വരണ്ട ചർമം, നിറവ്യത്യാസം, കരുവാളിപ്പ്, ചർമത്തിന്റെ ഇലാസ്തികത കുറയുക... മുമ്പ് നാല്പതുകളിലും അമ്പതുകളിലും മാത്രം കണ്ടിരുന്ന ഈ മാറ്റങ്ങൾ ഇന്ന് ഇരുപതുകളുടെ അവസാനത്തിലേ പലരിലും കണ്ടുവരുന്നുവെന്നാണ് ചർമരോഗവിദഗ്ധരുടെ കണ്ടെത്തൽ. ഇവിടെ പ്രായമല്ല പ്രധാനപ്രശ്നം, മറിച്ച് ആധുനിക ജീവിതശൈലിയാണ് ചർമത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്.
മാനസിക സമ്മർദം, അമിതമായ സ്ക്രീൻ ഉപയോഗം, ഉറക്കക്കുറവ്, പൊടിപടലങ്ങളും മലിനീകരണവും, സൂര്യപ്രകാശമേൽക്കൽ എന്നിവയൊക്കെ ചേർന്നാണ് ചർമത്തിന്റെ സ്വാഭാവിക തിളക്കവും ആരോഗ്യമുമെല്ലാം നേരത്തേ നഷ്ടപ്പെടുത്തുന്നത്.
Also Read
മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്, എൽഇഡി ലൈറ്റുകൾ എന്നിവയിൽനിന്ന് പുറപ്പെടുന്ന ഹൈ എനർജി വിസിബിൾ ലൈറ്റ് (HEV) അഥവാ ബ്ലൂ ലൈറ്റും ചർമപ്രശ്നങ്ങൾക്ക് ഒരു പ്രധാനകാരണമായി മാറുന്നുണ്ട്. യുവിബി കിരണങ്ങളെപ്പോലെ ചർമത്തിന്റെ മുകളിലത്തെ പാളിയിൽ മാത്രം ബാധിക്കാതെ ബ്ലൂ ലൈറ്റ് ചർമത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്നു. ഇതുവഴി ചർമത്തിന്റെ ദൃഢതയും ഇലാസ്തികതയും നിലനിർത്തുന്ന കൊളാജൻ, എലാസ്റ്റിൻ എന്നീ പ്രോട്ടീനുകൾ ദുർബലമാകുന്നു. അതിന്റെ ഫലമായി ചർമം മങ്ങുകയും സ്വാഭാവികതിളക്കം കുറയുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ദീർഘനേരമുള്ള സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നത് ചർമാരോഗ്യത്തിന് അത്യാവശ്യമാണ്.
ജോലിയിലെയും വ്യക്തിജീവിതത്തിലെയും സമ്മർദങ്ങൾ ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് ഉയർത്തും. ഇത് ചർമത്തിന്റെ സ്വാഭാവിക പുനരുജ്ജീവന പ്രക്രിയയെ ബാധിക്കുകയും ചർമത്തിലെ നീർവീക്കം വർധിപ്പിക്കുകയും കൊളാജൻ ഉത്പാദനം കുറയ്ക്കുകയും ചെയ്യും.
ചെലവേറിയ ചർമസംരക്ഷണ രീതികൾ പിന്തുടരുമ്പോഴും ചർമത്തിലെ മങ്ങലും വരൾച്ചയും മുഖക്കുരുവുമെല്ലാം മാറാത്തതിന്റെ പ്രധാന കാരണം ഈ മാനസിക സമ്മർദമാണെന്ന് വിദഗ്ധർ പറയുന്നു.
സൂര്യപ്രകാശമേൽക്കുന്നതാണ് മറ്റൊരു കാരണം. യുവിഎ കിരണങ്ങൾ ചർമത്തിന്റെ ആഴങ്ങളിലേക്ക് കടന്ന് കൊളാജൻ, എലാസ്റ്റിൻ എന്നിവയെ തകർക്കുമ്പോൾ, യുവിബി കിരണങ്ങൾ ചർമകോശങ്ങളുടെ ഡിഎൻഎയെ ബാധിച്ച് പിഗ്മെന്റേഷൻ, കരുവാളിപ്പ്, നിറവ്യത്യാസം, ചർമഘടനയിലെ മാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു.
ചർമത്തിന് ചുളിവുകൾ വന്നശേഷം മാത്രമല്ല, അതിന് മുമ്പേ തന്നെ ചർമസംരക്ഷണത്തിൽ ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, നല്ല ഉറക്കത്തിന് പ്രാധാന്യം നൽകുക എന്നിവ ശീലമാക്കണം. മാനസിക സമ്മർദം കുറയ്ക്കാൻ ഇഷ്ടമുള്ള കാര്യങ്ങളിൽ സമയം ചെലവഴിക്കുകയോ ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായം തേടുകയോ ചെയ്യാം. അതോടൊപ്പം അവരവരുടെ ചർമത്തിന് യോജിച്ച ചർമസംരക്ഷണരീതികൾ പിന്തുടരുകയും അമിതമായ ഫോൺ ഉപയോഗം ഒഴിവാക്കുകയും വേണം.
ഇന്ന് ചർമസൗന്ദര്യം വെറുമൊരു സൗന്ദര്യപരമായ ആശങ്ക മാത്രമല്ല, നമ്മുടെ ജീവിതശൈലിയുടെയും ആരോഗ്യത്തിന്റെയും മാനസികാവസ്ഥയുടെയും പ്രതിഫലനമായി അത് മാറിയിരിക്കുന്നു. സൗന്ദര്യവർധക വസ്തുക്കൾ ഒരുപരിധിവരെ ചർമത്തിലെ പ്രശ്നങ്ങൾ മറച്ചുവയ്ക്കുമെങ്കിലും നല്ല ഉറക്കവും മാനസികസന്തോഷവും ചിട്ടയായ ജീവിതശൈലിയും തന്നെയാണ് യഥാർഥ സൗന്ദര്യത്തിന്റെ അടിസ്ഥാനം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: premature-skin-aging-causes-skincare-tips
Published: 29 May 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented