
ഇതുപോലെ ഒരു പൊള്ളുന്ന വേനൽക്കാലത്താണ് മംഗലഗിരി സാരി തേടി ആന്ധ്രയ്ക്ക് വണ്ടി കയറിയത്. വിജയവാഡ ഞങ്ങളെ സ്വീകരിച്ചത് സഹിക്കാവുന്നതിലും അപ്പുറമുള്ള ചൂടോടെയായിരുന്നു. ആന്ധ്രയിലെ വെയിലിനെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നുവെങ്കിലും ഇത്രത്തോളം പ്രതീക്ഷിച്ചില്ല. വളരെ പെട്ടെന്ന് മാറിമറിയുന്ന കാലാവസ്ഥയാണ് ആന്ധ്രയുടെത്. കാലാവസ്ഥയുടെ ആ കാഠിന്യം കാരണം ഒരു പകൽ മുഴുവൻ മുറിക്കുള്ളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു. 'ചാരുവിന് ഇത് താങ്ങാൻ പറ്റുമോ എന്നറിയില്ല, അത്ര ചൂടാണ് ഇവിടെ' എന്ന് അവിടുത്തെ സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിട്ടും പിന്തിരിയാൻ മനസ്സില്ലായിരുന്നു. കാരണം, അത്തവണത്തെ ഓണത്തിന് 'കണ്ണകി'യുടെ പ്രിയപ്പെട്ടവർക്ക് മംഗലഗിരിയുടെ തനിമയുള്ള സാരികൾ എത്തിച്ചുനൽകണമെന്നത് ഞാൻ വിചാരിച്ചു പോയിരുന്നു.
കൃഷ്ണാനദിയുടെ തീരത്തുള്ള വിജയവാഡയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. പുരാതന കാലത്ത് 'വിജയവാടിക' എന്നറിയപ്പെട്ടിരുന്ന ഈ നഗരം ബുദ്ധമത കേന്ദ്രമായും വ്യാപാര കേന്ദ്രമായും തിളങ്ങിനിന്നിരുന്നു. മംഗലഗിരി എന്ന കൊച്ചു പട്ടണം ആന്ധ്രയുടെ ആത്മീയതയുടെയും കരകൗശലത്തിന്റെയും കേന്ദ്രമാണ്.
'മംഗലഗിരി' എന്നാൽ 'മംഗളകരമായ കുന്ന്' എന്നാണർത്ഥം. ഇവിടുത്തെ ചരിത്രം പനകാല നരസിംഹസ്വാമി ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മംഗലഗിരിയിലെ പനകാല നരസിംഹസ്വാമി ക്ഷേത്രത്തിന് ചരിത്രത്തിനപ്പുറം ഇതിഹാസത്തോളം നീളുന്ന ഒരു കഥ പറയാനുണ്ട്.
വനവാസകാലത്ത് പാണ്ഡവർ ഈ പ്രദേശം സന്ദർശിച്ചിരുന്നതായും, ഈ കുന്നിൻ മുകളിൽ ധർമ്മപുത്രരായ യുധിഷ്ഠിരൻ, നരസിംഹ മൂർത്തിയെ ആരാധിച്ചിരുന്നതായും ഐതിഹ്യങ്ങൾ പറയുന്നു.
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ യുധിഷ്ഠിരൻ നേരിട്ട് സ്ഥാപിച്ചതാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. ക്ഷേത്ര ഭിത്തികളിലും തൂണുകളിലും കൊത്തിവെച്ചിട്ടുള്ള പാണ്ഡവരുടെ രൂപങ്ങളും പുരാണചിത്രങ്ങളും ഈ വിശ്വാസത്തിന് അടിവരയിടുന്നു. ക്ഷേത്രത്തിന്റെ ഓരോ കല്ലിലും ഒരു കാലഘട്ടത്തിന്റെ അടയാളങ്ങൾ കാണാം. കൃഷ്ണദേവരായരുടെ കാലത്ത് നിർമ്മിക്കപ്പെട്ട 153 അടി ഉയരമുള്ള ഇവിടുത്തെ 'ഗാലി ഗോപുരം' ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഗോപുരങ്ങളിൽ ഒന്നാണ്.
മംഗലഗിരിയുടെ ആത്മീയ പ്രഭാവം അവിടെയെത്തുന്ന ഓരോ സഞ്ചാരിയെയും അല്പനേരമെങ്കിലും നിശബ്ദരാക്കും. ചരിത്രവും വിശ്വാസവും ഇഴചേർന്ന ഈ മണ്ണിൽ നിന്നാണ് മംഗലഗിരി സാരികൾ കൊണ്ടുവരുന്നത്. മംഗലഗിരി സാരികൾ കേവലം വസ്ത്രങ്ങളല്ല, അവ ആന്ധ്രയുടെ നെയ്ത്തുപാരമ്പര്യത്തിന്റെ അടയാളങ്ങളാണ്. ലളിതമെങ്കിലും അത്യന്തം ഗ്ലാമറസ് ആയ ലുക്ക് നൽകുന്നവയാണ് ഇവിടുത്തെ സാരികൾ. പ്ലെയിൻ ബോഡിയും ആകർഷകമായ ബോർഡറുകളുമാണ് ഇതിന്റെ മുഖമുദ്ര.
ഇതിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 'നിസാമി ബോർഡർ'. 18-ാം നൂറ്റാണ്ടിൽ ഹൈദരാബാദ് നിസാമുമാരുടെ രാജകീയ വസ്ത്രങ്ങളിൽ ഉപയോഗിച്ചിരുന്ന സങ്കീർണ്ണമായ 'സരി' വർക്കുകളിൽ നിന്നാണ് ഈ ബോർഡർ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടത്. പഴയകാലത്ത് രാജകുടുംബാംഗങ്ങൾ മാത്രം ധരിച്ചിരുന്ന ഈ ആഢ്യത്വം ഇന്ന് മംഗലഗിരിയിലെ സാധാരണക്കാരായ നെയ്ത്തുകാർ ലോകത്തിന് മുൻപിലെത്തിക്കുന്നു.
പരുത്തിയും സിൽക്കും ഇഴചേരുന്ന ഈ സാരികൾ വേനൽക്കാലത്ത് ശരീരത്തിന് നൽകുന്ന സുഖം വിവരണാതീതമാണ്. ഇത്രയേറെ സാരികൾ കാണുമ്പോഴും അവയെപ്പറ്റി അറിയുമ്പോഴും എനിക്ക് വ്യക്തിപരമായി ഉടുക്കാർ ഒരുപാട് ഇഷ്ടം തോന്നിക്കുന്നവയാണ് മംഗലഗിരി സാരികൾ.
കഠിനമായ ചൂട് കാരണം സാരികൾ തേടിയുള്ള യാത്ര ദുഷ്‌കരമായപ്പോഴാണ് ഒരു പുലർച്ചെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് പോയത്. അവിടെ എത്തിയപ്പോഴാണ് ഒരു കാര്യം മനസ്സിലാക്കിയത്; അവിടുത്തെ ദേവിക്ക് നൽകുന്ന ഏറ്റവും പ്രധാന വഴിപാട് സാരി സമർപ്പണമാണ്. ഒരു സാരിവില്പനക്കാരിയായിട്ടും ദേവിക്ക് സമർപ്പിക്കാൻ ഒരു സാരി കരുതാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ആ നിമിഷം എന്നെ വല്ലാതെ അലട്ടി. പക്ഷേ, അവിടെ എന്നെ കാത്തിരുന്നത് ഒരു അദ്ഭുതമായിരുന്നു. ഭക്തർ സമർപ്പിച്ച സാരികൾ പ്രസാദമായി തിരികെ നൽകുന്ന ഒരിടമുണ്ട് അവിടെ. അപ്രതീക്ഷിതമായി, വളരെ മനോഹരമായ ഒരു സാരി പ്രസാദമായി എന്റെ കൈകളിലെത്തി. എന്റെ ഉള്ളിലെ വിഷമം അറിഞ്ഞ ദേവി നൽകിയ സമ്മാനമായിട്ടാണ് ഞാനതിനെ കണ്ടത്. ആ സാരിയിലെ ഓരോ നൂലിലും ആ നാടിന്റെ പാരമ്പര്യവും നെയ്ത്തുകാരന്റെ വിയർപ്പും കലർന്നതുപോലെ തോന്നി.
തണലില്ലാത്ത വഴികളിലൂടെ നടക്കുമ്പോൾ ഞാനൊന്ന് ശ്രദ്ധിച്ചു. പൊരിവെയിലിലും തളരാതെ പണിയെടുക്കുന്ന മനുഷ്യർ! ഓരോ നാട്ടിൽ നിന്നും കൊണ്ടുവരുന്ന സാരികൾ വെറും തുണിയല്ല ഒരു ജനതയുടെ സംസ്‌കാരവും പൈതൃകവുമാണ്. ലോകത്തിന് മുഴുവൻ മനോഹരമായ ഉടയാടകൾ നെയ്തു നൽകുന്ന ഈ മനുഷ്യരാരും അത് ധരിക്കുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. അവർ ഉടുക്കുന്നത് വിലകുറഞ്ഞ നൈലോൺ സാരികളാണ്. ദാരിദ്ര്യം അവരുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുമ്പോഴും നെയ്യുന്ന സാരികളിൽ അവർ ആ പ്രൗഢി ചോരാതെ സൂക്ഷിക്കുന്നു.
ആരോഗ്യവും വസ്ത്രധാരണവും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചർമ്മ സംരക്ഷണവും. നാം ധരിക്കുന്ന തുണികൾ നമ്മുടെ ശരീരവുമായി അത്രമേൽ ചേർന്നുനിൽക്കുന്നവയാണ്. പരുത്തിയുടെയും സിൽക്കിന്റെയും സ്വാഭാവികമായ തനിമ നമ്മുടെ മാനസികാവസ്ഥയെപ്പോലും സ്വാധീനിക്കും. ലോകത്തിലെ ഏറ്റവും മികച്ച പരുത്തി തുണികൾ ഇന്ത്യയിലുണ്ട്. അതിൽ ഏറ്റവും ഗുണമേന്മയുള്ളവ നേരിട്ട് കണ്ടും തൊട്ടും ആണ് നിങ്ങൾക്കായി എത്തിക്കുന്നത്. ശാരീരികമായി ഏറെ തളർത്തിയ ദിവസങ്ങളായിരുന്നുവെങ്കിലും ആന്ധ്രയിലെ ഗ്രാമങ്ങൾ എന്നെ വീണ്ടും വിളിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the rich heritage of Mangalagiri sarees, handwoven in Andhra Pradesh, blending history, faith, and exquisite craftsmanship. Shop unique designs.
Published: 25 Feb 2026, 12:25 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented