വിവാഹസാരിയെന്നാൽ നമുക്ക് അത് കാഞ്ചീപുരം സിൽക്ക് സാരിതന്നെയാണ്. വിവാഹദിനത്തിൽ അണിഞ്ഞ ശേഷം വാർഷികാഘോഷങ്ങളിലും കുടുംബവിവാഹങ്ങളിലും ഉത്സവങ്ങളിലും വീണ്ടും വീണ്ടും അണിയുന്ന ഈ സാരി പിന്നീട് അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്ന ഒരു കുടുംബപൈതൃകമായി മാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു കാഞ്ചീപുരം സാരി തിരഞ്ഞെടുക്കുന്നത് നിറമോ ഡിസൈനോ മാത്രം നോക്കിയല്ല, യഥാർഥ കൈത്തറി നെയ്ത്തും മികച്ച ഗുണനിലവാരവുമാണ് അതിന്റെ യഥാർത്ഥ മൂല്യം നിർണയിക്കുന്നത്.

To advertise here,

ഇന്ന് വിപണിയിൽ കൈത്തറിയിൽ നെയ്ത കാഞ്ചീപുരം സാരികൾക്കൊപ്പം പവർലൂം, മെഷീൻ നിർമിത പതിപ്പുകളും വ്യാപകമാണ്. അതുകൊണ്ടുതന്നെ യഥാർഥ കൈത്തറി സിൽക്ക് തിരിച്ചറിയാൻ അല്പം ബുദ്ധിമുട്ടുമാണ്. എന്നാൽ യഥാർഥ കാഞ്ചീപുരം സാരി തിരിച്ചറിയാൻ ചില വിദ്യകളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ഭാരമുള്ള സാരിയാണെങ്കിൽ
കാഞ്ചീപുരം സാരിയുടെ ഗുണമേന്മ വിലയിരുത്താൻ പലരും ആദ്യം നോക്കുന്നത് അതിന്റെ ഭാരമാണ്. എന്നാൽ അത് തെറ്റായ ധാരണയാണെന്ന് വിദഗ്ധർ പറയുന്നു. സ്റ്റാർച്ച് ഉപയോഗിച്ചാൽ സാരിക്ക് കൂടുതൽ ഭാരം തോന്നാം. അതുപോലെ, സാരിയിൽ സരിയുടെ (zari) അളവ് കൂടുതലാകുമ്പോൾ അതിന്റെ മൂല്യവും ഗുണമേന്മയും കൂടണമെന്നുമില്ല. എല്ലാ മികച്ച കാഞ്ചീപുരം സാരികളും തിളങ്ങുന്ന നിറങ്ങളോടെയോ അമിതമായ സരിയോടെയോ ആയിരിക്കണമെന്നില്ല. പഴയ കാലത്തെ വിലമതിക്കപ്പെടുന്ന പല സാരികളും മിതമായ നിറങ്ങളിലും കുറഞ്ഞ സരി വർക്കിലുമാണ് നെയ്തിരുന്നത്.

ഒരു കാഞ്ചീപുരം സാരിയുടെ മൂല്യം നിർണയിക്കുന്നത് സിൽക്ക് നൂലിന്റെ ശുദ്ധതയും സരിയുടെ ഗുണനിലവാരവും നെയ്ത്തിന്റെ മികവും നെയ്ത്തുകാരന്റെ വൈദഗ്ധ്യവുമാണ്.

പരമ്പരാഗത കാഞ്ചീപുരം സാരിയുടെ പ്രത്യേകതകൾ
വാങ്ങാൻ പോകുന്നതിന് മുമ്പ് കാഞ്ചീപുരം സാരികളുടെ പരമ്പരാഗത ഡിസൈൻ ശൈലി മനസ്സിലാക്കുന്നത് നല്ലതാണ്. സാധാരണയായി സാരിയുടെ ബോഡി ലളിതമായതോ ചെറിയ ബുട്ടകളോ ചെക്കുകളോ വരകളോ ഉള്ളതായിരിക്കും. ജ്യോമെട്രി ക്രമത്തിൽ വരുന്ന ഡിസൈനുകളാണ് കൂടുതലായും കാണുക. പൂക്കളുടെ രൂപങ്ങൾ പോലും വ്യക്തമായിരിക്കും. 

ബോർഡറിലെയും പല്ലുവിലെയും ഡിസൈനുകളുടെ വലിപ്പം പരസ്പരം യോജിച്ചിരിക്കണം. ബോഡി മുഴുവൻ സങ്കീർണമായ അലങ്കാരങ്ങളോ നിരവധി നിറങ്ങളുടെ ധാരാളം ഉപയോഗമോ കണ്ടാൽ അത് മെഷീൻ നിർമിത സാരിയാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

യഥാർഥ കാഞ്ചീപുരം സാരിയുടെ പ്രധാന സവിശേഷതയാണ് കൊർവൈ (Korvai). സാരിയുടെ ബോഡിയും വ്യത്യസ്ത നിറത്തിലുള്ള ബോർഡറും പ്രത്യേകം നെയ്ത് പിന്നീട് കൈകൊണ്ട് ബന്ധിപ്പിക്കുന്ന രീതിയാണിത്. അതുപോലെ പെട്ട്ണി (Petni) എന്നത് ബോഡിയും പല്ലുവും ചേർക്കുന്ന പ്രത്യേക നെയ്ത്താണ്.

രുദ്രാക്ഷം, മയിൽ, അന്നപക്ഷി, യാളി, ഗോപുരം, ക്ഷേത്രബോർഡർ തുടങ്ങിയ പരമ്പരാഗത മോട്ടിഫുകൾ കൃത്യതയോടെ നെയ്തിട്ടുണ്ടെങ്കിൽ അത് നെയ്ത്തുകാരന്റെ വൈദഗ്ധ്യത്തിന്റെ തെളിവാണ്. 

തൊട്ടുനോക്കൂ, ഗുണമേന്മ തിരിച്ചറിയാം
ഒരു യഥാർഥ കാഞ്ചീപുരം സാരിയുടെ സിൽക്കിന് പ്രത്യേക മൃദുത്വവും ഉറപ്പുമുണ്ട്. പരിചയമുള്ളവർക്ക് തൊട്ടുനോക്കിയാൽ തന്നെ വ്യത്യാസം തിരിച്ചറിയാൻ സാധിക്കും. എന്നാൽ ഇത് അനുഭവത്തിലൂടെ മാത്രം നേടുന്ന അറിവാണ്.
സരിയുടെ ഗുണമേന്മ തിരിച്ചറിയുക അതിലും ബുദ്ധിമുട്ടാണ്. ഒരേ സരി, വ്യത്യസ്ത നിറത്തിലുള്ള സിൽക്കിൽ വ്യത്യസ്ത രീതിയിൽ പ്രതിഫലിക്കാം. അതിനാൽ തിളക്കമോ നിറമോ മാത്രം നോക്കി വിലയിരുത്താതെ, ഉപയോഗിച്ചിരിക്കുന്ന സരിയുടെ ഘടനയും ഉറവിടവും ചോദിച്ചറിയുന്നതാണ് നല്ലത്.

വാങ്ങുന്നതിന് മുമ്പ് ഈ ചോദ്യങ്ങൾ ചോദിക്കണം
ഓൺലൈനായി വാങ്ങുകയാണെങ്കിൽ സാരി മുഴുവൻ വിരിച്ച് കാണിക്കുന്ന വീഡിയോ ആവശ്യപ്പെടുക. ചിത്രങ്ങൾ മാത്രം നോക്കി തീരുമാനിക്കരുത്. ഇതോടൊപ്പം താഴെ പറയുന്ന കാര്യങ്ങളുംകൂടി ഉറപ്പാക്കുക:

  • സാരിക്ക് GI Tag ഉണ്ടോ?
  • Silk Mark അല്ലെങ്കിൽ Handloom Mark സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടോ?
  • കൈത്തറിയിൽ നെയ്തതാണോ?
  • ഉപയോഗിച്ചിരിക്കുന്ന സിൽക്കും സരിയും ഏത് ഗുണനിലവാരത്തിലുള്ളതാണ്?ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്ന വിൽപ്പനക്കാരെയാണ് വിശ്വസിക്കേണ്ടത്.

ദീർഘകാലം ഉപയോഗിക്കാനാകുന്ന ഒരു കാഞ്ചീപുരം സാരിയാണ് ലക്ഷ്യമെങ്കിൽ മികച്ച സിൽക്ക്, ശുദ്ധമായ സരി, കൈത്തറി നെയ്ത്ത്, കൊർവൈ ബോർഡർ, പെട്ട്ണി പല്ലു എന്നിവയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് വിദഗ്ധർ പറയുന്നു. 
വില കൂടുതലായതുകൊണ്ടു മാത്രം ഗുണമേന്മ കൂടുമെന്നതിന് ഉറപ്പില്ല. സിൽക്കിനും സരിക്കും നെയ്ത്തിനും കരകൗശലത്തിനുമായി എത്ര തുക ചെലവാകുന്നുവെന്നത് മനസ്സിലാക്കിയാണ് വാങ്ങേണ്ടത്.
കാഞ്ചീപുരം സാരി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതിനുപകരം മൃദുവായ കോട്ടൺ അല്ലെങ്കിൽ അൺബ്ലീച്ച്ഡ് മസ്ലിൻ തുണിയിൽ പൊതിഞ്ഞ് വയ്ക്കുക. ഓരോ ഉപയോഗത്തിനുശേഷവും വായുസഞ്ചാരമുള്ള സ്ഥലത്ത് വിരിച്ചിടുകയും ഇടയ്ക്കിടെ മടക്കിന്റെ ദിശ മാറ്റുകയും വേണം. ഒരു സാരി പൈതൃകമാകുന്നത് അലമാരയിൽ സൂക്ഷിക്കുമ്പോഴല്ല, മറിച്ച് കുടുംബത്തിലെ വിവാഹങ്ങളിലും ആഘോഷങ്ങളിലുമൊക്കെ സാരിയണിഞ്ഞ് അത് നല്ല ഓർമകളായി മാറുമ്പോഴാണ് യഥാർത്ഥ മൂല്യം ലഭിക്കുന്നത്. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi