40 വയസ്സ് കഴിയുമ്പോൾ ശരീരത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടാറുണ്ട്. വണ്ണം കുറയ്ക്കണം, ഫിറ്റ്നസ് നിലനിർത്തണം തുടങ്ങിയ ചിന്തകൾ സജീവമാകും. അതിനായി പലരും കാർഡിയോ വ്യായാമങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാറുമുണ്ട്. എന്നാൽ കഴിച്ച ഭക്ഷണത്തിന്റെ കലോറി കത്തിച്ചുകളയാൻ മാത്രം കാർഡിയോയെ ആശ്രയിക്കുന്നത് ശരിയാണോ? വണ്ണം കുറയ്ക്കാൻ കൂടുതൽ വ്യായാമം ചെയ്യുന്നതിന് പകരം മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഫിറ്റ്നസ് വിദഗ്ധർ പറയുന്നത്. കാർഡിയോ വ്യായാമങ്ങൾ പൂർണമായും ഒഴിവാക്കണമെന്നല്ല, ശരീരഭാരം കുറയ്ക്കാനുള്ള കഠിനമായ പരിശ്രമത്തിന് പകരം, മൊത്തത്തിലുള്ള ആരോഗ്യത്തിനായി കാർഡിയോയെ ഉപയോഗിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.

കൂടുതൽ കാർഡിയോ ചെയ്താൽ വണ്ണം കുറയുമോ?
45 മിനിറ്റോ ഒരു മണിക്കൂറോ കാർഡിയോ ചെയ്ത് നേരത്തേ കഴിച്ച ഭക്ഷണത്തിലെ കലോറി കത്തിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ ഇത്തരത്തിൽ അമിതമായി വ്യായാമം ചെയ്യുമ്പോൾ പിന്നീട് ദിവസം മുഴുവൻ ക്ഷീണവും അമിത വിശപ്പും അനുഭവപ്പെടാം. എന്നിട്ടും പ്രതീക്ഷിച്ച രീതിയിൽ ശരീരഭാരം കുറയാത്ത സാഹചര്യവുമുണ്ടാകാം. കാർഡിയോ ചെയ്യുന്നതിലൂടെ കലോറി കുറയുമെങ്കിലും, ശരീരം അതിനോട് പൊരുത്തപ്പെടാൻ തുടങ്ങും. വ്യായാമത്തിന് ശേഷം വിശപ്പ് കൂടാം. അതേസമയം, ദിവസത്തിലെ മറ്റ് സമയങ്ങളിൽ നമ്മൾ അറിയാതെ തന്നെ കുറച്ച് മാത്രമേ നടക്കുകയോ ചലിക്കുകയോ ചെയ്യൂ. ശരീരചലനം കുറയാനിടവരും. ഇതോടെ വ്യായാമത്തിലൂടെ ചെലവാക്കിയ കലോറിയുടെ വലിയൊരു ഭാഗം ശരീരം തിരിച്ചുപിടിച്ചേക്കാം.
അതിനാൽ, കൂടുതൽ സമയം കാർഡിയോ ചെയ്യുന്നതുകൊണ്ടുമാത്രം അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയുമെന്നുറപ്പില്ല. കഠിനമായി വ്യായാമം ചെയ്തിട്ടും ഫലം കാണാത്തതിന്റെ ഒരു കാരണം ഇതായിരിക്കാം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യത്തിനുള്ള ഒരു ഉപാധിയായി കണ്ടുകൊണ്ട് കാർഡിയോ വ്യായാമങ്ങൾ ചെയ്യാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊർജം വർധിപ്പിക്കാനും സമ്മർദം നിയന്ത്രിക്കാനും വ്യായാമത്തിന് ശേഷമുള്ള വീണ്ടെടുപ്പിനെ സഹായിക്കാനുമൊക്കെ കാർഡിയോ ഉപകാരപ്രദമാക്കാം. ഒപ്പംതന്നെ സ്ഥിരമായ കൊഴുപ്പ് കുറയ്ക്കാനായി ഭക്ഷണക്രമത്തിലും സ്‌ട്രെങ്ത് ട്രെയിനിങ്ങിനും കൂടുതൽ പ്രാധാന്യം നൽകണം. 40 വയസ്സ് കഴിഞ്ഞവർ പ്രത്യേകിച്ചും 'കഴിച്ചതിന് പകരം വ്യായാമം ചെയ്യണം' എന്ന ചിന്താഗതിയിൽ നിന്ന് മാറേണ്ടതാണ്. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi