വരണ്ടതും തൊലി അടർന്നതും പൊട്ടിയതുമായ ചുണ്ടുകൾ മുഖസൗന്ദര്യത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. ലിപ്സ്റ്റിക് പുരട്ടി എത്രതന്നെ മറയ്ക്കാൻ ശ്രമിച്ചാലും, വരണ്ട ചുണ്ടുകൾ പലപ്പോഴും ആത്മവിശ്വാസം കുറയ്ക്കാറുണ്ട്. ചുണ്ടുകളുടെ സ്വാഭാവികനിറം മങ്ങുക, മൃദുത്വം നഷ്ടപ്പെടുക തുടങ്ങി വേനൽക്കാലത്ത് നിർജലീകരണവും സൂര്യാഘാതവും വരെ സംഭവിച്ചേക്കാം.

To advertise here,

ലിപ്സ്റ്റിക്, ലിപ് ലൈനർ, ലിപ് ബാം, ലിപ് സിറം, ലിപ് സ്‌ക്രബ്, ലിപ് സൺസ്‌ക്രീൻ എന്നിവ ഉൾപ്പെടെ ചുണ്ടുകളുടെ സംരക്ഷണത്തിനും സൗന്ദര്യം വർധിപ്പിക്കാനും ഇന്ന് നിരവധി ഉത്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ ഇവയുടെ ഗുണങ്ങളും ഉപയോഗരീതിയും മനസ്സിലാക്കി ശരിയായി ഉപയോഗിക്കുന്നവർ കുറവാണ്. ചുണ്ടുകളുടെ ചർമ്മം വളരെ നേർത്തതായതിനാൽ, പ്രത്യേക പരിചരണം ആവശ്യമാണ്. അതുകൊണ്ട് തന്നെ ദിവസേനയുള്ള സൗന്ദര്യപരിചരണത്തിൽ ചുണ്ടുകളുടെ ആരോഗ്യത്തിനായി ചെറിയൊരു സമയം മാറ്റിവെക്കുന്നത് ഏറെ ഗുണം ചെയ്യും.

 

  • ലിപ് ബാമുകൾക്ക് പകരം പലരും ഇപ്പോൾ ലിപ് സിറം ഉപയോഗിക്കാറുണ്ട്. ഗുണമേന്മയുള്ള ലിപ് സിറങ്ങൾതന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദിവസത്തിൽ ഒന്നോ രണ്ടോ നേരങ്ങളിൽ ലിപ് സിറം ഉപയോഗിക്കാമെങ്കിലും രാത്രി പുരട്ടുന്നത് മികച്ച ഫലം നൽകും. ലിപ് ബാമുകൾ പൊതുവെ ചുണ്ടുകളുടെ മേൽപരപ്പിൽ മാത്രം നനവ് നൽകുമ്പോൾ ലിപ് സിറം ബേസായി പ്രവർത്തിച്ച് ചുണ്ടുകളുടെ ടെക്‌സ്ചർ മെച്ചപ്പെടുത്തുകയും വരൾച്ച മാറ്റുകയും ചെയ്യും. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ചുണ്ടുകൾക്ക് ആരോഗ്യകരമായ തിളക്കവും മൃദുത്വവും നൽകും.
  • വരണ്ട ചർമം മാറ്റുന്നതിന് ലിപ് സ്‌ക്രബുകൾ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ വീട്ടിൽ തന്നെയുള്ള ചില കൂട്ടുകളുപയോഗിച്ച് സ്‌ക്രബ് ചെയ്യാം. ഓട്‌സ്‌പൊടി, പഞ്ചസാര, തേൻ, അല്പം സസ്യ എണ്ണ എന്നിവ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാം. കാപ്പിപ്പൊടി, പഞ്ചസാര, തേൻ, ബദാം ഓയിൽ എന്നിവ ഉപയോഗിച്ചും സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്.
  • വെള്ളരിക്ക കഷ്ണങ്ങൾ കൊണ്ട് ചുണ്ടിൽ മസാജ് ചെയ്യുകയോ അല്ലെങ്കിൽ അരച്ച് ചുണ്ടിൽ പുരട്ടുകയോ ചെയ്യാം. വിറ്റാമിനുകളാൽ സമ്പുഷ്ടമായതുകൊണ്ട് വെള്ളരിക്ക ചുണ്ടുകളുടെ വരൾച്ച മാറ്റാൻ സഹായിക്കും.
  • പ്രകൃതിദത്തമായ മോയിസ്ചറൈസറാണ് തേൻ. തേൻ പുരട്ടി ചുണ്ടുകൾ മസാജ് ചെയ്യുന്നത് നല്ലതാണ്. ചർമം മൃദുലമാക്കും. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും അതേ അളവിൽ തേനും എടുത്ത് ഒന്നിച്ച് ചുണ്ടുകളിൽ ലിപ് മാസ്‌കായും ഉപയോഗിക്കാം.
  • വെളിച്ചെണ്ണ മാത്രമായി വേണമെങ്കിലും ചുണ്ടുകളിൽ പുരട്ടാവുന്നതാണ്. ദിവസവും എണ്ണയുപയോഗിച്ച് ചുണ്ടുകൾ മൃദുവായി മസാജ് ചെയ്യാം. ചുണ്ടുകളിലെ രക്തചംക്രമണം വർധിപ്പിച്ച് ആരോഗ്യമുള്ളതാക്കുന്നു.
  • നെയ്യ് പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഉത്തമമാണ്.
  • നാരങ്ങാനീര്, കറ്റാർവാഴ, റോസ് വാട്ടർ തുടങ്ങി വരണ്ട ചുണ്ടുകൾക്ക് പ്രതിവിധികളേറെയുണ്ട്. ഇവയെല്ലാം വെറുതെ ചുണ്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
  • കറ്റാർവാഴ ബദാം എണ്ണയോ ഒലിവ് ഓയിലോ ചേർത്ത് ഉപയോഗിക്കാം. ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി സ്വാഭാവികതയും മൃദുത്വവും നൽകും.
  • സൺസ്‌ക്രീൻ ലിപ്ബാം പുരട്ടിയതിനുശേഷം ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ശീലമാക്കാം. കാരണം ഇത് ലിപ്സ്റ്റിക് ഏറെനേരം ചുണ്ടിൽ നിലനിർത്താൻ സഹായിക്കും. എന്നാൽ അമിതമായ ലിപ്സ്റ്റിക്ക് ഉപയോഗം ചുണ്ടുകളെ വളരെ പെട്ടെന്ന് വരണ്ടതാക്കുകയും ചെയ്യും.
  • നല്ല ഗുണമേന്മയുള്ള ലിപ് ബാമുകൾ പ്രത്യേകം തിരഞ്ഞെടുക്കുക. സൂര്യപ്രകാശം, പൊടി, കാറ്റ് എന്നിവയിൽനിന്നൊക്കെ ചുണ്ടുകൾക്ക് സംരക്ഷണമേകാൻ ലിപ്ബാമുകൾ സഹായിക്കും.
  • ചുണ്ടുകൾ ഇടയ്ക്കിടെ നാവുകൊണ്ടു നനയ്ക്കുന്നത് നല്ല ശീലമല്ല. ഇത് ചുണ്ടിനെ കൂടുതൽ വരണ്ടതാക്കും.
  • വെള്ളം നന്നായി കുടിക്കണം. ശരീരത്തിൽ ജലാംശം ഉണ്ടാകുമ്പോൾ ചർമം വരളുന്നത് തടയും. ചുണ്ടുകളിൽ ജലാംശം ഉറപ്പാക്കാൻ മോയിസ്ചറൈസർ പുരട്ടുന്നത് നല്ലതാണ്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ മോയിസ്ചറൈസറും സൺസ്‌ക്രീനും പുരട്ടാൻ ശ്രദ്ധിക്കണം.
  • ഉറങ്ങുന്നതിന് മുമ്പ് തണുത്ത വെള്ളത്തിൽ കോട്ടൺ മുക്കി ചുണ്ടുകൾ തുടയ്ക്കുക. അല്ലെങ്കിൽ മേക്കപ്പ് റിമൂവർ ഉപയോഗിച്ച് ചുണ്ടുകൾ വൃത്തിയാക്കാം.
    കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi