ഐക്യകേരളത്തിന്റെ പിറവിയോടടുത്ത കാലം. പാലായ്ക്കടുത്ത് ചെങ്ങളത്തെ പന്തപ്ലാക്കല്‍ തറവാട്ടില്‍ ചെറിയാന്‍ എന്നൊരു ആണ്‍കുട്ടി ഉണ്ടായിരുന്നു. കര്‍ഷക കുടുംബമാണ്. പള്ളിക്കൂടം വിട്ടുവന്നാല്‍ സഹോദരങ്ങള്‍ക്കും ചാച്ചനും അമ്മച്ചിക്കുമൊപ്പം കരയിലും വയലിലും ഒക്കെയായി പിടിപ്പത് പണിയുണ്ടാകും. പാഠപുസ്തകത്തിനും വേദപുസ്തകത്തിനും അപ്പുറം വീട്ടില്‍ മറ്റൊരു പുസ്തകത്തിനും ഇടംകൊടുക്കാത്ത ആളായിരുന്നു ചെറിയാന്റെ ചാച്ചന്‍. വായിച്ച് പാഴാക്കുന്ന നേരത്ത് നാലുമൂട് വാഴ നടാവുന്നതാണെന്നാണ് അദ്ദേഹത്തിന്റെ ന്യായം. അങ്ങനെയുള്ള ചാച്ചന്റെ കണ്ണുവെട്ടിച്ച് ചെറിയാന്‍ പാലായിലെ കോസ്മോപോളിറ്റന്‍ ഗ്രന്ഥശാലയിലെ പതിവ് സന്ദര്‍ശകനായി. പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് ചാച്ചന്‍ ഇല്ലാത്ത നേരത്ത് വായിക്കുക എന്ന സാഹസിക പ്രവൃത്തിയില്‍ ഏര്‍പ്പെട്ടുതുടങ്ങി.
അങ്ങനെയൊരു രഹസ്യവായനയ്ക്കിടെ ചെറിയാനെ ചാച്ചന്‍ കൈയോടെ പൊക്കി. കപ്പത്തോട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ട മുട്ടത്തുവര്‍ക്കിയുടെ 'പാടാത്ത പൈങ്കിളി' പേജുകള്‍ അഴിഞ്ഞ് നൂറു കഷണങ്ങളായി പറപറന്നു. 'മേലില്‍ ഇതരുത്' എന്ന ചാച്ചന്റെ താക്കീതില്‍ ചെറിയാന്റെ വായന മുടങ്ങി.
കാലം കടന്നുപോയി. ചെറിയാന്‍ മുതിരും മുന്‍പേ കുടുംബം മലബാറിലെ കുറ്റ്യാടിയിലേക്ക് കുടിയേറി. ടി.ടി.സി പഠനകാലത്തെ സഹപാഠിയായിരുന്ന എം.കെ.ത്രേസ്യാമ്മയുമായുള്ള വിവാഹശേഷം പേരാവൂരിനടുത്തെ പെരുന്തോടിയിലേക്ക് ജോലി സംബന്ധമായി താമസംമാറി. പെരുന്തോടിയിലെ സ്‌കൂളില്‍ ചെറിയാനും ത്രേസ്യാമ്മയും അദ്ധ്യാപകരായി. സ്‌കൂളിനടുത്ത് അവരൊരു കുഞ്ഞുവീട് പണിതു. ചുറ്റിനുമുള്ള കൃഷിത്തോട്ടം പച്ചയണിഞ്ഞു. ത്രേസ്യാമ്മയ്ക്കും ചെറിയാനും മൂന്ന് മക്കള്‍. സോണിയ, സിനോയ്, സിജോയ്. ഇത് വെറുമൊരു ആമുഖം മാത്രമാണ്.
Also Read
കഥയുടെയും കാലത്തിന്റെയും മറുപാതിയില്‍ കൊക്കോയും പനിനീര്‍ചാമ്പയും പേരയും പ്ലാവും തെങ്ങും കവുങ്ങും തണലൊരുക്കുന്ന വീടിന്റെ പൂമുഖത്തിരുന്ന് ചെറിയാന്‍ മാഷ് വായനയിലാണ്. വായിക്കുന്നത് ഒരു നോവലാണ്. 'സ്നോ ലോട്ടസ്'. അതെഴുതിയത് ചെറിയാന്‍മാഷിന്റെ മകളാണ്. വായന വിലക്കപ്പെട്ട കാലത്തുനിന്ന് എഴുത്തുകാരിയായ മകളുടെ അച്ഛന്‍ എന്ന മേല്‍വിലാസത്തിലേക്കുള്ള വളര്‍ച്ചയായാണ് ചെറിയാന്‍ ജീവിതത്തെ കാണുന്നത്.
പി.ജെ. ചെറിയാന്റെയും എം.കെ. ത്രേസ്യാമ്മയുടെയും മകള്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. സോണിയ ചെറിയാന്‍ ഇന്ന് മലയാളിയുടെ പ്രിയ എഴുത്തുകാരിയാണ്. അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ഇന്ത്യന്‍ റെയിന്‍ബോ'യും ലേഖനസമാഹാരമായ 'അവളവള്‍ ശരണ'വും ഉള്‍പ്പെടെ ആദ്യമെഴുതിയ രണ്ട് പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകളുടെ പട്ടികയില്‍. മൂന്നാമത്തെത് നോവലാണ്- 'സ്നോ ലോട്ടസ്'. പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ പുതിയ പതിപ്പുകള്‍ പിറന്ന മനോഹരമായ നോവല്‍.
മരമുകളിലെ വായന
മിലിട്ടറി ഡോക്ടറായിരുന്ന സോണിയ ചെറിയാന്‍ പതിന്നാലുവര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയശേഷമാണ് എഴുത്തിലേക്ക് വഴിതിരിയുന്നത്. അക്ഷരങ്ങളുടെ ലോകം അവരെ ആരവങ്ങളോടെ സ്വീകരിച്ചു. എഴുത്തിന്റെ ആഹ്ലാദങ്ങളെയും അക്ഷരങ്ങളുമായുള്ള ചങ്ങാത്തത്തെയും പറ്റി അവര്‍ സംസാരിച്ചുതുടങ്ങി... ഓര്‍മ്മകള്‍ പെരുന്തോടിയിലെ പഴയ വീട്ടിലേക്കും കുട്ടിക്കാല വായനയിലേക്കും പടര്‍ന്നുകയറി...
''വയനാടന്‍ മലകള്‍ തുടങ്ങുന്നതിന്റെ തൊട്ടു താഴെയാണ് ഞങ്ങളുടെ വീട്. വയലിറമ്പത്ത് മണ്‍കട്ടയില്‍ പണിത് പുറം തേച്ച് വെള്ള വലിച്ചതായിരുന്നു ഞങ്ങളുടെ പഴയ വീട്. വരാന്തയിലെ അരഭിത്തിയില്‍ കൈ കുത്തി കമഴ്ന്നു കിടന്ന് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലാണ് രാത്രിവായന. വൈദ്യുതി എത്തിയ ദിവസം വലിയ ആഘോഷമായിരുന്നു.
പകല്‍ വായനകള്‍ക്ക് വീടിനു പിന്നിലെ ചെറിയ കുന്നിന്‍ മുകളിലെ റബ്ബര്‍മരങ്ങളില്‍ കയറും. ഇഷ്ടപ്പെട്ടൊരു മരം ഉണ്ടായിരുന്നു. നിറയെ ശിഖരങ്ങളുള്ളത്. അതായിരുന്നു എന്റെ വായനാ മരം. മരമുകളിലെ വായനയ്ക്ക് സൗകര്യങ്ങള്‍ ഏറെയുണ്ട്. ഭൂമിയിലെ ആകുലതകളൊന്നും അവിടെ ബാധകമല്ല. ആരുടെയും ശല്യമില്ലാതെ ഇരുന്ന് വായിക്കാം. പക്ഷേ, മതിമറന്നുള്ള വായന കാരണം ചില്ലറ പൊല്ലാപ്പുകളും ഉണ്ടായിട്ടുണ്ട്...'' എഴുത്തുകാരി അക്കഥയിലേക്ക് കടന്നു.
''എന്റെ നേരെ ഇളയ സഹോദരന്‍ സിനോ എവിടെ നിന്നെങ്കിലും പുസ്തകങ്ങള്‍ കൊണ്ടുവരും. എന്നെ കാണിച്ച് കൊതിപ്പിച്ച് കുറെ നേരം കൊണ്ടു നടന്നിട്ട് അവസാനമേ തരൂ. ഒരിക്കല്‍ ഷെര്‍ലക്ക് ഹോംസ് കഥകളുമായി വന്നു. 'മഞ്ഞപ്പുള്ളിയുള്ള നാട' അടക്കം വായിക്കാന്‍ ആശിച്ച കഥകള്‍. ഇത്തവണ കൊതിപ്പിക്കലും യാചനയും നീണ്ടു നീണ്ടു പോയി. ഒടുവില്‍ അവന്‍ ചോറുണ്ണുന്ന നേരം പുസ്തകം അടിച്ചു മാറ്റി ഞാന്‍ ഒളിവില്‍ പോയി. അണ്ടര്‍ ഗ്രൗണ്ടില്‍ അല്ല അത്യുന്നതങ്ങളില്‍. മരമുകളില്‍ വായന തുടങ്ങി. പുസ്തകത്തിനുള്ളില്‍ പെട്ടാല്‍ സ്ഥലകാലങ്ങളൊന്നുമറിയാത്ത കൂട്ടത്തിലാണല്ലോ. തല്‍സമയം അപ്പച്ചനും അമ്മയും എന്നെ വീടാകെ തിരയുകയാണ്. പരിസരത്തെ വീടുകളിലും ഇല്ലെന്ന് കണ്ടതോടെ തിരച്ചിലിന് അയല്‍ക്കാരും കൂടി.
പുസ്തകം വായിച്ചു തീര്‍ന്നു. അപ്പോഴാണ് ചുറ്റിനുമുള്ള ബഹളങ്ങള്‍ കേള്‍ക്കുന്നത്. ആരൊക്കെയോ എന്റെ പേര് ഉറക്കെ വിളിക്കുന്നുണ്ട്. 'എന്തോ' എന്നൊരു വിനീതമായ മറുവിളി മരത്തിന്റെ മുകളില്‍ നിന്ന് പുറപ്പെട്ടു. താഴേക്കു നോക്കുമ്പോള്‍ മരച്ചുവട്ടില്‍ ആള്‍ക്കൂട്ടം. അപ്പ ഒരു വടിയും എടുത്ത് മുന്‍പില്‍ നില്‍പ്പുണ്ട്. ഒരിക്കലും അപ്പ തല്ലിയിട്ടില്ല. അടിക്കില്ല എന്നറിയാമെങ്കിലും ഇനിയെങ്ങാന്‍ ആള്‍ക്കൂട്ടപ്രേരണയാല്‍ അടിച്ചാലോ എന്നൊരു അങ്കലാപ്പ്. ''അപ്പേ നിലത്തിറങ്ങിയിട്ട് അടിച്ചോ. മരത്തില്‍ നിന്നിറങ്ങും വഴി അടിക്കല്ലേ'' എന്നായി ഞാന്‍. അതോടെ എല്ലാവരും ചിരിയായി. അപ്പ വടി താഴെയിട്ടു.''
എഴുതിയും വരച്ചും
''അപ്പയും അമ്മയും പഠിപ്പിക്കുന്ന വേക്കളം യു.പി സ്‌കൂളിലാണ് ഞങ്ങള്‍ മൂന്നു സഹോദരങ്ങളും പഠിച്ചത്. മൂന്നാളും അത്യാവശ്യം ചിത്രങ്ങള്‍ വരയ്ക്കുകയും സ്‌കൂളിലെ കലാപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. കൂട്ടത്തില്‍ സിനോയ് നല്ല ചിത്രകാരനാണ്.
മൂന്നാം വയസ്സില്‍ അക്ഷരങ്ങളെല്ലാം പഠിച്ചു. വൈകാതെ വായനയും തുടങ്ങി. അക്ഷരങ്ങള്‍ എപ്പോഴും കൂടെയുണ്ടാകുന്ന ചങ്ങാതിമാരാണെന്ന ബോധ്യം ഉണ്ടാക്കിത്തന്നത് അമ്മയാണ്.
ഡ്രോയിങ്, പെയിന്റിങ്, പ്രസംഗം, മോണോ ആക്ട്, കാര്‍ട്ടൂണ്‍ രചന, മിമിക്രി ഇതൊക്കെയായിരുന്നു കലോത്സവങ്ങളില്‍ എന്റെ മത്സരയിനങ്ങള്‍.
പത്താംക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ചേര്‍ന്നു. അവിടെയും പ്രസംഗവേദികളില്‍ സജീവമായി. ഡിഗ്രി ഫിസിക്‌സിന് ചേര്‍ന്ന് കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ ഒരു വര്‍ഷം പഠിച്ചെങ്കിലും അത് വിട്ട് മൈസൂരിനടുത്ത് ഹാസനിലേക്ക് ബി.ഡി.എസ് പഠിക്കാന്‍ പോയി. അവിടെ ജീവിതം രസകരമായിരുന്നു. ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി. അതിനിടയില്‍ വായനയും സ്വകാര്യമായി എഴുത്തും തുടര്‍ന്നു.''
പട്ടാളജീവിതം
സര്‍വീസ് ജീവിതത്തിന്റെ തിരക്കിനിടയിലും പോക്കറ്റില്‍ എപ്പോഴും സൂക്ഷിച്ചിരുന്ന നോട്ട്പാഡുകളില്‍ നടത്തിയ കുത്തിക്കുറിക്കലുകളില്‍ നിന്നാണ് സോണിയാ ചെറിയാന്‍ എഴുത്തുകാരിയായി വളര്‍ന്നത്. അതുവരേക്കുമുള്ള ജീവിതത്തിലേക്ക് അവര്‍ കടന്നു... ''ബി.ഡി.എസ് റാങ്കോടെ പൂര്‍ത്തിയാക്കി നാട്ടില്‍ തിരികെയെത്തി. താമരശ്ശേരിയില്‍ ഒരു ക്ലിനിക്കില്‍ ഒരുവര്‍ഷം ജോലിചെയ്തു. ശമ്പളത്തുക കൊണ്ട് ധാരാളം പുസ്തകങ്ങള്‍ വാങ്ങിത്തുടങ്ങി. ഫിക്ഷനും നോണ്‍ഫിക്ഷനും എല്ലാം വായിച്ചു.
പിന്നെ വിവാഹം. ഭര്‍ത്താവ് കേണല്‍ ഡോ.ജോഷി തോമസ് മിലിട്ടറി സര്‍വീസില്‍ ആയിരുന്നു. ഞങ്ങള്‍ക്ക് ഒരു മകള്‍ ജനിച്ചു. മോള്‍ക്ക് ഒന്നര വയസ്സായപ്പോള്‍ ഞാന്‍ ആര്‍മി ഡെന്റല്‍ കോറില്‍ ജോയിന്‍ ചെയ്തു. ആദ്യത്തേത് ഫീല്‍ഡ് പോസ്റ്റിങ്ങായിരുന്നു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍. മോളെ അമ്മയെയും ഭര്‍ത്താവിനെയും ഏല്പിച്ചാണ് അങ്ങോട്ട് പോയത്.
പട്ടാള ഡോക്ടര്‍ ആകണമെന്നത് വലിയ ആഗ്രഹമായിരുന്നു. അക്കാരണത്താല്‍ വലിയ സന്തോഷമായിരുന്നു. ഒരു പാട് മനുഷ്യരെ കാണാനായി. പട്ടാളക്കാര്‍ക്ക് വേണ്ടി മാത്രമല്ല, അതിരിലും വിളുമ്പിലുമുള്ളവര്‍ക്ക് വേണ്ടിയും ജോലി ചെയ്യാനായി. (ഓപ് സദ്ഭാവനയുടെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളിലെ മനുഷ്യരുടെ ചികിത്സ മിലിറ്ററി ഡോക്ടര്‍മാരാണ് ചെയ്യുക). സര്‍ഗാത്മകതയില്‍ നിന്ന് ലഭിക്കുന്ന സന്തോഷം ജോലിയില്‍ നിന്നും കിട്ടും. കോസ്‌മെറ്റിക് ഡെന്റിസ്ട്രിയും ടൂത്ത് റീകണ്‍സ്ട്രക്ഷനുമൊക്കെ ചെയ്യുമ്പോള്‍ ഒരു പെയിന്റിംഗ് ചെയ്യുന്ന സംതൃപ്തിയാണ്. ഒപ്പം നേരം കിട്ടുമ്പോഴൊക്കെ എന്തെങ്കിലും എഴുതുകയും വരയ്ക്കുകയും ചെയ്തു.
അതിനിടെയായിരുന്നു മകന്റെ ജനനം. എന്തൊക്കെ തിരക്ക് വന്നിട്ടും എഴുത്ത് വിട്ടില്ല. അച്ചടിക്കണം എന്നൊന്നും ആഗ്രഹം ഉണ്ടായിരുന്നില്ല. പതിനെട്ടാം വയസ്സില്‍ അങ്ങനെയൊരു സാഹസം ചെയ്തതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് കഥ അയച്ചു. തിരസ്‌കരിക്കപ്പെട്ടു. അച്ചടിക്കുക എന്നതിനപ്പുറം എഴുതുക എന്നതായി എന്റെ സന്തോഷം.''
എഴുത്തിലേക്ക് മടക്കം
സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ബെംഗളൂരുവില്‍ ജോലി ചെയ്തു. ഭര്‍ത്താവിന് പുണെ എ.എഫ്.എം.സിയില്‍ ഫാക്കല്‍ട്ടിയായി മാറ്റം കിട്ടി. മോന്‍ പ്ലസ്ടുവിന് പുണെ ആര്‍മി സ്‌കൂളില്‍ ചേര്‍ന്നു. സര്‍വീസ് ജീവിതത്തിന്റെ തിരക്കില്‍ മകന്റെ ശൈശവത്തില്‍ അവനോടൊപ്പം ഇരിക്കാനായില്ല എന്നൊരു സങ്കടം എപ്പോഴും ഒപ്പമുണ്ടായിരുന്നു. അങ്ങനെ രണ്ടു വര്‍ഷം ബ്രേക്ക് എടുത്ത് അവനൊപ്പം ഇരുന്നു. അതോടെ ഇഷ്ടംപോലെ ഒഴിവുസമയം കിട്ടി. പഴയ പാഷനുകളൊക്കെ തലപൊക്കി. പെയിന്റ് ചെയ്യാനും എഴുതാനും തുടങ്ങി. കൂട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് എഴുതിയ കുറിപ്പ് ഓണ്‍ലൈന്‍ പോര്‍ട്ടലിന് അയച്ചു കൊടുത്തത്. പ്രസിദ്ധീകരിക്കപ്പെട്ടു. അത് എഴുത്തു തുടരാനുള്ള ഊര്‍ജ്ജമായി.
എന്നെ സ്വാധീനിച്ചവരും വഴിയില്‍ കണ്ടുമുട്ടിയവരുമായ സ്ത്രീകളെപ്പറ്റി എഴുതിയ ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. അച്ചടി മാധ്യമങ്ങളില്‍ എന്തെങ്കിലും എഴുതണം എന്ന ആഗ്രഹം അപ്പോഴൊക്കെ ഒപ്പമുണ്ടായിരുന്നു. ആ ആഗ്രഹത്തിന്റെ പുറത്താണ് മാതൃഭൂമി വാരാന്തപ്പതിപ്പിലേക്ക് ലേഖനം അയക്കുന്നത്. അത് പ്രസിദ്ധീകരിക്കപ്പെട്ടു. അതായിരുന്നു വഴിത്തിരിവ്.
കുറച്ചുദിവസം കഴിഞ്ഞ് വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായ ശ്രീകാന്ത് കോട്ടയ്ക്കല്‍ വിളിച്ച് സൈനിക ജീവിതവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ വാരാന്തപ്പതിപ്പിനുവേണ്ടി എഴുതാമോ എന്ന് ചോദിച്ചു. അങ്ങനെ എഴുതിത്തുടങ്ങി. അതാണ് 'ഇന്ത്യന്‍ റെയിന്‍ബോ'. പംക്തി പ്രസിദ്ധീകരിച്ചുതുടങ്ങിയതോടെ ഞായറാഴ്ചകളില്‍ മെയിലിലേക്ക് ധാരാളം സന്ദേശങ്ങള്‍ വന്നുതുടങ്ങി. സക്കറിയയും അയ്മനം ജോണും ഉള്‍പ്പെടെ ഞാന്‍ ആരാധിക്കുന്ന എഴുത്തുകാരില്‍നിന്ന് നല്ലവാക്കുകള്‍ കേട്ടു. വാരാന്തപ്പതിപ്പ് വലിയ തുറസ്സാണ് തുറന്നുതന്നത്. 'ഇന്ത്യന്‍ റെയിന്‍ബോ' പുസ്തകരൂപത്തില്‍ എത്തി. അതിനും നല്ല സ്വീകാര്യത ലഭിച്ചു. 'അവളവള്‍ ശരണം' എന്ന പേരില്‍ ലേഖനസമാഹാരവും പുറത്തിറങ്ങി. അതും സ്വീകരിക്കപ്പെട്ടു.''
വിനോദയാത്ര പോലെ
പതിന്നാലുവര്‍ഷം നീണ്ടുനിന്ന വിനോദയാത്രയായാണ് ലെഫ്റ്റനന്റ് കേണല്‍ ഡോ.സോണിയ ചെറിയാന്‍ തന്റെ സര്‍വീസ് ജീവിതത്തെ ഓര്‍ത്തുവയ്ക്കുന്നത്. ''പടിഞ്ഞാറന്‍ ഥാര്‍ മരുഭൂമിയിലെ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ആയിരുന്നു ആദ്യ നിയമനം. ജലസമൃദ്ധിയില്‍നിന്ന് വരള്‍ച്ചയിലേക്കുള്ള യാത്രയായിരുന്നു അത്. മകളെ മുലയൂട്ടുന്ന കാലമായിരുന്നു. കുഞ്ഞ് ഒപ്പമില്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍. അവിടെ സ്ത്രീയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനന്തമായ പൂഴിപ്പരപ്പ്, കൂടാരജീവിതം, കൊതുകുവല മൂടിയ ചാര്‍പായയില്‍ അന്തിയുറക്കം. കൊതുകുവല കൊതുകിനെ തുരത്താനുള്ളതല്ല. മരച്ചില്ലകളില്‍നിന്ന് ഊര്‍ന്നുവീഴുന്ന പാമ്പുകള്‍ ദേഹത്ത് വീഴാതിരിക്കാനാണ്.
പിന്നെ പല ദേശങ്ങളില്‍ ജോലിചെയ്തു. മലകളിലും സമതലങ്ങളിലും കടലോരങ്ങളിലും മരുഭൂമികളിലും മഹാനഗരങ്ങളിലും. തീച്ചോപ്പ് നിറമുള്ള ആരവല്ലിയുടെ താഴ്വാരങ്ങള്‍, കാട്ടുകരിമ്പുകള്‍ വിശാലമായി പൂത്തുനില്‍ക്കുന്ന ഫയറിങ് റേഞ്ചുകള്‍, തണുത്ത തവിട്ട് കൂര്‍മ്പന്‍ കുന്നിന്‍ചെരുവുകള്‍, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ മദിപ്പില്‍ ഓരങ്ങള്‍ കടിച്ചെടുത്ത് കുടയുന്ന ബ്രഹ്മപുത്ര, ഹിമാലയ പര്‍വത നഗരമായ തവാങ്, കുളിര്‍പ്പിക്കുന്ന ശാന്തത നിറഞ്ഞ ബുദ്ധവിഹാരങ്ങള്‍, ഹിന്ദിനാട്ടിലെ സുമംഗലികളുടെ പ്രണയോത്സവങ്ങള്‍ക്ക് അരങ്ങൊരുക്കുന്ന ബറേലി, മധുമാലതി പൂക്കുന്ന കന്റോണ്‍മെന്റുകള്‍, മേപ്പിള്‍ മരങ്ങള്‍ ഇലകൊഴിച്ചിടുന്ന നൈനിത്താള്‍ തടാകത്തിന്റെ ചുറ്റുവഴികള്‍.

അങ്ങനെ കാഴ്ചകള്‍ പലതും കണ്ടു. പ്രകൃതിയോളം വലിയ വൈദ്യനില്ല എന്ന തിരിച്ചറിവ് നേടി. മഹാകാരംപൂണ്ട മലനിരകള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ മനുഷ്യര്‍ ഈ മഹാപ്രപഞ്ചത്തില്‍ വെറും ഉറുമ്പുകളാണെന്ന് തോന്നി. ഒരിക്കല്‍ തവാങ്ങില്‍നിന്ന് മലയിറങ്ങവേ ഒരു ഉദയം കണ്ടു. ചുറ്റും മഞ്ഞാണ്. ചുരം ഇറങ്ങിവരികയാണ്. പര്‍വതശിഖരത്തില്‍ നില്‍ക്കുമ്പോള്‍ താഴെ താഴ്വാരത്ത് സൂര്യന്‍ ഉദിക്കുന്നു. ഒറ്റയടിക്ക് വെള്ളമലകളെല്ലാം തേന്‍കോരിയൊഴിച്ചപോലെ ചുവന്നു. തൊട്ടടുത്ത നിമിഷം പഴയ വെണ്മയിലേക്ക് അവ തിരികെയെത്തി.
പ്രകൃതിയോളം വിസ്മയിപ്പിച്ച മനുഷ്യരെയും യാത്രകള്‍ കാട്ടിത്തന്നു. മരുഭൂമിയിലെ ഒരു ധാബയില്‍ കണ്ടുമുട്ടിയ നിറഗര്‍ഭിണിയായ പതിന്നാലുകാരിയും ലഖ്നൗവിലെ തുന്നല്‍ക്കാരിയായ സീനത്തും മരിച്ച കുഞ്ഞിനെയോര്‍ത്ത് ഒറിയയില്‍ പതംപറഞ്ഞു കരഞ്ഞ ദേബ് ജാനിയും ചിത്രപ്പണികള്‍ ചെയ്ത മണ്‍കുടത്തില്‍ പലഹാരങ്ങള്‍ സമ്മാനിച്ച നവവധുവായ അദിതിയുമൊക്കെ എന്റെ ജീവിതത്തിന്റെ ഓരോ അധ്യായങ്ങളാണ്. കാഴ്ചകളാല്‍ വിസ്മയിപ്പിച്ച പ്രകൃതിയും അനുഭവങ്ങള്‍കൊണ്ട് അമ്പരപ്പിച്ച മനുഷ്യരും ചേരുവകളായ വീഞ്ഞാണ് എനിക്ക് ജീവിതം.''
വീട്ടിലെ വായനക്കാര്‍
ഭര്‍ത്താവ് കേണല്‍ ഡോ.ജോഷി തോമസും മകള്‍ മാനസയും മകന്‍ ഹൃദയും ഉള്‍പ്പെടുന്നതാണ് സോണിയ ചെറിയാന്റെ കുടുംബം. എഴുത്തിലും ജീവിതത്തിലും ഒപ്പം നില്‍ക്കുന്ന പ്രിയപ്പെട്ടവരെപ്പറ്റി അവര്‍ പറഞ്ഞുതുടങ്ങി. ''സര്‍വീസ് ജീവിതത്തിന്റെ ഭാഗമായി ഇടയ്ക്കിടെ സ്ഥലംമാറ്റങ്ങള്‍ ഉണ്ടാകും. മക്കളുടെ സ്‌കൂളുകളും അതിനൊപ്പം മാറും. ജിപ്സിക്കുട്ടികളെപ്പോലെ പലയിടങ്ങളിലേക്ക് അവര്‍ ഞങ്ങള്‍ക്കൊപ്പം യാത്രചെയ്തു. കുമയൂണ്‍ മലനിരകളും ആരവല്ലിയും വിന്ധ്യനും ഹിമാലയവും നേരില്‍ കണ്ടാണ് മക്കള്‍ വളര്‍ന്നത്. ആര്‍മി സ്‌കൂളുകളിലായിരുന്നു അവരുടെ പഠനം. എന്റെ അമ്മ ഇരുവരെയും മലയാളം പഠിപ്പിച്ചു. ഇരുവരും അല്പമൊക്കെ എഴുതും. മകള്‍ പുസ്തകവായനക്കാരിയാണ്. മകന് കിന്റിലില്‍ വായിക്കാനാണ് ഇഷ്ടം. ഭര്‍ത്താവ് എം.ടി.യുടെയും ഖാലിദ് ഹൊസേനിയുടെയും ആരാധകനാണ്. 'ഇന്ത്യന്‍ റെയിന്‍ബോ'യുടെ ഓരോ അധ്യായവും എഴുതുന്ന മുറയ്ക്ക് അദ്ദേഹത്തിന് അയച്ചുകൊടുക്കുമായിരുന്നു. വായിച്ച് അഭിപ്രായം പറയും. അതുപോലെ അപ്പയും അമ്മയും നല്ല വായനക്കാരാണ്. ഇത്ര താമസിച്ച് എഴുതിത്തുടങ്ങിയപ്പോഴും അത് പ്രസിദ്ധീകരിച്ച് വന്നപ്പോഴും ഒക്കെ ഉള്ള ഏറ്റവും വലിയ സന്തോഷം അമ്മയും അപ്പയും വായിക്കുന്നുണ്ടല്ലോ എന്നതാണ്.''
മരണമുനമ്പില്‍ നിന്ന്
സാഹിത്യത്തില്‍ മഞ്ഞ് മരണത്തിന്റെയും മറവിയുടെയും ബിംബമാണ്. സോണിയ ചെറിയാന്റെ എഴുത്തിലും മഞ്ഞ് നിറഞ്ഞുനില്‍ക്കുന്നു. മഞ്ഞുപോലെ മരവിപ്പിച്ച ഒരനുഭവവും അവര്‍ പങ്കുവെച്ചു. ''അരുണാചലില്‍ ജോലി നോക്കുന്ന കാലം. മഞ്ഞുപൊതിഞ്ഞ മലനിരകള്‍ക്കിടയിലായിരുന്നു ജീവിതം. എവിടെയും മഞ്ഞ്.
അക്കാലത്ത് ഫാള്‍സിപ്പാരം മലേറിയ പിടിപെട്ടു. അവയവങ്ങളെയെല്ലാം ബാധിച്ച് തലച്ചോറിനെയും കീഴടക്കുന്ന, മുപ്പതുശതമാനം വരെ മരണനിരക്കുള്ള മലേറിയയാണ്. തെളിഞ്ഞും മങ്ങിയും ബോധത്തിന്റെ ഇടവേളകളിലൂടെ സഞ്ചരിച്ചു. ഒടുവില്‍ എങ്ങനെയോ രോഗം തോറ്റു.'' മരണം കണ്ടിട്ടുള്ള ആ മടക്കയാത്രയിലാണ് താന്‍ ജീവിതത്തെ ഇത്രയധികം സ്‌നേഹിച്ചു തുടങ്ങിയതെന്നും അവര്‍ പറയുന്നു.
സ്‌നോ ലോട്ടസ്
ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി, ജീവിതത്തിന്റെ മഞ്ഞുപാളികള്‍ക്കപ്പുറമുള്ള പ്രകാശം തേടി ഗോപ എന്ന സൈനിക നടത്തുന്ന യാത്രയായി വ്യാഖ്യാനിക്കാം സോണിയ ചെറിയാന്റെ നോവല്‍ 'സ്‌നോ ലോട്ടസി'നെ. പ്രതാപിയായ ഹിമവാനും അതില്‍ നിന്നുയരുന്ന മഞ്ഞും പ്രണയത്തിന്റെ നിഗൂഢതയും പ്രതീക്ഷകളുടെ നിലാവെളിച്ചവും നിറയുന്ന ഇതിവൃത്തം. നോവലിന്റെ കഥാതന്തു ഉള്ളില്‍ ഉറഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെയായെന്നും സോണിയ ചെറിയാന്‍ പറയുന്നു. ''അങ്ങനെയൊരു ആശയം മനസ്സില്‍ ഉരുത്തിരിയുന്നത് ഇരുപത് വര്‍ഷം മുന്‍പാണ്. 2004 മുതല്‍ 2007 വരെ അരുണാചലിലെ തവാങ്ങിലായിരുന്നു നിയമനം. ബുദ്ധിസ്റ്റ് ആശ്രമങ്ങളും ബുദ്ധസന്ന്യാസിമാരുമൊക്കെയുള്ള മനോഹരമായ ദേശം. അന്ന് മനസ്സില്‍ തങ്ങിയ കഥയുടെ തരിയെ നോവലായി വികസിപ്പിച്ചെടുക്കാന്‍ ഇത്രയും കാലത്തിന്റെ കാത്തിരിപ്പ് വേണ്ടിവന്നു.''

കാറ്റുപിടിച്ച പായ്വഞ്ചിയാണ് ഞാന്‍. എന്റെ കാറ്റുകള്‍ അവയുടെ ഉറവിടവും തറവാടുമായ കൊടുമുടികളിലേക്ക് എന്നെ കൊണ്ടുപോകുന്നു. സകല കാറ്റുകളെയും ചങ്ങലക്കിട്ട ലോകത്തിന്റെ മേല്‍ക്കൂരയിലേക്ക്. അവയുടെ വീട്ടിലേക്ക് അവയ്‌ക്കെങ്ങനെ മടങ്ങാതിരിക്കാനാവും?
'സ്‌നോ ലോട്ടസി'ല്‍ ഇങ്ങനെയൊരു ഏടുണ്ട്. കാറ്റുപിടിച്ച പായ്വഞ്ചിപോലെ ഭാവനയുടെ മഞ്ഞുശലഭങ്ങള്‍ അക്ഷരസമുദ്രത്തിലൂടെ ഒഴുകുന്നു. സോണിയ ചെറിയാന്‍ എഴുത്ത് തുടരുന്നു.
Content Highlights: writer lieutenant colonel sonia cherian interview
Published: 12 Feb 2025, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented