പഴങ്ങൾ ആരോഗ്യത്തിന് ഗുണകരമാണ്, എന്നാൽ അവയുടെ തൊലിയോ? ചില പഴങ്ങളുടെ തൊലികളിൽ ചർമത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ചർമത്തെ ശുദ്ധമാക്കാനും തിളക്കം നൽകാനും ഈർപ്പം നിലനിർത്താനുമൊക്കെ ഇവ സഹായിച്ചേക്കാം.
ഓറഞ്ച്: വിറ്റാമിൻ സി, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയ ഓറഞ്ച് തൊലിക്ക് ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചർമത്തിലെ അമിത എണ്ണമയം കുറയ്ക്കാനും മുഖക്കുരുവിനെ നിയന്ത്രിക്കാനും ചർമത്തിന് സ്വാഭാവിക തിളക്കം നൽകാനും ഇത് സഹായിക്കും. ചർമത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുന്നതിലും വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നു.
അവക്കാഡോ: സൂപ്പർഫുഡ് എന്നറിയപ്പെടുന്ന പഴമാണ് അവക്കാഡോ. ഇവയുടെ തൊലിയിൽ വിറ്റാമിൻ ബി, ഇ എന്നിവയും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. തൊലിക്കു സമീപമുള്ള ഭാഗങ്ങളിൽ ആന്റിഓക്‌സിഡന്റുകളുടെ അളവ് കൂടുതലായതിനാൽ വരണ്ടതും പരുപരുത്തതുമായ ചർമത്തെ പോഷിപ്പിക്കാൻ ഇത് സഹായിക്കും.
Also Read
മാതളനാരങ്ങ: ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളും നിറഞ്ഞതാണ് മാതളനാരങ്ങയുടെ തൊലി. മുഖക്കുരുവും ചർമത്തിലെ അസ്വസ്ഥതകളും കുറയ്ക്കാൻ ഇത് നല്ലതാണ്. കൂടാതെ അകാല വാർധക്യത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും ചെയ്യും.
ആപ്പിൾ: ആപ്പിളിലെ പല പോഷകങ്ങളും അതിന്റെ തൊലിയിലാണ് കൂടുതലായി അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ എ, സി, കോപ്പർ എന്നിവയാൽ സമ്പന്നമായ ആപ്പിൾ തൊലി കൊളാജൻ ഉൽപ്പാദനത്തെ കൂട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചർമത്തിന് യുവത്വവും തിളക്കവും നൽകും.
ചെറുനാരങ്ങ: കാത്സ്യം, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ അടങ്ങിയ ചെറുനാരങ്ങാ തൊലി ചർമസംരക്ഷണത്തിന് മികച്ചതാണ്. അമിത എണ്ണമയം കുറയ്ക്കാനും ചർമത്തിലെ ജലാംശം നിലനിർത്താനും മലിനീകരണം, സൂര്യപ്രകാശം തുടങ്ങിയ ബാഹ്യഘടകങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും.
വാഴപ്പഴം: വിറ്റാമിൻ എ, ബി6, ബി12, സി, ഡി എന്നിവയ്‌ക്കൊപ്പം മഗ്‌നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും പഴത്തൊലിയിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, ചർമത്തിലെ അസ്വസ്ഥതകൾ, വരൾച്ച എന്നിവയ്ക്ക് വീട്ടുവൈദ്യമായി പലരും ഇത് ഉപയോഗിക്കാറുണ്ട്. ചില ചർമപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ശമിപ്പിക്കാനും ഇത് നല്ലതാണ്.
പപ്പായ: വിറ്റാമിൻ എ, ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിൻ ബി5 എന്നിവ അടങ്ങിയ പപ്പായ ചർമാരോഗ്യത്തിന് മികച്ചതാണ്. പച്ച പപ്പായയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ‘പപ്പൈൻ’ എന്ന എൻസൈമിന് സ്വാഭാവിക എക്‌സ്‌ഫോളിയേറ്റിങ് ഗുണമുണ്ട്. ഇത് ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമത്തിന് തിളക്കവും മൃദുത്വവും നൽകും.
പ്രത്യേക ശ്രദ്ധയ്ക്ക്….
പഴത്തൊലികൾ പ്രകൃതിദത്ത ചർമസംരക്ഷണ വഴികളാണെങ്കിലും എല്ലാവരുടെയും ചർമത്തിന് ഇത് യോജിക്കണമെന്നില്ല. മുഖത്ത് ഉപയോഗിക്കുന്നതിന് മുമ്പ് കൈയിലോ മറ്റോ പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. ചൊറിച്ചിൽ, ചുവപ്പ് നിറം, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടാൽ ഉപയോഗം നിർത്തി ചർമരോഗ വിദഗ്ധന്റെ ഉപദേശം തേടുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: benefits-of-fruit-peels-for-glowing-skin-2026
Published: 06 Jun 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented