നടൻ, സംവിധായകൻ, നിർമാതാവ് എല്ലാ നിലകളിലും തിളങ്ങുന്ന ആളാണ് പ്രകാശ് രാജ്. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിൽ തിളങ്ങിയ അദ്ദേഹത്തിന് അഞ്ചുതവണ ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അതിനുപുറമെ തമിഴ്‌നാട് സംസ്ഥാനപുരസ്‌കാരവും, ആന്ധ്ര സർക്കാരിന്റെ നന്തി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഇതിനെല്ലാമിടയിലും പ്രകാശ് രാജിനെ വേദനിപ്പിക്കുന്നൊരു സംഭവമുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിൽ. ഒരിക്കലും മായാത്ത മുറിവ് എന്നാണ് ആ വേദനിപ്പിക്കുന്ന സംഭവത്തെ അദ്ദേഹം എപ്പോഴും വിശേഷിപ്പിക്കാറുള്ളത്. തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ലളിതാ കുമാരിയാണ് അദ്ദേഹത്തിന്റെ ആദ്യഭാര്യ. അവർക്ക് മൂന്നുമക്കളായിരുന്നു, മേഘ്‌ന, പൂജ, സിദ്ധു.

സന്തുഷ്ടമായ കുടുംബത്തെ തകർത്തത് മകൻ സിദ്ധുവിന്റെ മരണമാണ്. അഞ്ചുവയസ്സുള്ളപ്പോൾ പട്ടം പറത്തുന്നതിനിടെ മേശയിൽനിന്ന് വീണതാണ് സിദ്ധു. ഗുരുതരമായപരിക്കുകൾ പറ്റിയ കുട്ടിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസത്തോളം ആസ്പത്രിയിൽ തന്നെയായിരുന്നു. ചികിത്സയിലിരിക്കെ മരണവും.

പ്രകാശ് രാജിനെയും ലളിതാ കുമാരിയെയും ആ മരണം പൂർണമായും തളർത്തി. മകൻ തങ്ങൾക്കൊപ്പമില്ലെന്ന് സ്വയം ബോധ്യപ്പെടുത്താൻ വർഷങ്ങളെടുത്തു. അവരുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു അത്.

പിന്നീട് ഇക്കണോമിക് ടൈംസിന് നൽകിയൊരു അഭിമുഖത്തിൽ പ്രകാശ് രാജ് അത് ഓർത്തെടുത്തു. 2004 ജനുവരിയിലാണ് അപകടമുണ്ടായതെന്നും അന്ന് ഗുരുതരമായ പരിക്കുകളേറ്റെന്നും തുടർന്ന് മാർച്ചിൽ മകൻ മരിച്ചെന്നും അദ്ദേഹം പറഞ്ഞു.

''എന്റെ പെൺമക്കളെ ഞാൻ സ്‌നേഹിക്കുന്നു, പക്ഷേ എന്റെ കുട്ടി മരിച്ചിട്ട് ഇത്ര വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും അവനെ എനിക്ക് മിസ് ചെയ്യുന്നു. അവന് അഞ്ച് വയസ്സുള്ളപ്പോഴാണ് അപകടം. ഒരടി ഉയരമുള്ള മേശയിൽ നിന്ന് പട്ടം പറത്തുന്നതിനിടെ അവൻ നിലത്തുവീണു. അങ്ങനെയാണ് അപകടമുണ്ടാവുന്നത്. അതിനുശേഷം അവന് ഇടയ്ക്കിടെ ഫിറ്റ്‌സ് ഉണ്ടാകുമായിരുന്നു. പെട്ടെന്നൊരു ദിവസം അവൻ മരിച്ചു. കാരണമെന്താണെന്ന് ഇപ്പോഴുമറിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖം. ആ ദു:ഖം മറക്കാനായി വീട്ടിൽനിന്ന് അവന്റെ എല്ലാ ഫോട്ടോഗ്രാഫുകളും ഞാൻ നീക്കം ചെയ്തു. എങ്കിലും അവനെ മറക്കാൻ കഴിയില്ല''.

മകനെ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതിനുപകരം പ്രകാശ് രാജ് തന്റെ ഫാമിലാണ് അടക്കിയത്. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ, ''ഞാൻ ഒരു അവിശ്വാസിയാണ്. അവനെ എന്റെ ഫാമിൽ അടക്കം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. ഞാൻ പലപ്പോഴും അവിടെ പോയി ഇരിക്കാറുണ്ട്. ജീവിതം എത്ര നിസ്സഹായമാണെന്നും, പ്രവചനാതീതമാണെന്നും, പ്രകൃതിയുടെ മുന്നിൽ എത്ര ചെറുതാണെന്നും, നമ്മൾ എത്ര ദുർബലരാണെന്നും എനിക്ക് മനസ്സിലാക്കി തന്നത് എന്റെ മകനാണ്''.

സിദ്ധുവിന്റെ മരണശേഷം പ്രകാശ് രാജും ലളിത കുമാരിയും തമ്മിൽ നിരവധി തർക്കങ്ങൾ നിരന്തരം ഉണ്ടായി. തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടും അവർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല. അങ്ങനെ 2009-ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് കൊറിയോഗ്രാഫറായ പോനി വർമയെ അദ്ദേഹം വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ഒരു മകനുണ്ട്, വേദാന്ത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi