തലക്കെട്ട് കണ്ടു സംശയിക്കേണ്ട..! അച്ചടിപ്പിശകല്ല... ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഒരു മഹാമാരി പിറവി കൊടുത്ത മധുരത്തെ തേടിയാണ് ഈ യാത്ര.

ആറു തലമുറകളുടെ പ്രായമുള്ള ഒരു മധുരക്കൂട്ട്..! എരിവ്, പുളി, മധുരം തുടങ്ങിയ രുചികൾക്കൊക്കെയും ആടിത്തിമിർക്കാൻ അവരുടേതായ സ്പേസും 'അത്യാവശ്യം ഫ്രീഡവും' അനുവദിക്കുന്ന 'മോഡേൺ ഇടമായ' നമ്മുടെ നാവിലെത്തുന്ന പല പലഹാരങ്ങളും അവ ജന്മം കൊണ്ട സ്ഥലങ്ങളുടെ പേരിൽ കീർത്തി നേടാറുണ്ട്..! എന്നാൽ ഒരു നാട് തന്നെ ഒരു പലഹാരത്തിന്റെ പേരിൽ അറിയപ്പെട്ടാൽ? അതാണ് ഉത്തര കർണാടകയിലെ ധാർവാർടിന്റെ സ്വന്തം ബാബു സിംഗ് ധാക്കൂർ പേട അഥവാ ധാർവാട്‌പേട .! ജോലി തേടിയുള്ള അസംഖ്യം പരീക്ഷണ എഴുത്തുകളുടെ ഭാഗമായി ഹൂബ്ലിയിൽ എത്തിയപ്പോഴാണ് ധാർവാർട് പേടയുടെ കൊതിപ്പിക്കുന്ന മണം കിട്ടി തുടങ്ങിയത്. ധാർവാർട് എംപിയും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് സിംഗ് ജോഷി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ശേഷം പാർലമെന്റിൽ ധാർവാർട് പേട വിതരണം ചെയ്തതായി എവിടെയോ വായിച്ചത് ഓർമ്മയുണ്ട്.. പക്ഷെ ഭൗമശാസ്ത്ര പദവിയുള്ള ഈ കുഞ്ഞൻ പലഹാരത്തിനു പിറകിൽ ഒന്നേമുക്കാൽ നൂറ്റാണ്ടിന്റെ സമൃദ്ധമായ ഒരു ചരിത്രമുണ്ടെന്ന് അന്നറിഞ്ഞിരുന്നില്ല.. അറിഞ്ഞപ്പോഴോ പേടയുടെ മധുരത്തേക്കാൾ കൊതിപ്പിച്ചത് ആ ചരിത്രവും...

 

മധുരമുള്ള ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അന്നത്തെ ഔധ് (ഇന്നത്തെ ഉത്തർപ്രദേശ്) നാട്ടുരാജ്യത്തിന് കീഴിലുള്ള ഉന്നാവോയിൽ ഒരു പലഹാരകച്ചവടക്കാരൻ ജീവിച്ചിരുന്നു.. പേര് റാം രത്തൻ സിംഗ് ധാക്കൂർ..! തന്റെ പൂർവികർ ചെയ്തു വന്നിരുന്ന മധുരപലഹാര കച്ചവടം തുടർന്നു പോന്ന ഒരു സാധാരണക്കാരൻ. വലിയ ലാഭം ഒന്നും ഇല്ലെങ്കിലും കുടുംബത്തിലെ ചെലവ് നടന്നു പോകും. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും മോശമല്ലാത്ത കച്ചവടം ലഭിക്കും എന്നത് മാത്രമാണ് അയാളെ അതിൽ പിടിച്ചു നിർത്തിയത്.. അങ്ങനെയിരിക്കെ അന്നത്തെ ഹിന്ദുസ്ഥാന്റെ ഉത്തര മേഖലകളിൽ പ്‌ളേഗ് പടർന്നു പിടിച്ചു... കറുത്ത മരണം എന്നറിയപ്പെട്ടിരുന്ന ആ മഹാമാരി ഓരോ കുടുംബത്തിലും, ഓരോ തെരുവിലും 'മരണം വിതച്ചു' സംഹാര താണ്ഡവമാടി. മരണ ഭീതി ഉന്നാവോയുടെ തെരുവുകളെ വിഴുങ്ങി..

എലികളെ കാണുന്ന മാത്രയിൽ ആളുകൾ ഓടിയൊളിക്കാൻ തുടങ്ങി. എലികൾ തെരുവുകൾ കീഴടക്കി. മനുഷ്യരാകട്ടെ, എലികളെ പോലെ വീടുകളിലും ഒളിച്ചു... റാം രത്തൻ സിങ്ങും തന്റെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അഭയം തേടി. പോകപ്പോകെ, പ്‌ളേഗ് മാത്രമല്ല തന്റെ കുടുംബത്തിന് ഭീഷണിയാവുക എന്ന് അയാൾ തിരിച്ചറിഞ്ഞു. ചുറ്റുമുള്ള തെരുവുകളിൽ, പട്ടികൾ കടിച്ചു ബാക്കിയിടുന്ന വയറൊട്ടി എല്ലുന്തിയ ശവശരീരങ്ങളിൽ പലതും പ്‌ളേഗ് ബാധിച്ചു മാത്രം മരിച്ചവരുടേതായിരുന്നില്ലെന്നും, പട്ടിണിയും ദാരിദ്ര്യവും അന്നാടിനെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയെന്നും അയാൾക്ക് ബോധ്യപ്പെട്ടു തുടങ്ങിയിരുന്നു.

കടം ഉയർന്നു വന്നു... പലഹാരങ്ങൾ ഉണ്ടാക്കണമെങ്കിൽ അതിനുള്ള സാധനങ്ങൾ വാങ്ങണം. കടം വാങ്ങി, കഷ്ടപ്പെട്ട് അവ തരപ്പെടുത്തിയാൽ തന്നെ ഉണ്ടാക്കുന്നതൊക്കെ ആര് വാങ്ങാൻ?. ചുറ്റുമുള്ളവർ പട്ടിണി കാരണം മരിച്ചു വീഴുന്നു. ഒടുവിൽ ജന്മനാട് ഉപേക്ഷിച്ച് ജീവനും കയ്യിൽ പൊതിഞ്ഞുകെട്ടി മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെ ഒപ്പം കൂടാൻ, ആ നീണ്ട ചങ്ങലയുടെ ഒരു കണ്ണിയായി മാറാൻ അയാളും കുടുംബവും ഉറപ്പിച്ചു... പക്ഷെ എവിടേയ്ക്ക്? അറിയാവുന്ന ഏക പണി പാൽ കൊണ്ടുള്ളതാണ്. അതിന് മെച്ചപ്പെട്ടതും കൊഴുപ്പുള്ളതുമായ പാൽ ദിവസവും വേണ്ടി വരുമെന്ന് അയാൾ കണക്കു കൂട്ടി. നല്ല ഭക്ഷണം ലഭിക്കുന്ന കാലികൾ മാത്രമേ നല്ല പാൽ ചുരത്തൂ. അതിനാകട്ടെ ധാരാളം പച്ചപ്പ് നിറഞ്ഞ, അധികം ചൂടോ തണുപ്പോ ഇല്ലാത്ത മേഖലയിൽ താമസിക്കേണ്ടതുമുണ്ട്.. ഒടുവിൽ തന്റെ കുടുംബത്തോടൊപ്പം മഹാരാഷ്ട്ര-കർണാടക അതിർത്തിയിലെ, ധാർവാട് എന്ന സ്ഥലത്ത് അയാൾ ചേക്കേറി. വടക്കൻ മേഖലകളിൽ വലിയ തോതിൽ 'മരണം വിതച്ച' പ്‌ളേഗ് പക്ഷെ രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളിൽ അത്ര കണ്ടു എത്തിയിരുന്നില്ല..! അതുകൊണ്ട് തന്നെ താമസിക്കാൻ ഒരു കൂരയും, പാചകത്തിനു അത്യാവശ്യ സാധനങ്ങളും സജ്ജമാക്കിയ ശേഷം അയാൾ വേഗം തന്നെ തന്റെ പണി തുടങ്ങി..! എന്നാൽ 'വടക്കൻ' പലഹാരങ്ങളെപ്പറ്റി കേട്ടറിവ് മാത്രം ഉണ്ടായിരുന്ന അന്നാട്ടുകാരെ ആകർഷിക്കാൻ അയാൾ ഉണ്ടാക്കിയ പലഹാരങ്ങളുടെ രുചിക്കോ മണത്തിനോ കഴിഞ്ഞില്ല. കൗതുകത്തിന്റെയോ മര്യാദയുടെയോ പേരിൽ ഒരിക്കൽ മാത്രം തങ്ങളുടെ പുതിയ അയൽക്കാരനിൽ നിന്നും പലഹാരങ്ങൾ വാങ്ങിയ അവർ ഉടൻ തന്നെ 'സ്വന്തം' മധുരങ്ങളിലേയ്ക്ക് തിരിച്ചു പോയി.

ഫലമോ, അയാളുടെ കടം കൂടി, കച്ചവടം കുറഞ്ഞു. അതോടെ ആ മനുഷ്യന് മുന്നിൽ രണ്ടു വഴി തെളിഞ്ഞു. ഒന്ന്. അന്നാട്ടുകാരുടെ ഇഷ്ട രുചിക്കൂട്ടുകൾ പഠിച്ചെടുത്ത് അവിടുത്തെ ചന്തയിലെ അനേകം പലഹാര കച്ചവടക്കാരിൽ ഒരാൾ മാത്രമായി ശിഷ്ടകാലം ജീവിക്കുക. അല്ലെങ്കിൽ, അവിടുത്തുകാരുടെ നാവിന്റെ താല്പര്യങ്ങളും, തന്റെ അനുഭവങ്ങളും, പൈതൃകമായി കൈമാറിവന്ന വടക്കൻ രുചിക്കൂട്ടുകളിൽ കൃത്യമായ അനുപാതത്തിൽ ഉരുക്കിയൊഴിച്ചു പുതിയൊരു പലഹാരത്തിനു ഉയിർ കൊടുക്കുക. ജീവിതം കൈവിട്ടു പോകുന്നു എന്ന് തിരിച്ചറിഞ്ഞ അയാൾ അങ്ങനെ ഒരു കൈവിട്ട കളിക്ക് തയ്യാറായി. അതുവരെ തലമുറ തലമുറയായി കൈമാറിവന്ന രുചിക്കൂട്ടുകൾ പ്രകാരം മാത്രം പലഹാരങ്ങൾ ഉണ്ടാക്കിയിരുന്ന ആ കുടുംബത്തിലെ അടുക്കള ഒടുവിൽ ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറായി.

കുറച്ച് പാൽ. അല്പം പഞ്ചസാര. അത് പല രീതിയിൽ കുറുക്കി, തിളപ്പിച്ച് അയാൾ പുതിയ ഒരു പലഹാരം കണ്ടെത്താൻ ശ്രമിച്ചു. ദിവസങ്ങളും മാസങ്ങളും നീണ്ട അധ്വാനത്തിന് ഒടുവിൽ 'കൊള്ളാ'മെന്ന് തോന്നിയ ഒരു രുചിക്കൂട്ടിൽ ആ മനുഷ്യൻ എത്തിച്ചേർന്നു. നന്നായി പൊടിച്ച പഞ്ചസാര കൊണ്ട്‌പൊതിഞ്ഞ, നാവിൽ വെച്ചാലുടൻ അലിഞ്ഞില്ലാതാവുന്ന ചാര നിറത്തിലുള്ള ഒരു പേട. നാവിന്റെ ഓരോ തഴുകലിനും കുഴഞ്ഞ പാലിന്റെയും ഉരുക്കിച്ചേർത്ത പഞ്ചസാരയുടെയും മധുരം കിനിയുന്ന പലഹാരം.. അതിന് അയാൾ ആ നാടിന്റെ തന്നെ പേര് നൽകി. ധാർവാട് പേട.. കൈവിട്ടു പോകുമായിരുന്ന ജീവിതം തിരിച്ചുപിടിച്ചു സമ്മാനിച്ച നാടിനോട് ഒരു വരത്തന്റെ കടപ്പാട്..! ഇതാണ് ഒരു ഒറ്റമുറി വീട്ടിലെ കുടുസ് അടുക്കളയിൽ നിന്നും അമേരിക്കൻ ഐക്യനാടുകൾ, ആഫ്രിക്കൻ തീരങ്ങൾ, യൂറോപ്പിലെ തെരുവുകൾ എന്നിവിടം വരെ കടന്നു ചെന്ന ധാർവാർട് പേടയുടെ കഥ..!

പേട തേടി
ഒരു കാര്യം ഉറപ്പ് പറയാം, ഹുബ്ലിയിലോ ധാർവാടിലൊ 'ധർവാർട് പേട' യ്ക്ക് പഞ്ഞമുണ്ടാകില്ല..! മിസ്ര പേട, മിശ്ര പേട, ധാർവാർട് പേട, ബാബു ധാക്കൂർ പേട, ഒറിജിനൽ പേട എന്നിങ്ങനെ പല രൂപത്തിൽ പല ഭാവത്തിൽ ഈ പേടകൾ നമുക്ക് ചുറ്റും തിരക്ക് കൂട്ടും..! എന്നാൽ പത്തിരുന്നൂറ് കൊല്ലത്തെ പാരമ്പര്യം പേറുന്ന 'ബാബു സിംഗ് ധാക്കൂർ പേട' യുടെ രുചി അത് വള്ളപ്പാട് അകലെയാണ്...

ഇന്നലത്തെ മഴയ്ക്ക് മുളച്ചു പൊങ്ങിയ അപരന്മാർക്കൊന്നും എത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിൽ.

ഹൂബ്ലി മുതൽ, ധാർവാർട് ലൈൻ ബസാറിലുള്ള ബാബു സിംഗ് ധാക്കൂർ 'പുരാനാ' പേട ഷോപ്പ് വരെ ഇരുപത് കിലോമീറ്റർ ദൂരമാണ് ഗൂഗിൾ മാപ്പിൽ കാണിക്കുന്നത്. ചന്നമ്മ സർക്കിളിൽ നിന്നും റെയിൽവേ സ്റ്റേഷനിലേയ്ക്ക് നടപ്പ് തുടങ്ങി. ചെറുതും വലുതുമായ നിരവധി കച്ചവടക്കാരെയും അവരുടെ ആകർഷകമായ 'ഓഫറുകളെയും' കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു. ഹൂബ്ലി സ്റ്റേഷന്റെ അടുത്ത് എത്തുമ്പോൾ തന്നെ ഏതൊരു യാത്രികന്റെയും കണ്ണിൽ പെടുക 'ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ പ്ലാറ്റ് ഫോമിലേയ്ക്ക് സ്വാഗതം' എന്ന ചാര നിറമുള്ള കമാനം ആണ്.. അതിൽ പതിപ്പിച്ചിരിക്കുന്ന വെള്ളി അക്ഷരങ്ങൾ ഉച്ചവെയിലിൽ തിളങ്ങി. ഏറെ വൃത്തിയായി പരിപാലിച്ചിരിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ഹൂബ്ലിയിലേത്. പട്ടടക്കൽ, ബാദാമി, ഐഹോൾ തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർ മിക്കവാറും ഹൂബ്ലി എത്തിയാണ് അടുത്ത ബസ് പിടിക്കാറ്.. പക്ഷെ ധാർവാടും, ബാബു സിംഗ് ധാക്കൂർ പേടയും അവരിൽ എത്രപേരുടെ മാപ്പിൽ ഇടം പിടിക്കാറുണ്ട് എന്നറിയില്ല..

ഹുബ്ലി റെയിൽവേ സ്റ്റേഷനിൽ നിന്നും ധാർവാടിലേയ്ക്ക് ട്രെയിനുണ്ട്. പക്ഷെ അത് ചില ദിവസങ്ങളിൽ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ കൂടുതൽ പേരും ആശ്രയിക്കുന്നത് ഹൂബ്ലി-ധാർവാർട് ബസ് റാപിട് ട്രാൻസിസ്റ്റ് സിസ്റ്റം (BRTS) സേവനത്തെയാണ്. റെയിൽവേ സ്റ്റേഷന് അടുത്ത് തന്നെ ബി.ആർ.ടി.എസ്. ടെർമിനലുണ്ട്. ഇവിടെ നിന്നും ധാർവാർടിനുള്ള ബസ് പത്തു മിനിറ്റ് ഇടവേളകളിൽ കിട്ടും. 2018 ലാണ് ബി.ആർ.ടി.എസ്. സംവിധാനത്തിന് കർണാടക സർക്കാർ തുടക്കം കുറിച്ചത്. 'റോഡിലൂടെ ഓടുന്ന മെട്രോ' എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ഇരട്ട നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് പായുന്ന നൂറോളം എസി ലോഫ്‌ളോർ ബസുകൾ. ഇവയ്ക്കായി മാത്രം റോഡിനു നടുവിൽ പ്രത്യേക ഇരട്ടവരി പാത... ദിവസേനെ ഒരു ലക്ഷം പേർ ഈ സേവനം ഉപയോഗിക്കുന്നു എന്നാണ് കണക്ക്. മെട്രോയിലെ പോലെ തന്നെ ടിക്കറ്റ് എടുത്ത് കയറാം. ആകെ 32 സ്റ്റേഷനുകൾ. കണ്ടക്ടർ ഇല്ല.. ഡ്രൈവർ മാത്രം. ഓരോ സ്റ്റോപ്പും എത്തുന്നതിനു മുൻപായി ഇംഗ്ലീഷിലും കന്നഡയിലും അറിയിപ്പുകൾ.

ആരംഭിച്ചതിനു തൊട്ടടുത്ത വർഷം, 2019 ൽ തന്നെ ഇന്ത്യൻ നഗരങ്ങളിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാർ പുരസ്‌കാരം നേടിയതിന്റെ പെരുമയും ഹൂബ്ലി - ധാർവാർട് ബി.ആർ.ടി.എസിനുണ്ട്.

ബാബു സിംഗ് ധാക്കൂർ പേട കടയിലേക്ക് പോകാൻ ധാർവാർട് വരെ പോകേണ്ടതില്ല എന്ന് മനസിലാക്കിയത് ബസിൽ നിന്നു പരിചയപ്പെട്ട കിഷന്റാമിൽ നിന്നാണ്. അങ്ങനെ ധാർവാർടിനു മുൻപ് കോർട്ട് സർക്കിൾ എന്ന സ്റ്റോപ്പിൽ ബസിറങ്ങി ലൈൻ ബസാർ ലക്ഷ്യമാക്കി നടന്നു. യാത്ര ചെയ്ത് പുതിയ ഒരു സ്ഥലത്ത് എത്തുമ്പോഴൊക്കെ ഒരു സഞ്ചാരിയെ ഒറ്റുകൊടുക്കുന്ന അയാളുടെ കണ്ണിലെ അമ്പരപ്പ് ഇത്തവണയും പറ്റിച്ചു.. ഞാൻ അന്നാട്ടുകാരൻ അല്ല എന്ന് മനസിലാക്കിയതിനാലാവണം ''ബാബു സിംഗ് ധാക്കൂർ കി പുരാനി ദൂകാൻ'' എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഓട്ടോക്കാർ പുറകെ കൂടി.

ഞാൻ ആരാണ്..
എന്റെ നാട് എവിടെയാണ്…
എന്റെ മതം എന്താണ്,
ഞാൻ ഏത് ജാതിയിൽ പെട്ടവനാണ്…
എന്റെ ഭാഷ എന്താണ്.. എന്നൊന്നും അവർക്കാർക്കും അറിയില്ല.. അവർക്ക് അതറിയുകയും വേണ്ട... പക്ഷെ എനിക്ക് എവിടേക്കാണ് പോകേണ്ടത് എന്ന് അവർക്കറിയാം..! എന്താണ് എന്റെ യാത്രയുടെ ഉദ്ദേശം എന്നും..! കാരണം ഒരു പുറം നാട്ടുകാരൻ അവിടെ കാൽ വയ്ക്കുന്നത് തന്നെ ബാബുസിംഗ് ധാക്കൂർ പേടയുടെ മധുരം കൊതിച്ചാണ് എന്നത് പരസ്യമായ രഹസ്യമാണ്. കാരണം ആ നാടിന്റെയും ആ നാട്ടുകാരുടെ തന്നെയും മേൽവിലാസം ഇളം തവിട്ടു നിറത്തിലുള്ള ആ കുഞ്ഞൻ പേടയാണ്..! ആ പേടയ്ക്ക് മുന്നിൽ ജാതി- മത- വർഗ-വർണ ചിന്തകളുടെ വേലിക്കെട്ടുകൾ ഉരുകി ഇല്ലാതാകുന്നു..! അവിടെ ഒരു മതമേയുളളൂ..! രുചിയുടെ മതം..

നടക്കാൻ തന്നെയായിരുന്നു തീരുമാനം..! ബസിറങ്ങി ഇടത്തേയ്ക്ക് ചെന്നാൽ ലൈൻ ബസാറിൽ എത്തുമെന്നും, പിന്നീടൊരു ഹനുമാൻ പ്രതിമ നോക്കി നടന്നാൽ മതിയെന്നുമായിരുന്നു ബസിൽ നിന്നും കിട്ടിയ വിവരം. അത്യാവശ്യം തിരക്കുള്ള വഴി. ഇരു വശങ്ങളിലും ബൈക്ക് റിപ്പയർ ഷോപ്പുകൾ, ബാറുകൾ, മസ്ജിദുകൾ, അമ്പലങ്ങൾ... ഹനുമാൻ മന്ദിറിനു ശേഷം ഒരു മസ്ജിദുണ്ട്.. പിന്നെയും മുന്നോട്ട് നടക്കുമ്പോൾ ഇടത് വശത്തായി നിരവധി പഴയ കടകൾ. പഴയ ഒരു ഒറ്റമുറി കടയിലാണ് ഒറിജിനൽ ബാബുസിംഗ് ധാക്കൂർ പേട കിട്ടുന്നതെന്ന് കേട്ടിരുന്നു..

പക്ഷെ അത് ഇതിൽ ഏതാണെന്നാണ് സംശയം. എന്നാൽ മുന്നോട്ട് നടക്കുന്തോറും നല്ല ചൂട് പേടയുടെ മണം കിട്ടിത്തുടങ്ങി. രക്ഷകന്റെ പുൽക്കൂട്ടിലേയ്ക്ക് ജ്ഞാനികൾക്ക് നക്ഷത്രം വഴി തെളിച്ചത് പോലെ. നല്ലപോലെ കുറുക്കിയ പാലിൽ പഞ്ചസാര ചേർത്ത് കുഴച്ച് അടുപ്പിൽ വച്ചു അടി പിടിക്കാതെ ഇളക്കി വറ്റിച്ച് നനുത്ത പഞ്ചാരത്തരിയിൽ പൊതിഞ്ഞാണ് ഓരോ പേടയും ഈ കടയിൽ എത്തുന്നത്...!

ഈ തരി ആകട്ടെ, ഓരോ പേട എടുക്കുമ്പോഴേക്കും നമ്മുടെ കയ്യിൽ പുരളും... പേടയ്ക്ക് ഒരു ക്രിസ്പി നേച്ചർ കൊടുക്കുന്നതിൽ നനുനനെ പൊടിച്ച പഞ്ചസാര വഹിക്കുന്ന പങ്ക് ചില്ലറയല്ല.. പേട തൊണ്ടക്കുഴി വിട്ടിറങ്ങിയാലും നാവിൽ തങ്ങുന്ന അതിന്റെ രുചി പോലെ, വിരൽ തുമ്പിലെ ഈ വെളുത്ത തരികളും പിന്നെയും പിന്നെയും പേട വെച്ചിരിക്കുന്ന ബോക്‌സിലേയ്ക്ക് നമ്മെ വിളിച്ചു കൊണ്ടേയിരിക്കും. കടയോട് ചേർന്ന് തന്നെയാണ് ധാക്കൂർമാരുടെ കുടുംബവീടും.. ഇരുന്നൂറ് വർഷം പഴക്കമുള്ള ഒരു വീടും ഒരു ഒറ്റമുറി കടയും. ഒരു മിനിയേച്ചർ ഇന്ത്യ തന്നെയാണ് ലൈൻ ബസാർ..

തൊട്ടപ്പുറത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർഥന നടക്കുന്നു.. തെല്ലകലെയുള്ള ഹനുമാൻ മന്ദിറിനു പുറത്ത് രണ്ടു പുരുഷന്മാർ കൈകൂപ്പി പ്രാർഥിക്കുന്നു.. ഇതൊന്നും ബാധിക്കാത്ത മട്ടിൽ അന്നന്നത്തെ ആഹാരത്തിനായി അധ്വാനിക്കുന്ന വേറെ ചിലർ..! പക്ഷെ ഇത്തരം എല്ലാം വ്യത്യസ്തതകൾക്കും അപ്പുറം ഇവരെയെല്ലാം കോർത്തിണക്കുന്ന ഒന്ന്, ഈ പേടയുടെ മധുരമാണ്..!

ഉത്സവത്തിനും , ക്രിസ്മസിനും, പെരുന്നാളുകൾക്കും ഈ നാട്ടിലെ തീൻമേശകളിൽ ഈ പേട നിരക്കുന്നു..! അല്ലെങ്കിൽ തന്നെ ഭക്ഷണത്തിനെന്ത് ജാതി, എന്ത് മതം..! അവയ്ക്കാകെ ഒരു മതമേയുള്ളൂ..
അത് വിശപ്പിന്റെ മതമാണ്..

ബാബു സിംഗ് ധാക്കൂർ കി പുരാനീ ദൂകാൻ
റാം രത്തൻ സിംഗ് ആണ് പേട കണ്ടുപിടിച്ചത് എങ്കിലും, ധാർവാർട് പേടയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്, അദ്ദേഹത്തിന്റെ മകൻ മോഹൻ സിംഗിന്റെ മകൻ ബാബു സിംഗിന്റെ കാലത്താണ്. അതുകൊണ്ടാണ് ധാർവാർട് പേടയ്ക്ക് ബാബു സിംഗ് ധാക്കൂർ പേട എന്ന പേര് ലഭിച്ചതും..! അദ്ദേഹത്തിന്റെ മകൻ രാം രത്തൻ സിംഗിന്റെ കാലത്തിനു ശേഷം, പേട വ്യാപാരം ഒന്നിലേറെ കൈവഴികളായി പിരിഞ്ഞു.. നിലവിൽ അദ്ദേഹത്തിന്റെ കൊച്ചു മക്കളാണ് പേട നിർമിക്കുന്നത്. ഇന്ത്യയിൽ മാത്രം രണ്ടായിരത്തിലേറെ ഫ്രാഞ്ചൈസികളാണ് ബാബു സിംഗ് ധാക്കൂർ പേടയ്ക്ക് ഉള്ളത്.. ദിവസേന അഞ്ഞൂറ് കിലോ വ്യാപാരം..! ഉത്സവ സീസണുകളിൽ അത് രണ്ടായിരം കിലോ വരെ എത്തും. വർഷങ്ങൾക്ക് മുൻപ് ദിവസം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് വില്പന ഉണ്ടായിരുന്നത്. അതും ഒരാൾക്ക് പരമാവധി അരക്കിലോ മാത്രം.. അക്കാലത്ത് പേട വാങ്ങാൻ എത്തുന്നവരെക്കൊണ്ട് ലൈൻ ബസാർ നിറയുമായിരുന്നു. എന്നാൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വില്പനയുണ്ട്. ഫാക്ടറിയിൽ നിന്നും ചൂട് പേട നിറച്ച തകരപ്പെട്ടികളുമായി ട്രക്കുകൾ വന്നും പോയുമിരിക്കുന്നു.

പേടയുടെ ഗുണമേന്മയിൽ വിട്ടുവീഴ്ച പാടില്ല എന്നത് ഈ കുടുംബത്തിന്റെ അലിഖിത നിയമം ആണെന്ന് പുതിയ തലമുറയിൽ പെട്ട ദീപക് സിംഗ് ധാക്കൂർ പറയുന്നു.. അതുകൊണ്ട് തന്നെ കൂടുതൽ ഉത്പാദനത്തിലേയ്ക്ക് കടന്നതോടെ ദീപക്കും കസിനും സ്വന്തമായി ഫാക്ടറികൾ തുറന്നു.. ഒരാളുടെ പേട ചുവപ്പ് പെട്ടിയിൽ എത്തുമ്പോൾ മറ്റേയാളുടേത് വെള്ള ബോക്‌സിൽ..! തങ്ങളുടെ ഐക്കോണിക്ക് ഷോപ്പ് ആയ, ഓൾഡ് ദൂകാനിൽ മാസത്തിൽ ഒരാഴ്ച വീതം എന്ന കണക്കിലും ഇവർ കച്ചവടം നടത്തുന്നു. സ്വന്തം കച്ചവടത്തിന് പുറമേ, ധാർവാർട്, അടുത്തുള്ള വനമേഖലകൾ എന്നിവിടങ്ങളിലെ അധികം തണുപ്പോ ചൂടോ ഇല്ലാത്ത കാലാവസ്ഥയും സമൃദ്ധമായ പുൽത്തകിടികളുമാണ് ബാബുസിംഗ് ധാക്കൂർ പേടയുടെ രഹസ്യക്കൂട്ട് എന്ന് ദീപക് പറഞ്ഞു. അതുകൊണ്ട് തന്നെയാണ് പാലും പഞ്ചസാരയും മാത്രം വേണ്ട ഈ പേട നിർമ്മിക്കാൻ മറ്റുള്ളവർ കിണഞ്ഞു പരിശ്രമിച്ചിട്ടും പരാജയപ്പെടുന്നതും..! സാധാരണ പേട നിർമ്മാതാക്കൾ പഞ്ചസാര പൊടിച്ചു നേരെ കുറുക്കിയ പാലിൽ ചേർക്കുമ്പോൾ ഇവിടെ കഥ വ്യത്യസ്തമാണ്.. ധാക്കൂർ കുടുംബത്തിന്റേത് മാത്രമായ ചില പൊടിക്കൈകളിലൂടെ കടന്നാണ് പാലും പഞ്ചസാരയും തീ ഒഴിയാത്ത ആ വിറകടുപ്പിൽ എത്തുന്നത്. പത്തിരുന്നൂറ് കൊല്ലമായി മറ്റാർക്കും അറിയില്ലാത്ത ചില നുറുങ്ങു വിദ്യകൾ..

പേട നിർമാണം
ദിവസവും അഞ്ഞൂറ് കിലോ എന്ന കണക്ക് എടുത്താൽ പോലും ഓരോ വർഷവും ടൺ കണക്കിന് പേടയാണ് ഇവരുടെ ഫാക്ടറികളിൽ നിന്നും വിപണിയിൽ എത്തുന്നത്. യഥാർത്ഥത്തിൽ ഫാക്ടറി എന്ന് അതിനെ വിളിക്കാമോ എന്നറിയില്ല. കാരണം ഒരു യന്ത്രം പോലും ഇല്ലാതെ പൂർണമായും മനുഷ്യശേഷിയിൽ പ്രവർത്തിക്കുന്ന ഉത്പാദനശാലയാണ്. പൂർണമായും മനുഷ്യ നിർമിതമാണ് ഓരോ കഷ്ണം പേടയും. ഓരോ ബാച്ച് പേടയ്ക്കും രണ്ടു ദിവസത്തെ അധ്വാനം ആവശ്യമാണ്. തലേന്ന് ക്ഷീരകർഷകരിൽ നിന്നും ശേഖരിക്കുന്ന എരുമപ്പാൽ കൃത്യമായ ഫാറ്റും എസ്എൻഎഫും ഉറപ്പാക്കിയ ശേഷം വലിയ പാത്രത്തിലിട്ട് കുറുക്കുന്നു... ഇങ്ങനെ തയ്യാറാക്കിയ ഖോവയിലേക്ക് പിറ്റേന്ന് ശുദ്ധമായ പഞ്ചസാര ചേർക്കുന്നു. തുടർന്ന് നാല് മണിക്കൂറോളം അടുപ്പിൽ വെച്ചു കുറുക്കി ആവശ്യമായ കണക്കിൽ വറ്റിച്ചെടുക്കുന്നു. തുടർന്ന് ചൂടാറിയ ഈ കൂട്ട് വലിയ തകര പാത്രങ്ങളിലിട്ടു വലിയ ഗോളങ്ങളായി ഉരുട്ടി എടുക്കും. ഇനിയാണ് പേട നിർമ്മാണത്തിലെ പ്രധാന ഘട്ടം. ഈ മധുര കൂട്ട്, ചപ്പാത്തിക്ക് പരത്തുന്ന പോലെ ചെറിയ ഉരുളകളായി, ചെറിയ പേടകളായി രൂപം മാറുന്ന അത്ഭുത വിദ്യ. പൊടിച്ച് അരിപ്പയിൽ അരിച്ചെടുത്ത നനുത്ത പഞ്ചസാര തൂകിയ വലിയ ടാർപോളിന് മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്ന സ്ത്രീ തൊഴിലാളികൾ, തങ്ങളുടെ ഇടത് കൈയുടെ തള്ളവിരലിനും ചൂണ്ടുവിരലും ഇടയിൽ ഒരു കുടുക്ക് ഉണ്ടാക്കി അതിലൂടെയാണ് പേട 'കുഞ്ഞുങ്ങളെ' സുരക്ഷിതമായി പുറത്ത് എത്തിക്കുക.. തുടർന്ന് പാത്രത്തിൽ വെച്ചിരിക്കുന്ന പൊടിച്ച പഞ്ചസാരയിൽ ഈ ഉരുളകൾ പൊതിഞ്ഞെടുക്കുന്നു... ചൂടാറിയ ശേഷം പാക്കറ്റുകളിലേയ്ക്ക്, തുടർന്ന് എണ്ണമറ്റ കൊതിയൻ നാവുകളിലേക്കും. കാൽ കിലോ, അരക്കിലോ, ഒരുകിലോ പാക്കറ്റുകളായാണ് ബാബുസിംഗ് ധാക്കൂർ പേടകൾ വിപണിയിൽ എത്തുന്നത്..! കാണുമ്പോൾ ചെറുതെന്ന് തോന്നുമെങ്കിലും ഇവയ്ക്ക് പിന്നിലെ അധ്വാനം വളരെ സങ്കീർണവും വലുതുമാണ് എന്നത് മറന്നുകൂടാ....

ധാർവാടിനെപ്പറ്റി അല്പം
'പെൻഷനേഴ്സ് പരാഡെയ്‌സ്' അഥവാ 'അടുത്തൂൺ പറ്റിയവരുടെ പറുദീസ' എന്നാണ് ധാർവാർട് അറിയപ്പെടുന്നത്.. കൂടുതൽ മെച്ചപ്പെട്ട ജോലിയും ജീവിതവും തേടി കന്നഡ യുവത ബാംഗ്ലൂർ, മാംഗളൂർ എന്നിവിടങ്ങളിലേയ്ക്ക് ചേക്കേറിയതോടെ ധാർവാർടിൽ വയോജനങ്ങളുടെ എണ്ണം കൂടി. അങ്ങനെ ലഭിച്ച വിളിപ്പേര്..! പക്ഷെ ഒന്ന് പുറകോട്ട് സഞ്ചരിക്കാൻ തയ്യാറാണെങ്കിൽ ഈ നഗരം അതിന്റെ ചരിത്രം, അവിടെ പിറന്ന ആശയങ്ങൾ, ജന്മം കൊടുത്ത വ്യക്തികൾ എന്നിവയുടെ ബാഹുല്യം കൊണ്ട് നമ്മെ ശ്വാസം മുട്ടിക്കുമെന്ന് തീർച്ചയാണ്..

ചാലുക്യ- ബദാമി -വിജയനഗര ഭരണങ്ങൾക്ക് ഒടുവിൽ മുഗളന്മാർക്ക് കീഴിലും അവരിൽ നിന്നും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കീഴിലുമെത്തിയ ധാർവാർട് കമ്പനി ഭരണത്തിന് എതിരായി നടന്ന പ്രതിഷേധങ്ങളുടെ പേരിൽ പ്രശസ്തമാണ്. കമ്പനിയുടെ ദത്തവകാശ നിരോധന നിയമത്തിനെതിരെ പോരാടിയ കിട്ടൂർ ചിന്നമ്മ എന്ന ധീരവനിതയുടെ ഓർമ്മകൾ പേറുന്ന മണ്ണാണിത്. മാത്രമല്ല, കർണാടക എന്ന സംസ്ഥാനത്തിന്റെ പിറവിക്ക് തന്നെ കാരണമായ ഏകീകരണ മുന്നേറ്റം, കർണാടക വിദ്യാവർദ്ധക് സംഘ എന്നിവ പിറവി എടുത്തതും ഈ നഗരത്തിലാണ്. മറാത്തി ഭാഷ അടിച്ചേൽപ്പിക്കാനുള്ള മറാത്ത രാജാക്കന്മാരുടെ നിലപാടുകളെ ധീരമായി ചെറുത്തു നിന്ന ചരിത്രവും ധാർവാടിനുണ്ട്.. ഒപ്പം കന്നഡ സാഹിത്യകാരന്മാരായ ദാരബേന്ദ്ര, വി കെ ഗോകക്ക്, സംഗീത സാമ്രാട്ട് പണ്ഡിറ്റ് ഭീംസെൻ ജോഷി തുടങ്ങിയവരുടെ ജന്മനാടെന്ന കീർത്തി വേറെയും. ധാർവാടും, ധാർവാട് പേടയും ഒരുപോലാണ്.. ഒറ്റനോട്ടത്തിൽ സാധാരണം എന്ന് തോന്നുമെങ്കിലും, 'രുചിച്ചറിയുമ്പോൾ' അത്ഭുതം കൊണ്ട് നാം വാ പൊളിക്കും.! കള്ളക്കണ്ണന്റെ വായ്ക്കുള്ളിൽ പ്രപഞ്ചത്തെ തന്നെയും കണ്ടെന്നു പറയുന്ന യശോദയെപ്പോലെ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi