ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനും ശ്രീദേവിയുടെ മകള്‍ ഖുഷി കപൂറും പ്രധാനതാരങ്ങളായ സിനിമയാണ് 'ലവ്‌യപാ'. ഇരുവരുടെയും രണ്ടാമത്തെ സിനിമയാണിത്. സിനിമയിലെ ഖുഷിയുടെ പ്രകടനം കണ്ടശേഷം ആമിര്‍ പറഞ്ഞതിങ്ങനെ, ''ഞാന്‍ ശ്രീദേവിയുടെ വലിയ ആരാധകനാണ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുമുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ നടന്നില്ല. ഈ സിനിമയില്‍ ഖുഷിയുടെ അഭിനയം കണ്ടപ്പോള്‍, ശ്രീദേവിയയെയാണ് ഓര്‍മ വന്നത്. അവരുടെ അതേ ഊര്‍ജമുണ്ട് ഖുഷിയിലും''.
എന്നാല്‍, ശ്രീദേവിയും ആമിറും ഒരിക്കല്‍ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. 80-കളിലും 90-കളിലും ഏറ്റവും തിരക്കുള്ള നടിയായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ നായകനാവുക എന്നതായിരുന്നു അന്ന് പല സൂപ്പര്‍താരങ്ങളുടെയും സ്വപ്നം. അവസരം കിട്ടിയിട്ടും അത് വേണ്ടെന്ന് വെച്ചയാളാണ് ആമിര്‍ എന്ന് പറയപ്പെടുന്നു. 'ഖയാമത് സെ ഖയാമത് തക്' സൂപ്പര്‍ഹിറ്റായ സമയം. നായകനായുള്ള അരങ്ങേറ്റസിനിമ തന്നെ ഹിറ്റായതോടെ ആമിറിനും തിരക്കേറി.

പല സംവിധായകരും ആമിറിനെയും ശ്രീദേവിയെയും നായികാ-നായകന്‍മാരാക്കി സിനിമകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. ആമിറും ശ്രീദേവിയും തമ്മിലുള്ള ഫോട്ടോഷൂട്ടുകള്‍ വരെ നടത്തി. ഒരു മാസികയ്ക്കായുള്ള കവര്‍ഷൂട്ടിലും ഇരുവരും ഒരുമിച്ചു. അന്ന് ശ്രീദേവിയുടെ കണ്ണുകളിലേക്ക് നോക്കാന്‍ തനിക്ക് പേടിയായിരുന്നുവെന്ന് ആമിര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ''അവരുടെ കണ്ണുകളില്‍ കുറച്ചുനേരം നോക്കിക്കഴിഞ്ഞാല്‍, ശ്രീദേവിയോട് എനിക്ക് ക്രഷ് തോന്നുമെന്ന ഭയമായിരുന്നു''.
രണ്ട് സംവിധായകര്‍ ആമിറിനെയും ശ്രീദേവിയെയും മനസ്സില്‍വെച്ച് തിരക്കഥകള്‍ വരെ തയ്യാറാക്കിയിരുന്നുവത്രേ. ആദ്യമൊക്കെ ആമിറും ഓകെ പറഞ്ഞു. പിന്നീട് ആ തീരുമാനത്തില്‍നിന്ന് പുറകോട്ടുപോയി. ആമിറിന്റെ പ്രായമുള്ള ജൂഹിയായിരുന്നു 'ഖയാമത് സെ ഖയാമത് തക്കി'ലെ നായിക. അതില്‍ ഒരു കോളേജ് വിദ്യാര്‍ഥിയായിട്ടാണ് അഭിനയിച്ചത്. അതുകഴിഞ്ഞ് തന്നേക്കാള്‍ പ്രായമുള്ള ശ്രീദേവിയോടൊപ്പം അഭിനയിച്ചാല്‍, ആളുകള്‍ക്ക് അതിഷ്ടപ്പെടില്ലെന്നാണ് അദ്ദേഹം ചിന്തിച്ചത്. ആ ജോഡിയെ ആളുകള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം ചിന്തിച്ചു. തന്റെ പ്രായത്തിനു ചേര്‍ന്ന റോളുകള്‍ മാത്രം അവതരിപ്പിക്കാനായിരുന്നു അപ്പോള്‍ അദ്ദേഹത്തിന് താത്പര്യം. ശ്രീദേവിക്ക് ആമിറിനേക്കാള്‍ രണ്ടുവയസ്സ് മാത്രമേ കൂടുതലുണ്ടായിരുന്നുള്ളൂ.
Content Highlights: aamir khan never acted with sridevi
Published: 08 Feb 2025, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented