുറത്തിറങ്ങിയപ്പോൾത്തന്നെ നഗരത്തിന്റെ തണുപ്പും പുത്തൻ ഉന്മേഷവും ഞങ്ങളെ പൊതിഞ്ഞു. ആ പ്രഭാതത്തിന്റെ ആലസ്യം മാറ്റാൻ സ്റ്റേഷനിൽ നിന്നു തന്നെ കടുപ്പത്തിലൊരു ചായ കുടിച്ച് ഓട്ടോറിക്ഷയിൽ നേരെ ഗാന്ധി ഭവനിലേക്ക്.
നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ്, മരങ്ങൾ തണൽവിരിച്ച ശാന്തവും മനോഹരവുമായ ഒരിടമായിരുന്നു അത്. അവിടെയായിരുന്നു മീറ്റിംഗും താമസവും ഒരുക്കിയിരുന്നത്. ഞങ്ങൾ എത്തി അധികം വൈകാതെ തന്നെ മേധാ ദീദിയും (മേധാ പട്കർ) ഒപ്പം നർമ്മദയുടെ തീരങ്ങളിൽ നിന്നുള്ള കർഷകരുമെത്തി.
കണ്ടയുടനെ ദീദി ആദ്യം തിരക്കിയത് എന്റെ അമ്മയുടെ വിയോഗത്തെക്കുറിച്ചായിരുന്നു. അപ്രതീക്ഷിതമായ ആ ചോദ്യം കേട്ടപ്പോൾ ഒരു നിമിഷം ഞാൻ തരിച്ചുപോയി... ഉള്ളൊന്ന് ഉലഞ്ഞു. 'ദൈവമേ' എന്ന് മനസ്സ് മന്ത്രിച്ചു.
അമ്മ വിട്ടുപിരിഞ്ഞ ആ സങ്കടകാലത്ത് ദീദി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. പക്ഷേ, ഇത്രയും തിരക്കുകൾക്കിടയിൽ, ഈ മീറ്റിംഗിന്റെ ബഹളങ്ങൾക്കിടയിലും എന്റെ വ്യക്തിപരമായ വേദനയെ ദീദി ഓർത്തുവെച്ചല്ലോ. സത്യത്തിൽ, ദീദിയുമായി എപ്പോഴും കോൺടാക്ട് ഉള്ള ആളൊന്നുമല്ല ഞാൻ. സാരിയുടെ കാര്യങ്ങൾക്കു വേണ്ടിയാണ് എപ്പോഴെങ്കിലും വിളിച്ചിരുന്നത്. പിന്നീട് ആ വിളിയും മഹേന്ദ്ര എന്ന ചെറുപ്പക്കാരനുമായി ആയിരുന്നു. എന്നിട്ടും എന്റെ ജീവിതത്തിലെ കാര്യങ്ങൾ ഇത്ര കൃത്യമായി ഓർത്തുവെക്കുന്നതും അതിനെക്കുറിച്ച് ഇത്രയും കരുതലോടു കൂടി ചോദിക്കുന്നതും എത്ര വലിയ കാര്യമാണ്.
ഒരു വലിയ പ്രസ്ഥാനത്തെ നയിക്കുന്ന തിരക്കിനിടയിലും എന്നെപ്പോലെ ദൂരെ നിൽക്കുന്നവരുടെ നോവുകൾ മറക്കാത്ത ആ വലിയ മനസ്സിനെ ഞാൻ അദ്ഭുതത്തോടെ നോക്കിനിന്നു. മീറ്റിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ദീദി അപ്രതീക്ഷിതമായി ഞങ്ങൾ താമസിക്കുന്ന മുറിയിലെത്തി. വലിയ ഔദ്യോഗികതകളൊന്നുമില്ലാതെ ഞങ്ങളോടൊപ്പം കുറച്ചുനേരം ഇരുന്നു. 'താമസത്തിന് വലിയ സൗകര്യങ്ങളൊന്നും ഉണ്ടാവില്ല, അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാവില്ലല്ലോ? ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ടോ?' എന്നൊക്കെ വളരെ കരുതലോടെ ദീദി അന്വേഷിച്ചുകൊണ്ടിരുന്നു. ലൈല പെട്ടെന്ന് ഓടിപ്പോയി എന്റെ ബാഗിൽ നിന്നും ഞാൻ ഉണ്ടാക്കി കൊണ്ടുവന്ന 'അവിൽ വിളയിച്ചത്' എടുത്തു. അതൊരു ചെറിയ പാത്രത്തിലാക്കി ദീദിക്ക് നൽകി.
കേരളത്തിൽ നിന്ന് ഭോപ്പാൽ വരെയുള്ള നീണ്ടയാത്രയിൽ ഞങ്ങൾക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങേണ്ടി വന്നത് വളരെ കുറഞ്ഞ തവണ മാത്രമാണ്. കൂടെയുള്ളവരെല്ലാം ഓരോന്ന് കരുതിയിരുന്നു. കൃത്യസമയത്ത് അതെല്ലാം എല്ലാവർക്കും വിളമ്പി ലൈല ആ യാത്രയെ വലിയൊരു ആഘോഷമാക്കി മാറ്റിയിരുന്നു. പക്ഷേ, ദീദി ഞങളുടെ റൂമിലേക്ക് വന്ന സമയം ലൈല അത് ഓർത്തെടുത്തതും ഞാൻ തയ്യാറാക്കിയ ഭക്ഷണം ദീദിക്ക് നൽകാൻ കഴിഞ്ഞതും എന്നെ ഒരേസമയം അദ്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു.
NAPM (National Alliance of People's Movements) ഓൾ ഇന്ത്യാ മീറ്റിംഗിന്റെ ഭാഗമായി ഈ യാത്രയിൽ ഒപ്പം കൂടിയതാണല്ലോ ഞങ്ങൾ. ഭാരവാഹികൾക്കായുള്ള ഗൗരവമേറിയ ചർച്ചകൾ അവിടെ നടക്കുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ മണ്ണിലെ പ്രശ്‌നങ്ങളെക്കുറിച്ചും കർഷകർ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചും ഗഹനമായ ഹിന്ദിയിൽ സംസാരിക്കുന്നു. കുറച്ചുനേരം ആ ചർച്ചകൾ ശ്രദ്ധിച്ച ശേഷം, ഞാനും ഉഷക്കുട്ടിയും പതുക്കെ പുറത്തിറങ്ങി. ചില പദ്ധതികൾ മനസ്സിലുണ്ട്.
നർമ്മദയിലെ സാരികൾ മാർക്കറ്റ് ചെയ്യുമ്പോൾ, അവയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ എനിക്കുണ്ടാകണം. നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ ആത്മവിശ്വാസത്തോടെ എനിക്ക് ഉപഭോക്താക്കൾക്ക് മറുപടി നൽകാൻ കഴിയൂ. അതുകൊണ്ടുതന്നെ നെയ്ത്തുകാരെ നേരിട്ടുകാണണം, അവർ 'കണ്ണകി'ക്കായി കരുതിവെച്ചിരിക്കുന്ന സാരികളും ഡോർ മാറ്റുകളും ബെഡ്ഷീറ്റുകളും ശേഖരിക്കണം. ദീദിയോട് കുറച്ചുനേരം സംസാരിക്കണം... ഇതൊക്കെയായിരുന്നു ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ.
കൂട്ടത്തിൽ മറ്റൊരു ആഗ്രഹം കൂടിയുണ്ട്; മധ്യപ്രദേശിന്റെ സ്വന്തം മഹേശ്വരി സാരികൾ സ്വന്തമാക്കണം. നാളെ എന്റെ കസ്റ്റമേഴ്‌സ് ഈ സാരികൾ അഭിമാനത്തോടെ ഉടുത്തു നടക്കുമ്പോൾ, സുഹൃത്തുക്കൾ ഇതിന്റെ ഉറവിടത്തെക്കുറിച്ച് ചോദിക്കണം. അപ്പോൾ അവർക്ക് സന്തോഷത്തോടെ പറയാം: 'ഇത് കണ്ണകിയിൽ നിന്നാണ്' എന്ന്.
നർമ്മദാ നദീതീരത്തെ പുരാതന നഗരമായ മഹേശ്വർ നൂറ്റാണ്ടുകളായി നെയ്ത്തുകാരുടെ കേന്ദ്രമാണ്. ഒരുകാലത്ത് മാൽവയുടെ തലസ്ഥാനമായിരുന്ന ഇവിടെ, റാണി അഹില്യാബായ് ഹോൾക്കറുടെ നിർദ്ദേശപ്രകാരമാണ് ഈ നെയ്ത്തുശൈലി രൂപപ്പെട്ടത്. റാണിക്ക് വേണ്ടി അന്ന് നെയ്‌തെടുത്ത ഒൻപത് വാര നീളമുള്ള സവിശേഷമായ സാരികളാണ് പിൽക്കാലത്ത് മഹേശ്വരി സാരികളായി മാറിയത്. പട്ടുനൂലിൽ ജെറി വർക്കുകൾ ചെയ്തായിരുന്നു ഇവയുടെ തുടക്കമെങ്കിലും ഇന്ന് മനോഹരമായ കോട്ടൺ മഹേശ്വരി സാരികളും ലഭ്യമാണ്. മനസ്സിലെ ഈ ആഗ്രഹങ്ങളെല്ലാം നടക്കുമോ എന്നറിയില്ല, എങ്കിലും പ്രതീക്ഷയോടെ ഞങ്ങൾ ഭോപ്പാലിന്റെ തെരുവുകളിലേക്ക് ഇറങ്ങി…
ഭാരം കുറഞ്ഞതും എന്നാൽ ഗുണമേന്മയേറിയതുമായ തുണിത്തരങ്ങൾക്ക് പേരുകേട്ട ഇടമാണ് മധ്യപ്രദേശ്. അവിടത്തെ രണ്ടു ദിവസത്തെ കറക്കമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. ആദ്യദിവസം തന്നെ ചുരിദാർ മെറ്റീരിയലുകൾക്കായി ഞങ്ങൾ കുറേ അലഞ്ഞു. ഒടുവിൽ മധ്യപ്രദേശിന്റെ തനതായ സൗന്ദര്യം തുളുമ്പുന്ന ആ ഒറിജിനൽ തുണിത്തരങ്ങൾ ഞങ്ങൾ കണ്ടെത്തി. മധ്യപ്രദേശ് ഗവൺമെന്റിന്റെ കീഴിലുള്ള ഒരു ഷോപ്പ് കോഴിക്കോട്ടുണ്ട്. ഒരിക്കൽ അവരോട് അവിടുത്തെ വസ്ത്രങ്ങളുടെ ആസ്ഥാനത്തെക്കുറിച്ച് ഞാൻ ചോദിച്ചിരുന്നു. എന്നാൽ അവർ പറഞ്ഞ മറുപടി എന്നെ അദ്ഭുതപ്പെടുത്തി. അത് അത്ര പെട്ടെന്ന് ചെന്നെത്താൻ പറ്റാത്ത ഇടമാണത്രേ! ഇന്ത്യയിൽ അങ്ങനെ ഒരു സ്ഥലമോ? ആ നിമിഷം തന്നെ ഞാൻ മനസ്സിൽ കുറിച്ചിട്ടു, അവിടെ എനിക്കൊന്നു പോകണം. അതിനുവേണ്ടി ഫോണിലൂടെ ചില ബന്ധങ്ങളൊക്കെ നേരത്തെ തന്നെ ഞാൻ ഉണ്ടാക്കി വെച്ചിരുന്നു.
പിറ്റേന്ന് പുലർച്ചെ തന്നെ ഞങ്ങൾ ഇറങ്ങി. ഇവിടെ സൂര്യൻ ഉദിച്ചാലും നഗരം ഉണരാൻ കുറച്ച് സമയമെടുക്കും. സാരികളായിരുന്നു അന്നത്തെ ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഗൂഗിൾ മാപ്പ് നോക്കി ചില സ്ഥലങ്ങൾ തിരഞ്ഞെങ്കിലും അതൊന്നും കണ്ടെത്താനായില്ല. ഞങ്ങൾ തമ്മിലുള്ള സംസാരം കേട്ടിട്ടാവാം, വഴിയിൽ നിന്ന ഒരാൾ ഞങ്ങളുടെ അരികിലെത്തി. വസ്ത്രങ്ങളെക്കുറിച്ച് അയാൾ സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് ഈ മേഖലയിലുള്ള കൃത്യമായ ധാരണ എനിക്ക് മനസ്സിലായി. കൂടുതൽ സംസാരിച്ചപ്പോൾ അറിഞ്ഞു, ഞങ്ങൾ ഇത്രയും നേരം തിരഞ്ഞു നടന്ന ആ തുണിത്തരങ്ങൾ അദ്ദേഹത്തിന്റെ പക്കൽ തന്നെയുണ്ടെന്ന്!
വെറുതെ ഒന്ന് പോയി നോക്കാം എന്ന് കരുതി അദ്ദേഹത്തോടൊപ്പം ചെന്നു. കണ്ടപ്പോൾ വിശ്വസിക്കാനായില്ല മഹേശ്വരി സാരികൾ, ഭാഗ്രു പ്രിന്റുകൾ, ഭാഗ് ഡിസൈനുകൾ... എല്ലാറ്റിലുമുപരി, നൂറ് ശതമാനം ശുദ്ധമായ കോട്ടണിൽ ചെയ്ത അജ്രക് സാരികൾ! സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യെന്നായി. എങ്കിലും ആ ആവേശം ഞാൻ പുറത്തു കാട്ടിയില്ല.
ഓരോ സാരിയും കൈയിലെടുക്കുമ്പോൾ എന്റെ ഓരോ പ്രിയപ്പെട്ട കസ്റ്റമേഴ്‌സും ആ വസ്ത്രത്തിൽ എത്ര സുന്ദരികളായിരിക്കും എന്ന് ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു. എങ്കിലും മനസ്സിൽ മറ്റൊരു കാര്യം കൂടി ബാക്കിയുണ്ടായിരുന്നു. വേറെയും ചില സ്ഥലങ്ങൾ നേരത്തെ പ്ലാൻ ചെയ്തിട്ടുണ്ട്. അവിടെ ഇതിലും നല്ലത് കിട്ടിയാലോ? മനുഷ്യസഹജമായ ആ ഒരു തോന്നൽ എന്നെയും പിടികൂടി. വന്ന വഴിയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരാളല്ലേ ഇയാൾ എന്നൊരു സംശയവും ബാക്കി. പക്ഷേ, അയാൾക്ക് മനസ്സു വായന കൃത്യമായി അറിയാമായിരുന്നു എന്ന് തോന്നുന്നു. 'മാഡം, ഈ വിലയ്ക്ക് ഇത്രയും ഒറിജിനൽ സാധനങ്ങൾ വേറെ എവിടെയും കിട്ടില്ല,' അയാൾ ആത്മവിശ്വാസത്തോടെ പറഞ്ഞു. ഞങ്ങൾ വെറുതെ ഒന്ന് ചിരിച്ചു. രാവിലെ തന്നെ വന്നുകയറി അയാളെക്കൊണ്ട് കുറേ തുണികൾ വലിച്ചു വാരിയിടീപ്പിച്ചതല്ലേ. 1000 രൂപ അഡ്വാൻസ് നൽകി, ഒന്ന് കറങ്ങി വരാം എന്ന് പറഞ്ഞ് കുറച്ചു സാരികൾ മാറ്റിവെച്ച് ഞങ്ങൾ ഇറങ്ങി. 'നമ്മൾ ഇനി ഇങ്ങോട്ട് തിരിച്ചുവരുമോ?' ഉഷക്കുട്ടി ചോദിച്ചു. നൂറ് കടകളിൽ കയറിയിറങ്ങിയാലേ നമ്മുടെ മനസ്സിനിണങ്ങിയത് കിട്ടൂ എന്നാണല്ലോ അനുഭവം. അയാളുടെ പക്കലുണ്ടായിരുന്ന തുണികൾ അസ്സൽ സാധനങ്ങളായിരുന്നു. എങ്കിലും ഇതിലും നല്ലത് എവിടെയെങ്കിലും കാത്തിരിപ്പുണ്ടോ എന്നൊരു കൗതുകം മനസ്സിൽ ബാക്കി നിന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Personal encounter with Medha Patkar and her empathetic leadership., The historical significance of Maheshwari sarees and Ahilyabai Holkar's legacy., Strategic sourcing of authentic handloom products for small businesses., Navigating Bhopal's local markets for genuine cotton and Ajrakh prints.
Published: 16 Mar 2026, 03:53 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented