മനഗരത്തിലെ കസേരക്കടകൾ, ചന്നപട്ടണയിലെ കളിപ്പാട്ടക്കടകൾ, മൈസൂരു കൊട്ടാരം, ശ്രീരംഗപട്ടണത്തിലെ ചരിത്രസ്മാരകങ്ങൾ എന്നിവ സന്ദർശിച്ചതിനുശേഷമാണ് മദ്ദൂരിലെത്തിയത്. മൈസൂരു-ബെംഗളൂരു ഹൈവേയിൽ സ്ഥിതിചെയ്യുന്ന, മാണ്ഡ്യ ജില്ലയിലെ പട്ടണമാണ് മദ്ദൂർ. ഒറ്റനോട്ടത്തിൽ, ഒരു സാധാരണയിടം. എന്നാൽ, ഐതിഹാസികമായ ഒരു പെരുമയുണ്ട് ഈ നാടിന്. പ്രസിദ്ധമായ മദ്ദൂർവടയുടെ ജന്മനാടെന്ന പ്രശസ്തി. മദ്ദൂരിന്റെ ഏറ്റവും പ്രശസ്തമായ കയറ്റുമതിയും വടതന്നെ. കർണാടകയുടെ പാചകനൈപുണിയെ ലോകപ്രശസ്തമാക്കിയ വട രുചിക്കാതെ കടന്നുപോകുന്നതെങ്ങനെ? മദ്ദൂരിൽ എത്തിയപ്പോൾതന്നെ അന്തരീക്ഷത്തിൽ വടയുടെ ഗന്ധം. ട്രാഫിക് സ്റ്റോപ്പുകളിൽ വട പാക്കറ്റുകൾ വിൽക്കുന്ന വഴിയോര കച്ചവടക്കാർ. ഭക്ഷണശാലകളിൽ ചൂടൻ വടയുടെ കൂമ്പാരങ്ങൾ. സംസ്ഥാനപാത 17-ലൂടെയുള്ള യാത്രയ്ക്കിടെ സാധാരണമായി നിർത്താറുള്ള മദ്ദൂർ ടിഫാനിസിൽനിന്ന് നല്ല സ്വാദുള്ള മദ്ദൂർ വട കഴിച്ചു.

ഐതിഹ്യപ്രകാരം, ഒരു ചെറിയ പാചകപ്പിഴവാണ് മദ്ദൂർ വടയുടെ പിറവിക്ക് കാരണമായത്. 1917-ൽ മദ്ദൂർ റെയിൽവേ സ്റ്റേഷനിൽ പക്കോടയും ഇഡ്ഡലിയും വിറ്റിരുന്ന കുന്ദാപുരത്തുകാരനായ രാമചന്ദ്ര ബുധിയ എന്ന സംരംഭകനാണ് വടയുടെ പിന്നിൽ. മദ്ദൂരിനടുത്ത് ഒഴുകുന്ന ഷിംഷാ നദി എല്ലാത്തിനും സാക്ഷി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സ്റ്റീം എൻജിനുകളുള്ള തീവണ്ടികൾ ബെംഗളൂരുവിലേക്ക് പോകാനായി മീറ്റർ ഗെയ്ജ് ട്രാക്കുകളിലൂടെ ചീറിപ്പാഞ്ഞിരുന്ന കാലം. എല്ലാ തീവണ്ടികളും ഷിംഷാ നദിയിൽനിന്നായിരുന്നു വെള്ളം നിറച്ചിരുന്നത്. അതിനുവേണ്ടി 20 മുതൽ 30 വരെ മിനിറ്റ് മദ്ദൂരിൽ നിർത്തിയിട്ടിരുന്നു. തീവണ്ടികൾ മദ്ദൂരിൽ നിർത്തിയപ്പോൾ രാമചന്ദ്ര ബുധിയ വലിയ ലാഭമുണ്ടാക്കി.

placeholder
മദ്ദൂർ റെയിൽവേ സ്റ്റേഷൻ

ബുധിയ കുടുംബ ഐതിഹ്യം പറയുന്നത് മറ്റൊരു കഥയാണ്. ഒരിക്കൽ ഒരു തീവണ്ടി, നിശ്ചയിച്ച സമയത്തിന് വളരെ മുൻപേ സ്റ്റേഷനിലെത്തിപോലും. അവർക്കായി ഏതാനും ചേരുവകൾ കൂട്ടിച്ചേർത്ത്, വടയുടെ ആകൃതിയിൽ രാമചന്ദ്ര ബുധിയ ഒരുക്കിയതാണത്രേ ഈ വട. മൈസൂരുവിനും ബെംഗളൂരുവിനും ഇടയിൽ യാത്രചെയ്യുന്നവർക്കും ബ്രിട്ടീഷ് യാത്രക്കാർക്കും വട പ്രിയവിഭവമായി. ബുധിയ തന്റെ വെജിറ്റേറിയൻ ടിഫിനിസ്‌റൂമിൽ (VTR) നിന്ന് വട ഉണ്ടാക്കി വിൽക്കുന്നത് തുടർന്നു. ''അരിപ്പൊടി, റവ, കശുവണ്ടി, നാളികേര കഷണങ്ങൾ, കറിവേപ്പില, മസാല എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന വട ഇപ്പോഴും ഹിറ്റാണ്. മൈസൂരു-ബെംഗളൂരു ട്രെയിനിലെയും ഹൈവേയിലെയും മദ്ദൂർവട, യാത്രക്കാർക്കുമാത്രമല്ല, കർണാടകയുടെ മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, മുൻ റെയിൽവേ മന്ത്രി ജാഫർ ഷെരീഫ്, ഇന്ദിരാ ഗാന്ധി തുടങ്ങിയ പ്രമുഖർക്കും രാഷ്ട്രീയക്കാർക്കും പ്രിയപ്പെട്ടതായിരുന്നു. ഇന്ത്യയ്ക്ക് പുറത്തുനിന്നെത്തുന്നവരും പ്രത്യേകമായി പാക്ക്‌ചെയ്ത വട കൊണ്ടുപോയിരുന്നു. അത് ഇന്നും തുടരുന്നു''. 1948 മുതൽ 1973 വരെ റെയിൽവേ സ്റ്റേഷനിൽ VRR നടത്തിയിരുന്ന എച്ച്.ഡി. ഹെബ്ബാറിന്റെ നാലാംതലമുറ അനന്തരാവകാശിയായ ഡി.എൻ. ചതുരയുടെ വാക്കുകൾ കൗതുകകരമായിതോന്നി. ഹെബ്ബാറിന്റെ മകൻ ഡി. ഗോപാലയ്യ, സ്റ്റേഷന് പുറത്ത് വട വിൽക്കാൻ തീരുമാനിച്ചു. തന്റെ ഉത്പന്നത്തിന് സാധ്യതയുള്ള വിപണിയായി ഹൈവേയെ തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ മകൻ ജയപ്രകാശ് 1987-ൽ മദ്ദൂർ ടിഫിനിസ് എന്ന പേരിൽ ഒരു ഭക്ഷണശാല ആരംഭിച്ചു. നിർഭാഗ്യവശാൽ, അനധികൃത വട കച്ചവടക്കാരും അമിതമായ വാടകവർധനയും കാരണം 2017-ൽ, ഈ ഐതിഹാസിക ലഘുഭക്ഷണത്തിന്റെ നൂറാംവാർഷികത്തിൽ, മദ്ദൂർ സ്റ്റേഷനിലെ കാന്റീൻ അടച്ചുപൂട്ടി. ചെറിയ അടുക്കളയിൽ തൊഴിലാളികൾ മിനിറ്റുകൾക്കുള്ളിൽ വട തയ്യാറാക്കുന്നത് കാണാൻ രസമാണ്. ഏതാണ്ട് ആയിരത്തിനടുത്ത് വടകൾ രണ്ട് ഷിഫ്റ്റുകളിലായി ഉണ്ടാക്കുന്നു. ഉള്ളി നേർത്തതായി അരിയുന്നതും മാവ് പരത്തുന്നതും വറുക്കുന്നതും നേരിൽ കണ്ടു.

placeholder
ഷിംഷാ നദി

''മദ്ദൂർ വടയെ പ്രത്യേകതയുള്ളതാക്കുന്നത്, അതിലെ ചേരുവകളാണ് -വേണുഗോപാൽ സൂജി, നന്ദി മൈദ, അരിപ്പൊടി, റവ, നാളികേരക്കഷണങ്ങൾ, കറിവേപ്പില, ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ എന്നിവയാണ് പ്രധാന ചേരുവകൾ. നാസിക്, പുണെ എന്നിവിടങ്ങളിൽനിന്നാണ് ഉള്ളി എത്തിക്കുന്നത്. വടയുടെ പ്രത്യേക രുചി കിട്ടുന്നത് ശരിയായ അളവിൽ വെള്ളം ചേർക്കുമ്പോഴാണ്. കശുവണ്ടി, കസ്‌കസ്, നന്ദിനി നെയ്യ്, വെണ്ണ എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന വടയുടെ വിശേഷപ്പെട്ട പതിപ്പ് വേറെയുമുണ്ട്,'' ചതുര വിശദീകരിച്ചു. നിലവിൽ കർണാടകയിൽ എല്ലായിടത്തും വട ലഭ്യമാണ്. ബെംഗളൂരുവിൽ, ആളുകളുടെ ആവശ്യാനുസരണം വട തയ്യാറാക്കുന്ന, സ്ത്രീ-സംരംഭമായ ക്ലൗഡ് കിച്ചണും ഉണ്ട്. ഉള്ളി ചേർക്കാത്ത, ഗ്രെയ്റ്റ്‌ചെയ്ത കാബേജും എള്ളും ചേർത്ത ജൈൻ വടകളും ലഭ്യമാണ്. പിസ്ത മദ്ദൂർ വട, എള്ള് മദ്ദൂർ വട, മഞ്ചൂരിയൻ ഗോതമ്പ് വട തുടങ്ങിയ രുചികരമായ പതിപ്പുകളും ഉണ്ട്. സാധാരണ വടയെക്കാൾ പ്രത്യേക വടകൾക്ക് വില കൂടും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi