ഈ വര്‍ഷം അവസാനം തായ്ലന്‍ഡില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ, രാജസ്ഥാന്‍ സ്വദേശിനിയായ മനിക വിശ്വകര്‍മ്മ ഇന്ത്യയെ പ്രതിനിധീകരിക്കും. ജയ്പൂരില്‍ തിങ്കളാഴ്ച നടന്ന വര്‍ണ്ണാഭമായ ഗ്രാന്‍ഡ് ഫിനാലെയില്‍, മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 ആയി മനിക തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്.

മുന്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 റിയ സിന്‍ഹയില്‍ നിന്നാണ് അവര്‍ കിരീടം ഏറ്റുവാങ്ങിയത്. 48 മത്സരാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള താന്യ ശര്‍മ്മ ഫസ്റ്റ് റണ്ണറപ്പായും, ഹരിയാനയില്‍ നിന്നുള്ള മെഹക് ധിന്‍ഗ്ര സെക്കന്‍ഡ് റണ്ണറപ്പായും, അമിഷി കൗശിക് തേര്‍ഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ സ്വദേശിനിയും നിലവില്‍ ഡല്‍ഹിയില്‍ താമസക്കാരിയുമായ മനിക, കഠിനാധ്വാനവും സൗന്ദര്യവും ഒത്തുചേര്‍ന്ന ഒരു ബഹുമുഖ പ്രതിഭയാണ്. പഠനവും സൗന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പുകളും ഒരുമിച്ച് കൊണ്ടുപോകുകയാണവര്‍. പൊളിറ്റിക്കല്‍ സയന്‍സിലും ഇക്കണോമിക്‌സിലും അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് അവര്‍. 

കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്‌സ് രാജസ്ഥാന്‍ കിരീടവും നേടിയിരുന്നു. ഒരു ക്ലാസിക്കല്‍നർത്തകി കൂടിയാണ് മനിക. വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ സംഘടിപ്പിച്ച ബിംസ്റ്റെക് സെവോക്കോണ്‍ സംരംഭത്തില്‍ അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അവരുടെ കലാപരമായ മികവിനും കഴിവിനും ലളിതകലാ അക്കാദമിയുടെയും ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്സിന്റെയും പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്.

പഠനത്തിനും കലയ്ക്കും അപ്പുറം, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി വാദിക്കുന്ന ഒരു വ്യക്തി കൂടിയാണ് മനിക. ന്യൂറോഡൈവേര്‍ജന്‍സിന്റെ വക്താവായ മനിക വിശ്വകര്‍മ്മ, 'ന്യൂറോനോവ' എന്ന സംരംഭത്തിന്റെ സ്ഥാപകയാണ്. എഡിഎച്ച്ഡി പോലുള്ള അവസ്ഥകളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഈ അവസ്ഥകളെക്കുറിച്ചുള്ള ചര്‍ച്ചകളെ പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനും വേണ്ടിയുള്ളതാണ് ഈ സംരംഭം. 

'എന്റെ യാത്ര ആരംഭിച്ചത് എന്റെ ജന്മനാടായ ഗംഗാനഗറില്‍ നിന്നാണ്. ഞാന്‍ ഡല്‍ഹിയിലെത്തി മത്സരത്തിനായി തയ്യാറെടുത്തു. നമ്മള്‍ നമ്മളില്‍ത്തന്നെ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്തിയെടുക്കണം. എന്നെ സഹായിക്കുകയും ഇന്നത്തെ ഞാനാക്കി മാറ്റുകയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. മത്സരം ഒരു വേദി മാത്രമല്ല; അത് ഒരു വ്യക്തിയുടെ സ്വഭാവം രൂപപ്പെടുത്തുന്ന ഒരു ലോകം തന്നെയാണ്.' മനിക പറഞ്ഞു.

ഗ്ലാമാനന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025-ന്റെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഫാഷന്‍ ഡിസൈനര്‍ ആഷ്‌ലി റെബെല്ലോ, സിനിമാ സംവിധായകന്‍ ഫര്‍ഹാദ് സാംജി, നടിയും മിസ് യൂണിവേഴ്‌സ് ഇന്ത്യ 2015 വിജയിയുമായ ഉര്‍വശി റൗട്ടേല, ആക്റ്റ് നൗ ഓര്‍ഗനൈസേഷന്‍ സ്ഥാപകന്‍ രാജീവ് കെ ശ്രീവാസ്തവ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi