മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി പലവിധ പരീക്ഷണങ്ങളും ബോളിവുഡ് താരങ്ങൾ ചെയ്യാറുണ്ട്. അക്കൂട്ടത്തിൽ സൊനാക്ഷി സിൻഹ പങ്കുവെച്ച ഒരു ലളിതമായ ഹെയർ കെയർ ടിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രകൃതിദത്തമായ ചുരുളൻ മുടി ലഭിക്കാൻ സഹായിക്കുന്ന ഈ എളുപ്പവഴി സൊനാക്ഷിയെ പഠിപ്പിച്ചത് മറ്റാരുമല്ല, ഭർതൃമാതാവാണ്.

തന്റെ യൂട്യൂബ് വ്ളോഗിലൂടെയാണ് സൊനാക്ഷി ഈ സൗന്ദര്യരഹസ്യം ആരാധകരുമായി പങ്കുവെച്ചത്. രണ്ടേ രണ്ട് ചേരുവകൾ ഉപയോഗിച്ചാണ് ഈ കൂട്ട് തയ്യാറാക്കുന്നത്. ഫ്‌ളാക്‌സ്‌ സീഡും വെള്ളവും ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ജെല്ലാണിത്. ഹീറ്റ് സ്‌റ്റൈലിങ് ഉപകരണങ്ങളോ രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളോ ഉപയോഗിക്കാതെ മുടിക്ക് സ്വാഭാവികമായ ചുരുളുകൾ നൽകാൻ ഈ ജെൽ സഹായിക്കുമെന്നാണ് താരം പറയുന്നത്.

ഫ്‌ളാക്‌സ്‌ സീഡ് ജെൽ തയ്യാറാക്കുന്ന വിധം:
ഒരു ടേബിൾസ്പൂൺ ഫ്‌ളാക്‌സ്‌ സീഡും രണ്ട് കപ്പ് വെള്ളവും മാത്രം മതി. (അവരവരുടെ മുടിയുടെ നീളത്തിനും കനത്തിനും അനുസരിച്ച് ഫ്‌ളാക്‌സ്‌ സീഡിന്റെ അളവ് ക്രമീകരിക്കാം.)
ആദ്യം വെള്ളം തിളപ്പിക്കുക. ശേഷം ഫ്‌ളാക്‌സ്‌ സീഡ് ചേർത്ത് ഏകദേശം 20 മിനിറ്റ് ചെറുതീയിൽ വേവിക്കുക. വേവുന്നതിനിടെ മിശ്രിതം കട്ടിയാകാൻ തുടങ്ങും. മുകളിൽ പത രൂപപ്പെടുന്നത് ജെൽ പാകമാകുന്നതിന്റെ സൂചനയാണ്. ജെൽ രൂപത്തിലേക്ക് മാറിത്തുടങ്ങുമ്പോൾ ഉടൻ അരിച്ചെടുക്കണം. ഇല്ലെങ്കിൽ ഇത് അമിതമായി കട്ടിയാകാൻ സാധ്യതയുണ്ട്. പിന്നീട് തണുക്കാൻ വെച്ച ശേഷം ഉപയോഗിക്കാം.

തണുത്ത ജെൽ മുടിയിലുടനീളം പുരട്ടിയ ശേഷം മുടി ചെറിയ ഭാഗങ്ങളായി വിഭജിച്ച് ഓരോന്നും പിന്നിയിടാം. ഇത് രാത്രി മുഴുവൻ അതേപടി വെച്ച ശേഷം രാവിലെ അഴിച്ചാൽ സ്വാഭാവികമായ ചുരുളുകൾ ലഭിക്കും. ഹീറ്റ് ഉപയോഗിക്കാതെ തന്നെ മൃദുലവും മനോഹരവുമായ കേൾസ് ലഭിക്കുമെന്നാണ് താരം പറയുന്നത്. പ്രകൃതിദത്തമായ രീതിയിൽ മുടിയെ പരിപാലിക്കാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ലളിതവും ചെലവുകുറഞ്ഞതുമായ വഴിയാണ് ഈ ഫ്‌ളാക്‌സ്‌ സീഡ് ജെൽ.
''എന്റെ കേർളി ഹെയർ ഹാക്ക്, അതിന്റെ മുഴുവൻ ക്രെഡിറ്റും സാസു മായ്ക്ക്,'' എന്ന കുറിപ്പോടെയാണ് സൊനാക്ഷി വീഡിയോ പങ്കുവെച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi