ഒരുകാലത്ത് വിവാഹങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയത് ലൈവ് ഫുഡ് കൗണ്ടറുകളും സിഗ്‌നേച്ചർ കോക്ക്‌ടെയിലുകളും ഡെസേർട്ട് സ്റ്റേഷനുകളുമൊക്കെയായിരുന്നു. എന്നാൽ ഇപ്പോൾ ആ പട്ടികയിലേക്ക് കടന്നുവരുന്നത് മറ്റൊന്നാണ്, വാട്ടർ ബാർ.
‘ഒരു ഗ്ലാസ് വെള്ളം കിട്ടുമോ?’ എന്ന സാധാരണ ചോദ്യത്തിനുപോലും ഇനി പല ഉത്തരങ്ങളുണ്ട്. ഗ്ലേഷ്യൽ വാട്ടർ വേണോ, സ്പ്രിങ് വാട്ടർ വേണോ, നാച്ചുറൽ മിനറൽ വാട്ടർ വേണോ, അതോ സ്പാർക്ലിങ് വാട്ടറോ? ആഡംബര വിവാഹങ്ങളിൽ അതിഥികൾക്ക് തിരഞ്ഞെടുക്കാൻ വിവിധതരം വെള്ളങ്ങളുമായി പ്രത്യേക സ്റ്റേഷനുകൾ ഒരുക്കുന്ന ട്രെൻഡാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ സാക്ഷി ശിവ്ദസാനി അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പങ്കുവെച്ച അനുഭവമാണ് ഈ ട്രെൻഡിനെ വീണ്ടും ചർച്ചയാക്കിയത്. അവർ പങ്കെടുത്ത ഒരു വിവാഹത്തിൽ കോക്ക്‌ടെയിൽ ബാറിന് പകരം വാട്ടർ ബാർ ഒരുക്കിയിരുന്നു. വിവിധതരം വെള്ളങ്ങൾ അതിഥികൾക്ക് രുചിച്ചുനോക്കാനായിരുന്നു അവസരം.
Also Read
വെള്ളത്തിനും രുചിയുണ്ടോ?
ദാഹമകറ്റാൻ വെള്ളം വേണം, അത്രയേ നമുക്ക് വേണ്ടൂ. എന്നാൽ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും വെള്ളത്തിനും രുചിയും ഗുണനിലവാരവും മിനറൽ ഘടനയും ഉറവിടവുമൊക്കെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന സംസ്‌കാരം വളരുകയാണ്. വൈൻ സോമിലിയർമാരെപ്പോലെ തന്നെ ഇന്ന് വാട്ടർ സോമിലിയർമാരും ഉണ്ട്. വിവിധതരം വെള്ളങ്ങളുടെ രുചി, മിനറൽ ഘടന, ഉറവിടം എന്നിവ മനസ്സിലാക്കി ഉപഭോക്താക്കളെ പരിചയപ്പെടുത്തുകയാണ് ഇവരുടെ ജോലി. പ്രകൃതിദത്ത മിനറൽ വാട്ടർ, സ്പ്രിങ് വാട്ടർ, ഗ്ലേഷ്യൽ വാട്ടർ, ആൽക്കലൈൻ വാട്ടർ, സ്പാർക്ലിങ് വാട്ടർ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഇന്ന് വിപണിയിലുള്ളത്.
മിനറലുകൾ പ്രധാനമാണ്
വെള്ളത്തിലെ കാൽസ്യം, മഗ്‌നീഷ്യം, സോഡിയം, ബൈകാർബണേറ്റ് തുടങ്ങിയ ധാതുക്കൾ അതിന്റെ രുചിയെയും ഗുണത്തെയും സ്വാധീനിക്കുന്നു. മഗ്‌നീഷ്യവും കാൽസ്യവും വെള്ളത്തിന് അല്പം മധുരവും പൂർണതയും നൽകുന്നു. സോഡിയവും ബൈകാർബണേറ്റും വെള്ളത്തിന്റെ മൃദുത്വത്തെ സ്വാധീനിക്കും. അതുകൊണ്ടാണ് ചിലർ പ്രത്യേക ബ്രാൻഡുകളിലുള്ള മിനറൽ വാട്ടറിന് വലിയ വില നൽകാൻ തയ്യാറാകുന്നത്. സുസ്ഥിരതയിലും പ്രീമിയം വാട്ടർ ബ്രാൻഡുകൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. പുനരുപയോഗിക്കാവുന്ന ഗ്ലാസ് കുപ്പികൾ, പരിസ്ഥിതി സൗഹൃദ പാക്കേജിങ് എന്നിവയാണ് പല ബ്രാൻഡുകളും മുന്നോട്ടുവെക്കുന്നത്.
വിവാഹവേദികളിൽ വാട്ടർ ബാറിന് എന്തുകാര്യം?
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രീമിയം വെള്ളങ്ങൾ ഒരുമിച്ച് പ്രദർശിപ്പിച്ച് അതിഥികൾക്ക് രുചിച്ചുനോക്കാൻ അവസരം നൽകുന്ന സ്റ്റേഷനാണ് വാട്ടർ ബാർ. ഓരോ വെള്ളത്തിന്റെയും ഉറവിടം, മിനറൽ ഘടന, രുചി എന്നിവ വിശദീകരിക്കുന്ന അവതരണവും ഇതിന്റെ ഭാഗമായിരിക്കും.
ഐവി ഡ്രിപ്പ് സ്റ്റേഷനുകൾ, പേഴ്സണൽ ഫുഡ് കൗണ്ടറുകൾ, വെൽനസ് ആക്ടിവിറ്റികൾ എന്നിവയ്ക്ക് പിന്നാലെയാണ് വാട്ടർ ബാറും എത്തുന്നത്. മാത്രമല്ല, മദ്യത്തിന് പകരം പുതിയ ഓപ്ഷൻ കൂടിയാണിത്. ഇപ്പോൾ 'സോബർ ക്യൂരിയസ്' ജീവിതശൈലി പിന്തുടരുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. മദ്യപിക്കാത്ത അതിഥികൾക്കും വ്യത്യസ്തമായ ഒരു അനുഭവമൊരുക്കാൻ വാട്ടർ ബാർ സഹായിക്കുമെന്നാണ് ഇവന്റ് പ്ലാനർമാർ പറയുന്നത്.
വെള്ളം ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം ചില അവശ്യ ധാതുക്കളും നൽകുന്നു. എന്നാൽ അതിശയോക്തികൾ വിശ്വസിക്കരുതെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യത്തിനായി ഏറ്റവും പ്രധാനപ്പെട്ടത് ശുദ്ധവും സുരക്ഷിതവുമായ വെള്ളമാണ്. ഉയർന്ന വിലയുള്ള വെള്ളം എല്ലാവർക്കും നിർബന്ധമായും കൂടുതൽ ഗുണം ചെയ്യുമെന്നതിന് തെളിവില്ല.
ഒരുകാലത്ത് കാപ്പിക്കും വൈനിനും മാത്രമുണ്ടായിരുന്ന 'ടേസ്റ്റിങ്' സംസ്‌കാരം ഇന്ന് വെള്ളത്തിലേക്കും വ്യാപിക്കുകയാണ്. ചില പ്രീമിയം ബ്രാൻഡുകളുടെ ചെറിയ കുപ്പികൾക്ക് പോലും വലിയ വിലയുണ്ട്. ഇന്ത്യയിലും പ്രീമിയം വാട്ടർ വിപണി വേഗത്തിൽ വളരുകയാണ്. നടി ഭൂമി പെഡ്‌നേക്കർ സഹോദരി സമീക്ഷയ്‌ക്കൊപ്പം ആരംഭിച്ച ബാക്ക് ബേ എന്ന ബ്രാൻഡും ഹിമാലയൻ നാച്ചുറൽ മിനറൽ വാട്ടറാണ് വിപണിയിലെത്തിക്കുന്നത്.
വെള്ളം ഇന്നും ദാഹമകറ്റാനുള്ള ഏറ്റവും ലളിതമായ പാനീയം തന്നെയാണ്. എന്നാൽ അതിനെ ചുറ്റിപ്പറ്റിയുള്ള വിപണിയും ആഡംബര സംസ്‌കാരവും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വിവാഹവേദികളിൽ കോക്ക്‌ടെയിൽ ബാറുകൾക്കൊപ്പം വാട്ടർ ബാറുകളും ഭാവിയിൽ സാധാരണ കാഴ്ചയായേക്കാം. അടുത്ത തവണ ഒരു ആഡംബര വിവാഹത്തിൽ പങ്കെടുക്കുമ്പോൾ, 'ഒരു ഗ്ലാസ് സ്പ്രിങ് വാട്ടർ, പ്ലീസ്' എന്ന ഓർഡർ കേട്ടാൽ അത്ഭുതപ്പെടേണ്ടതില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: water-bars-luxury-wedding-trends-2026
Published: 23 Jun 2026, 02:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented