അഭിനയത്തിലെ മികവ് പോലെ തന്നെ 'ധുരന്ധർ 2'-ലെ(Dhurandhar 2) വാച്ചുകളും സിനിമയുടെ ഗാംഭീര്യം വർദ്ധിപ്പിക്കുന്നുണ്ട്. ഓരോ കഥാപാത്രത്തിന്റെയും പദവിയും വ്യക്തിത്വവും, അവർ ധരിക്കുന്ന വാച്ചുകളിലും പ്രതിഫലിക്കുന്നു എന്നത് പ്രേക്ഷകരിലും കൗതുകമുണർത്തുന്നുണ്ട്. ജി-ഷോക്ക് (G-Shock) മുതൽ കോടികൾ വിലമതിക്കുന്ന റോലെക്സ് (Rolex) വരെ ഈ ചിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

സിനിമയിൽ ശ്രദ്ധിക്കപ്പെട്ട റോലെക്സ് കോസ്മോഗ്രാഫ് ഡേടോണ (Rolex Cosmograph Daytona) ഹംസ അലി മസാരിയുടെ (രൺവീർ സിങ്) വാച്ചായിരുന്നു.

ഹംസയുടെ കഥാപാത്രം പവറും സ്റ്റൈലും കാണിക്കുന്ന രംഗങ്ങളിൽ ഈ വാച്ച് ശ്രദ്ധേയമാണ്. 40 mm ഓയ്സ്റ്റർ കേസ്, സ്റ്റീലും മഞ്ഞ സ്വർണ്ണവും (Yellow Gold) കലർന്ന രൂപമാണ് ഇതിന്റെ സവിശേഷത. മണിക്കൂറിൽ 400 യൂണിറ്റ് വേഗത അളക്കാൻ കഴിയുന്ന ടാക്കിമെട്രിക് ബെസൽ, 72 മണിക്കൂർ പവർ റിസർവ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ഏകദേശം 18-22 ലക്ഷം രൂപയാണ് (മാർക്കറ്റ് വില 44 ലക്ഷം രൂപ വരെ ഉയരാം) വില.
സിനിമ നടക്കുന്ന കാലഘട്ടത്തിന് ശേഷം, 2023-ൽ ഇറങ്ങിയ മോഡലാണിതെന്ന ചെറിയൊരു പിശക് ഇതിലുണ്ട്.

കാസിയോ ജി-ഷോക്ക് (Casio G-Shock GA-100-1A1), യുദ്ധക്കളത്തിലേക്ക് ഇറങ്ങുമ്പോൾ ഹംസ ധരിക്കുന്നത് ഈ കരുത്തുറ്റ വാച്ചാണ്. ആഘാതങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് (Shock Resistance), 200 മീറ്റർ വരെ വാട്ടർ റെസിസ്റ്റൻസ്, മിലിസെക്കൻഡ് സ്റ്റോപ്പ് വാച്ച് എന്നീ പ്രത്യേകതകളാണ് ഈ വാച്ചിനുള്ളത്. വില ഏകദേശം 7,500 - 9,500 രൂപയാണ്.

സിനിമയിലെ നർമ്മപ്രധാനമായ കഥാപാത്രമാണ് ജമീൽ ജമാലിയുടെത് (രാകേഷ് ബേദി). അദ്ദേഹം ധരിക്കുന്ന റോലെക്സ് ഡേ-ഡേറ്റ് 'പ്രസിഡന്റ്' (Rolex Day-Date ‘President’), ജമീൽ ജമാലിയുടെ അധികാരവും പണക്കൊഴുപ്പും കാണിക്കാൻ ഇതിലും മികച്ച മറ്റൊരു വാച്ചില്ല. 18 കാരറ്റ് മഞ്ഞ സ്വർണ്ണത്തിൽ (yellow gold) തീർത്ത 40 mm കെയ്‌സ്‌. തീയതിയും ദിവസവും കാണിക്കുന്ന സിഗ്നേച്ചർ ഡിസ്‌പ്ലേ ഇതിനുണ്ട്.

ലോക നേതാക്കളും വമ്പൻ ബിസിനസുകാരും ധരിക്കുന്ന ഈ വാച്ച് രാഷ്ട്രീയനിയന്ത്രണത്തിന്റെയും സ്വാധീനത്തിന്റെയും അടയാളമാണ്. വിലയോ, 44 ലക്ഷം രൂപയ്ക്ക് മുകളിൽ.

ഉസൈർ ബലോച്ചിന്റെ കാസിയോ ജി-ഷോക്ക് മഡ്‌മാസ്റ്റർ (Casio G-Shock Mudmaster GG-1000-1A3) സിനിമയിലെ ഏറ്റവും കടുപ്പമേറിയ വാച്ചാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ ചെളിയെ പ്രതിരോധിക്കും. ഇതിൽ ഒരു കോമ്പസും (Compass) തെർമോമീറ്ററും അടങ്ങിയിട്ടുണ്ട്. മിലിട്ടറി സ്റ്റൈൽ ലുക്ക്, വലിയ അക്കങ്ങൾ, വഴുതിപ്പോകാത്ത തരം ബാൻഡ് എന്നിവയാണ് പ്രത്യേകത.

വില ഏകദേശം 70,000-75,000 രൂപ.
സിനിമയിലെ ഓരോ കഥാപാത്രത്തിന്റെയും ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് എത്ര കൃത്യമായാണ് ഈ വാച്ചുകൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് അതിശയിപ്പിക്കുന്നൊരു കാര്യമാണ്. എങ്കിലും പല വാച്ചുകളും ഇതിനോടകം ട്രെൻഡിങ്ങായിക്കഴിഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi