
ഭോപ്പാലിൽ എൻ.എ.പി.എം (NAPM) സമ്മേളനം നടന്ന ആ രണ്ട് ദിനങ്ങളിൽ ഞങ്ങൾ നഗരത്തിന്റെ മിടിപ്പുകൾ തേടി അലയുകയായിരുന്നു. മധ്യപ്രദേശ് ഗവൺമെന്റിന്റെ വിഖ്യാതമായ 'മൃഗനയനി' എന്ന ബൃഹത്തായ എംപോറിയം സന്ദർശിച്ചത് ആ യാത്രയിലെ മറക്കാനാവാത്ത ഒരനുഭവമായിരുന്നു. അവിടുത്തെ വിപുലമായ ശേഖരത്തിൽ ഓരോ സാരിയുടെയും തനിമയും നൂലിഴകളിലെ വൈവിധ്യവും നേരിട്ടു കണ്ടു മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. എന്നാൽ, അവിടെനിന്നും തുണികൾ വാങ്ങാൻ തുനിഞ്ഞില്ല. അതിന്റെ പ്രധാന കാരണം അവിടുത്തെ ഉയർന്ന വിലയായിരുന്നില്ല; മറിച്ച് അത്തരം വലിയ ഷോറൂമുകളിൽ നിന്ന് തുണിത്തരങ്ങൾ ശേഖരിക്കുക എന്നത് എന്റെ താല്പര്യമേ ആയിരുന്നില്ല എന്നതാണ്.
പട്ടണങ്ങളിലെ വമ്പൻ സ്റ്റോറുകളിലോ എക്‌സിബിഷനുകളിലോ ഞാൻ പോകുന്നത് പുതിയ തുണിത്തരങ്ങൾ കണ്ടു പഠിക്കാനും അവയുടെ ഗുണമേന്മ മനസ്സിലാക്കാനും വേണ്ടിയാണ്. എന്റെ യഥാർത്ഥ ലക്ഷ്യം എപ്പോഴും തിരക്കേറിയ നഗരങ്ങളോ ഹോൾസെയിൽ വ്യാപാരികളോ അല്ല. മറിച്ച്, ഓരോ ഇഴയും നെയ്യുന്ന ഗ്രാമങ്ങൾ ആയിരുന്നു. ഉൾനാടൻ ഗ്രാമങ്ങളിലേക്ക് നേരിട്ടെത്തുക, അവിടുത്തെ തറികളിൽ വിരിയുന്ന വിസ്മയങ്ങൾ നേരിട്ട് കണ്ട് ശേഖരിക്കുക, അതിലാണ് ഞാൻ എന്നും സംതൃപ്തി കണ്ടെത്തുന്നത്. നഗരങ്ങളിലെ കച്ചവട കേന്ദ്രങ്ങളേക്കാൾ, ഗ്രാമീണ നെയ്ത്തുകാരുടെ ഇടങ്ങളിലേക്കായിരുന്നു എന്റെ മനസ്സു എപ്പോഴും സഞ്ചരിച്ചിരുന്നത്.
രണ്ടു ദിവസത്തെ സമ്മേളനം കഴിഞ്ഞ് മേധാ ദീദി കൊൽക്കത്തയിലേക്ക് തിരിക്കാൻ തയ്യാറെടുക്കുകയാണ്. ആദ്യ ദിവസം മുതൽ ദീദി ഒരു കാര്യം ആവർത്തിക്കുന്നുണ്ടായിരുന്നു. ഗാന്ധി ഭവനിലെ പരിപാടികൾക്ക് ശേഷം 'സെഞ്ച്വറി'യിലേക്ക് പോകണം. അവിടെ ഒരു രാത്രി തങ്ങി, അടുത്ത ദിവസം അവിടെ ഒരു പരിപാടി ഉണ്ട് അതിൽ പങ്കെടുത്ത ശേഷം മാത്രമേ നർമ്മദയിലേക്ക് പോകാവൂ എന്ന് ദീദിക്ക് നിർബന്ധമുണ്ടായിരുന്നു. സത്യത്തിൽ എനിക്ക് അത്ര താല്പര്യം തോന്നിയില്ല. 'എന്തിനാണ് ഈ സെഞ്ച്വറിയിൽ പോകുന്നത്? അവിടെ എന്താണുള്ളത്?' എന്നൊക്കെയായിരുന്നു എന്റെ ചിന്ത. എത്രയും പെട്ടെന്ന് നർമ്മദയിൽ എത്തണം അവിടുത്തെ ഗ്രാമങ്ങൾ കാണണം.
Also Read
രണ്ടാം ദിവസം നഗരം ചുറ്റി കുറച്ചു സാധനങ്ങൾ എല്ലാം വാങ്ങി ഗാന്ധി ഭവനിൽ തിരിച്ചെത്തുമ്പോൾ NAPM- ന്റെ (National Alliance of People's Movements) മീറ്റിംഗ് അവസാനിക്കുകയായിരുന്നു. അപ്പോൾ ഞാൻ ആലോചിച്ചു കഴിഞ്ഞ രണ്ടു ദിവസമായി ഈ മനുഷ്യർ ചർച്ച ചെയ്തത് ആർക്ക് വേണ്ടിയാണ്? സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവർക്ക് വേണ്ടി, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി, വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെട്ടവർക്ക് വേണ്ടി…
ഗാന്ധി ഭവനിലെ താമസം വളരെ ലളിതമായിരുന്നു. മിനിമം സൗകര്യങ്ങളും ലളിതമായ ഭക്ഷണവും മാത്രം. നമ്മുടെ നാട്ടിലെ ആഡംബരം നിറഞ്ഞ സമ്മേളനങ്ങളെയും ഭക്ഷണരീതികളെയും കുറിച്ച് ഞാൻ അപ്പോൾ ഓർത്തുപോയി. താഴെത്തട്ടിലുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ അവരുടെ ജീവിതത്തോടും അത്രമേൽ ചേർന്നുനിൽക്കുന്നു എന്ന സത്യം അവിടെ വ്യക്തമായിരുന്നു. എങ്കിലും എന്റെ മനസ്സ് നർമ്മദയിലായിരുന്നു. പക്ഷേ, സെഞ്ച്വറിയിലെ പരിപാടിക്ക് ദീദി വലിയ പ്രാധാന്യം നൽകുന്നുണ്ടായിരുന്നു.
നർമ്മദയിൽ നിന്നും വന്ന ജീപ്പ് ആളുകളുമായി തിരിച്ചു പോകാൻ തയ്യാറെടുക്കുന്നു. മൂന്ന് സീറ്റുകൾ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. ആദ്യം ഞാനും സി.ആറും ഉഷക്കുട്ടിയും മാത്രമേ പോകാൻ കരുതിയിരുന്നുള്ളൂ. എങ്കിലും, യാത്രയോടുള്ള ഇഷ്ടം കൊണ്ട് മറ്റുള്ളവരും കൂടെക്കൂടി. ഒടുവിൽ ഞാനും ഉഷക്കുട്ടിയും ലൈലയും ജീപ്പിലും, സി.ആറും ബാക്കിയുള്ളവരും ബസ്സിലും വരാൻ തീരുമാനിച്ചു.
വൈകുന്നേരം ആറു മണിയോടെ നർമ്മദാ ബച്ചാവോ ആന്ദോളൻ (NBA) പ്രവർത്തകർക്കൊപ്പം ഞങ്ങൾ ഭോപ്പാലിനോട് വിട പറഞ്ഞു. മുകേഷ് ഭായ് ആയിരുന്നു ഞങ്ങളുടെ സാരഥി. ഡ്രൈവിംഗിൽ അതീവ നിപുണനായ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റിൽ തന്നെ ഞാൻ സ്ഥാനം പിടിച്ചു. അവിടെ നിന്നും ബർവാനിയിലേക്ക് (നർമ്മദ) എട്ടു മണിക്കൂർ നീണ്ട യാത്രയുണ്ട്. സാധാരണയായി മറ്റൊരാൾ ഓടിക്കുന്ന വണ്ടിയിൽ ഇരിക്കാൻ എനിക്ക് പേടിയാണ്. കെ.എസ്.ആർ.ടി.സി ആണെങ്കിൽ വലിയ കുഴപ്പമില്ല. പക്ഷേ, മുകേഷ് ഭായിയുടെ ഡ്രൈവിംഗ് ഒരു കലയായിരുന്നു. വണ്ടി 80 കിലോമീറ്ററിന് താഴെ പോകുന്നേയില്ല, എന്നാൽ ഒരു ചെറിയ കുലുക്കമോ പെട്ടെന്നുള്ള ബ്രേക്കിടലോ ഇല്ല. ഒരു പുഴ ഒഴുകുന്നതുപോലെ സുഗമമായ യാത്ര!
വിശാലമായ റോഡുകൾ ഒഴിഞ്ഞുകിടക്കുന്നു. രാത്രിയിലാണ് ഇൻഡോർ പാസ്സ് ചെയ്യുന്നത് എന്നതുകൊണ്ട് നഗരം കാണാൻ കഴിയില്ലല്ലോ എന്ന ചെറിയൊരു വിഷമം ഉള്ളിലുണ്ട്. എന്റെ മൊബൈലിൽ 'ഏക് ദുജേ കെ ലിയേ'യിലെ പാട്ടുകൾ വെച്ച് ഞാൻ ആ യാത്ര ആസ്വദിച്ചു. 'ഇതെല്ലാം, നമ്മുടെയും കൂടി സംഗീതമാണ്' എന്ന് പറഞ്ഞപ്പോൾ മുകേഷ് ഭായിയുടെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു.
രാത്രി വൈകിയപ്പോൾ ബർവാനിയിലേക്കുള്ള യാത്ര പകുതിയിൽ നിർത്താൻ ഞങ്ങൾ തീരുമാനിച്ചു. ദീദി ഏർപ്പാടാക്കിയ പ്രകാരം ദേവാസിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ അന്ന് രാത്രി തങ്ങി. പിറ്റേന്ന് പുലർച്ചെ നർമ്മദയിലേക്ക് തിരിക്കാം എന്ന മുകേഷ് ഭായിയുടെ വാക്ക് കേട്ടപ്പോൾ ഉള്ളിൽ സന്തോഷം തോന്നി. സത്യത്തിൽ, എനിക്ക് റോഡ് യാത്രകൾ അത്ര പ്രിയപ്പെട്ടതല്ല. എന്നാൽ, പുലർച്ചെയുള്ള യാത്രകളോട് പ്രത്യേക ഇഷ്ടമുണ്ട്.
നേരം വെളുക്കുന്നതിന് മുൻപേ, ലോകം ഉറക്കമുണരുന്ന ആ തണുപ്പിലൂടെയുള്ള യാത്രകൾ എന്നും എന്നെ ആകർഷിച്ചിരുന്നു. മുഖത്ത് വന്നുതൊടുന്ന ആ തണുത്ത കാറ്റിൽ ഞാൻ എന്നെത്തന്നെ മറക്കും. അപ്പോഴൊക്കെ മനസ്സിലേക്ക് വിക്ടർ യൂഗോയും അദ്ദേഹത്തിന്റെ 'ജീൻ വാൽ ജീനും' ഒക്കെ കടന്നുവരും. പുലർച്ചെയുള്ള യാത്രകളെ സ്‌നേഹിച്ചിരുന്ന എന്റെ അച്ഛനെ ഓർക്കും. ആ ഓർമ്മകളുടെ തണുപ്പും ആ തണലും എന്നെ പൊതിഞ്ഞു.
മുകേഷ് ഭായിയുടെ വിദ്യയും ഇൻഡോറിന്റെ കാഴ്ചകളും. അതിമനോഹരമായ ഒരു പ്രഭാതമായിരുന്നു അത്. റോഡുകൾ ഏതാണ്ട് പൂർണ്ണമായും ഒഴിഞ്ഞുകിടക്കുന്നു. മുകേഷ് ഭായിയുടെ ഡ്രൈവിംഗിനെക്കുറിച്ച് വീണ്ടും പറയാതെ വയ്യ. സാധാരണഗതിയിൽ നമ്മുടെ നാട്ടിലെ വണ്ടികളിൽ കയറിയാൽ പേടി കാരണം ജീവൻ കയ്യിൽ പിടിച്ചാണ് ഇരിക്കാറുള്ളത്. യാത്ര ആസ്വദിക്കുന്നതിന് പകരം പേടിച്ചു വിറച്ച് ഇരിക്കേണ്ടി വരാറുണ്ട്. എന്നാൽ ഇവിടെ, മുകേഷ് ഭായിയുടെ കൈകളിൽ സ്റ്റിയറിംഗ് ഭദ്രമായിരുന്നു. ഒരു ചെറിയ കുലുക്കം പോലുമില്ലാത്ത സുഗമമായ യാത്ര ശരിക്കും
ആശ്ചര്യപ്പെടുത്തി. യാത്രയ്ക്കിടയിൽ ഇൻഡോർ നഗരത്തിന്റെ കാഴ്ചകൾ മിന്നിമറഞ്ഞു. IIM-ലേക്കുള്ള സൈൻ ബോർഡുകൾ കണ്ടപ്പോൾ മകളുടെ സുഹൃത്ത് അപർണയെയും റോഡിന്റെ ഒരു വശത്തായി കണ്ട സേജ് (Sage) യൂണിവേഴ്‌സിറ്റിയെയുമൊക്കെ ഓർത്തു. പരിചിതമായ പേരുകൾ അപരിചിതമായ ആ നാട്ടിൽ കാണുമ്പോൾ തോന്നുന്ന ഒരു സന്തോഷമുണ്ടല്ലോ, അതനുഭവിച്ച് ഞങ്ങൾ മുന്നോട്ട് നീങ്ങി.
ഒടുവിൽ, രാവിലെ എട്ടു മണിയോടെ ഞങ്ങൾ ലക്ഷ്യസ്ഥാനമായ 'സെഞ്ച്വറി'യിൽ എത്തിച്ചേർന്നു. സെഞ്ച്വറിയിൽ എത്തുന്നതിന് തൊട്ടു മുൻപുള്ള ആ പാലം... അവിടെ നിന്നുള്ള നർമ്മദയുടെ കാഴ്ച! വാക്കുകൾക്ക് അപ്പുറമായിരുന്നു അത്. പുലർവെട്ടത്തിൽ വെട്ടിത്തിളങ്ങുന്ന പുഴ, ഒരു വലിയ വിസ്മയം പോലെ ഞങ്ങൾക്ക് മുന്നിൽ നിവർന്നു കിടന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Reflective insights on urban vs. rural craftsmanship and the importance of supporting village artisans., Personal narrative of the NAPM conference in Bhopal and the humanitarian focus of the movement., A scenic and meditative road trip experience from Bhopal to Narmada., First-hand encounter with the serene beauty of the Narmada river at Century.
Published: 30 Mar 2026, 11:09 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented