മാർച്ച് 19-ന് പുറത്തിറങ്ങിയ ആദിത്യ ധർ ചിത്രം 'ധുരന്ധർ: ദി റിവഞ്ച്' ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയമാണ്. ആദ്യദിനം തന്നെ 100 കോടിയിലധികം രൂപ നേടിയ ചിത്രം, ആദ്യ വാരാന്ത്യം പിന്നിടുമ്പോഴേക്കും 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. അതിനിടെ രൺവീർ സിങ് അവതരിപ്പിക്കുന്ന ഹംസ അലി മസാരിയുടെ ആഡംബര വീടിനെക്കുറിച്ചും ചില കൗതുകകരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

To advertise here,

ചിത്രത്തിൽ ഹംസയുടെ (രൺവീർ) ല്യാരിയിലുള്ള വീടായി കാണിച്ചിരിക്കുന്നത് യഥാർത്ഥത്തിൽ പഞ്ചാബിലെ അമൃത്സറിലുള്ള ഒരു ആഡംബര വസതിയാണ്. 'ആനന്ദ' എന്ന് പേരിട്ടിരിക്കുന്ന ഈ വീട് നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ആർക്കിടെക്ചർ സ്ഥാപനമായ '23DC ആർക്കിടെക്ട്സ്' ആണ്.

ചിത്രത്തിലെ ചില സുപ്രധാന രംഗങ്ങൾ, പ്രത്യേകിച്ച് ഹംസ നടത്തുന്ന വിപുലമായ പാർട്ടി, സാറ അർജുൻ അവതരിപ്പിക്കുന്ന എലീന, ഹംസയ്ക്ക് നേരെ തോക്ക് ചൂണ്ടുന്ന രംഗം എന്നിവയെല്ലാം ചിത്രീകരിച്ചത് ഈ വീട്ടിലാണ്.

ഏകദേശം 16,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ വസതി 2024-ലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ആധുനിക വാസ്തുവിദ്യയും ഇന്ത്യൻ ശൈലിയും ഒത്തുചേരുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. കറുത്ത മാർബിൾ പാകിയ ഗോവണികൾ, നീന്തൽക്കുളത്തിലേക്ക് കാഴ്ചയുള്ള ലിവിംഗ് റൂം, തുറന്ന അടുക്കളയും (Open Kitchen) മനോഹരമായ പൂന്തോട്ടവുമൊക്കെയാണ് പ്രധാന ആകർഷണങ്ങൾ. നക്ഷത്രങ്ങൾക്കിടയിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഓപ്പൺ സ്പേസുകളും ഈ വസതിയുടെ പ്രത്യേകതയാണ്.

"ആദിത്യ ധർ ചിത്രത്തിലെ ആ വീട് പഞ്ചാബിലാണെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രൺവീർ സിങ്ങിന്റെയും സാറ അർജുന്റെയും സാന്നിധ്യം ആ വീടിനെ കൂടുതൽ സവിശേഷമാക്കി," എന്ന് ഡിസൈൻ സ്ഥാപനം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi