
'പുതുതലമുറയെ എന്തിനുകൊള്ളാം, ചുമ്മാ ഫോണില്‍ തോണ്ടിയിരിക്കാനല്ലാതെ...' എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്- ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ, എഫ്.ബി. പോസ്റ്റുകളിലൂടെ ഒരു വായനാവിപ്ലവം ഇവിടെ അരങ്ങേറുന്നുണ്ട്. അഖില്‍ പി. ധര്‍മജന്റെ 'റാം C/O ആനന്ദി'യും നിമ്‌ന വിജയ്യുടെ 'ഏറ്റവും പ്രിയപ്പെട്ട എന്നോടും' യുവഹൃദയങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. ആരുടെയും പിന്തുണയില്ലാതെ എഴുത്തിലേക്കിറങ്ങിയ, എഴുതിയ പുസ്തകങ്ങള്‍ സ്വയം കൊണ്ടുനടന്ന് വില്‍ക്കേണ്ടിവന്ന എഴുത്തുകാര്‍. അഖിലും നിമ്‌നയും എഴുത്തിനെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും വാചാലരാകുന്നു.
സകല റെക്കോഡുകളും തിരുത്തിക്കുറിക്കുകയാണ് നിങ്ങളുടെ പുസ്തകങ്ങള്‍. ഇതൊക്കെ പ്രതീക്ഷിച്ചിരുന്നോ?
അഖില്‍ പി. ധര്‍മജന്‍: 'നിറം' സിനിമയില്‍ ചാക്കോച്ചനും ശാലിനിയും ലൗ ആന്‍ഡ് ലൗ ഒണ്‍ലി എന്ന പുസ്തകം എടുക്കുന്ന ഒരു സീനുണ്ട്. അതുപോലെ എന്റെ പുസ്തകം വായിക്കപ്പെടണം, ഗിഫ്റ്റ് ചെയ്യപ്പെടണം എന്നായിരുന്നു സ്വപ്‌നം. ഇക്കാലത്ത് ആരെങ്കിലും പുസ്തകങ്ങള്‍ കൈമാറുമോ എന്ന് ചോദിച്ചവരുണ്ട്. പക്ഷേ, കുറച്ചുസമയമെടുത്തെങ്കിലും ആശിച്ചപോലെ നടന്നു. ഇത്രയും വിജയമാകുമെന്ന് കരുതിയില്ല.
Also Read
നിമ്‌ന വിജയ്: ജീവിതത്തില്‍ സഹായകമാകുന്ന എന്തെങ്കിലും ഒന്ന് വായനയിലൂടെ ലഭിക്കണം എന്ന ചിന്തയില്‍ നിന്നാണ് ' ഏറ്റവും പ്രിയപ്പെട്ട എന്നോട്' എന്ന നോവലിന്റെ പിറവി. മറ്റുള്ളവര്‍ക്കായി സ്വന്തം ഇഷ്ടങ്ങള്‍ ത്യജിക്കുന്നതാണ് സ്‌നേഹം എന്ന ധാരണയുണ്ട് പലര്‍ക്കും. നമ്മള്‍ നമ്മളെക്കൂടി പരിഗണിക്കണമെന്ന കാര്യം ആരോടെങ്കിലും പറയണമെന്ന് തോന്നി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ വലിയ റീച്ച് ഉണ്ടാകണമെന്നില്ല. ഒരു കഥയാക്കി പറഞ്ഞാല്‍ ശരിയായേക്കും. അങ്ങനെയാണ് എഴുതിയത്. അത് ഇത്രത്തോളം സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല.
പ്രണയം, വിരഹം, ഒറ്റപ്പെടല്‍, അതിജീവനം തുടങ്ങിയ ചേരുവകളെ മനഃപൂര്‍വം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതാണോ?
അഖില്‍: ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിഷയങ്ങളാണ് ഇതൊക്കെയും. പക്ഷേ, എഴുതുമ്പോള്‍ അത് മാത്രമല്ല ഞാന്‍ ആലോചിച്ചത്. വായനയില്‍ നിന്ന് അകന്നുപോയ വലിയൊരു വിഭാഗമുണ്ട്. അവരെ വീണ്ടും വായിപ്പിക്കാന്‍ പറ്റിയാല്‍ നല്ലതല്ലേ. അതിന് കട്ടിയുള്ള വിഷയങ്ങള്‍ ഒഴിവാക്കി ലളിതമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചു. 70 വയസ്സുള്ള ഒരാള്‍ പുസ്തകം വായിച്ചെന്നും ഇഷ്ടമായെന്നും പറഞ്ഞ് എന്നെ കാണാന്‍ വന്നിരുന്നു. എല്ലാ പ്രായക്കാരെയും വായിപ്പിക്കാന്‍ പറ്റി എന്നത് ചെറിയ കാര്യമല്ലല്ലോ.
നിമ്‌ന: കൗമാരക്കാരെ ലക്ഷ്യമിട്ടായിരുന്നു എന്റെ എഴുത്ത്. പക്ഷേ, നോവല്‍ വായിച്ച് എന്നെ വിളിക്കുന്നവരില്‍ പലരും മുപ്പത് വയസ്സ് പിന്നിട്ടവരാണ്. നോവലിലെ കഥാപാത്രമായ 'അതിഥി' ഞങ്ങളില്‍ ഒരാളാണ് എന്നെല്ലാം പറയും. പ്രണയിച്ച് വിവാഹം കഴിച്ച ഒരു സ്ത്രീ വിളിച്ചിരുന്നു. ഭര്‍ത്താവ് മരിച്ചശേഷം ഏകമകനെയുംകൊണ്ട് മുന്നോട്ടുപോകാന്‍ പുസ്തകം ധൈര്യംതന്നു എന്നെല്ലാം കേള്‍ക്കുമ്പോള്‍, എഴുതിയത് വെറുതേ ആയില്ലല്ലോ എന്നൊരു തോന്നല്‍.
നോവലില്‍ ഫിക്ഷന്‍ എത്രത്തോളമുണ്ട്?
അഖില്‍: 'ആനന്ദി' പൂര്‍ണമായും സാങ്കല്പിക കഥാപാത്രമാണ്. ചെന്നൈയില്‍ പലപ്പോഴായി കണ്ടുമുട്ടിയവരില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത കഥാപാത്രങ്ങളുമുണ്ട്. കഥാപാത്രങ്ങളുടെ അനുഭവങ്ങള്‍ കുറേയൊക്കെ എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്.
നിമ്‌ന: 'അതിഥി'യും സാങ്കല്പിക ക ഥാപാത്രമാണ്. പക്ഷേ, അവളുടെ അനുഭവങ്ങള്‍ എനിക്കും എന്റെ ചുറ്റുമുള്ളവര്‍ക്കും സംഭവിച്ചതാണ്.
മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നന്ദി പറഞ്ഞാണ് അഖില്‍ എഴുത്താരംഭിച്ചത്. എഫ്.ബിയിലൂടെ തുടങ്ങാനുള്ള ധൈര്യം എവിടെനിന്ന് കിട്ടി?
അത് ധൈര്യമായിരുന്നില്ല, ഗതികേടായിരുന്നു. 2010-ലാണ് അദ്യ നോവല്‍ 'ഓജോ ബോര്‍ഡ്'എഴുതിയത്. പ്രസിദ്ധീകരിക്കാന്‍ ആരും തയ്യാറായില്ല. അതോടെ കുറച്ചുഭാഗം എഫ്.ബിയില്‍ പോസ്റ്റ് ചെയ്തു. ആരും വായിച്ചില്ല. പിന്നെ കഥ എന്ന പേരില്‍ പേജുണ്ടാക്കി. 'വിഷ്ണു' എന്ന ഐഡിയില്‍നിന്ന് 'കഥ കൊള്ളാമല്ലോ' എന്ന കമന്റ് വന്നു. പിന്നെ ആ ഒരാള്‍ക്കുവേണ്ടിയായി എഴുത്ത്. അവസാന അധ്യായം പോസ്റ്റ് ചെയ്യുമ്പോള്‍ പതിനയ്യായിരത്തിലേറെ വായനക്കാര്‍ എഫ്.ബിയില്‍ എനിക്കുണ്ടായിരുന്നു. അത് വലിയൊരു ഗ്രൂപ്പ് ആവുകയും അവര്‍ ഷെയര്‍ ഇട്ട് അമ്പതിനായിരം രൂപ തരികയും ചെയ്തു. അങ്ങനെയാണ് ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. എഫ്.ബി.യും അതുവഴി ലഭിച്ച കൂട്ടുകാരുമാണ് എഴുത്തിന്റെ തുടക്കത്തില്‍ കരുത്തായത്.
നിമ്‌ന: എഫ്.ബി.യില്‍ പഴയ ഓര്‍മകളെല്ലാം എഴുതിയാണ് എന്റെയും തുടക്കം. അതിന് വായനക്കാരെ ലഭിച്ചു. പിന്നെ ഇന്‍സ്റ്റയിലേക്ക് മാറി. അവിടെനിന്ന് കിട്ടിയ പിന്തുണയാണ് എഴുത്തിനെ മുന്നോട്ടു നയിച്ചത്.
ലളിതമായ ഭാഷയാണ് രണ്ട് പുസ്തകങ്ങളെയും ഇത്രയും ഹിറ്റാക്കിയത്...
അഖില്‍: എനിക്ക് ചെറുപ്പം മുതലേ കഥപറയാന്‍ ഇഷ്ടമാണ്. ആ രീതിയാണ് എഴുത്തിലേക്ക് കൊണ്ടുവന്നത്. ലളിതമാക്കി രസകരമാക്കി കഥപറയുക എന്നത് എന്റെ ശീലമാണ്.
നിമ്‌ന: എനിക്ക് കടുകട്ടി ലേഖനങ്ങളോ കവിതകളോ ഒന്നും ഇഷ്ടമല്ല. 'കവി ഉദ്ദേശിച്ച കാര്യം' പിടികിട്ടിയില്ലെങ്കില്‍ എഴുതുന്നതില്‍ കാര്യമില്ലല്ലോ. എന്റെ സ്വാഭാവിക എഴുത്തു രീതിയാണ് നോവലില്‍ കൊണ്ടുവന്നിട്ടുള്ളത്.
എഴുത്തിനെ വിലയിരുത്തുന്ന വേണ്ടപ്പെട്ടവര്‍ ആരെല്ലാമാണ്?
അഖില്‍: ഏറ്റവും അടുപ്പമുള്ള പത്ത് ചങ്ങാതിമാരുണ്ട് എനിക്ക്. അവരോടാണ് ഞാന്‍ അഭിപ്രായം ചോദിക്കാറുള്ളത്. എന്റെ വിമര്‍ശകരും അവരാണ്. വലിയ വായനക്കാരൊന്നുമല്ല. ഹരിന്‍ പുന്നപ്ര എന്ന സുഹൃത്താണ് 'റാം ര/ീ ആനന്ദി'യുടെ കവര്‍ ഡിസൈന്‍ ചെയ്തത്. കളര്‍ പാറ്റേണ്‍ തയ്യാറാക്കിയത് മറ്റൊരു സുഹൃത്ത് വിഷ്ണു.
നിമ്‌ന: ആദ്യ പുസ്തകമായ 'നനയുവാന്‍ ഞാന്‍ കടലാകുന്നു' വലിയ എഡിറ്റിങ്ങൊന്നും ഇല്ലാതെയാണ് ഇറക്കിയത്. 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' സമയമെടുത്ത് നന്നായി എഡിറ്റ് ചെയ്തിരുന്നു. പബ്ലിഷറായ സായൂജ് ബാലുശ്ശേരി ആണ് അതിന് പിന്നില്‍. നോവലിന്റെ കവര്‍ ചെയ്തത് 'മാതൃഭൂമി'യിലെ ആര്‍ട്ടിസ്റ്റ് ദ്വിജിത്ത് ആണ്. എന്റെ മാമി ഷിജിലാ വിനോദ് വായിച്ച് കൃത്യമായ അഭിപ്രായം പറയാറുണ്ട്.
എഴുതിയ നോവല്‍ സ്വയം വില്‍ക്കേണ്ട ഗതികേടും വന്നിരുന്നല്ലോ...
അഖില്‍: ഇ.എം.ഐ.യില്‍ ലാപ്ടോപ് വാങ്ങി അതിലാണ് ആദ്യ പുസ്തകമായ 'ഓജോ ബോര്‍ഡ് 'എഴുതിയത്. ഡിസൈന്‍ ഞാന്‍ തന്നെയാണ് ചെയ്തത്. വില്പന വലിയൊരു പ്രയാസമായി. പ്രസാധകരാരും തയ്യാറായില്ല. അങ്ങനെ ബാഗില്‍ കുറച്ച് പുസ്തകങ്ങളെടുത്ത് ആലപ്പുഴ ബസ് സ്റ്റാന്‍ഡിലെത്തി വില്പന തുടങ്ങി. കേരളത്തിലെ എല്ലാ ജില്ലകളിലും ഞാന്‍ എന്റെ പുസ്തകം കൊണ്ടുനടന്ന് വിറ്റിട്ടുണ്ട്. അക്കാര്യം പത്രത്തില്‍ വാര്‍ത്തയായിരുന്നു.
നിമ്‌ന: എന്റെ ആദ്യ പുസ്തകം തൃശ്ശൂരുള്ള പ്രസാധകരാണ് പുറത്തിറക്കിയത്. പക്ഷേ, വില്‍ക്കാന്‍ ഞാന്‍ തന്നെ ഇറങ്ങേണ്ടിവന്നു. ബുക്കിന്റെ റിലീസ്, ഇന്‍സ്റ്റയില്‍ സേവ് ദി ഡേറ്റ് മാതൃകയില്‍ ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. പിന്നെ കുറച്ച് പുസ്തകങ്ങളെടുത്ത് കോഴിക്കോട്ടെ പ്രധാന കടകളിലെല്ലാം കയറിയിറങ്ങി. ആരും വാങ്ങിയില്ല. പിന്നീടാണ് സായൂജ് ബാലുശ്ശേരിയെ കാണുന്നതും 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' പ്രസിദ്ധീകരിക്കുന്നതുമെല്ലാം. ' നോക്കിക്കോ, എന്റെ പുസ്തകം വില്‍ക്കപ്പെടുന്ന കാലം വരുമെന്ന്' മുന്‍പെപ്പോഴോ സുഹൃത്തിനെ വിളിച്ചുപറഞ്ഞിരുന്നു. ഇപ്പോള്‍ അങ്ങനെ സംഭവിക്കുന്നതുകാണുമ്പോള്‍ സന്തോഷം.
സോഷ്യല്‍ മീഡിയ ഇല്ലായിരുന്നെങ്കില്‍ പുസ്തകങ്ങള്‍ ഇത്രയും ഹിറ്റാകുമായിരുന്നോ?
അഖില്‍: എഴുത്ത് നിര്‍ത്താന്‍ പോയ ആളാണ് ഞാന്‍. പിന്നീടാണ് എഫ്.ബി.യില്‍ എത്തുന്നതും വായനക്കാരുണ്ടാവുന്നതും. സോഷ്യല്‍ മീഡിയ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ മറ്റെന്തെങ്കിലും വഴിനോക്കിയേനെ.
നിമ്‌ന: സോഷ്യല്‍ മീഡിയ ഇല്ലായിരുന്നെങ്കില്‍ എന്റെ എഴുത്ത് വെളിച്ചം കാണുമായിരുന്നില്ല, എന്നുകരുതുന്നില്ല. ഒരുപക്ഷേ, കുറച്ചുകൂടി വൈകിയേനെ എന്നുവേണമെങ്കില്‍ പറയാം.
ആളുകള്‍ നോവല്‍ വായിച്ച് റീലുകളും വീഡിയോയും ചെയ്യുന്നു...
അഖില്‍: വായന വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളെ അറിയിക്കണമെന്നില്ല. പക്ഷേ, ചെന്നൈയിലും മറ്റും പോയി റീല്‍സ് ചെയ്യുമ്പോള്‍, റാമും മല്ലിയും നടന്ന വഴികളിലൂടെ അലയുമ്പോള്‍, അത്രയും ആഴത്തില്‍ വായനക്കാരെ സ്വാധീനിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. റീലുകള്‍ കണ്ട് ആളുകള്‍ പുസ്തകം വായിക്കുന്നതും നല്ല കാര്യമല്ലേ.
നിമ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ എന്റെ പുസ്തകം വായിച്ച് കരയുന്ന ഒരു കുട്ടിയുടെ വീഡിയോ ആരോ എനിക്കയച്ചിരുന്നു. റീല്‍സ് കണ്ടും പറഞ്ഞുകേട്ടും പുസ്തകം കൂടുതലാളുകള്‍ വായിക്കുന്നു.
ഗൗരവമുള്ള വായനയെ തടയുകയാണ് നിങ്ങളെന്ന വിമര്‍ശനം ശ്രദ്ധിച്ചിരുന്നോ?
അഖില്‍: നമ്മളെല്ലാം ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോകാറുണ്ട്. സ്റ്റാര്‍ട്ടറായി ജ്യൂസോ സൂപ്പോ കിട്ടും. എന്റെ പുസ്തകം അത്തരമൊരു സ്റ്റാര്‍ട്ടറായി കണ്ടാല്‍ മതി. അതില്‍ ഗൗരവമേറിയ കാര്യങ്ങളൊന്നുമില്ല. സിനിമ കാണുന്നതുപോലെ വായിച്ചുപോകാം. നഷ്ടപ്പെട്ടുപോയ വായനയെ കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ 'റാം ര/ീ ആനന്ദി' സഹായിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഒന്നുമില്ലാതെ രണ്ടുലക്ഷം കോപ്പികള്‍ വിറ്റുപോകില്ലല്ലോ. ഗൗരവമേറിയ വായനയിലേക്കുള്ള ചവിട്ടുപടിയായി ഇതിനെ കണ്ടാല്‍മതി.
നിമ്‌ന: ഞങ്ങളെഴുതിയത് മഹത്തായ സാഹിത്യമാണെന്ന് പറയുന്നില്ല. പക്ഷേ, അത് ചിലരുടെ ജീവിതത്തെ സ്പര്‍ശിച്ചിട്ടുണ്ട്. എഴുതാനും പുസ്തകം പ്രസിദ്ധീകരിച്ച് കാണാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രചോദനമാകാന്‍ ഈ പുസ്തകങ്ങള്‍ സഹായിച്ചിട്ടുണ്ട്.
എഴുത്തുകൊണ്ട് ജീവിച്ചുപോവാമെന്ന ആത്മവിശ്വാസം വന്നോ?
അഖില്‍: എഴുതി ജീവിക്കാം എന്ന വിശ്വാസം ഇപ്പോഴുണ്ട്. എന്തുചെയ്യുന്നുവെന്ന് ചോദിച്ചാല്‍ (കൈയില്‍ ണൃശലേൃ എന്ന് പച്ചകുത്തിയതു കാണിച്ച്) എഴുത്തുകാരനാെണന്ന് മറുപടി പറയാന്‍ ധൈര്യം വന്നു. ഇപ്പോള്‍ ഞാനനുഭവിക്കുന്ന സൗഭാഗ്യങ്ങളെല്ലാം എഴുത്തിലൂടെ വന്നതാണ്.
നിമ്‌ന: എഴുത്തില്‍നിന്ന് മാത്രമുള്ള വരുമാനംകൊണ്ട് മുന്നോട്ടുപോവുക പ്രയാസമായിരിക്കും. പുസ്തകം നല്ലരീതിയില്‍ വിറ്റുതുടങ്ങിയാല്‍, വരുമാനം ലഭിച്ചുതുടങ്ങിയാല്‍ മുഴുവന്‍ സമയവും എഴുത്തില്‍ തുടരാം.
പുതിയ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?
അഖില്‍: എഴുതാന്‍ താത്പര്യമുള്ളവര്‍ അങ്ങനെതന്നെ പോകണം. തുടക്കത്തില്‍ ആരും പരിഗണിച്ചില്ലെന്നുവരാം. നിരാശരാകാതെ, സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക. സോഷ്യല്‍ മീഡിയ പരമാവധി ഉപയോഗിക്കുക. പഴയകാലമല്ലല്ലോ, ഒരുപാട് പബ്ലിഷിങ് കമ്പനികള്‍ ഇപ്പോഴുണ്ട്. അവര്‍ക്ക് പുതിയ എഴുത്തുകാരുടെ രചനകളില്‍ താത്പര്യവുമുണ്ട്. ഞങ്ങളെപ്പോലെ കൊണ്ടുനടന്ന് വില്‍ക്കേണ്ട ഗതികേടൊന്നും ഇനിയുണ്ടാകില്ല.
'റാം c/o ആനന്ദി' സിനിമയാകുന്നുണ്ടോ? നോവലിന്റെ രണ്ടാംഭാഗം പ്രതീക്ഷിക്കാമോ?
അഖില്‍: രണ്ടാം ഭാഗത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. സിനിമയാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കമല്‍സാറിന്റെ അസോസിയേറ്റായ അനുഷ പിള്ളയാണ് സംവിധാനം. റാം ആയി പ്രണവ് മോഹന്‍ലാലും ആനന്ദിയുടെ റോളില്‍ സായ് പല്ലവിയും വരണമെന്നാണ് എന്റെ സ്വപ്‌നം. നടക്കുമോ എന്നറിയില്ല. എങ്കിലും സ്വപ്‌നം കാണാമല്ലോ!
നിമ്‌ന: 'ഏറ്റവും പ്രിയപ്പെട്ട എന്നോട്'സിനിമയാക്കാന്‍ പറ്റില്ലേയെന്ന് പലരും ചോദിക്കുന്നുണ്ട്. അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. നോവലിന്റെ രണ്ടാംഭാഗം ഇറക്കണമെന്നാണ് ആഗ്രഹം.
ഇഷ്ട പുസ്തകങ്ങള്‍...
നിമ്‌ന: സീരിയസായ പുസ്തകങ്ങള്‍ വായിക്കുന്ന ആളല്ല ഞാന്‍. 'അത് ഞാനായിരുന്നു' എന്ന പുസ്തകം എനിക്ക് പ്രിയപ്പെട്ടതാണ്. അഷിതയുമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നടത്തിയ അഭിമുഖമാണത്. സുസ്‌മേഷ് ചന്ത്രോത്തിന്റെ 'പേപ്പര്‍ ലോഡ്ജ്', മാധവിക്കുട്ടിയുടെ കഥകള്‍, പ്രൊഫ. ടി.ജെ. ജോസഫിന്റെ 'അറ്റുപോവാത്ത ഓര്‍മകള്‍', 'അപ്പുവും ആനയും' എന്ന കുട്ടിക്കഥ എന്നിവയെല്ലാമാണ് പ്രിയപ്പെട്ട വായനകള്‍.
അഖില്‍: മുന്‍പ് ഒരഭിമുഖത്തില്‍ ഇഷ്ടമുള്ള പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് അടുപ്പമുള്ള ചില എഴുത്തുകാര്‍ വിളിച്ച് ഞങ്ങളുടെ എഴുത്തിനെന്താ പ്രശ്‌നം എന്ന് തമാശരൂപേണ ചോദിച്ചു. എല്ലാത്തരം പുസ്തകങ്ങളും വായിക്കും. എങ്കിലും ചിലതിനോട് ഇഷ്ടക്കൂടുതലുണ്ട്: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ 'സ്വരഭേദങ്ങള്‍', കോട്ടയം പുഷ്പനാഥിന്റെ ഹൊറര്‍ സ്റ്റോറികള്‍, കെ.ആര്‍. മീരയുടെ 'യൂദാസിന്റെ സുവിശേഷം', ബെന്യാമിന്റെ 'മഞ്ഞവെയില്‍ മരണങ്ങള്‍' തുടങ്ങിയവ.
Content Highlights: writer akhil p dharmajan and nimna vijay speaks
Published: 15 May 2024, 12:24 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented