
ജീവിതം ഒരു പ്രാർഥനയാണ്. കാവലായി ഒരാൾ ഉണ്ടാകുമ്പോൾ നമ്മൾ ഏതു യാത്രയിലും സുരക്ഷിതരായിരിക്കും. ചായംതേച്ച തുണിപോലെയാണ് പലപ്പോഴും ജീവിതം. ചിലപ്പോൾ അത് പ്രകാശിക്കും. ചിലപ്പോഴാകട്ടെ അത് ഇരുളിൽ മുങ്ങും. ഷിമോഗയിലേക്കുള്ള എന്റെ യാത്രകളും അങ്ങനെയായിരുന്നു. വിപണന കേന്ദ്രങ്ങളിലെ തിളക്കങ്ങളേക്കാൾ പ്രൊഡക്ഷൻ യൂണിറ്റുകളിലെ തറികളുടെ താളത്തോടാണ് എനിക്ക് പ്രിയം. വിപണന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാണ്. എന്നാൽ പ്രൊഡക്ഷൻ യൂണിറ്റുകളിലേക്കുള്ള വഴികൾ ദുർഘടവും സമയമേറെ എടുക്കുന്നതുമാണ്. എങ്കിലും ഒരോ വസ്ത്രത്തിന്റെയും ജീവൻ തുടിക്കുന്ന ഇടങ്ങളിലേക്ക് പോകാനാണ് എന്റെ മനസ്സ് എന്നും കൊതിച്ചത്.
പ്രകൃതിയുടെ നിറക്കൂട്ടും പെൺകരുത്തും ഒത്തു ചേരുന്നിടമാണ് എന്നെ സംബന്ധിച്ച് ചരക. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നാച്ചുറൽ ഡൈ (Natural Dye) യൂണിറ്റാണ് ഷിമോഗയിലെ 'ചരക'. പ്രശസ്ത നാടകകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ പ്രസന്നയാണ് ഇതിന്റെ സ്ഥാപകൻ. എത്രയോ കാലമായി പ്രസന്ന എന്ന മനുഷ്യനെക്കുറിച്ചും ചരകയെക്കുറിച്ചും കേൾക്കുന്നു. ആ നാടകപ്രവർത്തകൻ തറികളിലൂടെയും ചായങ്ങളിലൂടെയും ഒരു ഗ്രാമത്തെ ഉണർത്തിയതെങ്ങനെയെന്നത് അദ്ഭുതകരമാണ്. 'കണ്ണകി'യിലെ വസ്ത്രങ്ങൾ പ്രകൃതിയോട് ചേർന്നുനിൽക്കണം എന്ന ആഗ്രഹമാണ് എന്നെ ആദ്യമായി അവിടെ എത്തിച്ചത്.
തുണി നിർമ്മാണം അഥവാ ഹാൻഡ്ലൂം എന്നത് നാം വിചാരിക്കും പോലെ ലളിതമായ ഒന്നല്ല. നൂൽ നൂൽക്കുന്നത് മുതൽ തുടങ്ങുന്നു ആ അധ്വാനം. ചായം മുക്കി ഉണക്കുന്നതും തിളച്ച വെള്ളത്തിലിട്ട് പുഴുങ്ങുന്നതും വലിയ പ്രക്രിയകളാണ്. പ്രത്യേകിച്ച് ബ്ലോക്ക് പ്രിന്റിംഗ് ചെയ്യുമ്പോൾ കാണിക്കുന്ന ആ ഏകാഗ്രത. ഒന്നോ രണ്ടോ മില്ലിമീറ്റർ മാറിപ്പോയാൽ ആ തുണി മുഴുവൻ പാഴാകും. ഒരേ അച്ചുകൾ തന്നെ കൃത്യമായ സ്ഥാനത്ത് വീണ്ടും വീണ്ടും പതിപ്പിക്കാൻ അത്രമേൽ പരിചയസമ്പന്നമായ കരങ്ങൾ വേണം.
കണ്ണകിയിൽ എത്തുന്ന ചില പ്രിയപ്പെട്ട കസ്റ്റമേഴ്‌സ് എങ്കിലും ചോദിക്കാറുണ്ട്, തുണിയിൽ അവിടവിടെയായി പറ്റിപ്പിടിച്ച ചായങ്ങളെക്കുറിച്ചും അല്പം മാറിപ്പോയ പ്രിന്റുകളെക്കുറിച്ചും. ഇത് തുണിയുടെ കേടാണോ (Damage) എന്ന് സംശയിച്ച് അത് വേണ്ടെന്നു വെക്കുന്നവരുമുണ്ട്. എന്നാൽ അവരോടെല്ലാം എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ, ‘അത് കേടല്ല മനുഷ്യസ്പർശത്തിന്റെ അടയാളമാണ്’.
യന്ത്രങ്ങൾ നിർമ്മിക്കുന്ന തുണികളിൽ കൃത്യതയുണ്ടാകാം. എന്നാൽ കൈകൊണ്ട് ഡിസൈൻ ചെയ്യുന്ന തുണിത്തരങ്ങളിൽ ആ മനുഷ്യന്റെ അധ്വാനവും വികാരങ്ങളും കലർന്നിട്ടുണ്ട്. ചായം പുരട്ടുമ്പോൾ അറിയാതെ പറ്റിപ്പോകുന്ന ഒരു തുള്ളി നിറമോ, അല്പം മാറിപ്പോകുന്ന ഒരു അച്ചോ ആ തുണിയുടെ മാറ്റു കുറയ്ക്കുന്നില്ല. പകരം, അത് ആ വസ്ത്രം ഒരു മനുഷ്യൻ തന്റെ കൈകൾ കൊണ്ട് നെയ്‌തെടുത്തതാണെന്നതിനും ആ ഡിസൈൻ യഥാർഥമാണെന്നതിനും ഉള്ള സാക്ഷ്യപത്രമാണ്.
കൈകൊണ്ട് ചെയ്ത കലയിൽ ഇത്തരം ചെറിയ 'കൈപ്പിഴകൾ' വരുന്നത് സ്വാഭാവികമാണ്. അതൊരിക്കലും ഒരു അഴുക്കായി കാണരുത്. ആ ചായക്കൂട്ടുകൾ ആ വസ്ത്രത്തിന് ഒരു പ്രത്യേക വ്യക്തിത്വം നൽകുന്നുണ്ട്. അതുകൊണ്ട്, ഇത്തരം ചെറിയ വ്യതിയാനങ്ങൾ കാണുമ്പോൾ അത് ഡാമേജ് ആണെന്ന് കരുതി ഉപേക്ഷിക്കരുത്. പകരം, അതൊരു കലാകാരന്റെ അധ്വാനത്തിന്റെ ഭാഗമായി കണ്ട് സ്‌നേഹത്തോടെ സ്വീകരിക്കുക. ഏറ്റവും വിശ്വസ്തതയോടെയും അഭിമാനത്തോടെയും നിങ്ങൾക്ക് അത്തരം തുണികൾ ധരിക്കാം. കാരണം, അത് യന്ത്രങ്ങളല്ല, മനുഷ്യഹൃദയങ്ങൾ തുന്നിച്ചേർത്തതാണ്. ഇത് അഴുക്കാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന ഉത്കണ്ഠ വേണ്ട. കൈകൊണ്ട് ചെയ്യുന്ന ഇത്തരം ചായം പുരട്ടലുകളിൽ (Hand-dyeing) കാണുന്ന ഈ നിറഭേദങ്ങളാണ് ആ ഡിസൈനിന്റെ അസ്സൽ ഭംഗി. അത് ആത്മവിശ്വാസത്തോടെ തന്നെ ധരിക്കാവുന്നതാണ്. കൈമുദ്രകൾ കലയുടെ അടയാളമാണ്, പിഴവുകളല്ല!
ചരകയിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ സ്ത്രീസാന്നിധ്യമാണ്. ഗ്രാമത്തിലും ചുറ്റുവട്ടത്തുമായി താമസിക്കുന്ന എണ്ണൂറോളം സ്ത്രീകൾ ഇവിടെ ജോലി ചെയ്യുന്നു. ഞാൻ ചെല്ലുന്ന സമയത്ത് ഗൗരമ്മയുടെ നേതൃത്വത്തിലും പത്മശ്രീയുടെ മാർക്കറ്റിംഗ് മികവിലും ഈ നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ ഒരു വലിയ ഗാന്ധിയൻ മാതൃകയായി നിലകൊള്ളുകയായിരുന്നു.
കൊറോണ എന്ന ഭീകരൻ ഇവരെയും ബാധിച്ചിരുന്നു. ഞാൻ ആദ്യം ചെന്നപ്പോൾ എക്‌സിബിഷനുകൾ കഴിഞ്ഞ് സ്റ്റോക്ക് തീർന്നിരുന്നു. എങ്കിലും പുതിയ തുണികൾ നെയ്യുന്ന ആ പ്രത്യാശ അവിടെ പ്രകടമായിരുന്നു.
ആശ്രമത്തിൽ താമസിക്കണം, നീനാസത്തിൽ പോയി നാടകം കാണണം. ഇതുരണ്ടും ആയിരുന്നു എന്റെ യാത്രയുടെ രണ്ടാമത്തെ പ്രധാന ഉദ്ദേശം. ഹെഗ്ഗോഡുവിലെ പ്രസിദ്ധമായ 'നീനാസത്തിൽ' പോയി നാടകവും നാടകക്കളരിയും കാണണം. 1949-ൽ സ്ഥാപിതമായ നിലകണ്‌ഠേശ്വര നാട്യസേവാ സംഘം (നീനാസം) കലയുടെയും സംസ്‌കാരത്തിന്റെയും വലിയ ഈറ്റില്ലമാണ്.
പക്ഷേ, ട്രെയിൻ വൈകിയത് കാരണം എന്റെ പ്ലാനുകൾ മാറിമറിഞ്ഞു. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് യൂണിറ്റ് അടയ്ക്കും. ഞാൻ എത്തുമ്പോഴേക്കും സമയം വൈകിയിരുന്നു. എങ്കിലും എനിക്കുവേണ്ടി കൗസ്തുഭ കാത്തുനിന്നു. പെട്ടെന്ന് കുറച്ച് സാരികൾ എടുത്തു.
ചരകയിലെ പ്രൊഡക്ഷൻ യൂണിറ്റിൽ വൈദ്യുതി ഉപയോഗിക്കുന്നില്ല. അവിടുത്തെ നാച്ചുറൽ യൂണിറ്റിൽ വൈദ്യുതി ഉപയോഗിച്ചിട്ടല്ല വെളിച്ചം ഉണ്ടാക്കുന്നത്. മേൽക്കൂരയിലെ ഗ്ലാസിലൂടെ വരുന്ന വെളിച്ചമാണ് അവിടുത്തെ പ്രധാന വിളക്ക്. അതുപോലെതന്നെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകളാണ് അവിടെ വൈദ്യുതി. താമസിക്കാനുള്ള മുറി കാണിച്ചുതന്ന് സുഹൃത്തും പോയി.
കുളി കഴിഞ്ഞ് ‘നീനാസം’ ലക്ഷ്യമാക്കി ഞാൻ ഇറങ്ങി. വിജനമായ റോഡ്, വശങ്ങളിൽ കൂരിരുട്ടുമൂടിയ കാട്. ഒരു വലിയ മരച്ചുവട്ടിൽ ആരോ തെളിച്ച ചെറിയൊരു തീക്കുണ്ഡം മാത്രം കാണാം. മാനത്തെ ചന്ദ്രൻ സഖാവിന്റെ നിലാവൊളിയല്ലാതെ വഴിയിൽ ഒരു സ്ട്രീറ്റ് ലൈറ്റ് പോലുമില്ല. കുറേ നടന്നപ്പോൾ വഴി തെറ്റിയെന്ന് എനിക്ക് മനസ്സിലായി. എതിർദിശയിൽ വന്ന സൈക്കിൾ യാത്രക്കാരനോട് ചോദിച്ചപ്പോഴാണ് കിലോമീറ്ററുകളോളം ഞാൻ മാറി നടന്നുവെന്ന് തിരിച്ചറിഞ്ഞത്. ഒറ്റപ്പെട്ട കാട്ടുപാതയിൽ, ആ ഏഴുമണിയിരുട്ടിൽ ഞാൻ തനിച്ചായി.
ദൈവനിയോഗം പോലെ എവിടെനിന്നോ ഒരു ഓട്ടോറിക്ഷ വന്നു. അയാൾ എന്നെ ‘നീനാസ’ത്തിലെത്തിച്ചു. അവിടെ നിന്ന് ഭക്ഷണം കഴിച്ച്, നാടകം കണ്ട് തിരിച്ചെത്തുമ്പോൾ രാത്രി ഏറെവൈകിയിരുന്നു. ആശ്രമത്തിൽ എത്തിയപ്പോൾ മറ്റൊരു സത്യം ഞാൻ അറിഞ്ഞു; ആ നൂറേക്കർ വളപ്പിൽ അന്ന് രാത്രി അതിഥിയായി ഞാൻ മാത്രമേ ഉള്ളൂ! അന്തേവാസികൾ പോലുമില്ലാത്ത ആ വലിയ കെട്ടിടം. പകൽവെളിച്ചം മാത്രം കടക്കുന്ന ആ മുറികളിൽ പണ്ട് ഉമ്മറത്ത് കെട്ടിയിടുന്ന ഊഞ്ഞാൽ കട്ടിലുകൾ പോലെ കയർ കൊണ്ടുള്ള കട്ടിലുകൾ ഉണ്ടായിരുന്നു. ക്ഷീണം കൊണ്ട് ഞാൻ വേഗം ഉറങ്ങിപ്പോയി.
എവിടെപ്പോയാലും അമ്മയോട് മാത്രം കൃത്യമായി കാര്യങ്ങൾ പറയും. യാത്രയിലുടനീളം ഫോൺ റേഞ്ച് പ്രശ്‌നമായിരുന്നു. എങ്കിലും ഇടയ്‌ക്കെപ്പോഴോ റേഞ്ച് കിട്ടിയപ്പോൾ ഞാൻ ആദ്യം അമ്മയെ വിളിച്ചു. 'ഒറ്റയ്ക്കല്ല, കൂടെ ഒരാളുണ്ട്' എന്ന് വെറുതെ പറഞ്ഞു. പാവം അമ്മ പേടിക്കാതിരിക്കാനായിരുന്നു അത്. എങ്കിലും ആ രാത്രി നൂറേക്കർ കാടിനുള്ളിൽ ഞാൻ സുരക്ഷിതയായി ഉറങ്ങിയത് അമ്മയുടെ പ്രാർഥന കൊണ്ടാണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു. ഒരു കവചം പോലെ ആ പ്രാർഥന എന്നും എന്നെ പൊതിഞ്ഞിരുന്നു. ആ അദൃശ്യമായ രക്ഷാകവചം എപ്പോഴും കൂടെ ഉണ്ട്.
എവിടെയാണെങ്കിലും പുലർച്ചെ അഞ്ചുമണിക്ക് ഉണരുക എന്നത് എന്റെ ശീലമാണ്. ഷിമോഗയിലെ അപരിചിതമായ ഇടത്തിലും ആ ശീലം തെറ്റിയില്ല. നേരം വെളുത്തു തുടങ്ങിയപ്പോൾ, പ്രഭാതത്തിന്റെ തണുപ്പും ശാന്തതയും ആസ്വദിക്കാനായി ഞാൻ വെറുതെ ഒന്ന് പുറത്തേക്കിറങ്ങി. പക്ഷേ, ആ നിശ്ശബ്ദത അധികനേരം നീണ്ടുനിന്നില്ല. പെട്ടെന്നാണ് എവിടെനിന്നെല്ലാമോ തെരുവുനായ്ക്കൾ ഓടിക്കൂടിയത്. ഒരുപക്ഷേ, ആ പുലർവേളയിൽ അപരിചിതയായ എന്നെ കണ്ടതുകൊണ്ടാവാം അവയൊക്കെയും അക്രമാസക്തരായി കുരച്ചുതുടങ്ങി. സ്‌നേഹത്തിന്റെ ഭാഷയിൽ ഞാനൊന്ന് നോക്കിയെങ്കിലും ഒട്ടും ദാക്ഷിണ്യമില്ലാതെ അവ കുരച്ചുകൊണ്ടേയിരുന്നു. ആദ്യം ഒരാളാണ് തുടങ്ങിയതെങ്കിലും നിമിഷങ്ങൾക്കകം വലിയ സംഘമായി മാറി അവ എന്നെ വളഞ്ഞു.
നായ്ക്കൾ എന്റെ മേലേക്ക് ചാടിവീഴുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നു. എങ്കിലും പരിഭ്രമിച്ച് ഓടാതെ, ഓരോ നായയുടെയും കണ്ണുകളിലേക്കു തന്നെ നോക്കി ആത്മവിശ്വാസത്തോടെ ഞാൻ അവിടെ നിന്നു. ഒടുവിൽ, ആ വഴി വന്ന ഒരു സൈക്കിൾ യാത്രക്കാരൻ രക്ഷകനായി. അദ്ദേഹം നായ്ക്കളെ ഓടിച്ചുവിട്ട് എനിക്ക് മുന്നോട്ട് പോകാനുള്ള വഴിയൊരുക്കിത്തന്നു. ഭയത്തിന്റെ ആ നിമിഷങ്ങളിൽ ഒരു ആശ്വാസതീരം പോലെയായിരുന്നു ആ സൈക്കിൾ യാത്രക്കാരൻ.
പത്തുമണിയോടെ ചരകയിലെ സെല്ലിംഗ് യൂണിറ്റിൽ പോയി കുറച്ചു വസ്ത്രങ്ങൾ കൂടി വാങ്ങി ഞാൻ സഗരയിലേക്ക് ബസ് കയറി. ആ യാത്രയിലുടനീളം എന്റെ മനസ്സ് വീട്ടിലെ ഉമ്മറത്തായിരുന്നു. അവിടെ എന്നെയും കാത്ത് അമ്മയുണ്ടാകും. ഓരോ യാത്ര കഴിഞ്ഞു മടങ്ങുമ്പോഴും അമ്മയ്ക്കായി ഞാൻ കരുതിവെക്കുന്ന ചിലതുണ്ട്; പലതരം ചന്ദനത്തിരികൾ പോലെ ചിലത്.
കാൻസർ എന്ന മഹാമാരിയെ പോരാടി ജയിച്ചവളായിരുന്നു എന്റെ അമ്മ. പക്ഷേ, റേഡിയേഷൻ ചികിത്സയ്ക്ക് ശേഷം അമ്മയുടെ ചർമ്മം അതീവ സെൻസിറ്റീവ് ആയി മാറി. തണുപ്പോ ചൂടോ ചെറിയ പ്രാണികളോ പോലും അമ്മയ്ക്ക് അസഹനീയമായിരുന്നു. നമുക്ക് ഒട്ടും പ്രകടമല്ലാത്ത കാലാവസ്ഥാ മാറ്റങ്ങൾ പോലും അമ്മയെ അസ്വസ്ഥയാക്കുമായിരുന്നു. അതുകൊണ്ടുതന്നെ, ആ മുറിയിലെ അസ്വസ്ഥതകൾ മാറ്റി മനസ്സിന് കുളിർമ നൽകാൻ സുഗന്ധമുള്ള ചന്ദനത്തിരികൾ അമ്മയ്ക്ക് നിർബന്ധമായിരുന്നു. പുലർകാലത്തും സന്ധ്യാനേരത്തും അമ്മ തന്റെ മുറിയിൽ ചന്ദനത്തിരികൾ കത്തിച്ചുവെക്കും. ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും ഏറ്റവും നല്ല സുഗന്ധമുള്ള ചന്ദനത്തിരികൾ അമ്മയുടെ കൈയിൽ കൊടുക്കുമ്പോൾ ആ മുഖത്ത് വിരിയുന്ന സന്തോഷമായിരുന്നു എന്റെ ഏറ്റവും വലിയ യാത്രാസമ്മാനം. അമ്മയുടെ മുറിക്ക് എപ്പോഴും ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധമായിരുന്നു.
ഇന്ന് ഈ കുറിപ്പ് എഴുതുമ്പോൾ അമ്മ എന്റെ കൂടെയില്ല. എങ്കിലും, അന്ന് വീട്ടിലിരുന്ന് എനിക്കായി പ്രാർഥിച്ചിരുന്ന അമ്മ ഇന്ന് എന്റെ ഓരോ യാത്രയിലും ഒപ്പമുണ്ട്. ഓരോ യാത്രയും എനിക്ക് അമ്മയുടേതുകൂടിയാണ്. എന്നെ കാത്തിരുന്ന അമ്മയിൽ നിന്ന് എന്നോടൊപ്പം യാത്ര ചെയ്യുന്ന അമ്മയിലേക്കുള്ള ദൂരമാണ് എന്റെ ഓരോ യാത്രയും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, എന്റെ ഓരോ യാത്രയും അമ്മയിലേക്കുള്ള മടക്കയാത്ര തന്നെയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Charaka, a leading natural dye and handloom unit in Shimoga. Discover the art of handwoven textiles and the human touch behind every creation.
Published: 16 Feb 2026, 02:35 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented