
തനിക്കേറെ ഇഷ്ടപ്പെട്ട മേഖലകളെല്ലാം ചേർത്തുപിടിക്കുന്നയാളാണ് നടി അദിതി ഗോവിത്രികർ. നടി, മോഡൽ, ഡോക്ടർ...ഈ റോളുകളെല്ലാം അവർ ഭംഗിയായി നിർവഹിക്കുകയും ചെയ്യുന്നു. മോഡലിങ്ങിലൂടെയാണ് അവർ സിനിമയിലേക്ക് കടക്കുന്നത്.
1996-ൽ ഗ്ലാഡ്രാഗ്‌സ് മെഗാമോഡൽ കോണ്ടസ്റ്റിൽ വിജയിച്ച താരം, 2000-ൽ മിസിസ് ഇന്ത്യ ടൈറ്റിൽ നേടി. 2001-ൽ മിസിസ് വേൾഡ് മത്സരത്തിലും അവർ വിജയിയായി. ആ ടൈറ്റിൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അദിതി. അതിനുശേഷം തെലുഗു, കന്നഡ, ഹിന്ദി, മറാത്തി സിനിമകളിലും അവർ അഭിനയിച്ചു.
ഇപ്പോൾ തന്റെ വിജയത്തെക്കുറിച്ചും അതെങ്ങനെയാണ് സ്വീകരിക്കപ്പെട്ടത് എന്നുമെല്ലാം അവർ തുറന്നുപറയുകയാണ്. സാധാരണയായി സൗന്ദര്യമത്സരങ്ങളിൽ വിജയിക്കുന്നവർക്ക് പ്രശസ്തി മാത്രമല്ല ലഭിക്കുന്നത്. സമ്മാനത്തുകയും യാത്രാ ആനുകൂല്യങ്ങളും ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ ലഭിക്കും. എന്നാൽ തന്റെ കാര്യത്തിൽ അങ്ങനയൊന്നുമായിരുന്നില്ലന്ന് വെളിപ്പെടുത്തുകയാണ് അദിതി. അതേവർഷം ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്രസൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത പ്രിയങ്ക ചോപ്ര, ലാറ ദത്ത എന്നിവരും താനും തമ്മിൽ സമ്മാനങ്ങളുടെയും സ്വീകരണങ്ങളുടെയും കാര്യത്തിൽ ഒട്ടേറെ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും അവർ ഓർക്കുന്നു.
''ലാറയും പ്രിയങ്കയും വിജയികളായ അതേ വർഷം തന്നെയാണ് ഞാനും മിസിസ് വേൾഡായത്. അതിനുശേഷം ഞങ്ങൾക്ക് ഒരു പാർട്ടി ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നിർഭാഗ്യകരമായ പാർട്ടിയെന്ന് ഞാനതിനെ പറയും. അവിടെവെച്ച് ലാറയ്ക്കും പ്രിയങ്കയ്ക്കും ഫ്‌ളാറ്റും കാറുമെല്ലാം സമ്മാനമായി ലഭിച്ചു. എനിക്ക് കിട്ടിയതോ, ഒരു പൂച്ചെണ്ടും. ഞാൻ പ്രിയങ്കയുടെയോ ലാറയുടെയോ ഏജൻസിയിൽനിന്നായിരുന്നില്ല എന്നതായിരുന്നു അതിനു കാരണം''.
അന്നത്തെ രസകരമായ ഒരു സംഭവവും അദിതി ഓർത്തെടുക്കുന്നു. ''ലാറ എനിക്കരികിൽ നിൽക്കുകയായിരുന്നു. അവൾ പറഞ്ഞു, 'നോക്കൂ, ഞങ്ങൾക്ക് ഒരു കാറും വീടും ഉണ്ട്, നിങ്ങൾക്ക് ഒരു ഭർത്താവും ഉണ്ട്.' 'അത് വളരെ ശരിയാണ്' എന്ന് ഞാൻ പറഞ്ഞു''. 2000-ലാണ് ലാറ ദത്ത മിസ് യൂണിവേഴ്‌സ് ടൈറ്റിൽ നേടിയത്. അതേവർഷം പ്രിയങ്ക ചോപ്ര മിസ് വേൾഡ് ടൈറ്റിലും കരസ്ഥമാക്കി.
മെഡിസിൻ പഠനകാലത്താണ് തന്റെ സീനിയറായ മുഫാസൽ ലക്ഡാവാലയുമായി അദിതി പ്രണയത്തിലാവുന്നത്. വർഷങ്ങളുടെ ഡേറ്റിങ്ങിനുശേഷം അവർ 1998-ൽ വിവാഹിതരായി. അദിതി മതംമാറ്റം നടത്തി, സാറ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ദമ്പതികൾക്ക് രണ്ടു മക്കളുമുണ്ടായി. 10 വർഷത്തെ ദാമ്പത്യബന്ധത്തിനുശേഷം അവർ വിവാഹമോചനം നേടിയത് 2008-ലാണ്. ഇപ്പോൾ ഡോക്ടറായി ജോലി നോക്കുകയാണ് അദിതി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aditi Govitrikar, the first Indian to win Mrs. World, reveals the stark difference in prizes compared to Priyanka Chopra and Lara Dutta. Explore her career and insights
Published: 24 Jan 2026, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented